Image

പണം മുഖ്യന്റെ വഴിപാടുകള്‍ക്കായി ധൂര്‍ത്തടിക്കുന്നത് ജനവിരുദ്ധത - (ഡല്‍ഹി കത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 27 February, 2017
പണം മുഖ്യന്റെ വഴിപാടുകള്‍ക്കായി ധൂര്‍ത്തടിക്കുന്നത് ജനവിരുദ്ധത - (ഡല്‍ഹി കത്ത് : പി.വി.തോമസ്)
ഇന്‍ഡ്യയിലെ ഇരുപത്തി ഒമ്പതാമത്തെ സംസ്ഥാനമായി 2014 ജൂണ്‍ രണ്ടാം തീയതി രൂപം കൊണ്ട തെലുങ്കാന വരള്‍ച്ചയുടെയും വറുതിയുടെയും തൊഴിലില്ലായ്മയുടെയും കടക്കെണിയില്‍പെട്ട് കര്‍ഷകരുടെ ആത്മഹത്യയുടെയും നീരാളിപിടുത്തത്തില്‍ ആണ്. ഇതേ കാരണങ്ങള്‍തന്നെ ഉയര്‍ത്തിപിടിച്ചുകൊണ്ട് ഏകദേശം ആറു പതിറ്റാണ്ടുകള്‍ തെലുങ്കാനയിലെ ജനങ്ങള്‍ നടത്തിയ രക്തരൂക്ഷിതവും ക്‌ളേശഭരിതവുമായ ഒരു സമരത്തിന്റെ പൂര്‍ത്തീകരണം ആയിരുന്നു തെലുങ്കാന എന്ന പ്രത്യേക സംസ്ഥാനം. അവിഭക്ത ആന്ധ്രയുടെ അവഗണന മനോഭാവവും രാഷ്ട്രീയ-സാമ്പത്തീക മേല്‍ക്കോയ്മയും സാംസ്‌ക്കാരിക തനിമയും സര്‍വ്വോപരി വികസനവും ആയിരുന്നു തെലുങ്കാനയുടെ ആശയ മുദ്രാവാക്യം. പക്ഷേ, ഇതൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല എന്നതാണ് ഇപ്പോഴത്തെ യാഥാര്‍ത്ഥ്യം മാത്രവുമല്ല ഇവയെല്ലാം പതിവിലേറെ രൂക്ഷമായി നിലനില്‍ക്കുകയും ചെയ്യുന്നു. പക്ഷേ, മുഖ്യമന്ത്രി  കല്‍വകുണ്ടല ചന്ദ്രശേഖര റാവുവിന്റെ തെലുങ്കാന രാഷ്ട്രസമതി ഗവണ്‍മെന്റിന്റെ ശ്രദ്ധ അമ്പലങ്ങള്‍ക്കും ദൈവങ്ങള്‍ക്കും സ്വര്‍ണ്ണത്തിന്റെ ആടയാഭരണങ്ങള്‍ വാരിക്കോരി നല്‍കുന്നതിന് കോടികള്‍ വ്യയം ചെയ്യുന്നതില്‍ ആണ്. ഒപ്പം മുഖ്യമന്ത്രിക്ക് കൊട്ടാര സദൃശമായ ഔദ്യോഗിക വസതിയും പരിചാരക വൃന്ദങ്ങളും തയ്യാറാക്കുന്നതിലും. തൊഴില്‍ അവസരങ്ങള്‍ക്കും പുരോഗമനത്തിനും വേണ്ടി ജനകീയ പ്രക്ഷോഭണങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ ജയിലിലും.

എന്താണ് തെലുങ്കാനയുടെ ഈ കഥ? ചന്ദ്രശേഖര റാവു അമ്പലങ്ങളില്‍ വഴിപാട് കഴി്ച്ച് നടക്കുന്ന തെരക്കില്‍ ആണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് ഒരു പ്രശ്‌നമേയല്ല. ഉദാഹരണമായി ഫെബ്രുവരി ഇരുപത്തി രണ്ടിന് അദ്ദേഹം ഹൈദ്രാബാദില്‍നിന്നും 600 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന തിരുപ്പതിയില്‍ ആയിരുന്നു. അഞ്ചരകോടി രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ തിരുപ്പതി അപ്പന് സമര്‍പ്പിക്കുക എന്നതായിരുന്നു യാത്രോദ്ദേശം. ഇത് ചന്ദ്രശേഖര റാവുവിന്റെ കുടുംബസ്വത്തില്‍ നിന്ന് എടുത്തതൊന്നും അല്ല. മറിച്ച് സംസ്ഥാനത്തെ നികുതിദായകന്റെ സ്വന്തം ഖജനാവില്‍ നിന്നും എടുത്തത് ആണ്. തെലുങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ടാല്‍ ഇത്രയും സ്വര്‍ണ്ണം തിരുപ്പതി ശ്രീവെങ്കടേശ്വര ദൈവങ്ങള്‍ക്ക് കാഴ്ചവച്ചുകൊള്ളാമെന്ന് റാവു നേര്‍ന്നിട്ടുണ്ടായിരുന്നുവത്രെ. അതിന് സംസ്ഥാന ഖജനാവില്‍ നിന്നും തുകയെടുക്കാമെന്ന് എന്താണ് നിയമം? അദ്ദേഹം നേര്‍ച്ചനേര്‍ന്നത് ഒരു പക്ഷേ പുതിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയാല്‍ അഞ്ചരകോടിരൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തിരുപ്പതിയപ്പന് നല്‍കാമെന്ന് ആയിരുന്നിരിക്കാം. എന്തായാലും സംസ്ഥാനത്തെ ജനങ്ങളെ എന്തിന് സാമ്പത്തീകമായി പീഡിപ്പിക്കണം?

ഇതുപോലെയുള്ള നേര്‍ച്ച ചന്ദ്രശേഖരറാവു പൂര്‍ത്തീകരിക്കുന്നത് തിരുപ്പതിയില്‍ മാത്രം അല്ല. വേറെയും അമ്പലങ്ങളില്‍ അദ്ദേഹം ഇത് ചെയ്തിട്ടുണ്ട്. ഉദാഹരണമായി വറങ്കലിലെ ഭദ്രകാളി അമ്മാവരുക്ഷേത്രം. അവിടെ റാവു പതിനൊന്നരകിലോയുടെ സ്വര്‍ണ്ണകിരീടം ആണ് ഭദ്രകാളിക്ക് സമര്‍പ്പിച്ചത്. വില നാല് കോടി രൂപ! റാവു അദ്ദേഹത്തിന്റെ ഈ ഉ്‌ദ്ദേശസാഫല്യ നേര്‍ച്ചകള്‍ നടപ്പില്‍ വരുത്തുന്നതിനായി 2015 ഫെബ്രുവരി 24ന് ഒരു പ്രത്യേക സര്‍ക്കാര്‍ വിഭാഗവും-തെലങ്കാന എന്‍ഡോവ്‌മെന്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്-രൂപീകരിക്കുകയുണ്ടായി. ഈ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒരേയൊരു ജോലി റാവുവിന്റെ വഴിപാടുകള്‍ നടത്തുകയയെന്നത് ആണ്! സ്വര്‍ണ്ണമെങ്കില്‍ സ്വര്‍ണ്ണം വജ്രമെങ്കില്‍ വജ്രം. ജനങ്ങളുടെ ഖജനാവില്‍ നിന്നും എടുത്ത് അതെല്ലാം ചെയ്യുക. ആര് ചോദിക്കുവാന്‍. ഇദ്ദേഹം ഒക്കെ ജനാധിപത്യത്തിലെ രാജാക്കന്‍മാര്‍ അല്ലേ? തെലുങ്കാന സംസ്ഥാനം നിലവില്‍ വന്നത്, ആദ്യം സൂചിപ്പിച്ചതുപോലെ, പൊതുവെയുള്ള വികസനത്തിനും തൊഴിലില്ലായ്മക്കും പരിഹാരം കാണുവാന്‍ ആയിരുന്നു. അല്ലാതെ ഇതുപോലുള്ള ധൂര്‍ത്തിന് വേണ്ടി ആയിരുന്നില്ല. 2015-16 ല്‍ തെലുങ്കാനയിലെ തൊഴിലില്ലായ്മനിരക്ക് 7.7 ശതമാനം ആയിരുന്നു. 1,358 കര്‍ഷകര്‍ ആണ് കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്തത്(നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ). സംസ്ഥാന ഗുരുതരമായ സാമ്പത്തീക പ്രതിസന്ധിയില്‍ ആയിരിക്കവെയാണ് റാവു ഈ വക ധൂര്‍ത്ത് നടത്തുന്നത്.

അമ്പലങ്ങളിലെ ഈ വഴിപാടുകള്‍ കൊണ്ട് തീര്‍ന്നില്ല റാവുവിന്റെ ധൂര്‍ത്തിന്റെ കഥ.
അദ്ദേഹം 35 കോടിരൂപയാണ് പുതിയ ഒരു ഔദ്യോഗിക വസതിയുടെ നിര്‍മ്മിതിക്കായി ചിലവഴിച്ചത്. മുഖ്യമന്ത്രിയുടെ നിലവിലുള്ള വസതി കോടികള്‍ ചിലവഴിച്ച് പുതുക്കി പണിതെങ്കിലും വാസ്തു വിദഗ്്ദ്ധര്‍ നിര്‍ദ്ദേശിച്ചതു പ്രകാരം ആണ് പുതിയ വസതി നിര്‍മ്മിച്ചത് ബീഗം പേട്ടില്‍. പഴയ ഔദ്യോഗിക വസതിയില്‍ റാവു താമസിച്ചാല്‍ അദ്ദേഹത്തിന്റെ പതനം ഉറപ്പാണെന്നാണ് വാസ്തുവിദഗ്ദ്ധരുടെ ഉപദേശം! മുഖ്യമന്ത്രിയുടെ പുതിയ ഔദ്യോഗിക വസതി- പ്രഗതി ഭവന്‍- ബുള്ളറ്റ് പ്രൂഫ് ആണ്, കുളിമുറി ഉള്‍പ്പെടെ! അദ്ദേഹം സ്‌നാനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ശത്രുക്കള്‍ വെടിവെച്ചാല്‍ രക്ഷപ്പെടണമല്ലൊ! ഇതെല്ലാം ഓരോ ഭരണാധികാരികളുടെ ധൂര്‍ത്തും ദുര്‍വ്യയവും ആണ്. റാവു തെലുങ്കാന സെക്രട്ടറിയേറ്റിലുള്ള അദ്ദേഹത്തിന്റെ ഓഫീസില്‍ പോകുവാനും ആദ്യം മടിച്ചിരുന്നു. കാരണം വാസ്തു അനുസരിച്ച് അതും അദ്ദേഹത്തിന് അനകൂലം അല്ല. ആയതിനാല്‍ സെക്രട്ടറിയേറ്റ് കെട്ടിടം ഒന്നടങ്കം പൊളിച്ച് കളഞ്ഞ് പുതിയത് പണിയുവാന്‍ അദ്ദേഹം തീരുമാനിച്ചു. പക്ഷേ, പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം ഇത് വേണ്ടെന്ന് വച്ചു തല്‍ക്കാലം. 2015- ല്‍ ആണ് റാവു അഞ്ചുകോടി രൂപ ചെലവ് ചെയ്ത് ദുഷ്ടനിഗ്രഹത്തിനായി ആയുധ ചാന്തിയാഗം നടത്തിയത്. ഒരു ആധുനിക മതേതര ജനാധിപത്യത്തില്‍ ആണ് ഇതെല്ലാം നടക്കുന്നത് എന്ന് ഓര്‍മ്മിക്കണം.

തെലുങ്കാന സംസ്ഥാനവും തെലുങ്കാന മുന്നേറ്റവും ഒരു ജനാധിപത്യപ്രക്രിയയുടെ ഭാഗം ആണ്. അവിടെ നേര്‍ച്ചയുടെ കാഴ്ചയുടെയും യാഗത്തിന്റെയും കാര്യം ഇല്ല. അതിന് നിയമപരമായ, ഭരണഘടന പരമായ സാധുതയും ഇല്ല. വഴിപാട് നേര്‍ന്നത് കൊണ്ടല്ല തെലുങ്കാന സംസ്ഥാനം ഒരു യാഥാര്‍ത്ഥ്യം ആയത്. അത് ഒരു ജനകീയ മുന്നേറ്റം ആയിരുന്നു. തെലുങ്കാനയുടെ വികസനത്തിന് അത് ഒരു ആവശ്യം ആയിരുന്നു. ഒട്ടേറെ ആത്മസമര്‍പ്പണങ്ങള്‍ ഈ മുന്നേറ്റത്തിന്റെ ഭാഗം ആയി സംഭവിച്ചിട്ടുണ്ട്. അവരുടെ കുടുംബങ്ങള്‍ക്ക് ആണ് ഗവണ്‍മെന്റ് നേര്‍ച്ചയും കാഴ്ചയും ധനസഹായവും നല്‍കേണ്ടത്. ദൈവങ്ങള്‍ക്ക് അല്ല. ദൈവങ്ങള്‍ക്ക് തെലുങ്കാന രൂപീകരണവുമായി യാതൊരുവിധ ബന്ധവും ഇല്ല. ചന്ദ്രശേഖരറാവു അങ്ങനെയൊരു അസംബന്ധം പറഞ്ഞു പരത്തി വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് ഒരു ആധുനിക ജനാധിപത്യ ഗവണ്‍മെന്റിന്റെ തലപ്പത്ത് ഇരിക്കുവാനുള്ള യോഗ്യത ഇല്ല.

അവിഭക്ത ആന്ധ്രപ്രദേശിലെ ഏറ്റവും പിന്നോക്ക വിഭാഗം ആയിരുന്നു തെലുങ്കാനയും രായല സീമയും. തീരദേശം ആന്ധ്ര സമ്പന്നം ആയിരുന്നു. അതായിരുന്നു ആന്ധ്രപ്രദേശിന്റെ രാഷ്ട്രീയവും വ്യവസായവും സിനിമയും കലാ-സാംസ്‌കാരിക മേഖലയും നിയന്ത്രിച്ചിരുന്നത്. ഇതിനെതിരായിട്ടുള്ള ഒരു ജനകീയ പ്രക്ഷോഭണം ആയിരുന്നു പ്രത്യേക തെലുങ്കാന സംസ്ഥാനത്തിനായിട്ടുള്ള മുന്നേറ്റം. അത് ഒടുവില്‍ വിജയിക്കുകയും ചെയ്തു.

ചന്ദ്രശേഖരറാവുവിന്റെ തെലുങ്കാന രാഷ്ട്രസമതി ഈ മുന്നേറ്റത്തിന്റെ നെടുംതൂണായിട്ട് മുമ്പില്‍ ഉണ്ടായിരുന്നു. ആയിരക്കണക്കിന് ജനങ്ങളും. അങ്ങനെയുള്ള ഒരു ജനകീയ മുന്നേറ്റത്തെ ഇത്തരത്തില്‍ ദൈവകൃപയായി ചിത്രീകരിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. ആരാണ് റാവുവിന് ഖജനാവിലെ പണം എടുത്ത് സ്വര്‍ണ്ണവും യാഗവും യജ്ഞവും നല്‍കുവാന്‍, നടത്തുവാന്‍ അധികാരം നല്‍കിയത്. അത് മതനിരപേക്ഷതക്കും ഭരണഘടനയ്ക്കും എതിരാണ്.

റാവുവിന്റെ ഭരണം തെക്കെ ഇന്‍ഡ്യയില്‍ മറ്റൊരു കുടുംബവാഴ്ചയ്ക്ക് വഴിയൊരുക്കുകയാണ്. അദ്ദേഹത്തിന്റെ മകന്‍ താരകരാമറാവു മന്ത്രിസഭയിലെ രണ്ടാമന്‍ ആണ്. സഹോദരിയുടെ മകന്‍ ഹരീഷ് റാവു മറ്റൊരു പ്രധാനമന്ത്രിയാണ്. മകള്‍ കവിത റാവു ലോകസഭ അംഗം ആണ്. മറ്റ് രണ്ട് ബന്ധുക്കള്‍ കൂടെ മന്ത്രിമാരായിട്ടുണ്ട്. ഇതിനുവേണ്ടിയാണോ തെലുങ്കാനയിലെ ജനങ്ങള്‍ 60 വര്‍ഷത്തിലേറെ സമരം ചെയ്തത്?

ഖജനാവില്‍ നിന്നുമുള്ള ഈ ധൂര്‍ത്ത് ഒരു ജനകീയ-മതേതരത്വ സര്‍ക്കാരിന് യോജിച്ചത് അല്ല. കുടുംബ വാഴ്ചയും. തൊഴിലില്ലായ്മ വിരുദ്ധ സമരക്കാരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതും ജനാധിപത്യ വിരുദ്ധം ആണ്. അവര്‍ ആയിരുന്നു തെലുങ്കാന മുന്നേറ്റത്തിന്റെ നട്ടെല്ല്. അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും മസ്ജിദുകള്‍ക്കും സ്വര്‍ണ്ണവും നേര്‍ച്ചകാഴ്ചകളും നടത്തണമെങ്കില്‍ മുഖ്യമന്ത്രി അത് സ്വന്തം തറവാട്ട് സ്വത്തില്‍ നിന്നും വകയിരുത്തണം. നികുതിദായകന്റെ പിച്ചക്കാശില്‍ നിന്നും അല്ല.

പണം മുഖ്യന്റെ വഴിപാടുകള്‍ക്കായി ധൂര്‍ത്തടിക്കുന്നത് ജനവിരുദ്ധത - (ഡല്‍ഹി കത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക