Image

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ ശോഭാ സുരേന്ദ്രന്‍

Published on 28 February, 2017
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ ശോഭാ സുരേന്ദ്രന്‍


കോഴിക്കോട്‌: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയംഗം ശോഭാ സുരേന്ദ്രന്‍ രംഗത്ത്‌.
ആര്‍.എസ്‌.എസ്‌ മനസുവെച്ചാല്‍ കേരളത്തിലും മുഖ്യമന്ത്രിക്ക്‌ യാത്ര ബുദ്ധിമുട്ടാകുമെന്ന്‌ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ആര്‍.എസ്‌.എസിനെ വെല്ലുവിളിക്കാന്‍ മുഖ്യമന്ത്രി വളര്‍ന്നിട്ടില്ലെന്നും നിയമസഭയ്‌ക്ക്‌ അകത്തും പുറത്തും പിണറായി വിജയന്‍ കഥ മെനഞ്ഞ്‌ അക്രമത്തിന്‌ നേതൃത്വം കൊടുക്കുകയാണെന്നും അവര്‍ ആരോപിച്ചു.

ഭീഷണിപ്പെടുത്തി ഒലത്തിക്കളയാമെന്ന്‌ പിണറായി കരുതേണ്ടെന്നും ബി.ജെ.പിയെ തകര്‍ക്കാനാണ്‌ ശ്രമമെങ്കില്‍ ജനാധിപത്യ പരമായി സി.പി എമ്മിന്‌ ശവമഞ്ചമൊരുക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന്‌ ആരോപിച്ച ശോഭാ സുരേന്ദ്രന്‍, കേസ്‌ സി.ബി.ഐക്ക്‌ വിടണമെന്നും ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ്‌ ഒരു പുരുഷനെപ്പോലെ പ്രതികരിച്ചിരുന്നെങ്കില്‍ സി.പി.എം സംസ്ഥാനത്ത്‌ അക്രമം അവസാനിപ്പിക്കുമായിരുന്നു. പക്ഷേ പ്രതിപക്ഷ നേതാവിന്റെ കാലില്‍ പാദസരമാണെന്നും ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചു.

ആര്‍.എസ്‌. എസിന്റെ ഒരു വിരട്ടലും തന്റെയടുത്ത്‌ വേണ്ടെന്നും മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജയനായിരുന്നുവെങ്കില്‍ ഇന്ദ്രനോ ചന്ദ്രനോ പോലും തന്നെ തടയാനാകില്ലായിരുന്നുവെന്നുംപിണറായി വിജയന്‍ മംഗലാപുരത്ത്‌ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

മധ്യപ്രദേശില്‍ തന്റെ യാത്ര തടഞ്ഞതിനെക്കുറിച്ച്‌ വാതോരാതെ സംസാരിച്ചു നടക്കുന്ന ആര്‍.എസ്‌.എസ്‌ യഥാര്‍ത്ഥ വശം വളച്ചൊടിയ്‌ക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്‌.

മുഖ്യമന്ത്രി എന്ന നിലയ്‌ക്ക്‌ മറ്റൊരു സംസ്ഥാനത്ത്‌ ചെല്ലുമ്പോള്‍ അവിടുത്തെ ഗവണ്‍മെന്റ്‌ പറയുന്ന കാര്യങ്ങള്‍ അനുസരിക്കേണ്ടതുണ്ട്‌. അത്‌ അംഗീകരിക്കേണ്ടതും അനുസരിക്കേണ്ടതും മര്യാദയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പിണറായി വിജയനെ ഇന്ത്യയിലെവിടെയും കാലുകുത്തിക്കില്ലെന്നായിരുന്നു ബി ഗോപാലകൃഷ്‌ണന്‍ കണ്ണൂരില്‍ ഭീഷണി മുഴക്കിയത്‌. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും പിണറായിയെ കാലുകുത്താനനുവദിക്കില്ലെന്ന്‌ മൂന്നുവട്ടം ഗോപാലകൃഷ്‌ണന്‍ മാധ്യമപ്രവര്‍ത്തകരോട്‌ തുറന്നടിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക