Image

പ്രസവം രഹസ്യമാക്കി വെച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ആശുപത്രി അധികൃത

Published on 28 February, 2017
പ്രസവം രഹസ്യമാക്കി വെച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ആശുപത്രി അധികൃത
കോഴിക്കോട്: കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കി വെച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ആശുപത്രി അധികൃതര്‍. പെണ്‍കുട്ടിയുടെ പ്രസവം നടന്ന കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രി അധികൃതരാണ് വിശദീകരണവുമായി രംഗത്തെത്തിയത്.
ഫെബ്രുവരി ഏഴാം തിയതി രാവിലെ വയറു വേദനയുമായാണ് പെണ്‍കുട്ടി ആദ്യമായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയതെന്നും ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് പ്രസവവേദനയാണെന്ന് മനസിലായതെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഉടന്‍ തന്നെ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കുകയും പെണ്‍കുട്ടി സാധാരണ പ്രസവത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയാണ് കൂടെയുണ്ടായിരുന്നത്. പിന്നാലെ പിതാവും എത്തി.
പ്രസവം നടന്ന് രണ്ടാം ദിവസം അവര്‍ ഡിസ്ചാര്‍ജ് ആയി പോവുകയും ചെയ്തു. പെണ്‍കുട്ടി ഡിസ്ചാര്‍ജ് ആയി പോകുന്നതിന് ഒരു ദിവസം മുമ്പ് കുഞ്ഞിനെ കൊണ്ടു പോയിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.
കുഞ്ഞിനെ എവിടേക്ക് കൊണ്ടുപോകുന്നു, എന്തിന് കൊണ്ടു പോകുന്നു തുടങ്ങിയ കാര്യങ്ങള്‍ മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നില്ല. അതിനാല്‍ കുട്ടിയെ കൊണ്ടു പോകുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്ക് ആണെന്നും ഇതിന്മേല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ആശുപത്രിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ലെന്നും എഴുതി വാങ്ങിയിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കുന്ന സമയം തുടങ്ങി ഡിസ്ചാര്‍ജ് ചെയ്തു പോകുന്നതുവരെ എല്ലാ കാര്യങ്ങള്‍ക്കും മുന്‍കൈ എടുത്തതും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ ആയിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
13 ാം തിയതിയാണ് കുട്ടിയുടെ ജനനം കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത്. വിവാഹം കഴിച്ചിട്ടില്ലെന്ന് മാതാപിതാക്കള്‍ അറിയിച്ച പ്രകാരം രജിസ്റ്റര്‍ ചെയ്തപ്പോള്‍ അവിവാഹിത എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. അഡ്മിറ്റ് ചെയ്യുന്ന സമയത്ത് 18 വയസാണെന്ന് പറഞ്ഞത് കൊണ്ട് മറ്റെവിടെയും അറിയിച്ചില്ല.
10 ാം തിയതിയാണ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി കുട്ടിക്ക് പ്രായപൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങള്‍ കൂടി ഉണ്ടെന്ന് അറിയിച്ചത്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പ്രകാരം അവര്‍ക്ക് കുട്ടിയുടെ മേല്‍വിലാസമടക്കുമുള്ള വിവരങ്ങള്‍ നല്‍കിയിരുന്നു.
മാതാപിതാക്കള്‍ കൂടെ ഉള്ളത് കൊണ്ടും പ്രായപൂര്‍ത്തിയായി എന്ന് അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തതിനാലാണ് സാധാരണ ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. (Mathrubhumi)
പ്രസവം രഹസ്യമാക്കി വെച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ആശുപത്രി അധികൃത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക