Image

പള്‍സര്‍ സുനി പോലീസ്‌ കസ്റ്റഡിയില്‍

Published on 23 February, 2017
പള്‍സര്‍ സുനി പോലീസ്‌ കസ്റ്റഡിയില്‍
കൊച്ചി:  പ്രമുഖ മലയാള സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതികള്‍ പള്‍സര്‍ സുനി, വിജേഷ്‌ എന്നിവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

 എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ നിന്നാണ്‌ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കഴിഞ്ഞ ആറു ദിവസമായി ഒളിവിലായിരുന്ന പള്‍സര്‍ സുനിയും വിജേഷും ഇന്ന്‌ ഉച്ചയോടെയാണ്‌ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്‌. 

ഇതിനിടെ ബലപ്രയോഗത്തിലൂടെയാണ്‌ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌.

 നാടകീയ രംഗങ്ങള്‍ക്ക്‌ ഒടുവിലാണ്‌ പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജേഷിനെയും പോലീസ്‌ പിടികൂടിയത്‌. ഇവരെ പിന്നീട്‌ ആലുവ പോലീസ്‌ ക്ലബിലെത്തിച്ചു.

റേഞ്ച്‌ ഐജി പി.വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ ചോദ്യം ചെയ്യുക. ഉച്ചയോടെ ബൈക്കിലെത്തിയ പ്രതികള്‍ എറണാകുളത്തപ്പന്‍ ഗ്രൌണ്ടില്‍ ബൈക്ക്‌ പാര്‍ക്ക്‌ ചെയ്‌ത ശേഷം മതില്‍ ചാടികടന്ന്‌ കോടതിയിലേക്ക്‌ ഓടിക്കയറുകയായിരുന്നു. 

പിന്നീട്‌ പോലീസുകാരുടെ ശ്രദ്ധയില്‍പ്പെടാതെ കോടതിയിലെ ജഡ്‌ജിയുടെ ചേമ്പറില്‍ എത്തി. എന്നാല്‍ ജഡ്‌ജി ഉച്ചഭക്ഷണത്തിനായി പോയിരുന്നു. 

ഇതേ സമയം കോടതിയില്‍ കയറിയ സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പള്‍സറിനെയും കൂട്ടാളിയേയും വലിച്ചിഴച്ച്‌ പുറത്ത്‌ എത്തിച്ച്‌ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പൊലീസ്‌ പിടിയിലാകാതിരിക്കാന്‍ വിജേഷ്‌ നിലത്തുവീണ്‌ കിടന്ന്‌ പ്രതിരോധിക്കാന്‍ ശ്രമിച്ചു. 

 എന്നാല്‍ പൊലീസുകാര്‍ചേര്‍ന്ന്‌ ബലംപ്രയോഗിച്ച്‌ വിജേഷിനേ വാഹനത്തില്‍ കയറ്റി. പൊലീസിനോട്‌ ചെറുത്തുനില്‍ക്കാന്‍ പള്‍സര്‍ സുനിയും ശ്രമിച്ചു. 

ആദ്യം എറണാകുളം സെന്‍ട്രല്‍ ജയിലില്‍ എത്തിച്ച പ്രതികളെ പിന്നീട്‌ ആലുവയില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന്‌ ദിവസമായി സുനി കോടതിയില്‍ കീഴടങ്ങുന്നത്‌ ഒഴിവാക്കാന്‍ പോലീസ്‌ വിവിധ കോടതികളില്‍ കനത്ത ജാഗ്രതയിലായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക