Image

ലണ്ടനില്‍ യുക്മ നഴ്‌സസ് കണ്‍വന്‍ഷന്‍ ഏപ്രില്‍ 28ന്

Published on 27 February, 2017
ലണ്ടനില്‍ യുക്മ നഴ്‌സസ് കണ്‍വന്‍ഷന്‍ ഏപ്രില്‍ 28ന്


      ലണ്ടന്‍: യുകെയിലെ നഴ്‌സിംഗ് മേഖലയില്‍ ജോലിചെയ്യുന്ന മലയാളികളുടെ തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനും ദേശീയ തലത്തില്‍ മലയാളി നഴ്‌സുമാരെ സംഘടിപ്പിക്കുവാനുമുള്ള ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത് യുക്മ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 28ന് (വെള്ളി) ലണ്ടനില്‍ നഴ്‌സസ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു. 

നഴ്‌സിംഗ് മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ഒരു സംഘടിത ശക്തിയായി നിന്നുകൊണ്ടു അതിനെ നേരിടുന്നതിനുള്ള ഒരു കൂട്ടായ്മ വളര്‍ത്തിയെടുക്കേണ്ടതും അതു യുകെയിലെ വിവിധ ട്രേഡ് യൂണിയനുകളെയും മറ്റ് അധികാരകേന്ദ്രങ്ങളേയും ബോധ്യപ്പെടുത്തിയെടുക്കേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നഴ്‌സിംഗ് മേഖലയിലെ നയരൂപീകരണത്തിലും മറ്റും ഒരു സ്വാധീനശക്തിയായി മലയാളി സമൂഹം മാറേണ്ടതുണട്. ഇതിന്റെ ഭാഗമായി പുതിയ ഭരണമിതിയുടെ ആദ്യയോഗത്തില്‍ രൂപംകൊണ്ടതാണ് നഴ്‌സസ് കണ്‍വന്‍ഷന്‍.

യുക്മ നഴ്‌സസ് ഫോറത്തിന്റെ സഹകരണത്തോടെ രാവിലെ ഒന്പതു മുതല്‍ രാത്രി ഒന്പതു വരെയുള്ള സെന്‍ട്രല്‍ ലണ്ടനിലാണ് കണ്‍വന്‍ഷന്‍. 

യുകെ ഗവണ്‍മെന്റ് നഴ്‌സിംഗ് റഗുലേറ്ററി സ്ഥാപനമായ എന്‍എംസി, ട്രേഡ് യൂണിയനുകളായ ആര്‍സിഎന്‍, യൂണിസെന്‍ തുടങ്ങിയവയുടെ നേതൃരംഗത്തുള്ളവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് ക്ലാസുകള്‍ നയിക്കും. രാഷ്ട്രീയ, സാന്പത്തിക, വിദ്യാഭ്യാസ, തൊഴില്‍ മേഖലയിലെ നയവ്യതിയാനങ്ങള്‍ ഹെല്‍ത്ത് കെയര്‍ സെക്ടറില്‍ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങള്‍, നഴ്‌സിംഗ് മേഖലയിലെ കാലാനുസൃതമായ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള ക്ലാസുകളും ചോദ്യോത്തര വേളകളും കണ്‍വന്‍ഷന്റെ ഭാഗമായിരിക്കും. അക്രഡിറ്റഡ് സിപിഡി പോയിന്റുകള്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. 

യുക്മയുടെ എല്ലാ അംഗ അസോസിയേഷനുകളില്‍നിന്നും നിന്നും പ്രതിനിധികളെ നഴ്‌സസ് കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കുന്നതിനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്താവും കണ്‍വന്‍ഷനില്‍ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നത്. കണ്‍വന്‍ഷന്റെ നടത്തിപ്പിനായി ചെറിയ തുക രജിസ്‌ട്രേഷന്‍ ഫീസായി പ്രതിനിധികളില്‍ നിന്ന് ഈടാക്കും. 

യുക്മ ദേശീയ ഭരണസമിതിയിലെ നഴ്‌സിംഗ് വിഭാഗത്തിന്റെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, നഴ്‌സസ് ഫോറം മുന്‍ പ്രസിഡന്റ് ഏബ്രഹാം ജോസ് പൊന്നുംപുരയിടം എന്നിവരുടെ നേതൃത്വത്തിലാവും കണ്‍വന്‍ഷന്‍ സംഘടിപ്പിക്കപ്പെടുന്നതെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് അറിയിച്ചു. കണ്‍വന്‍ഷന്റെ വിവിധ ചുമതലകള്‍ നല്‍കുന്നതിനും പരിപാടിയുടെ സുഗമമായ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിനുമായി വിപുലമായ സ്വാഗതസംഘം മാര്‍ച്ച് ആദ്യ വാരം സംഘടിപ്പിക്കും. 

വിവരങ്ങള്‍ക്ക്: സിന്ധു ഉണ്ണി 07979 123615, ഏബ്രഹാം ജോസ് 07703 737073.

റിപ്പോര്‍ട്ട്: വര്‍ഗീസ് ഡാനിയേല്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക