Image

ദുരിതപ്രവാസം മതിയാക്കി നവയുഗത്തിന്റെ സഹായത്തോടെ അഫ്‌സല്‍ നാട്ടിലേയ്ക്ക് മടങ്ങി

Published on 24 February, 2017
ദുരിതപ്രവാസം മതിയാക്കി നവയുഗത്തിന്റെ സഹായത്തോടെ അഫ്‌സല്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: വിശ്രമമില്ലാത്ത ജോലിയും, സ്‌പോണ്‍സറുടെ മനുഷ്യത്വമില്ലാത്ത പെരുമാറ്റവും മൂലം പ്രവാസജീവിതം ദുരിതമയമായ മലയാളി ഹൌസ് ഡ്രൈവര്‍, നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

മലപ്പുറം പൊന്നാനി സ്വദേശിയായ മുഹമ്മദ് അഫ്‌സലിനാണ് പ്രവാസജീവിതത്തിന്റെ കയ്പുനീര്‍ കുടിയ്‌ക്കേണ്ടി വന്നത്. നാട്ടിലെ പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായ അഫ്‌സല്‍, ഏറെ പ്രതീക്ഷകളോടെയാണ് ഒന്നരവര്‍ഷം മുന്‍പ് ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടില്‍ ഹൌസ് ഡ്രൈവറായി ജോലിയ്‌ക്കെത്തിയത്. എന്നാല്‍ കഷ്ടകാലത്തിന് ജോലിക്കാര്‍ ഒരു മിനിട്ടു പോലും വെറുതെ നില്‍ക്കുന്നത് ഇഷ്ടമല്ലാത്ത, മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങള്‍ ഉള്ള ആളായിരുന്നു അഫ്‌സലിന്റെ സ്‌പോണ്‍സര്‍. രാവിലെ നാല് മണിയ്ക്ക് ഉറക്കമെഴുന്നേറ്റാല്‍, രാത്രി പതിനൊന്നു മണി വരെ നീളുന്ന ജോലിയാണ് അഫ്‌സലിന് ചെയ്യേണ്ടി വന്നത്. സ്‌പോണ്‌സറെയും കുടുംബാംഗങ്ങളെയും വിവിധസ്ഥലങ്ങളില്‍ കൊണ്ട് പോകുന്ന ഡ്രൈവിംഗ് ജോലിയ്ക്കു പുറമെ, ആ വലിയ വീട്ടിലെ പുറംപണികളും, സ്‌പോണ്‍സറുടെ ഓഫീസിലെയും, കൂട്ടുകാരുടെയും കാറുകള്‍ കഴുകാനും ഒക്കെയായി ജോലിത്തിരക്ക് കാരണം, അഫ്‌സലിന് ഭക്ഷണം കഴിയ്ക്കാന്‍ പോലും സമയം അവര്‍ കൊടുത്തില്ല. ജോലിയില്‍ എന്തെങ്കിലും താമസമുണ്ടായാല്‍ തെറിവിളിയും, ഭീക്ഷണിയും വേറെയും കിട്ടും. ഭക്ഷണമോ, ഉറക്കമോ വേണ്ടത്ര കിട്ടാതെ ആരോഗ്യനില മോശമായി, അഫ്‌സല്‍ ഏറെ മെലിഞ്ഞു.

ഒടുവില്‍ സഹികെട്ട അഫ്‌സല്‍, തനിയ്ക്ക് എക്‌സിറ്റ് തരണമെന്ന് സ്‌പോണ്‍സറോട് പറഞ്ഞു. എന്നാല്‍ പതിനായിരം റിയാല്‍ നഷ്ടപരിഹാരം തന്നാല്‍ മാത്രമേ എക്‌സിറ്റ് തരൂ എന്ന നിലപാടില്‍ ആയിരുന്നു സ്‌പോണ്‍സര്‍. ചില സുഹൃത്തുക്കളുടെ ഉപദേശം അനുസരിച്ച്, ദമ്മാമിലെ ലേബര്‍ കോടതിയില്‍ എത്തിയ അഫ്‌സല്‍, അവിടെ വെച്ച് നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തെ കാണുകയും, സ്വന്തം ദയനീയാവസ്ഥ വിവരിച്ച് സഹായം അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തു.

ഷാജി മതിലകത്തിന്റെ നിര്‍ദ്ദേശപ്രകാരം സ്‌പോണ്‍സര്‍ക്കെതിരെ ലേബര്‍ കോടതിയില്‍ അഫ്‌സല്‍ കേസ് കൊടുത്തു. കോടതിയുടെ ആദ്യസിറ്റിങ്ങില്‍ തന്നെ ഹാജരായ സ്‌പോണ്‍സറുമായി ഷാജി മതിലകം ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. ആദ്യമൊക്കെ പിടിവാശി കാട്ടിയെങ്കിലും, ഷാജി മതിലകത്തിന്റെ ശക്തമായ വാദങ്ങളും, ഉറച്ച നിലപാടും മൂലം, ഒരു റിയാല്‍ പോലും നഷ്ടപരിഹാരം വാങ്ങാതെ ഫൈനല്‍ എക്‌സിറ്റും, വിമാനടിക്കറ്റും നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു. അന്ന് വൈകുന്നേരം തന്നെ സ്‌പോണ്‍സര്‍ ഫൈനല്‍ എക്‌സിറ്റ് അടിച്ച പാസ്സ്‌പോര്‍ട്ടും, വിമാനടിക്കറ്റും ഷാജി മതിലകത്തിന് കൈമാറി.

അങ്ങനെ പിറ്റേ ദിവസം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഷാജി മതിലകത്തിനും, നവയുഗത്തിനും നന്ദി പറഞ്ഞ് മുഹമ്മദ് അഫ്‌സല്‍ കൊച്ചിയിലേയ്ക്ക് പറന്നു.
 
ദുരിതപ്രവാസം മതിയാക്കി നവയുഗത്തിന്റെ സഹായത്തോടെ അഫ്‌സല്‍ നാട്ടിലേയ്ക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക