Image

അകവും, പുറവും (കവിത- റോബിന്‍ കൈതപ്പറമ്പ്)

റോബിന്‍ കൈതപ്പറമ്പ് Published on 01 March, 2017
അകവും, പുറവും (കവിത- റോബിന്‍ കൈതപ്പറമ്പ്)
പാലൊളി മിന്നുമീ പൗര്‍ണമി രാവിലായ്
പലതിലായ് ചിന്തകള്‍ പരതി നിന്നീടവേ
പ്രാണന്റെ പിന്നില്‍ തുടിക്കുന്നു ഓര്‍മ്മകള്‍
പഴകിടും തോറും എരിയുന്ന ചിന്തകള്‍
ബാല്യകാലത്തിന്റെ സമരണകളില്‍ മനം
ചുറ്റിത്തിരിഞ്ഞങ്ങു ചെന്നു നില്‍ക്കെ
കോരിച്ചൊരിയുന്ന മഴ പോലെ ഓര്‍മ്മകള്‍
എത്തുന്നു അന്തരാത്മാവിലേയ്ക്കായി
അച്ചന്റെ ചുമലേറി ആദ്യമായി
പള്ളിക്കൂടപ്പടി കയറി ചെന്നതും 
അമ്മതന്‍ സ്‌നേഹത്തിന്‍ വാത്സല്യം എന്നും
പൊതിച്ചോറിലായ് എന്റെ കൂട്ടിന് വന്നതും
ഓണത്തിന്നുഞ്ഞാലില്‍ ചില്ലാട്ടമാടാനായ്
കൂട്ടരോടൊത്തു മാത്സര്യം വെച്ചതും
അച്ചനും, അമ്മയ്ക്കുമൊപ്പമിരുന്നിട്ട്
തുമ്പപ്പൂ ചോറിന്റെ സദ്യ നുകര്‍ന്നതും
മയില്‍പ്പീലി തുണ്ടൊന്നു മാനം കാട്ടാതെ
പുസ്തകത്താളില്‍ ഒളിപ്പിച്ച ബാല്യവും
മഞ്ചാടിക്കുരുവിന്നായ് മഷിതണ്ടു വിറ്റതും
കബടിയും, പന്തേറും, കിളിത്തട്ടുമെല്ലാം
ക്രിക്കറ്റിനായ് വഴിമാറി നിന്നതും
തെല്ലൊരു നീറ്റലായ് ഇടനെഞ്ചിലെങ്ങോ
കൊത്തിവലീക്കുന്നു, ചോര കിനിയുന്നു

പോകുവാനിനിയും ദൂരമുണ്ടേറെ 
വെട്ടിപ്പിടിക്കുവാന്‍ ഉയരങ്ങളും
എന്നല്ലീ ചൊല്ലുന്നു ഈ യുഗത്തിന്റെ
മാത്സര്യമേറുന്ന പുത്തന്‍ തലമുറ
തച്ചുടച്ചീടണം, വെട്ടിപ്പിടിക്കണം
ഭൂമി മാതാവിനെ വിറ്റു നാം തിന്നണം
കലിയടങ്ങീടാതെ മുഷ്ടി ചുരുട്ടി
ദൈവത്തിനെ നമ്മള്‍ വെല്ലുവിളിക്കണം

ആത്മീയ രക്ഷകര്‍ ആത്മസംതൃപ്തിക്കായ്
ആത്മാവിനെ തന്നെ വില്‍ക്കുമീ നാട്ടില്‍
ആത്മശാന്തിക്കായ് എത്തുന്ന പെണ്ണില്‍
ആത്മ സംതൃപ്തി നേടുന്നു ആത്മീയന്‍
കള്ളക്കടത്തിന്റെ ഗുഹകളായ് മാറുന്നു
ആതുരാലയങ്ങളും, ആത്മീയ ഇടങ്ങളും
ദൈവത്തെ വിറ്റു ജീവിക്കുന്നു ചിലര്‍
ദൈവങ്ങളായി വിലസുന്നു ചിലര്‍
നിയമപാലകര്‍ ആയവര്‍ തന്നെ
നിയമങ്ങളെല്ലാം വളച്ചൊടിച്ചീടുന്നു
നീതിദേവത തന്‍ കണ്ണുമൂടുന്നു
നിയമങ്ങള്‍ ഒക്കെയും കാറ്റില്‍ പറത്തുന്നു

പുതിയൊരു ഭൂമി ഇനിയും ഉണ്ടായിടാം
പുത്തനാം ചിന്തകള്‍ ഇനിയും പിറന്നിടാം
ആശിക്കാം നല്ലൊരു നാളെയ്ക്കായ് ഇനി
നേര്‍ന്നിടാം നന്മകള്‍ നമ്മള്‍ പരസ്പരം
                
                          

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക