Image

പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Published on 20 February, 2017
പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പിടികിട്ടാപ്പുള്ളികളായ മൂന്നു പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

മുഖ്യപ്രതി സുനില്‍ കുമാര്‍ (പള്‍സര്‍ സുനി ), ബിജീഷ്, മണികണ്ഠന്‍ എന്നിവരാണ് അഭിഭാഷകര്‍ മുഖേനെ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

കേസില്‍ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം തരണമെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

സാമൂഹിക മാധ്യമങ്ങള്‍ അവാസ്തവം പ്രചരിപ്പിക്കുകയാണെന്ന് നടിയുടെ മാതാവ്. ഒരു പ്രമുഖ നടന് സംഭവത്തില്‍ പങ്കുണ്ടെന്നത് ആരോപണം മാത്രമാണ്. മറിച്ച്, ഒരു നടിയെകുറിച്ച് ചില സംശയങ്ങളുണ്ട്. കേസ് പിന്‍വലിക്കുമെന്ന പ്രചാരണവും ശരിയല്ലെന്നും അവര്‍ പറഞ്ഞു.

തൃശൂര്‍ ചെമ്പുക്കാവ് സ്വദേശി ശിവനാണ് അടുത്ത കാലം വരെ വാഹനം ഓടിച്ചിരുന്നത്. അയാള്‍ മാറിയപ്പോഴാണ് പുതിയ ആളെ നിയോഗിച്ചതെന്നും നടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി രക്ഷപ്പെട്ടതില്‍ നിര്‍മാതാവ് ആന്റോ ജോസഫിന് പങ്കില്ലെന്ന് പി.ടി തോമസ് എം.എല്‍.എ. പൊലീസിന്റെയും സംവിധായകന്റെയും തന്റെയും മുന്നില്‍വച്ചാണ് ആന്റോ സുനിയെ വിളിച്ചത്. അറസ്റ്റിലായ മാര്‍ട്ടിനാണ് സുനിയുടെ നമ്പര്‍ നല്‍കിയതെന്നും എം.എല്‍.എ പറഞ്ഞു.

സുനി ഫോണ്‍ എടുത്തയുടന്‍ ആന്റോ ജോസഫ് എ.സി.പിക്ക് ഫോണ്‍ കൈമാറി. എന്നാല്‍ എ.സി.പി ഹലോ എന്നു പറഞ്ഞ ഉടനെ സുനി ഫോണ്‍ ബന്ധം വിച്ഛേദിച്ചെന്നു പി.ടി തോമസ് അറിയിച്ചു. അതേസമയം, നടിയെ തട്ടിക്കൊണ്ടു പോയത് ക്വട്ടേഷന്‍ സംഘമാണെന്ന മൊഴിയും പി.ടി. തോമസ് സ്ഥിരീകരിച്ചു.

കേസില്‍ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴ കാക്കാഴം സ്വദേശി അന്‍വറിനെയാണ് കസ്റ്റഡിയിലെടുത്തത്. പ്രധാനപ്രതി പള്‍സര്‍ സുനിയടക്കമുള്ള പ്രതികളുമായി അന്‍വര്‍ ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു.

അതേസമയം, അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിപ്പിച്ചു. പള്‍സര്‍ സുനിയുടെ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത് ശരിവെക്കുന്ന ചില വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. നടിയെ തട്ടിക്കൊണ്ട് പോയത് ക്വട്ടേഷനാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കാറില്‍ അതിക്രമിച്ച കയറിയ അക്രമികള്‍ ക്വട്ടേഷനാണെന്ന് തന്നോട് പറഞ്ഞെന്ന് നടി പൊലീസിന് മൊഴി നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം.

മലയാള താരങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ സിനിമാലോകത്തെ താരങ്ങളും നടിയോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിച്ച് രംഗത്തെത്തി.

നിനക്കൊപ്പമുണ്ടെന്നും തിരിച്ച് വരവിനായി മുഴുവന്‍ കരുത്തും സ്‌നേഹവും നേരുന്നു എന്നായിരുന്നു തെന്നിന്ത്യന്‍ താരമായ സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. തിരിച്ച് വരവിനായി കാത്തിരിക്കുന്നു എന്നായിരുന്നു തമിഴ്, തെലുങ്ക് സിനിമാ താരമായ സമാന്തയുടെ പ്രതികരണം.

നടിക്കെതിരായ ആക്രമണത്തില്‍ നടപടി വേഗമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.

ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാന്‍, ഫര്‍ഹാന്‍ അക്തര്‍, അര്‍ജുന്‍
കപൂര്‍, ശ്രദ്ധ കപൂര്‍, തുടങ്ങിയ താരങ്ങളാണ് തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തിയത്.

നാണക്കേടും അപമാനവും അനുഭവപ്പെടുന്നു എന്നായിരുന്നു വരുണ്‍ ധവാന്റെ ട്വീറ്റ്. ഒരു രാജ്യമെന്ന നിലയിലും സമൂഹമെന്ന നിലയിലും മറുപടി നല്‍കാന്‍ നാം ബാധ്യസ്ഥരാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നടിയുടെ ആത്മധൈര്യത്തെ പ്രശംസിക്കുന്നതായിരുന്നു റിഥേഷ് ദേശ്മുഖിന്റെ ട്വീറ്റ്. ഇത്തരത്തിലുള്ള അനുഭവങ്ങളെ നേരിടുന്നതില്‍ പലര്‍ക്കും മാതൃകയാണ് നടിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങിടാനൊരുങ്ങി കേരള സര്‍ക്കാര്‍. സംസ്ഥാന ഇന്റലിജന്‍സ് തയ്യാറാക്കിയ 2010 പേരുടെ പേരുവിവരങ്ങള്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് കൈമാറി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
വിവിധ തരത്തിലുള്ള ഗുണ്ടാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായവരുടെ പേരു വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്കെതിരെ കാപ്പ നിയമപ്രകാരമുള്ള കേസ് ചുമത്താനാണ് നിര്‍ദ്ദേശം.

റെയ്ഞ്ച് ഐ.ജിമാര്‍, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവര്‍ക്കാണ് നിര്‍ദ്ദേശം. സംസ്ഥാന ഇന്റലിജന്‍സ് നല്‍കിയ പട്ടിക പ്രകാരം ആലപ്പുഴയില്‍ 336, കണ്ണൂരില്‍ 305, തിരുവനന്തപുരത്ത് 236, എറണാകുളത്ത് 85 എന്നിങ്ങനെയാണ് ഗുണ്ടകളുടെ എണ്ണം.

നടിക്കെതിരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. സ്ത്രീകള്‍ക്കെതിരെയുള്ള ഒരാക്രമണവും വെച്ച് പുറപ്പിക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക