Image

നടിക്കെതിരായ ആക്രമണം ക്വട്ടേഷനല്ലെന്ന് പള്‍സര്‍ സുനി

Published on 23 February, 2017
നടിക്കെതിരായ ആക്രമണം ക്വട്ടേഷനല്ലെന്ന് പള്‍സര്‍ സുനി
കൊച്ചി: നടിക്കെതിരായ ആക്രമണം ക്വട്ടേഷനല്ല എന്ന് അറസറ്റിലായ പള്‍സര്‍ സുനി പറഞ്ഞു. പണം തട്ടുക മാത്രമായിരുന്നു ഉദ്ദേശം. സംഭവത്തില്‍ മറ്റാരും ഇടപെട്ടിട്ടില്ല എന്നും പള്‍സര്‍ സുനി ചോദ്യം ചെയ്യലില്‍ പറഞ്ഞു. എറണാകുളം എ.സി.ജെ.എം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ പള്‍സര്‍ സുനിയെ പോലീസ് കോടതിയില്‍ നിന്നും അറസ്റ്റ് ചെയ്ത ശേഷമാണ് ചോദ്യം ചെയ്തത്. കോടതിയില്‍ നിന്നും സുനിയെ ആലുവ പോലീസ് ക്ലബിലാണ് എത്തിച്ചത്. പള്‍സര്‍ സുനിയെ കോടതിയില്‍ നിന്നും പോലീസ് പിടിച്ചുകൊണ്ട് പോയത് ആളുകളില്‍ സംശയം ഉണ്ടാക്കിയിരുന്നു. കോടതിയില്‍ സുനി സ്വതന്ത്രമായി മൊഴികൊടുക്കുന്നത് തടയാന്‍ വേണ്ടിയാണ് ഇതെന്ന് വരെ ആളുകള്‍ പറഞ്ഞു. പോലീസ് കേസില്‍ ആരെയൊ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നും ആരോപണം ഉയര്‍ന്നു. ഇതിനോട് ചേര്‍ന്ന് പോകുന്ന തരത്തിലാണ് ഇപ്പോള്‍ പള്‍സര്‍ സുനിയുടെ ആദ്യമൊഴിയും.  പ്രതികളെ ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്ന കോടതി ഉത്തരവിട്ടിട്ടുണ്ട്.

പ്രമുഖരെ രക്ഷിക്കാന്‍ അല്ലെങ്കില്‍ പിന്നെ കോടതിയില്‍ കീഴടങ്ങാന്‍ വേണ്ടി പ്രതിക്കൂട്ടില്‍ കയറിയ പ്രതിയെ എന്തിനാണ് പോലീസ് ബലംപ്രയോഗിച്ച്, വലിച്ചിഴച്ച് കൊണ്ടുപോയി അറസ്റ്റ് ചെയ്തത് എന്ന ചോദ്യമുണ്ട്. പള്‍സര്‍ സുനിയുടെ വായടപ്പിക്കാനാണോ പോലീസ് ശ്രമിക്കുന്നത്. പള്‍സര്‍ സുനി കോടതിയില്‍ മൊഴി കൊടുക്കുന്നതിനെ പോലീസ് എന്തിനാണ് പേടിക്കുന്നത്. കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ പള്‍സര്‍ സുനിക്ക് കേസിനെ സംബന്ധിച്ച പല കാര്യങ്ങളും പറയാനുണ്ടാകും. എന്നാല്‍ സുനിയെക്കൊണ്ട് ഇത് പറയിപ്പിക്കരുത് എന്ന് നിര്‍ബന്ധമുള്ളത് പോലെയായിരുന്നു പോലീസിന്റെ നടപടി. തങ്ങളുടെ കയ്യിലെത്തുന്നതിന് മുമ്പേ പള്‍സര്‍ സുനി നേരിട്ട് കോടതിയില്‍ വാ തുറക്കുന്നത് ഒഴിവാക്കാനായിരുന്നു പോലീസിന്റെ ഈ നാടകീയ ഇടപെടലത്രേ. കോടതിയില്‍ കീഴടങ്ങിയിരുന്നെങ്കില്‍ പള്‍സര്‍ സുനിയെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലേക്കാണ് അയക്കുക. പോലീസിന് കസ്റ്റഡിയില്‍ കിട്ടണമെങ്കില്‍ ഇതിന് പ്രത്യേകം അപേക്ഷ നല്‍കണം. ഇതിന് സമയമെടുക്കും. ഇതൊഴിവാക്കി പള്‍സര്‍ സുനിയെ 24 മണിക്കൂര്‍ നേരത്തേക്കെങ്കിലും തങ്ങളുടെ കയ്യില്‍ കിട്ടാന്‍ വേണ്ടിയാണ് പോലീസ് ഈ അറസ്റ്റ് നാടകം കളിച്ചത്. 

കോടതി മുറിക്കകത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയോടുള്ള വെല്ലുവില്‍യാണ് എന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. കോടതിക്ക് അകത്തെത്തിയ സുനിയും വിജീഷും പ്രതികള്‍ക്കുള്ള കൂട്ടില്‍ നില്‍ക്കവേയാണ് പോലീസ് ഇവരെ ബലമായി അറസ്റ്റ് ചെയ്തതെന്നാണ് അഭിഭാഷകര്‍ പറയുന്നത്. അഭിഭാഷകര്‍ തടയാന്‍ നോക്കിയെങ്കിലും പോലീസ് ഈ വാദങ്ങളൊന്നും ചെവിക്കൊണ്ടില്ലത്രേ. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് ഐ.ജി. പി വിജയന്‍ പറഞ്ഞു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പള്‍സര്‍ സുനിയെയും കീഴടങ്ങാന്‍ കോടതിയില്‍ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമൊന്നും ഇല്ല. എറണാകുളത്തപ്പന്‍ ക്ഷേത്ര ഗ്രൗണ്ട് വരെ പള്‍സര്‍ ബൈക്കിലാണ് പള്‍സര്‍ സുനി വന്നത്. ബൈക്ക് ഇവിടെ പാര്‍ക്ക് ചെയ്ത ശേഷം എ.സി.ജെ .എം കോടതിയുടെ മതില്‍ ചാടിക്കടന്ന് കോടതിമുറിയില്‍ ഓടിക്കയറി. 

പള്‍സര്‍ സുനിയുടെ അഭിഭാഷകരും കേസിലെ കൂട്ടുപ്രതിയായ വിജീഷും അപ്പോഴവിടെ ഉണ്ടായിരുന്നു. കോടതി മുറിയിലേക്ക് ഓടിക്കയറിയ പള്‍സര്‍ സുനിയുടെ കണക്കുകൂട്ടലുകള്‍ പക്ഷേ പിഴച്ചു. കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞ നേരമായിരുന്നു ഇത്. പിന്നീട് അവിടെ നടന്നത് കോടതി പരിസരത്ത് മഫ്തിയില്‍ കാത്തുനിന്ന പോലീസുകാരും കോടതിയി മുറിയിലേക്ക് കയറി. പ്രതിക്കൂട്ടില്‍ കയറിയ പള്‍സര്‍ സുനിയെ വലിച്ചിറക്കി. ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

സുനിയെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കൈമാറണമെന്ന് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഇതിന് ശേഷം ഇദ്ദേഹം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കണം. നെടുമ്പാശ്ശേരി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആലുവ ഡിവൈഎസ്പി ബാബുകുമാറിന്റെ മുമ്പിലാണ് സുനിയേയും വിജീഷിനേയും ഹാജരാക്കേണ്ടത്. അദ്ദേഹത്തിന്റെ നടപടികള്‍ക്ക് ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കുക. അങ്കമാലി കോടതിയാണ് ഈ കേസ് പരിഗണിക്കേണ്ടത്. 

സുനിയേയും വിജീഷിനേയും കോടതിയില്‍ എത്രയും പെട്ടന്ന് ഹാജരാക്കണമെന്നതായിരുന്നു നേരത്തെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. പ്രതികള്‍ക്ക് നേരെ മൗലികാവകാശങ്ങളുടെ ധ്വംസനം നടന്നുവെന്നും അവര്‍ ആവശ്യമുന്നയിച്ചിരുന്നു. 

 ഈ കോടതിയില്‍ കേസില്ലാത്ത സാഹചര്യത്തില്‍ ഇവിടേക്ക് പ്രതികളെ കൊണ്ടുവരേണ്ട കാര്യമില്ല എന്ന വിലയിരുത്തലിലേക്ക് മജിസ്‌ട്രേറ്റ് എത്തുകയാണുണ്ടായത്. അതുകൊണ്ടാണ് പ്രതികളെ അന്വേഷണോദ്യോഗസ്ഥന്‍ ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കിയാല്‍ മതി എന്ന് നിര്‍ദേശം. 

പ്രതികളുടെ അഭിഭാഷകയുടെ പരാതിയെ തുടര്‍ന്നാണ് ഓപ്പണ്‍ കോര്‍ട്ടില്‍ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയത്. ഇരുവരെയും കോടതി മുറിക്കുള്ളില്‍വെച്ച് പിടികൂടിയത് നിയമപ്രകാരമല്ലെന്ന പരാതി അദ്ദേഹം പരിഗണിച്ചില്ല

നടിക്കെതിരായ ആക്രമണം ക്വട്ടേഷനല്ലെന്ന് പള്‍സര്‍ സുനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക