Image

യാക്കോബായ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

Published on 20 February, 2017
യാക്കോബായ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി
കോട്ടയം: യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായ്ക്ക് സഭ സുന്നഹദോസ് നിയന്ത്രണം ഏര്‍പ്പെടുത്തി. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായ്ക്കാണ് 20ന് ചേര്‍ന്ന സുന്നഹദോസില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കോട്ടയം ഭദ്രാസനത്തിലെ ദൈനംദിന കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ശ്രേഷ്ഠ ബാവായുടെ അനുമതിയോടെ കൈക്കൊള്ളാവൂ എന്നതാണ് പ്രധാന തീരുമാനം. ഇതോടൊപ്പം ഭദ്രാസത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരിക്ഷിക്കാന്‍ ഒരു മെത്രാപ്പോലീത്തായെയും നിശ്ചയിച്ചു.

പുത്തന്‍കുരിശ് പാത്രീയര്‍ക്കാ സെന്ററില്‍ രാവിലെ 11ന് തുടങ്ങിയ സുന്നഹദോസ് ഉച്ചയ്ക്ക് ഒന്നരവരെ നീണ്ടു. സഭയിലെ ജൂനിയര്‍മാരായ ആറ് മെത്രാപ്പോലീത്താമാര്‍ മാര്‍ തീമോത്തിയോസിനെതിരെ ആദ്യാവസാനം രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. തങ്ങളുടെ ഗുരുസ്ഥാനിയായ മെത്രാപ്പോലീത്തായുടെ ഭദ്രാസത്തിലെ പ്രശ്‌നങ്ങള്‍ മൂലം സഭയ്ക്ക് ആകമാനം നാണക്കേട് ഉണ്ടാക്കിയെന്നും ഇത് മാറ്റിയെടുക്കാന്‍ അങ്ങ് തന്നെ ശ്രമിക്കണമെന്നും അല്ലാത്ത പക്ഷം കടുത്ത നടപടികള്‍ സഭ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ക്രൈസ്തവ ദര്‍ശനത്തിലൂന്നിയ ജീവിതം നയിക്കാന്‍ മെത്രാപ്പോലീത്ത തയാറാകണമെന്ന് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായോടു മറ്റുമെത്രാപ്പോലീത്താമാര്‍ ആവശ്യപ്പെട്ടു.

ഭദ്രാസനത്തിലെ ദൈനംദിന കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ശ്രേഷ്ഠ ബാവായുടെ അനുമതിയോടെ കൈക്കൊള്ളാവൂ,ബാവായുടെ അനുമതിയും തീരുമാനവും എല്ലാ കാര്യങ്ങളിലും അന്തിമമായിരിക്കും. സഭയ്‌ക്കെതിരെ കോട്ടയം മുന്‍സിഫ് കോടതിയില്‍ പരാതി നല്കിയ അഞ്ച് പേര്‍ക്കെതിരെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത നടപടി സ്വീകരിക്കണം.അല്ലാത്ത പക്ഷം സഭ നേരിട്ട് നടപടി സ്വീകരിക്കും.എന്നിവയായിരുന്നു. ഈ മാസം മൂന്നിന് ചേര്‍ന്ന സുന്നഹദോസില്‍ ചില തീരുമാനം കൈകൊണ്ടിരുന്നു. ഇത് നേരീട്ട് അറിയിക്കുന്നതിന് 14ന് ആകമാന സുറിയാനി സഭ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുമായി മലങ്കര സഭ മെത്രാപ്പോലീത്താമാര്‍ കൂടികാഴ്ച നടത്തിയിരുന്നു. അന്ന് പാത്രീയര്‍ക്കീസ് ഭരണഘടനപരമായി ഉള്ള കാര്യങ്ങളില്‍ മാത്രമെ ഇടപെടുകയുള്ളൂവെന്നും ഈ പ്രശ്‌നത്തില്‍ മലങ്കരയിലെ പ്രാദേശിക സുന്നഹദോസിന് ഭരണഘടന പരമായ നടപടികൈകൊള്ളാമെന്നും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സുന്നഹദോസ് ചേര്‍ന്നത്.

ആരോപണ വിധേയനായ തോമസ് മാര്‍ തീമോത്തിയോസ് സുന്നഹദോസില്‍ മുഴുവന്‍ സമയവും പങ്കെടുത്തു. എന്നാല്‍ ഒരു പ്രതികരണവും നടത്തിയില്ല. ശ്രേഷ്ഠ കാതോലിക്ക ബാവാ ബസേലിയോസ് തോമസ് പ്രഥമന്‍ അധ്യക്ഷതവഹിച്ചു. സുന്നഹദോസില്‍ കോട്ടയം ഭദ്രാസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്. മൂന്നിന് ചേര്‍ന്ന സുന്നഹദോസിനെതിരെയും സഭയ്‌ക്കെതിരെയും കോടതിയില്‍ ഏതാനും പേര്‍ നല്കിയ കേസ് പിന്‍വലിക്കാന്‍ മെത്രാപ്പോലീത്ത അവരോട് ആവശ്യപ്പെടണം. അല്ലാത്തപക്ഷം കേസ് നടത്തിപ്പും തുടര്‍ നടപടിയ്ക്കും സഭ നിര്‍ദേശമനുസരിച്ച് മെത്രാപ്പോലീത്ത നേതൃത്വം നല്കണം. കോടതിയില്‍ കേസ് നല്കിയത് പാമ്ബാടി വെള്ളൂര്‍ പൈലിത്താനം ഷെജി മാത്യു, മണര്‍കാട് പുതിയവീട്ടില്‍ പറമ്പില്‍ ക്രിസ്റ്റി മാത്യു, മണര്‍കാട് മുണ്ടാനിക്കല്‍ എബി വര്‍ഗീസ്, ചങ്ങനാശേരി മാടപ്പള്ളി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ വി.വി. മാത്യു, പുതുപ്പള്ളി വേളൂപ്ര വി.എസ്. കുര്യന്‍ എന്നിവരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക