Image

ഗൂഢാലോചന വിഴുങ്ങലും കൊലവിളിക്ക് മറുവിളിയും (എ.എസ് ശ്രീകുമാര്‍)

Published on 27 February, 2017
ഗൂഢാലോചന വിഴുങ്ങലും കൊലവിളിക്ക് മറുവിളിയും (എ.എസ് ശ്രീകുമാര്‍)
സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിനെ വെല്ലുന്നതാണ് കേരളാ പോലീസ്. ആ കേരളാ പോലീസിനെ നാവിലടക്കിനിര്‍ത്തുന്നയാളാണ് പോലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ അപാരമായ ധൈര്യം നാം കഴിഞ്ഞ ദിവസം മംഗലാപുരത്ത് പരസ്യമായി കണ്ട് കോള്‍മയിര്‍ കൊണ്ടു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ, എം.എം മണി മോഡല്‍ കൊലവിളി പ്രസംഗത്തിന്റെ തൊട്ടു പിറ്റേന്നാണ് പിണറായി മംഗലാപുരത്തെത്തിയത്. അവിടുത്തെ നെഹ്‌റു മൈതാനത്ത് സി.പി.എം ദക്ഷിണ കാനറ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാര്‍ദ റാലി ഉദ്ഘാടനത്തിനാണ് പിണറായി പോയത്. അപ്പോഴും കെ. സുരേന്ദ്രന്റെ കൊലവിളി അദ്ദേഹത്തിന്റെ കാതില്‍ ഇരമ്പുന്നുണ്ടായിരുന്നു...''കേരളത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന് 16 ശതമാനം വോട്ട് കിട്ടിയിട്ടുണ്ട്, എന്നാല്‍ രണ്ട് ശതമാനം മാത്രം വോട്ട് ഉണ്ടായിരുന്ന കാലത്തു അടിക്ക് തിരിച്ചടിച്ചിട്ടുണ്ട്. കൊലക്കു തിരിച്ചും കൊന്നിട്ടുണ്ട് എന്നാല്‍ ഇപ്പോള്‍ അടിക്കു പകരം അടിയോ കൊലക്കു പകരം കൊലയോ ഇല്ല. പക്ഷെ നിങ്ങളെ ഞങ്ങള്‍ വെറുതെ വിടില്ല. നിങ്ങള്‍ കര്‍ണാടകയില്‍ പോയാല്‍ ഞങ്ങള്‍ അവിടെയുണ്ടാകും, നിങ്ങള്‍ ആന്ധ്രയില്‍ പോയാല്‍ ഞങ്ങള്‍ അവിടെയുണ്ടാകും, നിങ്ങള്‍ മധ്യപ്രദേശില്‍ പോയാല്‍ ഞങ്ങള്‍ അവിടെയുണ്ടാവും നിങ്ങള്‍ ദില്ലിയില്‍ പോയാല്‍ ഞങ്ങള്‍ അവിടെയുണ്ടാകും...'' ഇങ്ങനെ പോയി കൊലവിളി.

പിണറായിയുടെ വിസിറ്റ് കുളമാക്കാന്‍ ബി.ജെ.പിക്കാര്‍ മംഗലാപുരത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌തെങ്കിലും ഏശിയില്ല. നിങ്ങള്‍ എവിടെപ്പോയാലും ഞങ്ങള്‍ അവിടെയുണ്ടാവും എന്ന് സുരേന്ദ്രന്‍ വീമ്പിളക്കിയെങ്കിലും പിണറായി മംഗലാപുരത്തെത്തിയപ്പോള്‍ ബി.ജെ.പി-ആര്‍.എസ്.എസുകാരുടെ പൊടിപോലുമില്ലായിരുന്നു കണ്ടുപിടിക്കാന്‍. സുരേന്ദ്രന്റെ ചിന്നംവിളിക്ക് പിണറായി ഇരട്ടച്ചങ്ക് വിരിച്ച് നല്ല മറുവിളിയും കൊടുത്തു...''ഈ പറയുന്ന ആര്‍.എസ്.എസുകാര്‍ക്കറിയില്ലെങ്കില്‍ അറിയുന്ന ആര്‍.എസ്.എസുകാരോട് ചോദിക്കണം. പണ്ട് ബ്രണ്ണന്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ കാലം. അന്ന് നിങ്ങളുടെ കൈയിലുള്ള ഊരിപ്പിടിച്ച കത്തിയുടെയും ഉയര്‍ത്തിപ്പിടിച്ച വടിവാളുകളുടെയും നടുവവിലൂടെ തന്നെ ഞാന്‍ കടന്നുപോയിട്ടുണ്ട്. അന്ന് നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയാത്ത, എന്തുചെയ്തുകളയുമെന്നാണ് നിങ്ങള്‍ പറയുന്നത്...?'' ഇതാണ് ആ കിടിലല്‍ മറുപടി. ശരിക്കും പൊളിച്ചു ബ്രോ... ഈ കമന്റും നടിയെ തട്ടിക്കൊണ്ടു പോകലും ഗൂഢാലോചന വിവാദവും എല്ലാം ചേര്‍ത്തുകൊണ്ട് നമ്മുടെ ചലചിത്രകാരന്‍ ജോയ് മാത്യു ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ഇത്തിരി കടന്നു പോയെങ്കിലും ഒരു പണി ആവശ്യമായിരുന്നുവെന്നാണ് പൊതു സംസാരം.

''മംഗളൂരുവില്‍ പൊലീസ് സംരക്ഷണത്തില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രിക്കാണോ ധീരത, അല്ലെങ്കില്‍ അക്രമണത്തിന് വിധേയായ ഒരു സ്ത്രീ തന്റേടത്തോടെ തലയുയര്‍ത്തി സ്വന്തം തൊഴിലിടത്തിലേക്ക് വരുന്നതാണോ ധീരത...'' എന്നു ചോദിച്ചാണ് പോസ്റ്റ്. കരിംപൂച്ചകളുടെയും പൊലീസിന്റെയും ബന്തവസ്സിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗലാപുരത്തെ സ്റ്റേജില്‍ വന്ന് താന്‍ ധീരനാണെന്ന് സ്വയം പ്രഖ്യാപിക്കുന്നതിനേക്കാള്‍ ധീരതയാണ് നടി കാണിച്ചതെന്ന് ജോയ് മാത്യു മുള്ളുവച്ച് പറയുന്നു. ''എന്താണു ധീരത...? നഗരമദ്ധ്യത്തില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് ഗുണ്ടകളുടെ ലൈംഗീകാക്രമണത്തിനു വിധേയയായ സ്ത്രീ തന്റേടത്തോടെ തലയുയര്‍ത്തി സ്വന്തം തൊഴിലിടത്തിലേക്ക് വരുന്നതാണോ, കരിംപൂച്ചകളുടേയും ബോഡി ഗാര്‍ഡുകളൂടേയും കനത്തപോലീസ് ബന്തവസ്സിലും സ്റ്റേജില്‍ വന്നു മൈക്കിലൂടെ ഞാന്‍ ധീരനാണു എന്ന് ഒരു മുഖ്യമന്ത്രി പറയുന്നതാണോ ധീരത...? (ശരിക്കും ഇപ്പറഞ്ഞ കാര്യങ്ങളില്‍ ഒരു ഗൂഡാലോചനയുമില്ല കേട്ടോ)...''

പിണറായിയുടെ ധീരത നാം ശരിക്കും കണ്ടത്, നടിയെ തട്ടിക്കൊണ്ടുപോയതില്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞപ്പോഴും പിന്നീടത് വിഴുങ്ങിയപ്പോഴുമാണ്. ''പ്രധാന പ്രതിയുടെ ഭാവനയാണത്. പ്രധാന പ്രതിയുടെ ഭാവനയ്ക്ക് അനുസരിച്ച് നടത്തിയ ഒരു നടപടിയാണിത്. അയാളുടെ മനസില്‍ ഉയര്‍ന്നുവന്ന ഒരു സങ്കല്‍പ്പം. ഒരു കുറ്റ കൃത്യം എങ്ങനെ നടത്തണം എന്ന് കുറ്റവാളി സങ്കല്‍പ്പിച്ചുകൊണ്ട് അതിന്റെ ഭാഗമായി നടത്തിയ ക്രൈം. അതാണിവിടെ സംഭവിച്ചിട്ടുള്ളത്...'' ഉഗ്രന്‍. അതാണ് കഴിവും മിഴിവും. സമ്മതിക്കണം ഈ കണ്ടെത്തലിനെ. അങ്ങ് മുഖ്യമന്ത്രിയാവേണ്ട ആളല്ല, നല്ലെരു ഐ.പി.എസ് ഓഫീസറിനുള്ള സകല യോഗ്യതകളുമുണ്ട്. മുഖ്യപ്രതി പള്‍സര്‍ സുനി പിടിയിലായി 48 മണിക്കൂര്‍ തികയ്ക്കുംമുമ്പാണ് പിണറായി ഈ വെടിക്കെട്ട് കണ്ടുപിടിത്തം നടത്തിയത്. പള്‍സര്‍ നടിയോട് പറഞ്ഞത് ക്വട്ടേഷന്‍ ഉണ്ടെന്നാണ്. ഗൂഢാലോചനാ വാദത്തില്‍ പോലീസും ഉറച്ചുനില്‍ക്കുന്നു. അപ്പോഴാണ് മുഖ്യമന്ത്രിയുടെ 'ഭാവനാ'വിലാസം. ക്വട്ടേഷന്‍ 'ഉണ്ടോ' എന്ന് ചോദിച്ചാല്‍ ഉണ്ട്. ഇല്ലേ എന്ന് വിരട്ടിയാലോ 'ഉണ്ടില്ല...' എന്നും ഉത്തരം.

എന്നാല്‍ ഈ അപാര കണ്ടുപിടിത്തത്തിന് അല്‍പായുസേ ഉണ്ടായിരുന്നുള്ളൂ. സംഗതി തിരിഞ്ഞുപായുമെന്നായപ്പോള്‍ ഛര്‍ദിച്ചത് മൊത്തം പുള്ളിക്കാരന്‍ വിഴുങ്ങിക്കളഞ്ഞു. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പിണറായി തിരുത്തി. ഒരു പത്രത്തില്‍ ഗൂഢാലോചന ഇല്ലെന്ന് വാര്‍ത്ത വന്നിരുന്നു. ഇതിനെ കുറിച്ചായിരുന്നു താന്‍ പറഞ്ഞതെന്നും പിണറായി പറയുന്നു. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് പോലീസ് അന്വേഷിച്ച് കണ്ടെത്തുമത്രേ. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിലും വിളമ്പിയത്. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഗൂഢാലോചന സംബന്ധിച്ചും അന്വേഷിക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു. പ്രതികളില്‍ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി...ഉവ്വ...ഹോ...സമാധാനമായി. 

പിണറായിയുടെ പരാമര്‍ശം പുലിവാല് പിടിച്ചിരുന്നു. പ്രതി പിടിയാലായി 48 മണിക്കൂറിനകം മുഖ്യമന്ത്രി തന്നെ ഇത്തരത്തിലൊരു പ്രതികരണം നടത്തിയത് കേസ് അട്ടിമറിക്കാനാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. സത്യം. എന്നാല്‍ കാളപെറ്റെന്ന് കേട്ട് പ്രതിപക്ഷ നേതാവ് ചെന്നിത്തല കയറെടുക്കുകയാണെന്നാണ് പിണറായി ഇതിനോട് പ്രതികരിച്ചത്. വീണിടത്ത് കിടന്ന് ഉരുളുകയല്ല, അക്ഷരാര്‍ത്ഥത്തില്‍ ശയനപ്രദക്ഷിണമാണ് പിണറായി നടത്തിയത്.  സംഭവവുമായി ബന്ധപ്പെട്ട് ഒരു നടനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. അദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്തെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നുവെന്നും പിണറായി പറഞ്ഞു. ഇതൊക്കെ നുണയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമാ ലോകവുമായി ബന്ധപ്പെട്ട് അനാവശ്യ ചിത്രം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെനാനയിരുന്നു പിറണറായിയുടെ വലിയ നൊമ്പരം.

തട്ടിക്കൊണ്ടുപോകല്‍ അന്വേഷണത്തില്‍ പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടതില്‍ പൊലീസിലും സിനിമാ ലോകത്തും കടുത്ത അമര്‍ഷമുണ്ടായി. ഇടപെടലില്‍ ദുരൂഹതയുമുണ്ട്. സംഭവത്തിനു പിന്നിലെ യഥാര്‍ഥ പ്രതിയെ രക്ഷിക്കാനാണിതെന്നാണ് ആക്ഷേപമുണ്ടായത്. സാങ്കല്‍പ്പിക പ്രതിയെ പിടിക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇനി മുന്‍പോട്ട് അന്വേഷണം വേണ്ടെന്ന വ്യക്തമായ സൂചനയാണ് പൊലീസിനു നല്‍കുന്നതെന്ന വിലയിരുത്തലും വന്നു. സിനിമാ ലോകത്തിന്റെ പൊതുതാത്പര്യം എന്ന പേരിലാണ് കേസ് അന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതെന്നാണ് ആരോപണം. ഇതോടെ, പൊലീസിലും, സിനിമാ ലോകത്തും ഭരണ മുന്നണിയിലും ഭിന്നത പ്രകടമായി. നടിയുടെ പത്ര സമ്മേളനം മുടക്കിയതോടെ പൊലീസിന്റെ ഇടപെടല്‍ കൂടുതല്‍ പ്രത്യക്ഷമായത്രേ. താര സംഘടനയായ അമ്മയ്ക്ക് എതിരേയും സംശയമുന നീണ്ടു. ഗൂഢാലോചനയുണ്ടെന്നും സിനിമാ ലോകത്തെ കള്ളനാണയങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടണമെന്നും മറ്റും വാദിച്ചവര്‍ ഇപ്പോള്‍ പ്രതിയുടെ ഭാവനാത്മകമായ കഥകളില്‍ ഒതുങ്ങിയത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യമാണ് ഉയരുന്നത്. സിനിമാ ലോകത്തും രാഷ്ട്രീയത്തിലും ഭരണത്തിലുമുള്ള ചിലര്‍ ചേര്‍ന്നുണ്ടാക്കിയ ധാരണയാണ് അന്വേഷണത്തില്‍ നിറയുന്നതെന്നാണ് വിമര്‍ശനങ്ങള്‍. കേസ് ഡയറി കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്നതും ആരോപണത്തിന് കരുത്ത് പകരുന്നു. മാധ്യമങ്ങളെയും പിണറായി വിമര്‍ശിച്ചിരുന്നു. അത് പിന്നെ പതിവ് പരിപാടിയാണല്ലോ. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചിലയാളുകളെ അനാവശ്യമായി കുറ്റക്കാരാക്കാനുള്ള ശ്രമമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും പതം പറഞ്ഞ് പിണറായിക്ക് അതിയായി സങ്കടപ്പെടുന്നു. ഏതായാലും പ്രമുഖ നടന്‍ സംശയത്തിന്റെ നിഴലില്‍നിന്നും മാറിയിട്ടില്ല. പിണറായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മാധ്യമ സിന്‍ഡിക്കേറ്റും ഒപ്പമുണ്ട്.

കഴിഞ്ഞ ദിവസം നടി പത്രസമ്മേളനത്തിന് തയ്യാറായിരുന്നു. തനിക്ക് പറ്റിയത് പുറംലോകത്തെ അറിയിക്കാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍ ചാനലുകളില്‍ ബ്രേക്കിങ് ന്യൂസ് വന്നതോടെ പൊലീസ് ഇടപെട്ടു. പത്രസമ്മേളനം നടത്തരുതെന്ന് ആവശ്യപ്പെട്ടു. വിചിത്രമായ ന്യായങ്ങളാണ് പൊലീസ് ഇതിനായി ഉയര്‍ത്തിയത്. തിരിച്ചറിയല്‍ പരേഡ് നടക്കുന്നത് വരെ പത്ര സമ്മേളനം നടത്തരുത്. ഇത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് പൊലീസ് നടിയെ അറിയിച്ചത്. ഇത് അസ്വാഭാവികമാണെന്ന് ഏവരും വിലിയുത്തുന്നു. ഇര പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നത് തിരിച്ചറിയില്‍ പരേഡിനെ എങ്ങനെ ബാധിക്കുമെന്നറിയില്ല. സാധാരണ പെണ്‍വാണിഭക്കേസില്‍ പ്രതിയെ തിരിച്ചറിയുന്നതു വരെ അവരുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പുറത്തുവരാതിരിക്കാന്‍ പൊലീസ് ശ്രമിക്കും. ഇവിടെ പള്‍സര്‍ സുനിയുടേയും സഹ പ്രതികളുടേയും മുഖങ്ങള്‍ പത്രങ്ങളില്‍ സജീവമായിരുന്നു. നടി എന്തെങ്കിലും പറയുമോ എന്ന ഭയം പൊലീസിനുണ്ട്. ആറു മാസം മുമ്പ് നടി അനുവദിച്ച അഭിമുഖത്തില്‍ തനിക്കെതിരായ സൂപ്പര്‍താരത്തിന്റെ ഇടപെടലിനെ കുറിച്ച് പറഞ്ഞിരുന്നു. പത്രസമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയരാം. മഞ്ജു വാര്യര്‍ നടത്തിയ പ്രസ്താവനകളെ കുറിച്ച് ചോദിക്കാം. ഇതിനോടുള്ള നടിയുടെ പ്രതികരണങ്ങള്‍ അന്വേഷണത്തെ സ്വാധീനിക്കും. ഒരിക്കല്‍ പൊതു സമൂഹത്തിന് മുമ്പില്‍ മനസ്സ് തുറന്നാല്‍ അതിലെ വസ്തുതകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ പൊലീസിന് കഴിയാത്ത സാഹചര്യം വരും. പിണറായിയുടെ ഇഷ്ട നടന് പൊള്ളുകയും ചെയ്യും.

കേസ് വഴിമുട്ടുന്നുവെന്നാണ് ഒടുവിലത്തെ സൂചന. പള്‍സര്‍ സുനിയും സംഘവും നടിയെ ആക്രമിച്ച് അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായി വ്യക്തമായിരുന്നു. എന്നാല്‍ സുനിയെ പിടികൂടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതാണ് പോലീസിനു തിരിച്ചടിയാവുന്നത്. ദൃശ്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ സുനിയുടെ കൂട്ടുപ്രതിയായ മണികണ്ഠനെ മാപ്പുസാക്ഷിയാക്കിയേക്കുമെന്ന് സൂചനയുണ്ട്. അന്വേഷണത്തില്‍ ഇയാള്‍ നല്ല രീതിയിലാണ് പോലീസിനോട് സഹകരിക്കുന്നത്. മണികണ്ഠന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുനി കോയമ്പത്തൂരില്‍ ഒളിവില്‍ താമസിച്ച സ്ഥലം പോലീസ് കണ്ടെത്തിയത്. തന്റെ അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് നേരത്തേ നടി പോലീസിനു മൊഴി നല്‍കിയത്. പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി മണികണ്ഠനും ഇക്കാര്യം സമ്മതിച്ചു. സുനി തനിക്ക് മൊബൈലില്‍ ദൃശ്യങ്ങള്‍ കാണിച്ചു തന്നിട്ടുണ്ടെന്നാണ് മണികണ്ഠന്റെ മൊഴി. കൂട്ടുപ്രതിയായ മണികണ്ഠന്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ചാല്‍ സുനിക്കും വീജിഷിനും പരമാവധി ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. സംഭവത്തിനു ശേഷം മണികണ്ഠന്‍ ഇരുവരുമായി തെറ്റിപ്പിരിയുകയും ചെയ്തിരുന്നു. താനടക്കമുള്ളവരെ സുനി കേസില്‍ കുടുക്കുകയായിരുന്നുവെന്ന ആരോപണവും മണികണ്ഠനുണ്ട്.

ഗൂഢാലോചന വിഴുങ്ങലും കൊലവിളിക്ക് മറുവിളിയും (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക