Image

കരിപ്പൂര്‍: പ്രശ്‌ന പരിഹാര നടപടികള്‍ ഉടനെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയുടെ ഉറപ്പ്;ദുബൈ കെഎംസിസി നിവേദനം നല്‍കി

Published on 24 February, 2017
 കരിപ്പൂര്‍: പ്രശ്‌ന പരിഹാര നടപടികള്‍ ഉടനെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയുടെ ഉറപ്പ്;ദുബൈ കെഎംസിസി നിവേദനം നല്‍കി
ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവള പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ദുബൈ കെഎംസിസി ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. ഭൂമി ഏറ്റെടുക്കലാണ് ശാശ്വത പരിഹാര മാര്‍ഗമെങ്കിലും ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് സര്‍വീസ് ഒഴിവാക്കിയതടക്കം കരിപ്പൂര്‍ വിമാനത്താവളത്തോട് കേന്ദ്രം കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൂടിക്കാഴ്ച നടത്തിയ നിവേദക സംഘത്തോടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുസ്‌ലിം ലീഗ് നേതാക്കളും എം.പിമാരുമായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ നേതൃത്വത്തില്‍ നിരവധി വിഷയങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

വലിയ വിമാനങ്ങളുടെ സര്‍വീസ് പുന:സ്ഥാപിക്കുക, ഹജ്ജ് എംബാര്‍കേഷന്‍ ലിസ്റ്റില്‍ കരിപ്പൂരിനെ ഉള്‍പ്പെടുത്തുക, ആഭ്യന്തര സര്‍വീസുകള്‍ കൂടാതെ കരിപ്പൂരിലേക്ക് സര്‍വീസ് നടത്താന്‍ തയാറായ കമ്പനികള്‍ക്ക് അനുവാദം നല്‍കുക തുടങ്ങിയ വിഷയങ്ങളും നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.കോഡ് ഇനത്തില്‍ പെട്ട വലിയ വിമാനങ്ങള്‍ 16 വര്‍ഷം കരിപ്പൂരില്‍ സര്‍വീസ് നടത്തിയിട്ടുണ്ട്. എമിറേറ്റ്‌സ്, സഊദി, എയര്‍ ഇന്ത്യ ജംബോ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയതോടെ മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രവാസികള്‍ ദുരിതത്തിലായി. വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് ഹജ്ജ് യാത്രക്കാരെയും ബാധിച്ചു. റണ്‍വേയില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് 2015 മെയ് ഒന്നിന് വലിയ വിമാനങ്ങള്‍ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിയിരുന്നെങ്കിലും റണ്‍വേയിലെ റീകാര്‍പെറ്റിംഗ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. റണ്‍വേ ബലപ്പെടുത്തുന്ന ജോലികള്‍ പൂര്‍ത്തീകരിച്ചതോടെ ഒട്ടേറെ വിദേശ വിമാന കമ്പനികള്‍ പരിശോധന നടത്തി സര്‍വീസിന് തയാറെന്ന് അറിയിച്ചിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റണ്‍വേകളിലൊന്നാണ് കരിപ്പൂരിലേതെന്ന് ഡി.ജി.സി.എ സൂചിപ്പിച്ചതും നിവേദക സംഘം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. നീളം കുറഞ്ഞ റണ്‍വെയുള്ള വിമാനത്താവളങ്ങളില്‍ വലിയ വിമാനങ്ങളിറങ്ങുന്ന കാര്യവും റണ്‍വേ നീളം കൂട്ടിയാല്‍ മാത്രമേ വലിയ വിമാനങ്ങള്‍ അനുവദിക്കൂവെന്ന എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ നിലപാടും തിരുത്തേണ്ടതുണ്ടെന്നും മന്ത്രിയോട് ഇവര്‍ പറഞ്ഞു.

 

കരിപ്പൂരിനെ ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റായി 2018ല്‍ പുന:സ്ഥാപിക്കും: മന്ത്രി നഖ്‌വി


ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തെ ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റായി 2018ല്‍ പുന:സ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ദുബൈ കെഎംസിസി നിവേദക സംഘത്തോട് പറഞ്ഞു. നിലവില്‍ എംബാര്‍കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയിലായതിനാല്‍ മലബാറില്‍ നിന്നുള്ള ഹാജിമാര്‍ക്ക് വലിയ യാത്രാ പ്രയാസങ്ങളനുഭവപ്പെടുന്ന കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രികരില്‍ കൂടുതല്‍ പേരും മലബാറില്‍ നിന്നുള്ളവരാണ്. നേരത്തെ, കരിപ്പൂര്‍ വിമാനത്താവളമായിരുന്നു ഇവര്‍ക്ക് എംബാര്‍കേഷന്‍ പോയിന്റ്.2015ല്‍ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് ഈ സൗകര്യം എടുത്തു കളയുകയാണുണ്ടായത്. ഇതാണ് 2018ല്‍ പുന:സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞിരിക്കുന്നത്. ദുബൈ കെഎംസിസി ഭാരവാഹികളായ പി.കെ അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, എ.സി ഇസ്മായില്‍, അഡ്വ. സാജിദ് അബൂബക്കര്‍, എം.എ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര എന്നിവരടങ്ങിയ നിവേദക സംഘമാണ് മന്ത്രിയെ കണ്ടത്. ഇത് പുന:സ്ഥാപിക്കപ്പെടുന്നതോടെ കരിപ്പൂരില്‍ കോടികള്‍ മുടക്കി നിര്‍മിച്ച ഹജ്ജ് ഹൗസും സജീവമാകും. ഒപ്പം, വലിയ വിമാനങ്ങള്‍ ഇവിടെ നിന്ന് പറന്നുയരുകയും ചെയ്യും.




 കരിപ്പൂര്‍: പ്രശ്‌ന പരിഹാര നടപടികള്‍ ഉടനെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയുടെ ഉറപ്പ്;ദുബൈ കെഎംസിസി നിവേദനം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക