Image

യുകെ മലയാളികളുടെ സഹായമഥ്യര്‍ഥിച്ച് അനൂപ് ജേക്കബ്; തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒഐസിസി യുകെ കമ്മറ്റിയും

Published on 22 February, 2012
യുകെ മലയാളികളുടെ സഹായമഥ്യര്‍ഥിച്ച് അനൂപ് ജേക്കബ്; തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒഐസിസി യുകെ കമ്മറ്റിയും
ബര്‍മിംഗ്ഹാം: പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഡ്വ. അനൂപ് ജേക്കബ് യു.കെയിലെ പ്രവാസി മലയാളികളുടെ സഹായം അഭ്യര്‍ത്ഥിച്ചു. തന്റെ പിതാവ് തുടങ്ങി വച്ച പിറവം മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍, ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായ യുഡിഎഫ് സര്‍ക്കാരിനൊപ്പം നിന്നു പൂര്‍ത്തീകരിക്കുവാന്‍ താന്‍ അവസരം തേടി ജനങ്ങള്‍ക്ക് മുന്നിലെത്തുമ്പോള്‍ പിറവം മണ്ഡലത്തില്‍ നിന്നുള്ളതും മണ്ഡലവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട് നില്‍ക്കുന്നവരുമായ മുഴുവന്‍ പ്രവാസി മലയാളികളുടേയും സജീവമായ പിന്തുണയും ആത്മാര്‍ത്ഥമായ സഹായവും തനിക്ക് ഉണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ബര്‍മിംഗ്ഹാം പെറികോമണ്‍ കമ്യൂണിറ്റി ഹാളില്‍ ശനിയാഴ്ച്ച നടന്ന ഒ.ഐ.സി.സി യു.കെ നാഷണല്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തെ ടെലഫോണിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ എട്ട് മാസക്കാലം കൊണ്ട് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ യുഡിഎഫ് സര്‍ക്കാര്‍ പ്രവാസി മലയാളികള്‍ക്കും പ്രയോജനകരമായ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണെ്ടന്ന് അഡ്വ. അനൂപ് ജേക്കബ് പറഞ്ഞു. വികസനകാര്യങ്ങളില്‍ സംസ്ഥാനത്തൊട്ടകെ എന്ന പോലെ പിറവം നിയോജകമണ്ഡലവും പിന്നോട്ട് പോയ അഞ്ച് വര്‍ഷമായിരുന്നു കഴിഞ്ഞ ഇടതു ഭരണം. യുഡിഎഫ് അധികാരത്തില്‍ വന്നതോടെയാണ് ഒട്ടേറെ വികസനപദ്ധതികളുമായി മുന്നോട്ട് പോകുവാന്‍ കഴിഞ്ഞത്. 

യുഡിഎഫ് സര്‍ക്കാരിനു കരുത്ത് പകര്‍ന്ന് ഒരു ജനപ്രതിനിധിയായി അണിചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് തന്നെ അനുഗ്രഹിക്കണമെന്നും ഈ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിജയം കാണുന്നതിന് എല്ലാ യു.കെ മലയാളികളുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാവണമെന്നും അഡ്വ. അനൂപ് ജേക്കബ് അഭ്യര്‍ത്ഥിച്ചു. ഈ അവസരത്തില്‍ തന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രത്യേക കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്ന ഒഐസിസി യുകെയ്ക്ക് അദ്ദേഹം തന്റെ നന്ദി അറിയിച്ചു.

നാഷണല്‍ ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നാഷണല്‍ കമ്മറ്റി അംഗങ്ങള്‍, റീജിയണല്‍ ചെയര്‍മാന്മാര്‍, കൗണ്‍സില്‍ കമ്മറ്റി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പിറവം ഉപതെരഞ്ഞെടുപ്പ് പ്രചരണം യു.കെ മലയാളികള്‍ക്കിടയില്‍ സജീവമായി നടത്തുന്നതിനു വേണ്ടി ഇരുപത്തി അഞ്ച് അംഗ കമ്മറ്റിയേയും തെരഞ്ഞെടുത്തു. പിറവം മണ്ഡലത്തിനു കീഴില്‍ വരുന്ന രണ്ട് പഞ്ചായത്തുകളിലെ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തിലാണ് കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്.

മുളന്തുരുത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി മുന്‍ പ്രസിഡന്റ് കെ.പി വിജി (ചെയര്‍മാന്‍), പിറവം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി മുന്‍ പ്രസിഡന്റ് തോമസ് പുളിക്കല്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തിലാവും കമ്മറ്റി പ്രവര്‍ത്തിക്കുക. ബിജു ചക്കാലയ്ക്കല്‍ (വൈസ് ചെയര്‍മാന്‍), ജെയ്‌സണ്‍ തോമസ് (ജോയിന്റ് കണ്‍വീനര്‍) എന്നിവരടങ്ങുന്ന ഇരുപത്തി അഞ്ച് അംഗ കമ്മറ്റിയാവും യുകെ മലയാളികള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുക.

യോഗത്തിന് മാമ്മന്‍ ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ഗിരി മാധവന്‍, എബി സെബാസ്റ്റ്യന്‍, പോള്‍സണ്‍ തോട്ടപ്പള്ളി, ജോണ്‍സണ്‍ കെ.എസ്, പ്രമോദ് ബര്‍മിംഗ്ഹാം, ടോണി ചെറിയാന്‍, മനു സഖറിയ, ജയ്‌സണ്‍ ജോര്‍ജ്, വക്കം ജി സുരേഷ്‌കുമാര്‍, ജിമ്മിച്ചന്‍ മൂലംകുന്നം, ജോബി മാഞ്ചസ്റ്റര്‍, ബിജു ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു. ഇഗ്‌നേഷ്യസ് പെട്ടയില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക