Image

മലയാള ചലച്ചിത്ര മേഖലയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഗണേഷ്‌ കുമാര്‍

Published on 21 February, 2017
മലയാള ചലച്ചിത്ര മേഖലയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഗണേഷ്‌ കുമാര്‍

തിരുവനന്തപുരം: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള ചലച്ചിത്ര മേഖലയേയും ചിലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ നടനും എംഎല്‍എയുമായ ഗണേഷ്‌ കുമാര്‍ രംഗത്ത്‌.

മലയാളെ സിനിമയെ നിയന്ത്രിക്കുന്നത്‌ അധോലോകമാണെന്ന്‌ ആരോപിച്ച ഗണേഷ്‌ നടിക്കെതിരായ അക്രമം ദുഖകരമായി പോയെന്നും അഭിപ്രായപ്പെട്ടു. കൊച്ചി കേന്ദ്രീകരിച്ചുള്ള അധോലോക സംഘങ്ങളാണ്‌ മലയാള സിനിമയെ ഭരിക്കുന്നതെന്നും ചില താരങ്ങളെ കേന്ദ്രീകരിച്ച്‌ മലയാള സിനിമയില്‍ ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗണേഷ്‌ ആരോപിച്ചു.

 ഇക്കാര്യങ്ങള്‍ കമലിനേക്കാള്‍ നന്നായി തനിക്ക്‌ അറിയാമെന്നും ഇതേ കുറിച്ച്‌ അറിയില്ലെങ്കില്‍ കമല്‍ തന്നെ വിളിക്കട്ടെയെന്നും ഗണേഷ്‌ പറഞ്ഞു. എന്നാല്‍ ഇതൊന്നും പൊതുവായി പറയാന്‍ ആഗ്രഹിക്കുന്നില്ല. 

വ്യക്തിപരമായി ഫോണ്‍ വിളിച്ചാല്‍ അവര്‍ക്ക്‌ അതേ കുറിച്ച്‌ വിശദീകരിച്ച്‌ കൊടുക്കും. തനിക്ക്‌ സിനിമയെ കുറിച്ച്‌ നല്ല പരിചയമുണ്ടെന്ന്‌ പറഞ്ഞ ഗണേഷ്‌ താന്‍ സിനിമാ മന്ത്രിയായിരുന്നെന്നും ചൂണ്ടിക്കാട്ടി.

നടിക്ക്‌ മാത്രമല്ല വേറൊരു പെണ്‍കുട്ടിക്കും ഇങ്ങനെ ഉണ്ടാകാന്‍ പാടില്ല. അക്രമം നടന്ന സമയത്തെ പെണ്‍കുട്ടി എങ്ങനെ അഭിമുഖീകരിച്ചുവെന്ന്‌ കേട്ടാല്‍ നമ്മള്‍ക്ക്‌ സഹിക്കില്ല. ഒരു പുരുഷന്‌ പോലും അത്തരമൊരു ഘട്ടം തരണം ചെയ്യാന്‍ സാധിക്കില്ല. 

അത്രയ്‌ക്കും ദുഖകരമാണ്‌. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ്‌ ഒരുവിട്ടുവീഴ്‌ചയും ചെയ്യില്ലെന്ന്‌ ഉറപ്പുണ്ട്‌. ഈ പ്രതികള്‍ രക്ഷപെടുമെന്ന്‌ ആരും ഭയക്കേണ്ട. പോലീസിന്റെ ഭാഗത്തുനിന്ന്‌ വളരെ നല്ല നീക്കമാണ്‌ നടന്നിരിക്കുന്നതെന്നും ഗണേഷ്‌ അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക