Image

124 എ.ടി.എം കാര്‍ഡുകളും നൂറ് പാസ് ബുക്കുകളുമായി ചെര്‍പ്പുളശേരിക്കാരന്‍ കസ്റ്റഡിയില്‍

Published on 20 February, 2017
124 എ.ടി.എം കാര്‍ഡുകളും നൂറ് പാസ് ബുക്കുകളുമായി ചെര്‍പ്പുളശേരിക്കാരന്‍ കസ്റ്റഡിയില്‍
പാലക്കാട്: പലരുടെയും പേരില്‍ വ്യത്യസ്ത ബാങ്കുകളില്‍ നിന്നെടുത്ത 124 എടിഎം കാര്‍ഡുകളും നൂറിലധികം പാസ്ബുക്കുകളുമായി പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി പിടിയില്‍. കരുമാനാംകുര്‍ശ്ശി മഞ്ഞളങ്ങാടന്‍ സുലൈമാനെ(46)യാണ് തെലുങ്കാന പൊലീസ് അറസ്റ്റു ചെയ്തത്. ചെര്‍പ്പുളശ്ശേരി പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സഹായത്തോടെ ഇവിടെ എലിയപ്പറ്റ - ചളവറ റോഡിലെ വാടകവീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്. മാസങ്ങള്‍ക്കു മുമ്ബ് ഓണ്‍ലൈന്‍ ലോട്ടറി അടിച്ചെന്നു പറഞ്ഞ് മൊബൈല്‍ സന്ദേശം ലഭിച്ച തെലുങ്കാനയിലെ പലരും പിന്നീടു പണത്തട്ടിപ്പിന് ഇരയായിരുന്നു. തുടര്‍ന്ന് തെലുങ്കാന സൈബര്‍ സെല്‍ വിങ് നടത്തിയ അന്വേഷണമാണ് സുലൈമാനില്‍ എത്തിയത്.

സമാന രീതിയില്‍ തട്ടിപ്പു നടത്തിയ സംഭവത്തില്‍ രണ്ടു വര്‍ഷം മുമ്ബ് മലപ്പുറം കോട്ടയ്ക്കല്‍ പൊലീസ് സുലൈമാനെതിരെ കേസെടുത്തിരുന്നു. കൂലിത്തൊഴിലാളികളെയും വിദ്യാര്‍ഥികളെയും ഉപയോഗിച്ച് വിവിധ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയാണ് സുലൈമാന്‍ തട്ടിപ്പു നടത്തിയതെന്നു പൊലീസ് പറഞ്ഞു. അക്കൗണ്ട് എടുത്തവര്‍ പാസ് ബുക്കും എടിഎം കാര്‍ഡുകളും സുലൈമാനു നല്‍കി പ്രതിഫലമായി അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ കൈപ്പറ്റി. ഈ അക്കൗണ്ടുകളിലേക്ക് പാക്കിസ്ഥാന്‍, യെമന്‍ എന്നിവിടങ്ങളില്‍നിന്നു പണമെത്തിയിരുന്നതായി സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. പിടിയിലാവുന്ന ദിവസം വരെ നിത്യേന ആറു ലക്ഷം രൂപ വരെ ഇയാള്‍ വിവിധ അക്കൗണ്ടുകളിലൂടെ പിന്‍വലിച്ചതായി പൊലീസ് പറഞ്ഞു.

ഈ പണം തീവ്രവാദ ബന്ധമുള്ള കേരളത്തിലെ ഹവാല കണ്ണികള്‍ക്ക് കൈമാറിയതായി സംശയിക്കുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചിലര്‍ മുഖേന പെരിന്തല്‍മണ്ണയിലാണ് പണം എത്തിച്ചിരുന്നത്. ഒരു ലക്ഷം രൂപയ്ക്ക് അയ്യായിരം മുതല്‍ 15,000 രൂപ വരെയായിരുന്നു സുലൈമാന് കമ്മിഷന്‍. നാലുവര്‍ഷം മുന്‍പു വരെ വിദേശത്തായിരുന്ന സുലൈമാന്‍ അവിടുത്തെ ചില ബന്ധമുപയോഗിച്ചാണു നാട്ടില്‍ ഇടപാടു നടത്തിയിരുന്നതെന്നാണു സൂചന. തെരുവു കച്ചവടക്കാര്‍ക്കു സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിന്റെ മറവിലും ഹവാല ഇടപാടു നടത്തി. കൂടുതല്‍ അന്വേഷണത്തിനായി സുലൈമാനെ തെലുങ്കാനയിലേക്കു കൊണ്ടുപോയി. പണം വാങ്ങിയവരെയും ഇടപാടില്‍ കണ്ണികളായിരുന്നവരെയും കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് സൂചിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക