Image

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് 2 മെമ്മോകള്‍

ഏബ്രഹാം തോമസ് Published on 20 February, 2017
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് 2 മെമ്മോകള്‍
വാഷിംഗ്ടണ്‍: അനധികൃതമായി അമേരിക്കയില്‍ കുടിയേറുന്നവരെ നാടുകടത്താനുള്ള നടപടിക്രമങ്ങള്‍ വിവരിച്ച് രണ്ടു മെമ്മോകളില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജോണ്‍ കെല്ലി ഒപ്പു വച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയ്ക്കുള്ളിലും പിടികൂടപ്പെടുന്നവരെ എന്താണ് ചെയ്യേണ്ടതെന്നാണ് മെമ്മോകള്‍ വിവരിക്കുന്നത്.

മുന്‍ ഭരണകൂടങ്ങള്‍ പുറപ്പെടുവിച്ച എല്ലാ നിര്‍ദേശങ്ങളും ഈ മെമ്മോകള്‍ മറികടക്കുന്നു. തീവ്ര കുറ്റവാളികളെയും തീവ്രവാദികളെയും സംബന്ധിക്കുന്ന പ്രസിഡന്റ് ബരാക്ക് ഒബാമയുടെ നടപടികളും ഇതോടെ സാധുത ഇല്ലാത്തവയാകും.

തെക്കന്‍ അതിര്‍ത്തിയില്‍ നിന്നുണ്ടാവുന്ന ഭീമമായ കുടിയേറ്റം അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു, അതിനാലാണ് പുതിയ നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നതെന്ന കെല്ലി പറയുന്നു. 2015നും 2016നും ഇടയില്‍ 10,000 മുതല്‍ 15,000 വരെ അനധികൃത കുടിയേറ്റക്കാര്‍ പ്രതിമാസം പിടിയിലായതായി കെല്ലി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് നല്‍കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു അതിര്‍ത്തിയില്‍ മതില്‍ പണിയും എന്ന്. മെമ്മോകള്‍ ആ ലക്ഷ്യത്തിലേയ്ക്കുള്ള നീക്കമാണെന്ന് കരുതുന്നതില്‍ തെറ്റില്ല.

കെല്ലി ഒരു റിട്ടയര്‍ഡ് മറീന്‍കോര്‍ ജനറലാണ്. ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ തലവനായി കെല്ലി ട്രമ്പ് സത്യപ്രതിജ്ഞ ചെയ്ത് മണിക്കുറുകള്‍ക്കുള്ളില്‍ നിയമിതനായി. കെല്ലിയുടെ മെമ്മോകള്‍ കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷനും ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിനും (ഐസ്), യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്റ് എമിഗ്രേഷനും അയച്ചുകഴിഞ്ഞു. മെമ്മോകള്‍ കരടുരൂപമാണെന്ന് വൈറ്റ് ഹൗസ്

വൃത്തങ്ങള്‍ പറഞ്ഞുവെങ്കിലും ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് അയച്ചതിനാല്‍ ഉടനെ നടപ്പിലാകാനാണ്. കുടിയേറ്റക്കാരെ നേരിടാന്‍ നാഷണല്‍ ഗാര്‍ഡ്ട്രൂപ്‌സിന്റെ ഉപയോഗം ഒരു മുന്‍ മെമ്മോയില്‍ ആവശ്യപ്പെട്ടിരുന്നു. 11 സംസ്ഥാനങ്ങളിലാണ് ഇത് നടപ്പില്‍ വരിക.

അമേരിക്കയില്‍ അനധികൃതമായി എത്തിയവരെ കാലപരിധി കണക്കിലെടുക്കാതെ തിരിച്ചയക്കാം. മുമ്പ് രണ്ടു വര്‍ഷത്തിലധികം താമസിച്ചവരെ പെട്ടന്ന് തിരിച്ചയച്ചിരുന്നില്ല. അതിര്‍ത്തി കടക്കുമ്പോള്‍ പിടിക്കപ്പെടുന്നവരെ അപ്പോള്‍ തന്നെ തിരിച്ചയക്കും. ഇതുവരെ വിചാരണ കഴിയുന്നതുവരെ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ അയക്കുകയായിരുന്നു, ഒബാമയുടെ ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് പദ്ധതി പ്രകാരം 750000 നിയമവിരുദ്ധമായി കുടിയേറിയ കുട്ടികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിച്ചിരുന്നു. ഈ പദ്ധതി റദ്ധാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ട്രമ്പ് ഇതുവരെ ഇങ്ങനെ ചെയ്തിട്ടില്ല. 'തന്റെ ഹൃദയ വിശാലതയാണ് കാരണം' എന്ന് ന്യായീകരിച്ചു. അമേരിക്കയിലുള്ള രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ അനധികൃതമായി അതിര്‍ത്തി കടത്തുവാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ നടപടി ഉണ്ടാവും എന്നും കെല്ലി പറഞ്ഞു. ഐസിനും ബോര്‍ഡര്‍ പെട്രോളിനും കുറഞ്ഞത് 15,000 ഏജന്റുമാരെങ്കിലും ആവശ്യമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഐസിന് 10,000വും ബോര്‍ഡര്‍ പെട്രോളിന് 5,000വും പുതിയ ജീവനക്കാരെ ലഭിക്കും. തദ്ദേശ പോലീസ് വിഭാഗത്തിന്റെ സഹകരണം ഏജന്‍സികള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതി പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ തുടങ്ങിവച്ചത് പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷ് തുടര്‍ന്നു. എന്നാല്‍ ഒബാമ ഭരണകാലത്ത് പദ്ധതി ഏതാണ്ട് ഉപേക്ഷിച്ചത്പോലെയായി.


ഏബ്രഹാം തോമസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക