Image

തോപ്പില്‍ ഭാസി സ്മാരക അവാര്‍ഡ് കവി കുരീപ്പുഴ ശ്രീകുമാറിന്

Published on 27 February, 2017
തോപ്പില്‍ ഭാസി സ്മാരക അവാര്‍ഡ് കവി കുരീപ്പുഴ ശ്രീകുമാറിന്


      കുവൈത്ത് സിറ്റി: കേരള അസോസിയേഷന്‍ കുവൈത്ത് നല്‍കുന്ന തോപ്പില്‍ ഭാസി സ്മാരക അവാര്‍ഡിന് കവി കുരീപ്പുഴ ശ്രീകുമാറിനെ തെരഞ്ഞെടുത്തു. കെപിഎസി എന്ന നാടക സംഘത്തിന്റെ മുഖ്യശില്പിയും ജന്മി നാടുവാഴി വ്യവസ്ഥയെ കടപുഴക്കി ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന് കരുത്തേകിയ ന്ധനിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന്റെ രചയിതാവും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന തോപ്പില്‍ ഭാസിയുടെ സ്മരണാര്‍ഥം നല്‍കുന്ന അഞ്ചാമത് അവാര്‍ഡ് മാര്‍ച്ച് 10ന് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സമ്മാനിക്കും. 

സിപിഐ അസി. സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ സത്യന്‍ മൊകേരി, മുന്‍ വനം മന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം, കേരള അസോസിയേഷന്‍ കുവൈത്ത് രക്ഷാധികാരി സി. സാബു എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 

തോപ്പില്‍ ഭാസി അനുസ്മരണ പ്രഭാഷണം സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി നിര്‍വഹിക്കും. തുടര്‍ന്ന് ജയരാജ് വാര്യര്‍ അവതരിപ്പിക്കുന്ന കാരിക്കേച്ചര്‍ ഷോയും കുവൈത്തിലെ കലാകാരന്‍ ബിജു തിക്കോടിയും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ജൂറി അംഗവും കേരള അസോസിയേഷന്‍ രക്ഷാധികാരിയുമായ സി. സാബു, അസോസിയേഷന്‍ പ്രസിഡന്റ് മണിക്കുട്ടന്‍ എടക്കാട്ട്, സെക്രട്ടറി പ്രവീണ്‍ നന്തിലത്, ട്രഷറര്‍ ശ്രീനിവാസന്‍ മുനന്പം, പ്രോഗ്രാം കണ്‍വീനര്‍ സാബു എം. പീറ്റര്‍, ജനറല്‍ കോഓഡിനേറ്റര്‍ ശ്രീംലാല്‍ മുരളി എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക