Image

വി.ജെ. കുര്യന്‍ വിരമിച്ചു; 2021 വരെ സിയാല്‍ ഡയറക്ടറായി തുടരും

Published on 27 February, 2017
വി.ജെ. കുര്യന്‍ വിരമിച്ചു; 2021 വരെ സിയാല്‍ ഡയറക്ടറായി തുടരും

തിരുവനന്തപുരം: ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍ വിരമിച്ചു. അദ്ദേഹം കൊച്ചി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് (സിയാല്‍) ഡയറക്ടറായി തുടരും. 2021 വരെ കുര്യനെ സിയാല്‍ ഡയറക്ടറായി തുടരാന്‍ സര്‍ക്കാര്‍ തീരുമാനമായെന്ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന യാത്രയയപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സിയാല്‍ യാഥാര്‍ഥ്യമായത് അദ്ദേഹത്തിന്റെ ഇച്ഛാശക്തികൊണ്ട് മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിശ്ചയദാര്‍ഢ്യംകൊണ്ട് തന്റെ കര്‍മമണ്ഡലത്തില്‍ മാതൃകപരമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കുര്യനായി. ജലവിഭവ വകുപ്പിനെക്കുറിച്ച് അസാമാന്യ പരിജ്ഞാനമുള്ള അദ്ദേഹത്തിന് ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളെല്ലാം അര്‍പ്പണമനോഭാവത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, സഹപ്രവര്‍ത്തകരുടെ സഹകരണമാണ് നേട്ടങ്ങള്‍ക്ക് നിദാനമായതെന്ന് കുര്യന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, കേരള വാട്ടര്‍ അതോറിട്ടി എം.ഡി എ. ഷൈനാമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

1983 ബാച്ച് കേരള കാഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ കുര്യന്‍ മൂവാറ്റുപുഴ സബ്കലക്ടറായാണ് സര്‍വിസ് ആരംഭിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കലക്ടറായി ജോലി നോക്കവെ നിരവധി ജനക്ഷേമപദ്ധതികള്‍ക്ക് തുടക്കമിട്ടു. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ നിര്‍മാണത്തിന്റെ അമരക്കാരനായിരുന്നു. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് കേരളത്തിലെ ആദ്യ പൊതുസ്വകാര്യ പങ്കാളിത്ത വിമാനത്താവളമെന്ന നിര്‍ദേശം കുര്യന്‍ മുന്നോട്ടുവെക്കുന്നത്. ഇത് പിന്നീട് കേരളത്തിന്റെ അഭിമാനപദ്ധതിയായി മാറുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക