Image

സാന്റാ അന്നയില്‍ വി. സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 23 February, 2012
സാന്റാ അന്നയില്‍ വി. സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു
ലോസ്‌ആഞ്ചലസ്‌: കാലിഫോര്‍ണിയയിലെ സാന്റാഅന്നായിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ പള്ളിയില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ഭക്ത്യാദരങ്ങളോടെ ആഘോഷിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു.

മൂന്നാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യത്തിലെ സൈന്യാധിപന്മാരില്‍ ഒരാളായി സേവനം അനുഷ്‌ഠിച്ച്‌ ഒരു ഉത്തമ കത്തോലിക്കനായി ക്രിസ്‌തുവിനു വേണ്ടി ജീവിച്ച വി. സെബസ്‌ത്യാനോസിന്റെ ജീവചരിത്രം ഹൃദ്യമായ ഭാഷയില്‍ അഗസ്റ്റ്യനച്ചന്‍ വിവരിച്ചു. സത്യദൈവമായ യേശുവില്‍ മാത്രമേ വിശ്വസിക്കയുള്ളുവെന്ന്‌ പ്രഖ്യാപിച്ചതിന്‌, കുറ്റം വിധിച്ച്‌ പടയാളികളുടെ കൂരമ്പുകളേറ്റ്‌ വധിക്കപ്പെട്ടു.

പകര്‍ച്ചവ്യാധികളില്‍ നിന്ന്‌ രക്ഷ നേടുവാനും, രോഗശാന്തിയുടെ അത്ഭുതകരമായ വരവും ലഭിച്ച വിശുദ്ധന്‍ എന്ന നിലയിലും ലോകമെങ്ങും അറിയപ്പെടുന്ന, നമ്മുടെ സഹോദരങ്ങളുടെ ഭൗതീകവും ആത്മീയവുമായ രോഗങ്ങളില്‍ നിന്നു മുക്തിയും ശാന്തിയും ലഭിക്കുവാന്‍ നാമോരുത്തരും വിശുദ്ധനോട്‌ പ്രാര്‍ത്ഥിക്കണം. ഇടവകാംഗങ്ങള്‍ക്ക്‌ തിരുനാള്‍ ആശംസകള്‍ നേരുന്നതോടൊപ്പം വിശുദ്ധന്റെ ചൈതന്യം ഉള്‍ക്കൊണ്ട്‌ നല്ല ക്രിസ്‌ത്യാനിയായി ജീവിക്കുവാന്‍ ശ്രമിക്കണമെന്നും ബ. അഗസ്റ്റിനച്ചന്‍ ഉത്‌ബോധിപ്പിച്ചു.

വി. കുര്‍ബാനയ്‌ക്കുശേഷം ലദീഞ്ഞും തുടര്‍ന്ന്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുത്തുക്കുടകളേന്തി വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച്‌ പ്രദക്ഷിണം നടന്നു. ലാല്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ഇടവക ഗായകസംഘങ്ങളും, തര്യന്‍ ജോര്‍ജ്‌ നയിച്ച ചെണ്ടമേളവും തിരുനാളിന്‌ മോടി പകര്‍ന്നു.

പരമ്പരാഗത രീതിയില്‍ അമ്പ്‌ (കഴുന്നെടുക്കല്‍) പള്ളിമുറ്റത്തുനിന്നും കുരിശിന്‍തൊട്ടിയിലേക്ക്‌ ചെണ്ടകൊട്ടി മുത്തുക്കുടയേന്തി നടന്ന്‌ നേര്‍ച്ചയും സ്വീകരിച്ചു. ഇരുപതോളം കുടുംബങ്ങള്‍ ചേര്‍ന്നാണ്‌ ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌. തുടര്‍ന്ന്‌ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

പള്ളിക്കമ്മറ്റിയംഗങ്ങളും ട്രസ്റ്റമാരായ ജോസുകുട്ടി പാമ്പാടി, ജോര്‍ജ്‌ യോഹന്നാന്‍, ഷാജി തോമസ്‌ എന്നിവര്‍ തിരുനാള്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു. ജെയ്‌സണ്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. ജോര്‍ജ്‌ കുട്ടി പുല്ലാപ്പള്ളി അറിയിച്ചതാണിത്‌.
സാന്റാ അന്നയില്‍ വി. സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക