Image

പ്രിയമുള്ളവരുടെ സംഗമവേള (സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 23 February, 2012
പ്രിയമുള്ളവരുടെ സംഗമവേള (സുധീര്‍ പണിക്കവീട്ടില്‍)
ഇന്നു തൊട്ടു കുറേ കാലങ്ങള്‍ക്ക്‌ ശേഷം ഒരു ദിവസം
പ്രകാശിക്കുന്ന മെഴുകുതിരികള്‍ക്ക്‌ ചുറ്റും നാമിരിക്കും
കഴിഞ്ഞ കാല കഥകള്‍ പരസ്‌പരം കൈമാറി കൊണ്ട്‌
ഓര്‍മ്മകള്‍ ഒഴുകിവരുമ്പോള്‍ ചിരി തൂകി കൊണ്ട്‌
അങ്ങനെ ആ വിദൂര ദിനം വന്നെത്തുമ്പോള്‍
എനിക്കറിയാം സൗഹൃദം ജീവന്റെ താക്കോലാണെന്ന്‌
മനസ്സിലാക്കാമെന്ന്‌, നമ്മള്‍ സുഹൃത്തുക്കളായിരുന്നെന്ന്‌
അതു നല്ലതായിരുന്നെന്ന്‌....

ഇത്‌ ഒരു ഇംഗ്ലീഷ്‌ കവിതയുടെ ഏകദേശ വിവര്‍ത്തനമാണു. ഇയ്യിടെ പൂര്‍വ്വ വിദ്യാര്‍ഥിനികളുടെ ഒരു അപൂര്‍വ്വ സംഗമവേളയില്‍ അതിഥിയായി പങ്കെടുക്കാന്‍ കഴിഞ്ഞു. ആ സുവര്‍ണ്ണ നിമിഷങ്ങളില്‍ സ്‌നേഹബന്ധത്തിന്റെ അഴകാര്‍ന്ന മയില്‍പീലി വിടര്‍ന്നാടുന്നത്‌ കണ്ടപ്പോള്‍ ഈ ജീവിതം എത്ര മനോഹരമെന്നു തോന്നിപ്പോയി. ജന്മ ജന്മാന്തരങ്ങളിലൂടെ ഈ ഭൂമിയില്‍ നമ്മള്‍ കണ്ടു മുട്ടുന്നു. പിന്നെ എവിടേക്കോ പോയ്‌ മറയുന്നു. ഒരു പക്ഷെ വീണ്ടും കണ്ടു മുട്ടാന്‍ അല്ലെങ്കില്‍ തീരെ മറന്നു പോകാന്‍. ദിവസങ്ങളല്ല നിമിഷങ്ങളാണ്‌ മനുഷ്യര്‍ ഓര്‍ക്കുന്നതെന്നു ആരോ പറഞ്ഞിട്ടുണ്ട്‌. ഒരു പുഞ്ചിരി ഒരു മിന്നല്‍ പോലെ തെളിഞ്ഞ്‌ മായുന്നു എന്നാല്‍ അതിന്റെ ഓര്‍മ്മ ഒരു ജീവിതകാലം നില നില്‍ക്കുന്നു. മധ്യവയസ്സില്‍ പലര്‍ക്കും ജരാ-നരകള്‍ വരുന്നു. കഷണ്ടി വരുന്നു. കാലം കോറിയിടുന്ന കാക്കകാലുകള്‍ ചിലരെയെങ്കിലും തിരിച്ചറിയാത്ത വിധം മാറ്റുന്നു. എന്നാല്‍ കണ്ടുമുട്ടിയ നിമിഷവും, അപ്പോള്‍ തോന്നിയ അനുഭൂതിയും, അളവറ്റ സ്‌നേഹവും കാലത്തിനു മാറ്റാന്‍ കഴിയുന്നില്ല. വര്‍ഷങ്ങളുടെ വിടവിലൂടെ ജീവിതത്തിന്റെ വിവിധ വേഷങ്ങള്‍ പകര്‍ന്നാടിയവര്‍ ഒന്നിച്ച്‌ കൂടുന്ന ഈ നിമിഷത്തിന്റെ നിര്‍വൃതിയില്‍ എല്ലാവരും അലിഞ്ഞ്‌ ചേരുകയാണ്‌. പൂമണം പരക്കുന്ന കാറ്റിലൂടെ പറന്ന കൗമാര പട്ടങ്ങള്‍ ഇപ്പോഴും പറപ്പിക്കാന്‍ വെമ്പുന്ന ഹ്രുദയത്തിന്റെ നിത്യ യൗവ്വനം എല്ലാവര്‍ക്കും ഒരേപോലെ അനുഭവപ്പെടുന്നത്‌ വ്യക്‌തമായിരുന്നു.

മുപ്പത്‌ വര്‍ഷങ്ങളുടെ ഇടവേളക്ക്‌ ശേഷം കണ്ടു മുട്ടിയ കൂട്ടുകാരികളുടെ കണ്ണുകളില്‍ അമ്പരപ്പ്‌ പണ്ടത്തെ കുറുനിര കൂട്ടങ്ങളില്‍ വെള്ളിരേഖകള്‍. കൗതുകം ഒരു ചിത്ര ശലഭത്തെപോലെ ഓര്‍മ്മപൂവ്വുകള്‍ക്ക്‌ മേല്‍ വട്ടമിട്ടു പറന്നു. പാവാട പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍ എന്ന പാട്ടിനെ ഓര്‍മ്മപ്പെടുത്തുമാറു കൂട്ടുകാരികള്‍ പരസ്‌പരം നോക്കി. പത്‌നിയായ്‌, അമ്മയായി, അമ്മായിയമ്മയായവര്‍ സൗഹൃദത്തിന്റെ മുറുക്കാന്‍ പെട്ടി തുറന്ന്‌ കുശലം പറഞ്ഞിരുന്നു. അവരെ താലി ചാര്‍ത്തി സ്വന്തമാക്കിയത്‌ കൊണ്ട്‌ വയസ്സായിപോയെന്നു കരുതുന്ന പണ്ടത്തെ യുവാക്കളെ പരിചയപ്പെടുത്തുകയും അവരെക്കാള്‍ വളര്‍ന്ന്‌ പോയ സന്താനങ്ങളെ അഭിമാനം കലര്‍ന്ന കൗതുകത്തോടെ നോക്കി കാണുകയും ചെയ്‌തു.

നൂയോര്‍ക്കിലുള്ള കൂട്ടുകാരികളില്‍ ഒരാളുടെ മകന്റെ കല്യാണത്തിന്‌ പൂര്‍വ്വ വിദ്യാര്‍ഥിനി സുഹൃത്തുക്കള്‍ ഒന്നിച്ച്‌ ചേരണമെന്നു മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച്‌ രാജ്യത്തിന്റെ നാനാഭാഗത്തും നിന്നും എല്ലാവരും വിമാനം ഇറങ്ങി കാത്തിരുന്നപ്പോള്‍ സുഹൃത്തും ഭര്‍ത്താവും കാറുമായി വന്നു. വിമാന താവളം വിട്ടു കാര്‍ രാജവീഥിയിലേക്ക്‌ ഇറങ്ങിയപ്പോള്‍ കാറില്‍ നിന്നും ഗാന ഗന്ധര്‍വന്റെ ഹിന്ദി പാട്ടുയര്‍ന്നു. ആജ്‌ സെ പഹലെ ആജ്‌ സെ ജാദ കുസി ആജ്‌ തക്‌ നഹി മിലി, ഇതനി സുഹനി.... ഇതനി മീഠി.... ഇതിനു മുമ്പ്‌ ഇത്രയധികം സന്തോഷം ഇതു വരെ ഉണ്ടായിട്ടില്ല. എത്രല്‌പമനോഹരവും എത്ര മധുരവുമാണീ നിമിഷം. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കേട്ട പാട്ട്‌ എല്ലാവരേയും കഴിഞ്ഞ കാലത്തേക്ക്‌ കൊണ്ട്‌ പോയി.. അനുഭൂതികളുടെ ലോകത്തിലൂടെ കാര്‍ അതിവേഗം ഓടി കല്യാണ വീട്ടിലെത്തി.

പറഞ്ഞാല്‍ തീരാത്തെ സംഭാഷണങ്ങളുടെ എപ്പിസോഡുകള്‍ പിന്നിട്ട്‌കൊണ്ടുള്ള യാത്ര അതീവ ഹൃദ്യവും സമയ ദൈര്‍ഘ്യമെന്തെന്നറിയിക്കാതിരുന്നതും ആയിരുന്നു. റോമന്‍ കാത്തോലിക്കരുടെ മോടിയും പദവിയും വെട്ടി തിളങ്ങുന്ന പള്ളിയില്‍ കൂട്ടുകാരിയുടെ മകന്‍ വധുവിന്റെ കഴുത്തില്‍ മിന്നു കെട്ടി. വധു ഉത്തരേന്ത്യക്കാരിയായത്‌കൊണ്ട്‌ വിവാഹ കര്‍മ്മങ്ങള്‍ക്ക്‌ ശേഷം നടന്ന സ്വീകരണത്തില്‍ ന്രുത്തങ്ങള്‍, ഗാനങ്ങള്‍ മുതലായവ ഉണ്ടായിരുന്നു.

കൂട്ടുകാരിയുടെ മരുമകള്‍ ഹിന്ദി സിനിമ താരത്തെപോലെ ശോഭിച്ചു. പെണ്‍കുട്ടി ധാരാളം ആഭരണങ്ങള്‍ അണിയാന്‍ താല്‍പ്പര്യമില്ലാത്ത പോലെ തോന്നി. പൊന്നു ആവശ്യത്തിനു മാത്രം. അക്ലെങ്കിലും ആ കുട്ടിക്ക്‌ ആഭരണങ്ങള്‍ വേണ്ട. സന്ധ്യക്കെന്തിനു സിന്ദൂരം എന്‍ കണ്മണിക്കെന്തിനു ആഭരണം. കൂട്ടുകാരിയുടെ മകനു മലയാളം അറിയുമെങ്കില്‍ പാടാം. സ്വീകരണ ചടങ്ങിലെ മേശക്ക്‌ ചുറ്റും നാലു അമ്മമ്മാരും (പേരിന്റെ പുറകിലുമുണ്ട്‌ അമ്മ കൂടാതെ കുട്ടികളുടെ അമ്മകളുമാണ്‌) ഒരു കുഞ്ഞിമോനും (പേരില്‍ മാത്രമേ കുഞ്ഞിയുള്ളു, ആള്‍ വിവാഹിതനും കുട്ടികളുടെ അച്ഛനുമാണ്‌) സമ്മേളിച്ചു. വിരുന്നു സല്‍ക്കാരങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത വീഞ്ഞും മറ്റു ലഹരികളും ചുറ്റുമുള്ളവരെ വട്ടം ചുറ്റിച്ചിട്ടും കുഞ്ഞിമോന്‌ ഉപ്പു നോക്കുവാന്‍ പോലും പറ്റിയില്ലെന്നുള്ളത്‌ സങ്കടകരം തന്നെ. മദ്യം വിഷമാകുന്നു എന്നു സ്‌തോത്രത്തിന്റേയും സങ്കീര്‍ത്തനത്തിന്റേയും അകമ്പടിയോടെ രണ്ടു വിശ്വാസികള്‍ വിളിച്ച്‌ പറഞ്ഞുകൊണ്ടിരുന്നത്‌ ഒരു കാരണമാകാം. കൂടാതെ ലഹരിയോടെ കാര്‍ ഓടിക്കുന്നത്‌ കുറ്റകരം എന്ന ഭീഷണിയും പാവം കുഞ്ഞിമോന്റെ വെള്ളം കുടി മുടക്കി.

വിരുന്നു സല്‍ക്കാരം ഗംഭീരമായിരുന്നു. ഇരുകൂട്ടരുടേയും അഥിതികള്‍ നിറഞ്ഞു കവിയുന്ന അലങ്കരിച്ച ഹാള്‍. അവിടെ സ്വര്‍ണ്ണത്തിന്റേയും സൗന്ദര്യത്തിന്റേയും ഉജ്‌ജല പ്രകാശം. തെക്കും വടക്കും ഒരുമിച്ച്‌ ചേരുന്ന അസുലഭ നിമിഷങ്ങള്‍. ഭാഷക്കും ദേശത്തിനും അതീതമായി സ്‌നേഹിക്കുന്ന ആത്മാക്കളുടെ സമ്മേളനം. അങ്ങനെ ചടങ്ങളുടെ അവസാനം വിവാഹ മണ്ഡപത്തില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞ്‌ തുടങ്ങി. കൂട്ടുകാരിയോടും കുടുമ്പത്തോടും യാത്ര പറഞ്ഞ്‌ പിരിഞ്ഞവര്‍ അവരവരുടെ വീടു പറ്റി. കൂട്ടത്തില്‍ ദൂരെ നിന്നും വന്ന ഒരു കൂട്ടുകാരി നൂയോര്‍ക്കിലുള്ള കൂട്ടുകാരിയുടെ കൂടെ രാപാര്‍ത്തു. പിറ്റെന്നു സ്‌നേഹത്തിന്റെ മുന്തിരി വള്ളികളും മാതളവും പൂത്തോ എന്നു നോക്കാന്‍ അവര്‍ ഉച്ച തിരിഞ്ഞാറെ മറ്റൊരു കൂട്ടുകാരിയുടെ വീട്ടില്‍ എത്തി. ആ വീട്ടിലും ഒരു സമാഗമ സമ്മേളനം ഒരുക്കിയിരുന്നു. ആ വീട്ടിലെ കൂട്ടുകാരി സൂക്ഷിച്ച്‌ വച്ചിട്ടുള്ള ആല്‍ബങ്ങളില്‍ നോക്കി ഇപ്പോള്‍ നഷ്‌ടപ്പെട്ടു കഴിഞ്ഞ അന്നത്തെ യൗവ്വനത്തിന്റെ പടങ്ങള്‍ കണ്ടു നെടുവീര്‍പ്പിട്ടു. വടക്കെ ഇന്തയിലെ ഉരുകുന്ന ചൂടില്‍ ഒരു കുതിരവണ്ടിയില്‍ കയറി പടമെടുക്കാന്‍ പോയ ഓര്‍മ്മകള്‍ അയവിറക്കി. തെന്നിന്തയിലെ കുറെ സുന്ദരിമാരെ ഒരുമിച്ച്‌ കണ്ടു കുതിരകാരന്‍ അമ്പരന്നതും അര്‍ഥം വച്ച്‌ അന്നത്തെ ഹിന്ദി സിനിമയിലെ പാട്ടു പടിയതും അവര്‍ ഓര്‍ത്തു. ഒന്നു കൂടി ഓര്‍മ്മിക്കാന്‍ ആ പാട്ടു ഏതെന്നു ചോദിച്ചപ്പോഴേക്കും കൂട്ടുകാരിയുടെ ഭര്‍ത്താവ്‌ അതു അവരെ കേള്‍പ്പിച്ചു. ബച്‌ന ഏ ഹസീനൊ ലൊ മെ ആഗയ , ബച്‌ന ഹസീനൊ (സുന്ദരിമാരെ ഓടി രക്ഷപെട്ടോ, ഞാന്‍ ദേ ഇതാ വന്നു കഴിഞ്ഞു) നിങ്ങള്‍ക്കെങ്ങനെ ആ പാട്ടാണെന്ന്‌ അറിയാമെന്നു ചോദിച്ചപ്പോള്‍ വീട്ടുകാരന്‍ പറഞ്ഞു `മധുവിധു കാലത്ത്‌ ഇതൊക്കെയല്ലേ പറഞ്ഞ്‌ തീര്‍ക്കുന്നത്‌.'' കല്യാണ രാത്രിയില്‍ കണ്ടു മുട്ടുന്ന രണ്ടു ഹൃദയങ്ങള്‍ മരണം വരെ ഒരുമിച്ച്‌ ജീവിക്കുന്ന ഒരു അസാധാരണ സൗഭാഗ്യമല്ലേ ഈ ദാമ്പത്യം. പിന്നെ കൈമാറാത്ത രഹസ്യങ്ങളില്ല. അതിനെയല്ലെ ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ കരളല്ലേ നീ എന്റെ ജീവനല്ലേ എന്നൊക്കെ പറയുന്നത്‌. അത്‌ കേട്ടു കൂട്ടുകാരികളില്‍ ഒരാള്‍ പറഞ്ഞു. അത്‌ ഒരു കവിയുടെ ഭാവനയല്ലേ. ഈ എഴുത്തുക്കാരായ ഭര്‍ത്താക്കന്മാരെ വിശ്വസിക്കാന്‍ കൊള്ളില്ല. അവര്‍ക്ക്‌ വേലി ചാട്ടം ഉണ്ടോ എന്നു സംശയിക്കണം. `മനസ്സ്‌ കൊണ്ടാണെങ്കില്‍ ക്ഷമിച്ചേരു... അല്ലാത്തപക്ഷം അവരെ കസ്‌റ്റഡിയില്‍ എടുത്ത്‌ ചോദ്യം ചെയ്യണം. അത്തരം സംഭാഷണങ്ങള്‍ നിമിഷങ്ങള്‍ക്ക്‌ പുതുമയും നിറവും നല്‍കി.

അപ്പോഴേക്കും മറ്റൊരു കൂട്ടുകാരി എത്തി. പിന്നെ ഓര്‍മ്മകളുടെ ശീട്ടു കൊട്ടാരം തകര്‍ന്നു വീണു. ഒത്തിരി ഒത്തിരി സ്വപ്‌നങ്ങളുടെ വിളക്കുകള്‍ മിന്നി തെളിഞ്ഞു. എല്ലാവര്‍ക്കും പഴയകാലത്തേക്ക്‌ ഒന്നു കൂടി സഞ്ചരിക്കാന്‍ മോഹം. പഴയ വീഡൊ കസറ്റുകളുടെ ശേഖരം തപ്പി ഒന്നു രണ്ടു സിനിമകള്‍ കണ്ടു. പ്രേം കഹാനി മെ ഏക്‌ ലഡ്‌ക ഹോത്ത ഹെയ്‌.. ഏക്‌ ലഡ്‌കി ഹോത്തി ഹെയ്‌ എന്നു പാടി രാജെഷ്‌ ഖന്നയും മുംതാസും അഭിനയിക്കുന്നത്‌ കൂട്ടുകാരികള്‍ കണ്ണട കണ്ണിലൂടെ നോക്കി ആസ്വദിച്ചു. മോഹങ്ങള്‍ തുഴയുന്ന ഒരു വഞ്ചി വളരെ ദൂരെ അവരെല്ലാവരും കാണുന്ന പോലെ അവര്‍ മിഴിച്ചിരുന്നിരുന്നു. കരളിന്റെ കല്ലറയില്‍ എവിടേയോ അന്നു പ്രിയം തോന്നിയൊരാള്‍ അനങ്ങുന്നുണ്ടായിരിക്കുമോ? ഒരു എഴുത്തുകാരന്റെ കുസൃതി നിറഞ്ഞ മനസ്സൊടെ അതേപറ്റി ഓര്‍ത്തു പോയി. യൗവ്വനം സ്വപനങ്ങളുടെ കാലം. മദ്ധ്യവയസ്സു മുതല്‍ വാര്‍ദ്ധക്യം വരെ തിരിച്ചറിവിന്റെ കാലം. ഇത്തരം സംഗമ വേളകള്‍ എത്ര മനോഹരം. ജോലിയില്‍ നിന്നും വിരമിച്ച്‌ വിശ്രമ ജീവിതം നയിക്കുന്നവര്‍ക്ക്‌ പണ്ടത്തെ സുഹൃത്തുക്കളുമായി ഒത്തു ചേരുന്നത്‌ അനുഭൂതിദായകമായിരിക്കും. ജീവിതം ഒരു ആഘോഷമാക്കുക. വിദ്വേഷങ്ങളും വൈരാഗ്യങ്ങളുമില്ലാത്ത സ്വര്‍ഗീയ സുന്ദരമായ സംഗമവേളകള്‍ ഇടക്കെല്ലാം സംഘടിപ്പിക്കുക. എല്ലാവര്‍ക്കും ഓര്‍മ്മകളുടെ പൂക്കാലം ആശംസിച്ചുകൊണ്ട്‌
`പണ്ടത്തെ പാട്ടും പാടി, അല്ലിപ്പൂമൊട്ടും ചൂഡി ആരാരും കൂടെ പോരുന്നോ`.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക