Image

നക്‌സല്‍ പ്രസ്ഥാനവും വര്‍ഗീസിന്റെ ജീവിതാന്ത്യവും -1 (ജോസഫ് പടന്നമാക്കല്‍)

Published on 20 February, 2017
നക്‌സല്‍ പ്രസ്ഥാനവും വര്‍ഗീസിന്റെ ജീവിതാന്ത്യവും -1 (ജോസഫ് പടന്നമാക്കല്‍)
1967ല്‍ വെസ്റ്റ് ബംഗാള്‍ മേഖലകളിലുള്ള മാര്‍സിസ്റ്റ് പാര്‍ട്ടിയില്‍നിന്നു പൊട്ടിമുളച്ച നക്‌സല്‍ബാരി പ്രസ്ഥാനം രാഷ്ട്രമാകെ വളര്‍ന്നു പന്തലിച്ചിരുന്നു. അവിടെ നക്‌സല്‍ബാരിയെന്ന ഗ്രാമത്തില്‍നിന്നാണ് നക്‌സലിസത്തിന്റെ തുടക്കം. മജുന്‍ദാര്‍, കനുസന്യാല്‍ എന്നീ നക്‌സലുകളുടെ നേതൃത്വത്തില്‍ കൃഷിക്കാരുടെ ഒരു സായുധ വിപ്‌ളവം 1967 മെയ്മാസത്തില്‍ പൊട്ടിപ്പുറപ്പെട്ടു. 1967 ജൂലൈയില്‍ പൊലീസിന് ആ വിപ്ലവം അടിച്ചമര്‍ത്താന്‍ കഴിഞ്ഞു. അക്കാലയളവില്‍ ഭൂരിഭാഗം റെബല്‍ നേതാക്കളെ അറസ്റ്റും ചെയ്തു. അന്നത്തെ സായുധ ലഹളയില്‍ കാര്യമായ നേട്ടങ്ങളൊന്നും നേടാന്‍ സാധിച്ചില്ല. പക്ഷെ നക്‌സല്‍ബാരി നീക്കം ഇന്‍ഡ്യയൊന്നാകെയുളള കാര്‍ഷിക വ്യവസ്ഥിതികളെ പരിവര്‍ത്തനവിധേയമാക്കി. ഇത്തരം സായുധ വിപ്ലവങ്ങള്‍ക്കായി ഇന്ത്യയിലെ അനേക ഗ്രാമങ്ങളിലെ കര്‍ഷകരിലും തൊഴിലാളികളിലും നക്‌സലുകള്‍ പ്രേരണ നല്‍കിക്കൊണ്ടിരുന്നു. 1968ല്‍ വയനാടിലുള്ള പുല്‍പ്പള്ളിയിലും 1969ല്‍ കുറ്റിയാടിയിലും തലശേരിയിലും പിന്നീട് 1970ല്‍ തിരുനെല്ലിയിലും നക്‌സലുകളുടെ ആക്രമവും കൊടും ക്രൂരതകളുമുണ്ടായിരുന്നു.

ഉത്തര മലബാറില്‍ നക്‌സല്‍ബാരിസം ചിന്തകള്‍ പ്രചരിക്കാന്‍ കാരണം മാവോയിസത്തില്‍ നിന്നുള്ള പ്രചോദനമായിരുന്നു. ബൂര്‍ഷാ മുതലാളിത്വ വ്യവസ്ഥിതികള്‍ക്കെതിരെ ചില ബുദ്ധിജീവികളും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. മാവോ തത്ത്വങ്ങള്‍ ആദിവാസികളുടെയും ഇടത്തരം കൃഷിക്കാരുടെയും മദ്ധ്യേ പ്രചരിക്കാനും തുടങ്ങി. കൂടാതെ ചൈനയില്‍നിന്നും പ്രോത്സാഹനങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. നക്‌സലുകള്‍ വയനാട് തെരഞ്ഞെടുക്കാന്‍ കാരണവും ആ സ്ഥലങ്ങള്‍ വിപ്ലവ മുന്നേറ്റത്തിന് അനുയോജ്യ പ്രദേശങ്ങളായതുകൊണ്ടായിരുന്നു. കൊടുംവനങ്ങള്‍ ചുറ്റുമുണ്ടായിരുന്നതു മൂലം അക്രമകാരികള്‍ക്ക് ഒളിക്കാനുള്ള സങ്കേതങ്ങളും സുലഭമായി വനത്തിനുള്ളിലുണ്ടായിരുന്നു.

ആദിവാസികള്‍ കൂടുതലായും താമസിച്ചിരുന്നത് വയനാടന്‍ പ്രദേശങ്ങളിലായിരുന്നു. ഭൂരിഭാഗവും നിത്യവൃത്തിക്കുപോലും വകയില്ലാത്ത ദരിദ്രരുമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ അവിടെ കൃഷി ഭൂമിയില്‍ പണിയെടുക്കാന്‍ ജോലിക്കാര്‍ കുറവായിരുന്നു. അക്കാലങ്ങളിലുണ്ടായിരുന്ന ഭൂവുടമകള്‍ പാണന്മാരെയും പണിയാ, അടിയാ മുതലായ വര്‍ഗക്കാരെയും തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍നിന്നും കൊണ്ടുവരാന്‍ തുടങ്ങി. കൃഷിഭൂമിയില്ലാത്ത പാവങ്ങളായിരുന്നു ഭൂരിഭാഗവും. നിത്യചെലവിന് ഭൂവുടമകളില്‍ നിന്നും പലപ്പോഴും അവര്‍ക്ക് പണം കടം മേടിക്കേണ്ടതായും വരുമായിരുന്നു. കൃഷിയല്ലാതെ മറ്റു തൊഴിലുകളൊന്നും അവര്‍ക്കറിയില്ലായിരുന്നു. കടങ്ങള്‍ വീട്ടാന്‍ മുതലാളികള്‍ക്ക് അടിമ ജോലിയും ചെയ്യേണ്ടി വരുമായിരുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ നക്‌സല്‍ബാരിസം പ്രാചീന വര്‍ഗ്ഗക്കാരില്‍ സ്വാധീനം ചെലുത്താന്‍ കാരണമായി.

ചൈനയില്‍നിന്നും ഇന്ത്യന്‍ വിപ്ലവകാരികള്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ടായിരുന്നു. അക്കാലത്ത് 'പീക്കിങ്ങ്' ഭരണകൂടം കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ റേഡിയോയില്‍ പ്രചരണങ്ങളും നടത്തിക്കൊണ്ടിരുന്നു. ഇന്ത്യയില്‍ ഒരു സായുധ വിപ്ലവം നടക്കുന്നതിനായി വിപ്ലവകാരികള്‍ക്ക് സാമ്പത്തിക സഹായവും നല്‍കിയിരുന്നു. മാവോ തത്ത്വങ്ങളില്‍ ആകൃഷ്ടരായി 1960കളില്‍ കേരളത്തില്‍ നക്‌സല്‍ബാരി പ്രസ്ഥാനം വേരുറയ്ക്കാന്‍ തുടങ്ങി. മാവോ സിദ്ധാന്തം പ്രചരിപ്പിച്ചുകൊണ്ട് തീവ്രവിപ്ലവ പ്രത്യായ ശാസ്ത്രം വ്യാപിപ്പിക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. മനുഷ്യത്വരഹിതമായ ആ പ്രസ്ഥാനത്തിന് ഭാരതമൊട്ടാകെ രക്തപങ്കിലമായ ഒരു ചരിത്രവുമുണ്ട്.

നക്‌സല്‍ബാരി പ്രസ്ഥാനത്തിന്റെ പുത്രിയായ 'അജിത' 1950 ഏപ്രിലില്‍ കുന്നിക്കല്‍ നാരായണന്റെയും മന്ദാകിനിയുടെയും മകളായി കോഴിക്കോട് ജനിച്ചു. കുട്ടിക്കാലം മുതല്‍ മാര്‍ക്‌സിയന്‍ തത്ത്വങ്ങള്‍ പഠിക്കാന്‍ വലിയ താല്പര്യമായിരുന്നു. അച്ഛന്‍ കുന്നിക്കല്‍ നാരായണന്‍ തന്റെ രാഷ്ട്രീയത്തിലെ വഴികാട്ടിയായിരുന്നുവെന്ന് അജിത തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതിയിട്ടുണ്ട്. 1979ല്‍ അജിതയുടെ അച്ഛന്‍ മരിച്ചു. 'അമ്മ മന്ദാകിനി ഗുജറാത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ക്കൂടിയാണ് മലയാളിയായ കുന്നിക്കല്‍ നാരായണനെ മന്ദാകിനി കണ്ടുമുട്ടിയതും പിന്നീട് വിവാഹം കഴിച്ചതും. കര്‍ഷകരുടെയും തൊഴിലാളികളുടെയും പോരാട്ടങ്ങള്‍ക്ക് നാരായണനും മന്ദാകിനിയും നേതൃത്വം കൊടുത്തിരുന്നു. പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമത്തിലെ പ്രതിയായ മന്ദാകിനിയെ പോലീസ് സ്‌റ്റേഷനുകളില്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. 1971ലും 1975ലും അടിയന്തിരാവസ്ഥ കാലങ്ങളില്‍ അവരെ ജയിലില്‍ അടച്ചിരുന്നു. കോഴിക്കോടുള്ള ഗുജറാത്തി സ്കൂളില്‍ അദ്ധ്യാപികയായിരുന്ന അവര്‍ മരണം വരെ മാര്‍ക്‌സിസ്റ്റ്‌ലെനിനിസ്റ്റ് തത്ത്വങ്ങളില്‍ വിശ്വസിച്ചിരുന്നു. സംഗീത പഠനം, ചിത്ര രചന, കാവ്യ രചനയില്‍ ജീവിത സായാഹ്നം ചെലവഴിച്ചിരുന്നു. അജിത പ്രീ ഡിഗ്രി പൂര്‍ത്തിയാക്കാതെ വിപ്ലവ പ്രസ്ഥാനങ്ങളില്‍ പങ്കുചേരാന്‍ തുടങ്ങി. 1970 കളിലെ നക്‌സല്‍ ബാരി പ്രസ്ഥാനത്തില്‍ അവര്‍ സജീവമായിരുന്നു. തലശേരി, പുല്‍പ്പള്ളി ആക്രമത്തില്‍ മുന്നണി പോരാളിയായിരുന്നു. പോലീസ് സ്‌റ്റേഷനുകള്‍ സാമ്രാജ്യത്വത്തിന്റെയും ഭരണകൂടങ്ങളുടെയും മര്‍ദ്ദനോപകരണങ്ങളായി നക്‌സല്‍ പ്രസ്ഥാനം വീക്ഷിച്ചു. പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷനാക്രമത്തില്‍ പങ്കുചേര്‍ന്ന അജിതയുള്‍പ്പടെ പതിമൂന്നു പേരെ ജീവപര്യന്തം ശിക്ഷിച്ചു. പോലീസ് സ്‌റ്റേഷനില്‍ കൊടിയ ക്രൂരതകളും യാതനകളും അനുഭവിക്കേണ്ടി വന്നു. ജയില്‍ മോചിതയായശേഷം കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച ആത്മകഥാ കുറിപ്പുകള്‍ മലയാള സാഹിത്യത്തില്‍ ശ്രദ്ധേയമായ സ്ഥാനവും നേടിയിരുന്നു.

വടക്കേ മലബാറിലെ വയനാടന്‍ ഉള്‍പ്രദേശങ്ങളില്‍ താമസിച്ചിരുന്ന വര്‍ഗീസ് എന്ന നക്‌സല്‍ യുവാവ് ചെഗുവേര എന്നു പേരുള്ള ലാറ്റിന്‍ അമേരിക്കയിലുണ്ടായിരുന്ന തീവ്ര വിപ്ലവകാരിയുടെ ആരാധകനായിരുന്നു. ചെഗുവേരയെപ്പോലെ വര്‍ഗീസും 1960 കാലങ്ങളില്‍ ചൂഷിത ജന്മിത്വ മുതലാളികള്‍ക്കെതിരെ സായുധ വിപ്ലവം നയിക്കുകയായിരുന്നു. വര്‍ഗീസും അയാളുടെ അനുയായികളും വയനാടന്‍ വനാന്തരങ്ങളില്‍ക്കൂടി പാത്തും പതുങ്ങിയും ഒളിച്ചുമിരുന്നും ജന്മി മുതലാളിത്വ വ്യവസ്ഥിതികള്‍ക്കെതിരെ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. കൊല്ലും കൊലയും നക്‌സലിസത്തിന്റെ മുദ്രിതമായ നയങ്ങളായിരുന്നു. മാര്‍ക്‌സിസത്തില്‍നിന്നും അകല്‍ച്ച പാലിച്ചുകൊണ്ട് രക്തപങ്കിലമായ ഒരു വിപ്ലവ വ്യവസ്ഥിതിക്കാണ് അവരുടെ നയങ്ങള്‍ രൂപീകരിച്ചിരുന്നത്. അടിയോരുടെ ഗ്രാമങ്ങള്‍ വര്‍ഗീസിനെ 'പെരുമന്‍' എന്നു വിളിച്ചിരുന്നു.

'നക്‌സല്‍ വര്‍ഗീസ്' എന്ന പേരുള്ള അരീക്കാട് വര്‍ഗീസ് 1938 ജൂണ്‍ പതിനാലിനു ജനിക്കുകയും 1970 ഫെബ്രുവരി പതിനെട്ടാംതീയതി പോലീസുകാരുടെ വെടിയേറ്റ് മരിക്കുകയും ചെയ്തു. ഫ്യൂഡല്‍ പ്രഭുക്കന്മാരുടെ ചൂഷണത്തിനെതിരെയായിരുന്നു ഈ വിപ്ലവ പ്രസ്ഥാനം രൂപം പ്രാപിച്ചത്. നിയമവും പോലീസുകാരും കര്‍ഷകരെ പീഡിപ്പിക്കുന്നതില്‍ കൂട്ടു നില്‍ക്കുമായിരുന്നു. വയനാട്ടിലെ ആദിവാസികളെയായിരുന്നു പണവും സ്വാധീനവുമുണ്ടായിരുന്നവര്‍ ചൂഷണം ചെയ്തുകൊണ്ടിരുന്നത്. 1960 കാലങ്ങളില്‍ വിപ്ലവ പ്രസ്ഥാനങ്ങളുടെ കൊടുങ്കാറ്റ് ഇന്‍ഡ്യ മുഴുവന്‍ ആഞ്ഞടിച്ചിരിക്കുമ്പോള്‍ തന്നെ 'നക്‌സല്‍ വര്‍ഗീസ്' കേരള ചരിത്രത്തിലെ ശ്രദ്ധിക്കപ്പെടേണ്ട ഒരു വ്യക്തിയായി വളര്‍ന്നു കഴിഞ്ഞിരുന്നു.വര്‍ഗീസിന്റെ നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ ആസ്പദമാക്കി 2008ല്‍ പ്രദര്‍ശനത്തിനിറങ്ങിയ ഒരു മലയാള ചിത്രമാണ് 'തലപ്പാവ്'. ഇതില്‍ പൃഥ്വിരാജ്, ധന്യ മേരി വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

വര്‍ഗീസിനൊപ്പം പത്തൊമ്പതു വയസുകാരിയായ അജിതയും ശങ്കരന്‍ മാസ്റ്റര്‍, ഗ്രോ വാസു എന്നിവരും നക്‌സല്‍ പ്രസ്ഥാനത്തിലുണ്ടായിരുന്നു. അജിത, പ്രീഡിഗ്രി വിദ്യാഭ്യാസം നടത്തിയിരുന്ന കാലങ്ങളില്‍ തന്നെ പഠനം ഉപേക്ഷിച്ചു നക്‌സല്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്നിരുന്നു. വിദ്യാഹീനരായ ആദിവാസികളെ ചൂഷണം ചെയ്യുന്നതിനെതിരെ 'വര്‍ഗീസ്' നക്‌സലാകുന്നതിനു മുമ്പും പോരാടിയിരുന്നു. നക്‌സലൈറ്റുകള്‍ ഏതാനും ഭൂപ്രഭുക്കന്മാരെ അക്കാലങ്ങളില്‍ വധിക്കുകയും അവരുടെ സമ്പത്ത് കൊള്ളയടിച്ച് പാവങ്ങളായ ആദിവാസികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. 1970 ആയപ്പോള്‍ പോലീസ് അവരുടെ ശക്തിയെ ക്ഷയിപ്പിച്ചു.

വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള തലശേരിയിലും പുല്‍പ്പള്ളിയിലുമുണ്ടായ പോലീസ് ആക്രമണം കുപ്രസിദ്ധമാണ്. വയനാട്ടിലെ പോലീസിനെയും ഭൂപ്രഭുക്കന്മാരെയും നേരിടാന്‍ ആയുധം ധരിച്ചുകൊണ്ടുള്ള ഒരു ഗ്രുപ്പ് ഇവരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടു. അജിത മാത്രമായിരുന്നു ആ ഗ്രുപ്പിലെ ഏക സ്ത്രീ. 1968 നവംബര്‍ ഇരുപത്തിരണ്ടാം തിയതി 300 പേരോളമുള്ള നക്‌സല്‍ ഗറില്ലാകള്‍ കുന്നിക്കല്‍ നാരായണന്റെ നേതൃത്വത്തില്‍ തലശേരി പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചെങ്കിലും വിജയിച്ചില്ല. പോലീസുകാരുടെ കൈകളില്‍നിന്നും ആയുധങ്ങള്‍ തട്ടിയെടുക്കണമെന്നായിരുന്നു ഉദ്ദേശ്യം. അതിനു രണ്ടു ദിവസം കഴിഞ്ഞു 1968 നവംബര്‍ ഇരുപത്തിനാലാം തിയതി വര്‍ഗീസിന്റെ നേതൃത്വത്തില്‍ തേറ്റമല കൃഷ്ണന്‍ കുട്ടി, കുറിച്ചിയന്‍, കുഞ്ഞിരാമന്‍, കിസാന്‍ തൊമ്മന്‍, ഫിലിഫ് എം പ്രസാദ്, അജിത എന്നിവരുമൊത്തു മദ്രാസ് പോലീസ് ക്യാമ്പായ പുല്‍പ്പള്ളി ആക്രമിച്ചു. പുല്‍പ്പള്ളി ദേവസ്വം ബോര്‍ഡ് 7000 കുടുംബങ്ങളെ കുടിയിറക്കുന്നതില്‍ പ്രതിക്ഷേധിച്ചായിരുന്നു ഈ ആക്രമം. അന്നത്തെ സായുധ ആക്രമത്തില്‍ സ്ഥലത്തെ ഒരു സബ് ഇന്‍സ്‌പെക്ടറും രണ്ടു പോലീസുകാരും ഒരു വയര്‍ലസ് ഓപ്പറേറ്ററും മരിച്ചു. പിന്നീട് ആ ഗ്രൂപ്പ് രണ്ടു ഭൂഉടമകളെ ആക്രമിച്ചു വധിക്കുകയും അവരുടെ സ്‌റ്റോക്കിലുണ്ടായിരുന്ന നെല്ലും ഗോതമ്പും പാവങ്ങള്‍ക്ക് വിതരണം ചെയ്യുകയുമുണ്ടായി. അതിനുശേഷം ഭീകരര്‍ വയനാട്ടിലെ കൊടുംവനത്തില്‍ പോയി ഒളിച്ചു. എന്നാല്‍ പോലീസിന്റെ സൂക്ഷ്മമായ അന്വേഷണത്തില്‍ അവരെയെല്ലാം പിടികൂടി. വര്‍ഗീസ് ഒരു പോലീസുകാരന്റെ വെടിയേറ്റ് മരിച്ചു. കിസാന്‍ തൊമ്മന്‍ ഒരു ബോംമ്പു പൊട്ടലില്‍ മരിക്കുകയും ചെയ്തു.

വര്‍ഗീസ് എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന സത്യം ഇന്നും കേരളചരിത്രത്തില്‍ അജ്ഞാതമായി തന്നെ നിലനില്‍ക്കുന്നു. സംഘിടിത ഏറ്റുമുട്ടലില്‍ നക്‌സല്‍ നേതാവായ വര്‍ഗീസിനെ കൊല്ലാനായി രാമചന്ദ്രന്‍ നായര്‍ എന്ന 'സി.ആര്‍. പി.' പോലീസുകാരന്‍ തോക്കിന്റെ കാഞ്ചി വലിച്ചുവെന്നു വിശ്വസിച്ചുവന്നിരുന്നു. നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം രാമചന്ദ്രന്‍ നായര്‍, വര്‍ഗീസിന്റെ മറ്റൊരു കഥ അവതരിപ്പിച്ചുകൊണ്ട് വാര്‍ത്തകളില്‍ മുഖ്യ താരമായി മാറി. 'വര്‍ഗീസിനെ വയനാടന്‍ കാട്ടില്‍ വെടിവെച്ചതു താനാണെന്നും വര്‍ഗീസ് ഏറ്റുമുട്ടലില്ല മരിച്ചതെന്നും പറഞ്ഞുകൊണ്ടുള്ള വെളിപ്പെടുത്തലായിരുന്നു അത്. കേസ് കോടതിയില്‍ പുനര്‍ വിചാരണം ചെയ്യുകയും ചെയ്തു. എന്നാല്‍ കോടതിയില്‍ മൊഴി നല്കുന്നതിനുമുമ്പ് രാമചന്ദ്രന്‍ നായര്‍ മരിക്കുകയും ചെയ്തു. അയാളുടെ മറ്റൊരു സഹപ്രവര്‍ത്തകനെ വിസ്തരിക്കുകയും അതനുസരിച്ചു അന്ന് വെടിവെക്കാന്‍ ആജ്ഞ കൊടുത്ത സീനിയര്‍ പോലീസ് ഓഫിസറായ ശ്രീ ലക്ഷ്മണനെ ജീവപര്യന്ത്യം ശിക്ഷിക്കുകയും ചെയ്തു. അക്കാലത്തെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥരെ കുടുക്കാനായി കമ്യുണിസ്റ്റ് സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്ന ചില തീവ്രവാദികള്‍ രാമചന്ദ്രന്‍ നായരെ ബ്ലാക്ക് മെയില്‍ ചെയ്തതായും പറയപ്പെടുന്നു.

നക്‌സല്‍ വര്‍ഗീസ് എങ്ങനെ കൊല്ലപ്പെട്ടുവെന്നു വെളിപ്പെടുത്തിയ രാമചന്ദ്രന്‍ നായരുടെ പുതിയ കഥയില്‍ എത്രമാത്രം വാസ്തവമുണ്ടെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. അക്കാര്യം കോടതിയില്‍ 'നായര്‍' സവിസ്തരം മൊഴിയായി നല്‍കിയ ചുരുക്കമാണ് താഴെ പ്രതിപാദിച്ചിരിക്കുന്നത്. 'കേന്ദ്ര റിസര്‍വ് പോലീസ് (ഇഞജ) നക്‌സലുകളെ കീഴടക്കാനായി തിരുന്നെല്ലി വനം രണ്ടുദിവസം ചികഞ്ഞു തേടിയിരുന്നു. അതിനുശേഷം സമീപമുള്ള ഒരു അമ്പലത്തിനു സമീപം താവളമടിച്ചു. പക്ഷെ നക്‌സല്‍ബാരികള്‍ അവര്‍ക്ക് നേരെ ബോംബെറിയുകയും അതില്‍ ഒരു പോലീസുകാരന് ഗുരുതരമായ പരിക്കേല്‍ക്കുകയുമുണ്ടായി. അന്നത്തെ ദിവസം തന്നെ നക്‌സല്‍ബാരികളായ വര്‍ഗീസും കൂട്ടുകാരും നടന്നു പോയ വഴി അവര്‍ കണ്ടുപിടിച്ചു.

നക്‌സല്‍ബാരി ബന്ധമുള്ള ഏതോ ഒരു ശിവരാമന്‍ നായരുടെ വീട്ടില്‍ വര്‍ഗീസുണ്ടെന്ന് വിവരവും കിട്ടി. 1970 ഫെബ്രുവരി പതിനേഴാം തിയതി വര്‍ഗീസ് കരിമത് ശിവരാമന്‍ നായരുടെ വീട്ടില്‍ അഭയം തേടിയിരുന്നു. അവിടെനിന്നു ഭക്ഷണവും കഴിച്ചിരുന്നു. അയാള്‍ ഉറങ്ങി കിടക്കുന്ന സമയം ആരോ പോലീസില്‍ അറിയിക്കുകയും അവിടെനിന്ന് വര്‍ഗീസിനെ അറസ്റ്റു ചെയ്യുകയും ചെയ്തു. സി.ആര്‍. പി. (ഇഞജ) ബറ്റാലിയന്‍ ആ വീടിന്റെ മുമ്പില്‍ തടിച്ചുകൂടിയപ്പോള്‍ അക്കൂടെ രാമചന്ദ്രനായരും ഉണ്ടായിരുന്നു. അകത്തു നിന്ന് ഒരു ശബ്ദം കേള്‍ക്കുകയൂം പോലീസുകാര്‍ വീടിന്റെ വാതില്‍ തള്ളിത്തുറക്കുകയൂം ചെയ്തത് ഒരേ സമയമായിരുന്നു. വര്‍ഗീസ് കീഴടങ്ങി കൈകള്‍ ഉയര്‍ത്തി അവിടെ നില്‍പ്പുണ്ടായിരുന്നു. "നിങ്ങള്‍ ആരും ഭയപ്പെടേണ്ട, ഞാന്‍ ഏകനാണ്, നിരായുധനുമാണെന്ന്" വര്‍ഗീസ് ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു. ഉടന്‍ തന്നെ നക്‌സലൈറ് നേതാവിനെ കൈകള്‍ പുറകോട്ടു കെട്ടി ജീപ്പില്‍ കയറ്റി. മുപ്പതു മിനിറ്റു െ്രെഡവ് ചെയ്തശേഷം റോഡിന്റെ താഴ്വരയില്‍ മാനന്തവാടി ടൗണിനു സമീപമെത്തിയപ്പോള്‍ അകമ്പടിയായി മറ്റു പോലീസ് വാഹനങ്ങളും ഉണ്ടായിരുന്നു. കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ അക്കൂടെ കേരളാപോലീസിന്റെ ഡെപ്യൂട്ടി എസ്.പി. ലക്ഷ്മണനെയും ഡി.ഐ.ജി. വിജയനെയും ഒരു ജീപ്പില്‍ തിരിച്ചറിഞ്ഞു.

"അവര്‍ എന്നെ കൊല്ലാന്‍ പോവുന്നുവോ"യെന്നു വര്‍ഗീസ് തിരിഞ്ഞുനിന്ന് ചോദിക്കുന്നതും" രാമചന്ദ്രന്‍ നായരുടെ ഓര്‍മ്മക്കുറിപ്പിലുണ്ട്. വര്‍ഗീസ് പറഞ്ഞു, "നിങ്ങളില്‍ ഒരാള്‍ക്ക് ആ ദൗത്യം നിര്‍വഹിക്കേണ്ടി വരും. എനിക്കൊരപേക്ഷയുണ്ട്, നിങ്ങള്‍ എന്നെ കൊല്ലുന്നതിനുമുമ്പ് എനിക്കൊരടയാളം തരൂ, ഞാന്‍ വിശ്വസിക്കുന്നതായ വിപ്ലവ പ്രത്യായ ശാസ്ത്രത്തിന്റെ ചൈതന്യം ആകാശം മുഴങ്ങുമാറ് ഉച്ചത്തില്‍ എനിക്ക് വിളിച്ചുപറയണം." അതു പറഞ്ഞ ശേഷം വര്‍ഗീസ് നിശബ്ദനും ശാന്തനുമായിരുന്നു.

വര്‍ഗീസിനെ വഹിച്ചുകൊണ്ട് പോയ പോലീസ് ജീപ്പ് ഒരു പാറമട കണ്ടപ്പോള്‍ അവിടെ നിര്‍ത്തി. അന്നത്തെ ദിവസം രണ്ടുമണിയായപ്പോള്‍ ഒരു പോലീസുകാരന്‍ വര്‍ഗീസിന്റെ കണ്ണുകള്‍ രണ്ടും മൂടിക്കെട്ടി. അതിനുശേഷം അയാളെ ഒരു പാറമേല്‍ ഇരുത്തി. കോണ്‍സ്റ്റബിള്‍ നായര്‍ അയാള്‍ക്ക് ഭക്ഷണവും ഒരു ബീഡിയും കൊടുത്തു. ആറരമണിയായപ്പോള്‍ ഡപ്യുട്ടി എസ്.പി. ലക്ഷ്മണന്‍ നക്‌സലേറ്റ് നേതാവിനു ചുറ്റും പോലീസുകാരോട് നില്‍ക്കാന്‍ പറഞ്ഞു. വര്‍ഗീസിനെ വെടിവെച്ചു വധിക്കാന്‍ പോവുന്നുവെന്നു കോണ്‍സ്റ്റബിള്‍മാരെ ലക്ഷ്മണന്‍ അറിയിക്കുകയും ചെയ്തു. ഡി.ഐ.ജി വിജയനും തൊട്ടടുത്തുണ്ടായിരുന്നു.

ലക്ഷ്മണന്‍ എല്ലാവരുടെയും മുമ്പില്‍ ചെന്ന് വര്‍ഗീസിനെ വെടി വെക്കാന്‍ തയ്യാറുള്ളവര്‍ കൈപൊക്കാന്‍ ആജ്ഞാപിച്ചു. അക്കൂടെ റപ്പായിയും ശ്രീധരനും കൈകള്‍ പൊക്കി. ഹനീഫ ആദ്യം കൈകള്‍ പൊക്കാന്‍ മടിച്ചെങ്കിലും അവസാനം കൈപൊക്കി. "താന്‍ മാത്രം കൈകളുയര്‍ത്തിയില്ലന്നും" രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. കാരണമെന്തെന്ന് ലക്ഷ്മണന്‍ ചോദിച്ചപ്പോള്‍ "അറസ്റ്റു ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു" കോണ്‍സ്റ്റബിള്‍ നായരുടെ മറുപടി. ഇത് കേട്ട ലക്ഷ്മണന്‍ "ഒരു പോലീസുകാരനും ഇതോടൊപ്പം അപകടപ്പെട്ട രീതിയില്‍ മരിക്കുമെന്നും" നായരോടായി മുന്നറിയിപ്പ് കൊടുത്തു. നായര്‍ ലക്ഷ്മണനില്‍ നിന്നുള്ള ഭീക്ഷണികളെപ്പറ്റി ചിന്തിച്ചു. 'താന്‍ വര്‍ഗീസിനെ വധിച്ചാലും ഇല്ലെങ്കിലും അയാള്‍ ഏതായാലും വധിക്കപ്പെടും. താന്‍ മരിച്ചാല്‍ സ്വന്തം കുടുംബം അനാഥരായി തീരുമെന്നും ചിന്തിച്ചു. ഭാര്യ, മക്കള്‍ വഴിയാധാരമാകും.' അങ്ങനെയെങ്കില്‍ ലക്ഷ്മണന്റെ ആജ്ഞ അനുസരിച്ചുകൊണ്ട് ദൗത്യം പൂര്‍ത്തിയാക്കുകയെന്ന മാര്‍ഗമേ നായരുടെ മുമ്പിലുണ്ടായിരുന്നുള്ളൂ.

വര്‍ഗീസിനെ വെടിവെക്കുന്നതിനുള്ള തീരുമാനത്തില്‍ ഭിന്നാഭിപ്രായം പറഞ്ഞ നായരെ തന്നെ തോക്കിന്റെ കാഞ്ചി വലിക്കാന്‍ ലക്ഷ്മണന്‍ ചുമതലപ്പെടുത്തി. നായര്‍ തോക്കിന്റെ മുന വര്‍ഗീസിന്റെ നേരെ ചൂണ്ടി. കണ്ണുകള്‍ മൂടപ്പെട്ടിരുന്ന വര്‍ഗീസ് നിശബ്ദനായി ഒന്നുമറിയാത്തപോലെ ആ പാറമടയില്‍ ഇരിപ്പുണ്ടായിരുന്നു. അയാള്‍ ശാന്തനായിരുന്നെങ്കിലും സംഭവിക്കാന്‍ പോവുന്നതില്‍ ബോധവാനായിരുന്നു. എന്തുകൊണ്ട് പെട്ടെന്ന് സംഭവിക്കുന്നില്ലായെന്നതിലും വിസ്മയഭരിതനായിരുന്നു. നായര്‍ തോക്കിന്‍ മുനകള്‍ അവന്റെ ചങ്കിനു നേരെയുയര്‍ത്തി. അപ്പോഴാണ് അവന്റെ അപേക്ഷയെപ്പറ്റി ഓര്‍ത്തത്. വെടിവെക്കുന്നതിനു മുമ്പ് നാക്കുകൊണ്ട് ഒരു ശബ്ദമുണ്ടാക്കി. "വിപ്ലവം നീണാള്‍ വാഴട്ടെയെന്നു" വര്‍ഗീസ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. അയാളുടെ ശബ്ദം ആകാശം മുഴങ്ങത്തക്കവണ്ണമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഓര്‍മ്മകള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള വര്‍ഗീസിന്റെ ഈ കഥ രാമചന്ദ്രന്‍ നായര്‍ ചാനലുകാരുടെ ക്യാമറായുടെ മുമ്പില്‍നിന്നു പറയുമ്പോള്‍ സ്വയം പൊട്ടി കരയുന്നുണ്ടായിരുന്നു. നായര്‍ പറഞ്ഞു, "നിസ്സഹായനായ താന്‍ തോക്കിന്റെ കാഞ്ചി വലിച്ചു. അവന്‍ താഴെ വീണു. മരണം സ്ഥിതികരിക്കുകയുമുണ്ടായി."

തിരുനെല്ലി പോലീസ് സ്‌റ്റേഷനടുത്ത് കൂമ്പാരക്കുനിക്കു സമീപം വര്‍ഗീസിന്റെ ശരീരം കണ്ടെടുക്കപ്പെട്ടു. പള്ളി അയാളുടെ ശരീരം അടക്കാന്‍ സമ്മതിക്കാത്ത കാരണം വെള്ളമുണ്ടയിലുള്ള ഒഴുക്കന്‍മൂല പൂര്‍വിക തറവാട്ടില്‍ മൃതദേഹം സംസ്ക്കരിച്ചു. 1998ല്‍ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ മൊഴി അനുസരിച്ചു ലക്ഷ്മണനെ ജീവപര്യന്തവും പതിനായിരം രൂപാ പിഴയും നല്‍കി ശിക്ഷിച്ചു.

അറുപതുകളിലും എഴുപതുകളിലും നക്‌സല്‍ബാരിയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസിദ്ധരായവരില്‍ പലരും കാലത്തിന്റെ ഒഴുക്കില്‍ പുരോഗമന വാദികളായി മാറിക്കഴിഞ്ഞിരിക്കുന്നു. വര്‍ഗീസിന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന ഫിലിപ്പ് എം പ്രസാദ് ചിന്തിക്കുന്നത് നക്‌സല്‍ പ്രസ്ഥാനവും തത്ത്വചിന്തകളും കാലഹരണപ്പെട്ടു പോയിയെന്നാണ്. അദ്ദേഹം 'സത്യസായി ബാബാ' ആശ്രമത്തിന്റെ ഒരു തീവ്രഭക്തനുമാണ്. അജിത ഇന്ന് ഭാര്യയും അമ്മയുമാണ്. സ്ത്രീകളുടെ ക്ഷേമാന്വേഷണത്തിനായുള്ള സാമൂഹിക സംഘടനകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഭൂനയങ്ങളും പരിഷ്കാരങ്ങളും മൂലം നക്‌സല്‍ തത്ത്വസംഹിതകള്‍ക്ക് പ്രസക്തിയില്ലാതായിരിക്കുന്നു. ഇന്നലെകളുടെ നക്‌സല്‍ നേതാവായിരുന്ന കെ. വേണു തൃശൂരില്‍ കെട്ടിട നിര്‍മ്മാണങ്ങളും കോണ്‍ട്രാക്ടുമായി നടക്കുന്നു. കൂടാതെ മതസിദ്ധാന്തങ്ങളും രാഷ്ട്രീയ വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. തീവ്രമായ ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്ന ഇദ്ദേഹം ഇന്ന് വിശ്വസിക്കുന്നത് സ്വതന്ത്രമായ മാര്‍ക്കറ്റ് ധനതത്ത്വ ശാസ്ത്രത്തിലാണ്. ചെറുപ്പമായിരുന്ന കാലങ്ങളില്‍ ഇവരെയെല്ലാം ആകര്‍ഷിച്ചിരുന്നത് മാവോയുടെ തത്ത്വ സംഹിതകളായിരുന്നു. (തുടരും)
നക്‌സല്‍ പ്രസ്ഥാനവും വര്‍ഗീസിന്റെ ജീവിതാന്ത്യവും -1 (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക