Image

"ദുര" (കവിത- മഞ്ജുള ശിവദാസ്‌ റിയാദ് )

മഞ്ജുള ശിവദാസ്‌ റിയാദ് Published on 01 March, 2017
"ദുര" (കവിത-  മഞ്ജുള  ശിവദാസ്‌ റിയാദ് )
പാറുന്നു മേടുകള്‍ തോറും,
നറു തേനിനായ് പൂവുകള്‍ തേടി.

പശിയാല്‍ തളര്‍ന്ന പാപ്പാത്തി,
പതിയെപ്പതിയെ പറന്നു.

അലഞ്ഞെത്തിയുദ്യാന സവിധേ-
യതില്‍ വിത്തമായ് വിരിയിക്കുമലര്‍കള്‍.

അക്ഷിക്കാകര്‍ഷകം പുഷ്പവാടി-
വര്‍ണരാജി തീര്‍ക്കുന്നു സുമങ്ങള്‍

അക്ഷമനായ് ചെന്നു കയറി,
മധുവുണ്ണാന്‍ കൊതിയോടാ ശലഭം.

തിരികെ പറക്കുവാന്‍ നേരം,
കുഞ്ഞിച്ചിറകു കുഴഞ്ഞും തുടങ്ങി.

വിധിയെത്തിടും മുന്‍പാ പാവം,
ചതിവേതുമറിയാതൊടുങ്ങി.

വിഷം കുത്തി വിളയിച്ച വിളകള്‍,
വിന വിതച്ചീടുന്നു മഹിയില്‍.

ദുരമൂത്ത മര്‍ത്യ വര്‍ഗത്തിന്‍,
ദുഷ്ചെയ്തികള്‍ തന്‍ ദുരന്തം,

ആ കുഞ്ഞു പൂമ്പാറ്റയെപ്പോല്‍,
പിടഞ്ഞൊടുങ്ങുന്നു ജന്മങ്ങള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക