Image

സദാചാര ഗുണ്ടായിസം; യുവാവിന്റെ ആത്മഹത്യയെ തുടര്‍ന്ന്‌ 2 പേര്‍ക്കെതിരെ നരഹത്യക്ക്‌ കേസെടുക്കും

Published on 24 February, 2017
സദാചാര ഗുണ്ടായിസം; യുവാവിന്റെ ആത്മഹത്യയെ തുടര്‍ന്ന്‌ 2 പേര്‍ക്കെതിരെ നരഹത്യക്ക്‌ കേസെടുക്കും
 കൊല്ലം: സദാചാര ഗുണ്ടാ ആക്രമത്തിന്‌ ഇരയായ യുവാവ്‌ ആത്മഹത്യ ചെയ്‌ത വിഷയത്തില്‍ രണ്ട്‌ പേര്‍ക്കെതിരെ കേസെടുത്തു. കൊല്ലം സ്വദേശികളായ ധനേഷ്‌, രമേശ്‌ എന്നിവര്‍ക്കെതിരെയാണ്‌ പോലീസ്‌ കേസെടുത്തത്‌. അനീഷിന്റെ ആത്മഹത്യ കുറിപ്പും പോലീസ്‌ കണ്ടെടുത്തു.

 അനീഷിന്റെ ആത്മഹത്യകുറിപ്പില്‍ ധനേശ്‌, രമേശ്‌ എന്നിവരുടെ പേരുകളാണ്‌ പരാമര്‍ശിക്കുന്നത്‌. ഇവര്‍ക്കെതിരെ നരഹത്യക്ക്‌ കേസെടുക്കാനും പോലീസ്‌ ആലോചിക്കുന്നുണ്ട്‌. കൊല്ലം അഴീക്കലില്‍ വലന്റൈന്‍സ്‌ ദിനത്തിലാണ്‌ അനീഷിനും കൂട്ടുകാരിക്കും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്‌. 

 ഒരുസംഘമാളുകള്‍ ഇരുവരെയും പിടികൂടി മര്‍ദിക്കുകയും ഒരുമിച്ച്‌ നിര്‍ത്തി വീഡിയോ എടുത്ത സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. 
അനീഷിന്റെയും കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടിയുടെയും പരാതിയില്‍ അഞ്ച്‌ പേര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. 

 സദാചാര ഗുണ്ടാ വിളയാട്ടത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പും നല്‍കിയിരുന്നു. 

 കൂട്ടുകാരിയെ അക്രമിക്കാന്‍ ശ്രമിക്കുന്നത്‌ തടഞ്ഞപ്പോഴായിരുന്നു അനീഷിന്‌ നേരെ സംഘടിതാക്രമണമുണ്ടായത്‌. ഇതിനുശേഷം അനീഷ്‌ മാനസികമായി ഏറെ തകര്‍ന്ന നിലയിലായിരുന്നുവെന്ന്‌ നാട്ടുകാരും സുഹൃത്തുക്കളും വ്യക്തമാക്കിയിരുന്നു. തൂങ്ങി മരിച്ച നിലയില്‍ വ്യാഴാഴ്‌ച രാത്രിയോടെയാണ്‌ വീടിനടുത്തുളള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ അനീഷിനെ കണ്ടെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക