Image

നടിയ്‌ക്കെതിരായ ആക്രമണം ഒരുമാസത്തെ ഗൂഢാലോചനക്കുശേശേഷം

Published on 19 February, 2017
നടിയ്‌ക്കെതിരായ ആക്രമണം ഒരുമാസത്തെ ഗൂഢാലോചനക്കുശേശേഷം


കൊച്ചി: ഒരുമാസത്തോളമുള്ള ഗൂഢാലോചനയ്‌ക്കുശേഷമാണ്‌ നടിയ്‌ക്കെതിരായ ആക്രമണം നടന്നതെന്ന്‌ പൊലീസ്‌. കഴിഞ്ഞദിവസം അറസ്റ്റിലായ നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ പൊലീസിന്‌ ഗൂഢാലോചന സംബന്ധിച്ച വിവരം ലഭിച്ചത്‌.

അക്രമികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ മൂന്നു ദിവസം മുമ്പാണ്‌ വാടകയ്‌ക്ക്‌ എടുത്തത്‌. ചാലക്കുടി സ്വദേശിയായ കാറ്ററിങ്‌ തൊഴിലാളിടുയേതാണിത്‌. അക്രമം നടത്തിയശേഷം ഈ വാഹനം ഉപേക്ഷിച്ച്‌ പ്രതികള്‍ കടന്നുകളയുകയാണ്‌.

വാഹനം ഇപ്പോള്‍ പൊലീസ്‌ കസ്റ്റഡിയിലാണ്‌. വാഹത്തില്‍ നിന്നും പ്രതികളുടെ വിരലടയാളമുള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്‌ പൊലീസിപ്പോള്‍.
 
അതിനിടെ സംഭവുമായി ബന്ധപ്പെട്ട്‌ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. വടിവാള്‍ സലീം, പ്രദീപ്‌ എന്നിവരാണ്‌ ഇന്ന്‌ അറസ്റ്റിലായത്‌. കൊച്ചി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘാങ്ങളാണ്‌ ഇവരെന്നാണ്‌ പൊലീസ്‌ പറയുന്നത്‌.

തങ്ങള്‍ക്ക്‌ ഇതുസംബന്ധിച്ച്‌ കൂടുതലൊന്നും അറിയില്ലെന്നും സുനി വിളിച്ചതു കൊണ്ടാണ്‌ വന്നതെന്നുമാണ്‌ ഇവര്‍ പൊലീസിനോടു പറഞ്ഞതെന്നാണ്‌ റിപ്പോര്‍ട്ട്‌.

സംഭവുമായി ബന്ധപ്പെട്ട്‌ ആറു പ്രതികളാണുള്ളതെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. നടിയുടെ ഡ്രൈവറായ മാര്‍ട്ടിനെ കഴിഞ്ഞദിവസം തന്നെ പൊലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു. രണ്ടു പ്രതികള്‍ ഇന്നും അറസ്റ്റിലായി. പ്രധാനപ്രതിയായ ഡ്രൈവര്‍ സുനി, മണികണ്‌ഠന്‍, ബിജീഷ്‌ എന്നിവരാണ്‌ ഇനി അറസ്റ്റിലാവാനുള്ളതെന്നും പൊലീസ്‌ പറയുന്നു.

മുഖ്യപ്രതിയും നടിയുടെ മുന്‍ ഡ്രൈവറുമായ പെരുമ്പാവൂര്‍ കോടനാട്‌ സ്വദേശി സുനില്‍ കുമാറി (പള്‍സര്‍ സുനി)നായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.

നടിയുടെ അര്‍ദ്ധനഗ്‌ന ദൃശ്യങ്ങളെടുത്ത്‌ ബ്‌ളാക്ക്‌മെയിലിംഗിലൂടെ പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന്‌ അറസ്റ്റിലായ മാര്‍ട്ടിന്‍ പോലീസില്‍ മൊഴി നല്‍കി.

 പ്രതികള്‍ക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണു കേസെടുത്തത്‌.

അതിനിടെ, എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ വൈദ്യ പരിശോധനയ്‌ക്കു വിധേയയായ നടിയുടെ രഹസ്യ മൊഴി കളമശേരി മജിസ്‌ട്രേട്ട്‌ രേഖപ്പെടുത്തി. 

വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ്‌ സൂചന.

കേസന്വേഷണത്തിനായി എഡിജിപി ബി.സന്ധ്യയുടെ മേല്‍നോട്ടത്തിനുളള പുതിയ അന്വേഷണ സംഘം ചുമതലയേറ്റു. ക്രൈംബ്രാഞ്ച്‌ ഐജി ദിനേന്ദ്ര കശ്യപ്‌, മധ്യമേഖലാ ഐജി പി.വിജയന്‍ എന്നിവരും പുതിയ അന്വേഷണ സംഘത്തിലുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക