Image

ലോക ആയുര്‍ദൈര്‍ഘ്യം 2030 ല്‍ 90 വര്‍ഷമായേക്കാമെന്ന് പഠന റിപ്പോര്‍ട്ട്

ജോര്‍ജ് ജോണ്‍ Published on 25 February, 2017
 ലോക ആയുര്‍ദൈര്‍ഘ്യം 2030 ല്‍ 90 വര്‍ഷമായേക്കാമെന്ന് പഠന റിപ്പോര്‍ട്ട്
ഫ്രാങ്ക്ഫര്‍ട്ട്: പല രാജ്യങ്ങളിലും 2030 ഓടെ ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കാന്‍ സാധ്യതയുള്ളതായി പുതിയ പഠന റിപ്പോര്‍ട്ട്. ഇംപീരിയല്‍ കോളജ് ലണ്ടന്‍, ലോകാരോഗ്യ സംഘടന എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് 2030ഓടെ 35 വ്യവസായിക രാജ്യങ്ങളിലുള്ളവരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ വന്നേക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കൂടുതല്‍ വരുമാന രാജ്യങ്ങളായ യു.എസ്, കാനഡ, യു.കെ, ജര്‍മനി, ആസ്‌ട്രേലിയ തുടങ്ങി വികസ്വരരാജ്യങ്ങളായ പോളണ്ട്, മെക്‌സികോ, ചെക്ക് റിപ്പബ്‌ളിക് എന്നീ രാജ്യങ്ങളിലും ഈ പഠനം നടത്തിയിരുന്നു. ഈ രാജ്യങ്ങളില്‍  2030ഓടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുമെന്നാണ് പഠനം പറയുന്നത്. ദക്ഷിണ കൊറിയയായിരിക്കും ഇതില്‍ ഏറ്റവും മുന്‍പന്തിയില്‍. ദക്ഷിണ കൊറിയയില്‍ 2030ഓടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 90 ലധികമായേക്കാം. ഇവിടെ 2030ല്‍ ജനിക്കുന്ന പെണ്‍കുഞ്ഞ് 90.8 വര്‍ഷം വരെ ജീവിച്ചേക്കാം.

ആണ്‍കുട്ടികളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 84.1 വര്‍ഷമാണ്. 2030ല്‍ ദക്ഷിണ കൊറിയയില്‍ 65 വയസ്സ് പ്രായമുള്ളയാള്‍ക്ക് 27.5 വര്‍ഷം കൂടി അധിക ആയുസ്സുണ്ടാകും. കുട്ടിക്കാലത്തെ നല്ല പോഷകാഹാരം, കുറഞ്ഞ രക്തസമ്മര്‍ദം, കുറഞ്ഞ അളവിലുള്ള പുകവലി, ആരോഗ്യസംരക്ഷണം, വൈദ്യശാസ്ത്രപരമായ അറിവ് എന്നിവയാകാം ദക്ഷിണ കൊറിയയില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ വന്‍ വര്‍ധനവുണ്ടാവാന്‍ കാരണമെന്ന് ഇംപീരിയല്‍ കോളജ് പ്രഫ. മാജിദ് എസ്സാദി അഭിപ്രായപ്പെട്ടു. ഇന്റര്‍നാഷണല്‍ ലാന്‍സന്റ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.


 ലോക ആയുര്‍ദൈര്‍ഘ്യം 2030 ല്‍ 90 വര്‍ഷമായേക്കാമെന്ന് പഠന റിപ്പോര്‍ട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക