Image

കുറ്റക്കാര്‍ പിടിക്കപ്പെടണമെന്ന് ലാല്‍, ഭാമ

Published on 18 February, 2017
കുറ്റക്കാര്‍ പിടിക്കപ്പെടണമെന്ന് ലാല്‍, ഭാമ
നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തിലെ കുറ്റക്കാര്‍ പിടിക്കപ്പെടണമെന്ന് സംവിധായകനും നടനുമായ ലാല്‍. ലാല്‍ നിര്‍മിക്കുന്ന ഹണി ബി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം.

സംഭവത്തിന് ശേഷം നടി ആദ്യം എത്തിയത് ലാലിന്റെ വീട്ടിലാണ്. വിവരങ്ങള്‍ അറിഞ്ഞ ശേഷം ലാല്‍ തന്നെയാണ് സംഭവം പോലീസില്‍ അറിയിച്ചത്. 

നമുക്ക് വേണ്ടത് നല്ലൊരു റിസള്‍ട്ടാണ്. ആര് കുറ്റം ചെയ്തിട്ടുണ്ടെങ്കിലും അവര്‍ പിടിക്കപ്പെടുക എന്നതാണ് എല്ലാവര്‍ക്കും വേണ്ടത്. അതിന് വേണ്ടി ശ്രമിക്കുക എന്നത് നിങ്ങളുടെയും എന്റെയും ആവശ്യമാണ് ലാല്‍ പറയുന്നു.

ഹണി ബി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘത്തിലുള്‍പ്പെട്ട ഡ്രൈവറാണ് സുനില്‍. പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. 

അഞ്ച് പ്രതികളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എന്നാണ് പോലീസ് പറയുന്നത്. സുനിലിന്റെ നിദേശപ്രകാരമാണ് മാര്‍ട്ടിന്‍ നടിയുടെ കാര്‍ ഓടിക്കാന്‍ കഴിഞ്ഞ ദിവസം എത്തിയത്. മാര്‍ട്ടിനും സുനിലും ഉള്‍പ്പെട്ട സംഘം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്ന് പോലീസ് പറയുന്നു. മാര്‍ട്ടിനും സുനില്‍കുമാറും തമ്മില്‍ നാല്‍പ്പതിലേറെത്തവണ ഫോണ്‍ വിളിച്ചതിന്റെ രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. 

കാറോടിക്കുമ്പോള്‍ മാര്‍ട്ടിന്‍ ആര്‍ക്കോ സന്ദേശം അയക്കുന്നത് തന്റെ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും നടി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

സംഭവം തന്നെ ഏറെ ഞെട്ടിച്ചുവെന്നും അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ഭാമ.

സംഭവം കേട്ടപ്പോള്‍ വല്ലാത്ത ഒരു ഷോക്കായിരുന്നു. നടിമാര്‍ മറ്റു സ്ത്രീകളെ അപേക്ഷിച്ച് കുറച്ചുകൂടി സുരക്ഷിതത്വത്തിലാണ് ജീവിക്കുന്നത്. എന്നിട്ടും ഇത്തരത്തിലുള്ള ഒരു ആക്രമണം ഉണ്ടായത് തികച്ചും അപ്രതീക്ഷിതമാണ്. നമ്മളെല്ലാവരും ജാഗരൂഗരായി ഇരിക്കേണ്ടിയിരിക്കുന്നു.
ഇത്തരക്കാരുടെ ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. നടിമാര്‍ ഇത്തരം സംഭവങ്ങള്‍ നാണക്കേടുകൊണ്ട് പുറത്ത് പറയാതിരിക്കും എന്ന് കരുതിയിട്ടാണോ ഇവര്‍ ഇങ്ങനെ ചെയ്യുന്നത്.? അല്ലെങ്കില്‍ നടിമാരെ എന്തും ചെയ്യാമെന്നാണോ ഇവരുടെ വിചാരം? എന്തായാലും യാഥാര്‍ഥ്യം പുറത്തു വരട്ടെ. അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം ഭാമ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക