Image

കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഹൌസ്‌ഡ്രൈവറെ നവയുഗം പ്രവര്‍ത്തകര്‍ രക്ഷിച്ചു

Published on 01 March, 2017
കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഹൌസ്‌ഡ്രൈവറെ നവയുഗം പ്രവര്‍ത്തകര്‍ രക്ഷിച്ചു
ദമ്മാം: താനുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ലേബര്‍ കോടതിയില്‍ പരാതി നല്‍കിയതിന്റെ പേരില്‍, സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരനായ ഹൌസ് ഡ്രൈവര്‍, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം നടത്തിയ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന്, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് കുളച്ചല്‍ സ്വദേശിയായ തോമസ് അലന്‍ സെല്‍വന്‍ എന്ന ഹൌസ് ഡ്രൈവര്‍ക്കാണ് വിചിത്രമായ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നത്. പത്തുമാസം മുന്‍പാണ് ദമ്മാമിലുള്ള ഒരു സൗദി ഭവനത്തില്‍ സെല്‍വന്‍ ഹൌസ് ഡ്രൈവറായി ജോലിയ്‌ക്കെത്തിയത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിയുള്ള ഒരു ലേഡി ഡോക്റ്റര്‍ ആയിരുന്നു സെല്‍വന്റെ സ്‌പോണ്‍സര്‍. ശമ്പളമൊക്കെ കൃത്യമായിരുന്നെങ്കിലും, സ്‌പോണ്‍സറുടെയും, കുടുംബത്തിന്റെയും പരുഷമായ പെരുമാറ്റം പലപ്പോഴും സെല്‍വന് മാനസികവിഷമം ഉണ്ടാക്കുമായിരുന്നു. ഭാര്യയും, മകളുമടങ്ങുന്ന നാട്ടിലെ സ്വന്തം കുടുംബത്തെയോര്‍ത്ത് മാത്രമാണ് എല്ലാം സഹിച്ച് സെല്‍വന്‍ ആ ജോലിയില്‍ തുടര്‍ന്നത്.

ഒരു ദിവസം സ്‌പോണ്‍സറുടെ മകളെ സ്‌ക്കൂളില്‍ നിന്നും കാറില്‍ തിരികെ വീട്ടില്‍ കൊണ്ടു വന്നപ്പോള്‍, സെല്‍വന്‍ ഓവര്‍സ്പീഡില്‍ വണ്ടിയോടിച്ചതായി മകള്‍ അമ്മയോട് പരാതി പറഞ്ഞു. സ്‌പോണ്‍സര്‍ സെല്‍വനെ വഴക്ക് പറഞ്ഞപ്പോള്‍, മകള്‍ പറഞ്ഞത് ശരിയല്ലെന്നും, താന്‍ സാധാരണ സ്പീഡില്‍ മാത്രമാണ് വണ്ടിയോടിച്ചത് എന്ന നിലപാടില്‍ സെല്‍വന്‍ ഉറച്ചു നിന്നു. ഇത് തര്‍ക്കമായി വളരുകയും, ദ്വേഷ്യം സഹിയ്ക്കാതെ സ്‌പോണ്‍സര്‍ സെല്‍വനെ തല്ലുകയും ചെയ്തു. അതോടെ ക്ഷമ നശിച്ച സെല്‍വന്‍, ഇനി ഇവിടെ ജോലി ചെയ്യില്ല എന്ന് പറഞ്ഞ് താക്കോല്‍ അവിടെ വെച്ചിട്ട്, ആ വീട് വിട്ട് ഇറങ്ങിപ്പോയി.

നേരെ ലേബര്‍ കോടതിയില്‍ പോയി സ്‌പോണ്‍സര്‍ക്കെതിരെ പരാതി നല്‍കാനായിരുന്നു സെല്‍വന്‍ പോയത്. എന്നാല്‍ ലേബര്‍ കോടതിയില്‍ എത്തി പരാതി സമര്‍പ്പിച്ചപ്പോള്‍, താന്‍ വീട് വിട്ടിറങ്ങി മിനിട്ടുകള്‍ക്കകം സ്‌പോണ്‍സര്‍ തന്നെ ഹുറൂബിലാക്കിയതായി സെല്‍വന്‍ മനസ്സിലാക്കി. സെല്‍വന്റെ പരാതി കേട്ട ലേബര്‍ ഓഫീസര്‍, കോടതിയില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് എത്തിയ നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തെ വിളിച്ചു വരുത്തി, ഈ കേസില്‍ സഹായിയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ലേബര്‍ ഓഫീസര്‍ അയച്ച നോട്ടീസ് അനുസരിച്ച് പിറ്റേ ദിവസം സെല്‍വന്റെ സ്‌പോണ്‍സര്‍ കോടതിയില്‍ എത്തി. എന്നാല്‍ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന വാദത്തില്‍, സെല്‍വന്‍ തന്റെ മകളെ കിഡ്‌നാപ്പ് ചെയ്യാന്‍ ശ്രമിച്ചു എന്നും, അവനെ ജയിലില്‍ അടയ്ക്കണമെന്നും സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടു.

വ്യക്തിവിരോധത്തിന്റെ പേരില്‍ സെല്‍വനെതിരെ കള്ളക്കേസ് കൊടുക്കാനുള്ള ശ്രമത്തെ ഷാജി മതിലകം ശക്തമായി എതിര്‍ത്തു. ഈ ആരോപണത്തിന് യാതൊരു തെളിവുമില്ല എന്നും, അങ്ങനെ ഒരു സംഭവം നടന്നെങ്കില്‍ എന്ത് കൊണ്ട് അവര്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കിയില്ല എന്നുമുള്ള ഷാജി മതിലകത്തിന്റെ വാദത്തിന് മുന്നില്‍ സ്‌പോണ്‌സര്‍ക്ക് മറുപടി ഇല്ലായിരുന്നു. സത്യം ബോധ്യമായ ലേബര്‍ ഓഫീസര്‍, സെല്‍വന്റെ കൈയ്യില്‍ നിന്നും യാതൊരു നഷ്ടപരിഹാരവും വാങ്ങാതെ, ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ സ്‌പോണ്‍സറോട് ഉത്തരവിട്ടു.

സെല്‍വന്റെ ചില സുഹൃത്തുക്കള്‍ വിമാനടിക്കറ്റ് എടുത്തു കൊടുത്തു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി എല്ലാവരോടും നന്ദി പറഞ്ഞ് സെല്‍വന്‍ നാട്ടിലേയ്ക്ക് മടങ്ങി.

കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഹൌസ്‌ഡ്രൈവറെ നവയുഗം പ്രവര്‍ത്തകര്‍ രക്ഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക