Image

ഷിക്കാഗോ ബിസിനസ്‌ കൗണ്‍സില്‍ വൈറ്റ്‌ഹൗസ്‌ സന്ദര്‍ശിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 23 February, 2012
ഷിക്കാഗോ ബിസിനസ്‌ കൗണ്‍സില്‍ വൈറ്റ്‌ഹൗസ്‌ സന്ദര്‍ശിച്ചു
ഷിക്കാഗോ: പ്രമുഖ വ്യവസായ സംഘടനയായ ജ്യൂവിഷ്‌ ബിസിനസ്‌ കൗണ്‍സില്‍ വൈറ്റ്‌ ഹൗസും, ക്യാപിറ്റോള്‍ ബില്‍ഡിംഗും സന്ദര്‍ശിച്ചു. ഇന്ത്യക്കാരെ പ്രതിനിധീകരിച്ച്‌ വെസ്റ്റീഗ്‌ ഹൗസ്‌ കോര്‍പ്പറേഷന്‍ ഡിവിഷണല്‍ ഡയറക്‌ടറും. ഐ.ടി കമ്പനിയായ ജിവി സിസ്റ്റംസിന്റെ പ്രസിഡന്റുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, സുമിത്‌ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയുടെ പ്രസിഡന്റ്‌ ഹരേന്ദ്ര മാംഗ്രോളയും ഈ മീറ്റിംഗുകളില്‍ പങ്കെടുത്ത്‌ സംസാരിച്ചു. സന്ദര്‍ശനത്തിന്റെ മുഖ്യ ഉദ്ദേശ്യം ഇന്ന്‌ അമേരിക്കയില്‍ സാമ്പത്തികമാന്ദ്യം മൂലം ബിസിനസ്‌ കമ്യൂണിറ്റി നേരിടുന്ന പ്രശ്‌നങ്ങളും അവയ്‌ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും സെനറ്റര്‍മാര്‍, കോണ്‍ഗ്രസ്‌ മാന്‍, വൈറ്റ്‌ ഹൗസ്‌ ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌ എന്നിവരോട്‌ നിര്‍ദ്ദേശിക്കുന്നതോടൊപ്പം ഒരു ബിസിനസ്‌ നെറ്റ്‌ വര്‍ക്കിംഗ്‌ നടത്തുകയും എന്നതായിരുന്നു.

രാവിലെ 8 മണിക്ക്‌ സെനറ്റര്‍ ഹാര്‍ട്ട്‌ ബില്‍ഡിംഗില്‍ വെച്ച്‌ സെനറ്റ്‌ അസിസ്റ്റന്റ്‌ മജോറിറ്റി ലീഡര്‍ സെനറ്റര്‍ ഡിക്ക്‌ ഡര്‍ബിന്‍ പ്രതിനിധികളെ സ്വീകരിക്കുകയും അവരോടൊപ്പം ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കുകയും ചെയ്‌തു. പല നിര്‍ദേശങ്ങളും ഡെലിഗേറ്റ്‌സ്‌ മുന്നോട്ടുവെയ്‌ക്കുകയുണ്ടായി. ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ നിര്‍ദേശിച്ച തൊഴില്‍ രഹിതര്‍ക്ക്‌ ബിസിനസ്‌ തുടങ്ങുന്നതിനുള്ള ഗ്രാന്റ്‌, മറ്റ്‌ സഹായങ്ങള്‍ എന്നിവ ലഭിക്കുന്നതിന്‌ ബില്ല്‌ അവതരിപ്പിക്കണം എന്ന നിര്‍ദേശത്തോട്‌ അദ്ദേഹം യോജിക്കുകയും അതിനുള്ള നടപടി എടുക്കാമെന്ന്‌ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.

തുടര്‍ന്ന്‌ ബിസിനസ്‌ ഡെലിഗേറ്റ്‌സ്‌ വൈറ്റ്‌ ഹൗസില്‍ പ്രസിഡന്റ്‌ ഒബാമയുടെ ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌ ജേക്കബ്‌ ല്യൂ, ബിസിനസ്‌ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ആരീ മാറ്റുസുയിയാക്ക്‌, ജി.എസ്‌.എ റീജിയണല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ആന്‍ കാലായില്‍, ഫെയ്‌ത്ത്‌ ബേയ്‌സ്‌ഡ്‌ ഓര്‍ഗനൈസേഷന്‍ ഡയറക്‌ടര്‍ ജോഷ്വാ ഡുബോയ്‌സ്‌, ഡയറകറക്‌ടര്‍ ഓഫ്‌ ബിസിനസ്‌ സോള്‍ റോസ്‌ എന്നിവരെ എക്‌സിക്യൂട്ടീവ്‌ ബ്രീഫിംഗ്‌ റൂമില്‍ വെച്ച്‌ കൂടിക്കാഴ്‌ച നടത്തി. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഓരോ ഡെലിഗേറ്റ്‌സിനും നിര്‍ദേശങ്ങള്‍ നല്‍കാന്‍ വൈറ്റ്‌ ഹൗസ്‌ അവസരം നല്‍കി. ചെറുകിട വ്യവസായങ്ങള്‍ അമേരിക്കയില്‍ എങ്ങനെ തുടങ്ങാം, ബിസിനസ്‌ കമ്യൂണിറ്റിക്ക്‌ ഒബാമ ഭരണകൂടം എന്തെല്ലാം സഹായങ്ങള്‍ ചെയ്യാന്‍ സാധിക്കും എന്നതായിരുന്നു പ്രധാന വിഷയം. ബിസിനസ്‌ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ അറി മാറ്റുസ്യാക്‌ ഒബാമ ഭരണകൂടത്തിന്റെ വിവിധ ബിസിനസ്‌ ഏജന്‍സികളില്‍ കൂടി ബിസിനസ്‌ തുടങ്ങുന്നതിനുള്ള സഹായങ്ങളും, ബിസിനസ്‌ തുടങ്ങുന്നതിനുള്ള വിവിധ ഫണ്ടുകളെക്കുറിച്ചും വിശദീകരിച്ചു. ഏകദേശം രണ്ട്‌ മില്യന്‍ ജോലികള്‍ കൂടി ഈ വര്‍ഷം നല്‍കാന്‍ സാധിച്ചേക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

ബിസിനസ്‌ ഡെലിഗേറ്റ്‌സ്‌ അതിനുശേഷം ക്യാപിറ്റോള്‍ ബില്‍ഡിംഗ്‌ സന്ദര്‍ശിച്ച്‌ കോണ്‍ഗ്രസിലെ ചീഫ്‌ ഡപ്യൂട്ടി വിപ്പ്‌ ആയ കോണ്‍ഗ്രസ്‌ വുമണ്‍ ജാന്‍ ഷക്കവേസ്‌കി, കോണ്‍ഗ്രസ്‌മാന്‍ ബോബ്‌ ഡോള്‍, യു.എസ്‌ സെനറ്റിലെ സ്‌മോള്‍ ബിസിനസ്‌ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ലൂസിയാനാ, സെനറ്റര്‍ മേരി ലാന്ററു എന്നിവരെ സന്ദര്‍ശിച്ച്‌ അമേരിക്കയിലെ ചെറുകിട വ്യവസായം വികസിപ്പിക്കാന്‍ ഉതകുന്ന വിവിധ ബില്ലുകള്‍ക്ക്‌ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. ഇതിനു തുടര്‍ച്ചയായി മറ്റൊരു മീറ്റിംഗ്‌ മെയ്‌ മാസത്തില്‍ നടത്താമെന്ന്‌ അവര്‍ സമ്മതിക്കുകയുണ്ടായി.
ഷിക്കാഗോ ബിസിനസ്‌ കൗണ്‍സില്‍ വൈറ്റ്‌ഹൗസ്‌ സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക