Image

മണ്‍മറഞ്ഞ മലയാളത്തിന്റെ പ്രിയകവിയ്ക്ക് കാവ്യാഞ്ജലി തീര്‍ത്ത സായാഹ്‌നം.

Published on 25 February, 2017
മണ്‍മറഞ്ഞ മലയാളത്തിന്റെ പ്രിയകവിയ്ക്ക് കാവ്യാഞ്ജലി തീര്‍ത്ത സായാഹ്‌നം.

 
അല്‍കോബാര്‍ :  മലയാളികളുടെ സ്വകാര്യഅഹങ്കാരമായിരുന്ന മഹാകവി ഒ.എന്‍.വി കുറുപ്പിന്റെ ഓര്‍മ്മകളിലൂടെയും, കവിതകളിലൂടെയും സഞ്ചരിച്ച്, ആദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ കാവ്യാഞ്ജലി അര്‍പ്പിച്ചു കൊണ്ട്, നവയുഗം സാംസ്‌കാരികവേദി കോബാര്‍മേഖല വായനവേദിയുടെ അനുസ്മരണസായാഹ്‌നം അരങ്ങേറി.
 
അല്‍കോബാര്‍ റഫ ആഡിറ്റോറിയത്തില്‍ നവയുഗം മീഡിയ കണ്‍വീനറും പ്രവാസി എഴുത്തുകാരനുമായ ബെന്‍സി മോഹന്‍.ജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഒ.എന്‍.വി അനുസ്മരണം, കിഴക്കന്‍ പ്രവിശ്യയിലെ സാഹിത്യകാരുടെയും, സാംസ്‌കാരികപ്രവര്‍ത്തകരുടെയും സംഗമഭൂമിയായി. പ്രൗഢഗംഭീരമായ സദസ്സിനെ അഭിസംബോധന ചെയ്ത്, മഹാകവിയുടെ അഭാവം മലയാളമനസ്സുകളില്‍ സൃഷ്ടിച്ച ശൂന്യതയുടെ വികാരം പങ്കുവെച്ച്, ആ സാഹിത്യജീവിതത്തിന്റെ വിലയിരുത്തലുകളിലൂടെ സഞ്ചാരം നടത്തിക്കൊണ്ട്, പ്രമുഖ മാധ്യമസാംസ്‌കാരിക പ്രവര്‍ത്തകനായ  സാജിത്ത് ആറാട്ടുപുഴ മുഖ്യപ്രഭാഷണം നടത്തി.
 
പ്രവാസി എഴുത്തുകാരായ ഡോ: ടെസ്സി റോണി, സോഫിയ ഷാജഹാന്‍, കൃഷ്ണന്‍ കാട്ടുപറമ്പില്‍, ജയചന്ദ്രന്‍ പെരിങ്ങോം എന്നിവര്‍ ഒ.എന്‍.വിയ്ക്ക് സ്മരണാഞ്ജലിയായി സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. ഡോ:സിന്ധു ബിനു, നഹാസ്, ഗൗരി, പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവര്‍ ഒ.എന്‍.വി കവിതകളും, ഷാജി മതിലകം ഒ.എന്‍.വി  രചിച്ച  നാടകഗാനവും അവതരിപ്പിച്ചു.
 
നവയുഗം കേന്ദ്രനേതാക്കളായ ലീന ഉണ്ണികൃഷ്ണന്‍, സാജന്‍ കണിയാപുരം, ജമാല്‍ വല്യാപ്പള്ളി, ഉണ്ണി പൂച്ചെടിയല്‍, റഹിം അലനല്ലൂര്‍, മുനീര്‍ ഖാന്‍, മാധ്യമപ്രവര്‍ത്തകന്‍ അബ്ദുള്‍ അലി കളത്തിങ്കല്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ചടങ്ങിന് വായനവേദി കോബാര്‍മേഖല കണ്‍വീനര്‍ മാധവ്.കെ.വാസുദേവ് സ്വാഗതവും,   വായനവേദി ലൈബ്രെറിയന്‍  സുമി ശ്രീലാല്‍ നന്ദിയും പറഞ്ഞു.
 
അനുസ്മരണത്തോടനുബന്ധിച്ച് നവയുഗം വായനവേദി ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രദര്‍ശനവും. നവയുഗം പ്രസിദ്ധീകരിച്ച കൃതികളുടെ വില്‍പനയും നടന്നു.
 
അനുസ്മരണപരിപാടികള്‍ക്ക്  നവയുഗം നേതാക്കളായ ദാസന്‍ രാഘവന്‍, അരുണ്‍ ചാത്തന്നൂര്‍, ഷാജി അടൂര്‍, പ്രിജി കൊല്ലം, അരുണ്‍ നൂറനാട്, ശ്രീകുമാര്‍ വെള്ളല്ലൂര്‍, ബിജു വര്‍ക്കി, റെജിസാമുവല്‍, ഷിബുകുമാര്‍, ശ്രീലാല്‍,  ലീന ഷാജി, ഗോപകുമാര്‍, അഷറഫ് തലശ്ശേരി, മീനു അരുണ്‍, ശരണ്യഷിബു,  ഉണ്ണി വള്ളികുന്നം, സനല്‍ സദാനന്ദന്‍, സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

മണ്‍മറഞ്ഞ മലയാളത്തിന്റെ പ്രിയകവിയ്ക്ക് കാവ്യാഞ്ജലി തീര്‍ത്ത സായാഹ്‌നം.മണ്‍മറഞ്ഞ മലയാളത്തിന്റെ പ്രിയകവിയ്ക്ക് കാവ്യാഞ്ജലി തീര്‍ത്ത സായാഹ്‌നം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക