Image

എച്ച് വണ്‍ ബി വീസ: ആശങ്ക തുടരുന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 28 February, 2017
എച്ച് വണ്‍ ബി വീസ: ആശങ്ക തുടരുന്നു (ഏബ്രഹാം തോമസ്)
വാഷിങ്ടന്‍:  എച്ച് വണ്‍ ബി വീസകള്‍ കടുത്ത നിയന്ത്രണത്തിനും തീവ്രപരിശോധനകള്‍ക്കും വിധേയമാകും എന്ന ആശങ്ക ഉയരുവാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ പദ്ധതി തന്നെ നിര്‍ത്തലാക്കിയേക്കും എന്നും വാര്‍ത്ത പരന്നു. ഇപ്പോള്‍ ജനപ്രതിനിധി സഭയ്ക്കു മുന്നില്‍ രണ്ടും സെനറ്റില്‍ ഒന്നും നിയമ നിര്‍മ്മാണ ശ്രമങ്ങള്‍ എച്ച് വണ്‍ ബി വീസയ്ക്ക് നിയന്ത്രണം നടപ്പിലാക്കുവാന്‍ നില നില്‍ക്കുന്നു.

1990 കളിലാണ് എച്ച് വണ്‍ ബി വീസകള്‍ പ്രചാരത്തിലായത്. തൊഴിലുടമകള്‍ക്ക് ഉന്നത വൈദഗ്ദ്ധ്യവും വിശേഷജ്ഞതയുമുള്ള ജീവനക്കാരെ വിദേശത്തു നിന്നു കൊണ്ടുവരാന്‍ അനുവദിക്കുന്നതാണ് ഈ വീസകള്‍. ശാസ്ത്രജ്ഞര്‍, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, എന്‍ജിനിയര്‍ന്മാര്‍ എന്നിവര്‍ക്കാണ് പരിഗണന ലഭിച്ചിരുന്നത്. ഈ വീസകള്‍ ദുരുപയോഗം ചെയ്ത് യോഗ്യതയില്ലാത്ത ചിലരെ അമേരിക്കയില്‍ കൊണ്ടുവന്നതായി മുന്‍പു പരാതികളുണ്ടായിരുന്നു.

ഓരോ വര്‍ഷവും ഈ വീസയ്ക്കുവേണ്ടി തൊഴിലുടമകള്‍ നല്‍കുന്ന അപേക്ഷകള്‍ വര്‍ധിച്ചു വരുന്നു. യുഎസ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ലേബറിന്റെ കണക്കനുസരിച്ച് 2016 ല്‍ 13 ലക്ഷം അപേക്ഷകളുണ്ടായി.

തങ്ങളുടെ ഒരു തൊഴിലിനുവേണ്ടി ഒരു ഉദ്യോഗാര്‍ത്ഥിയെ കണ്ടെത്തിയിട്ടുണ്ട് എന്നറിയിച്ചാണ് തൊഴിലുടമ അപേക്ഷ നല്‍കുന്നത്. ആദ്യം ഒരു ലേബര്‍ കണ്ടീഷന്‍ ആപ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബറിന് നല്‍കുന്നു. ഉദ്ദേശിക്കുന്ന ജോലി, ശമ്പളം, ജോലിയുടെ കാലാവധി, സ്ഥലം എന്നിവ ഈ അപേക്ഷയില്‍ കാണിച്ചിരിക്കണം. നിലവിലുള്ളതോ അതില്‍ കൂടുതലോ വേതനം ഉദ്യോഗാര്‍ത്ഥിക്ക് നല്‍കാമെന്ന് തൊഴിലുടമ വാഗ്ദാനം നല്‍കുന്നു. തൊഴിലുടമ പിന്നീട് യുഎസ് സിറ്റി സണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസിന് ഒരു എച്ച് വണ്‍ ബി പെറ്റിഷന്‍ നല്‍കുന്നു.

വിസ പെറ്റീഷനുകള്‍ ഒരു നാഷണല്‍ ലോട്ടറിയിലേയ്ക്ക് പോകുന്നു. ഇവിടെ 85,000 തിരഞ്ഞെടുക്കുന്നു. ഇവയില്‍ 20,000 യുഎസ് മാസ്റ്റേഴ്‌സ് ഡിഗ്രിയോ അതില്‍ കൂടുതലോ യോഗ്യതയുള്ളവര്‍ക്കായി സംരക്ഷണം ചെയ്തിരിക്കുന്നു. ചില തൊഴിലുകള്‍ അദ്ധ്യാപനം പോലെയുള്ളവ നിയന്ത്രണത്തില്‍പ്പെടുന്നില്ല. എച്ച് വണ്‍ ബി വിസ മൂന്ന് വര്‍ഷത്തേയ്ക്കാണ് നല്‍കുന്നത്. തുടര്‍ന്ന് മറ്റൊരു മൂന്ന് വര്‍ഷത്തേയ്ക്ക് കൂടി ലഭിച്ചേക്കാം. ഗ്രീന്‍ കാര്‍ഡ് പ്രതീക്ഷിച്ചു കഴിയുന്നവര്‍ക്ക് വിസ നീട്ടി കിട്ടിയേക്കാം.

2014 സാമ്പത്തിക വര്‍ഷത്തില്‍ മധ്യസ്ഥിത വാര്‍ഷിക വേതനം 75,000 ഡോളറായിരുന്നുവെന്ന് യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ കണക്കനുസരിച്ച് ആ വര്‍ഷം വിസ ലഭിച്ചവരില്‍ 70 ശതമാനം ഇന്ത്യാക്കാരായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ ചൈനയില്‍ നിന്നെത്തിയവര്‍ 8 ശതമാനം ആയിരുന്നു വിസ നേടിയവരില്‍ 65 ശതമാനവും കംപ്യൂട്ടര്‍ സംബന്ധമായ ജോലിക്കാരും 25 നും 34 നും ഇടയില്‍ പ്രായമുള്ളവരുമായിരുന്നു.

നിയമമാവാന്‍ പ്രതീക്ഷിച്ചു കഴിയുന്ന മൂന്ന് ബില്ലുകളില്‍ ഒന്ന് പ്രൊട്ടക്റ്റ് ആന്റ് ഗ്രോ അമേരിക്കന്‍ ജോബ്‌സ് ആക്ടാണ്. എച്ച് വണ്‍ ബി വിസ കൂടുതലായി ആവശ്യപ്പെടുന്ന തൊഴിലുടമകള്‍ വേതനം പ്രതിവര്‍ഷം ഒരു ലക്ഷം ഡോളര്‍ നല്‍കിയിരിക്കണം. നിലവില്‍ ഇത് 60,000 ഡോളറാണ്.

മറ്റൊരു ബില്‍ എച്ച് വണ്‍ ബി ആന്റ് എല്‍ വണ്‍ വിസ റിഫോം ആക്റ്റ് ഓഫ് 2017 ആണ്. വിദേശത്തു നിന്ന് ജീവനക്കാരെ കൊണ്ടുവരുന്നതിന് പിഴ നല്‍കണമെന്നും (അമേരിക്കന്‍ ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്ന തിന്) എച്ച് വണ്‍ ബി വിസയിലുള്ള 15 ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാരുണ്ടെങ്കില്‍ കമ്പനി വാര്‍ഷിക ഓഡിറ്റിന് വിധേയമാകണമെന്നും ഈ ബില്‍ നിര്‍ദ്ദേശിക്കുന്നു.

മൂന്നാമത്തേത് ഹൈ സ്‌കില്‍ഡ് ഇന്റര്‍ഗ്രിറ്റി ആന്റ് ഫെയര്‍നെസ് ആക്ട് ഓഫ് 2017 ആണ്. വേതനം ഉയര്‍ത്തുക, എച്ച് വണ്‍ ബി വിസയിലെത്തിയവര്‍ക്ക് കൂടുതല്‍ വേതനം നല്‍കുന്ന തൊഴിലുടമകളെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തുക, 20 ശതമാനം എച്ച് വണ്‍ ബി വിസകള്‍ ചെറിയ വ്യവസായങ്ങള്‍ക്കും തുടക്കക്കാര്‍ക്കും മാറ്റി വയ്ക്കുക എന്നിവയാണ് ഈ നിയമം നിഷ്‌കര്‍ഷിക്കുന്നത്.

2015 ലെ വിവരം അനുസരിച്ച് ഏറ്റവുമധികം എച്ച് വണ്‍ ബി ആവശ്യപ്പെട്ടത് കലിഫോര്‍ണിയ സംസ്ഥാനത്ത് നിന്നാണ് (2,06, 579), ടെക്‌സസ്(1,04,924), ന്യുയോര്‍ക്ക് (94,939), ന്യുജഴ്‌സി (84,414), ഇല്ലിനോയി (66, 813) എന്നിവയാണ് ഈ വിസയ്ക്ക് ഏറ്റവുമധികം ആവശ്യം ഉന്നയിച്ച മറ്റു സംസ്ഥാനങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക