Image

നടിക്കെതിരായ ആക്രമണം: ദിലീപിനെ സംശയമുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് കമല്‍

Published on 02 March, 2017
നടിക്കെതിരായ ആക്രമണം: ദിലീപിനെ സംശയമുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് കമല്‍
കോഴിക്കോട്: കൊച്ചിയില്‍ വെച്ച് പ്രശസ്ത നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ കമല്‍. സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കമല്‍ പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപുമായി ബന്ധപ്പെട്ട് സംശയങ്ങളുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്നും കമല്‍ പറഞ്ഞു. 

നേരത്തെ വിഷയത്തില്‍ ദിലീപിനെ അനുകൂലിച്ചുകൊണ്ട് കമല്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് മാധ്യമ വിചാരണ നേടരിടുന്നുവെന്നായിരുന്നു കമലിന്റെ പ്രതികരണം. മാധ്യമങ്ങള്‍ സൂപ്പര്‍ പോലീസ് ചമയുന്നുവെന്നും കമല്‍ വിമര്‍ശിച്ചിരുന്നു. കേസ് വഴി തിരിച്ചുവിടാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും കമല്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ദിലീപിനെ ടാര്‍ജറ്റ് ചെയ്യുന്നുവെന്ന് തോന്നിയത് കൊണ്ടാണ് അന്നങ്ങനെ പ്രതികരിച്ചതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. നടിക്കെതിരായ അക്രമം നടന്നപ്പോള്‍ പ്രതികരണത്തില്‍ മുഖ്യമന്ത്രി ജനവികാരം മാനിക്കേണ്ടിയിരുന്നുവെന്നും കമല്‍ പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം വന്‍ വിവാദമായിരുന്നു.

നടിമാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന അമ്മയുടെ നിലപാടിനേയും കമല്‍ വിമര്‍ശിച്ചു. അമ്മയുടെ നിലപാട് ജനാധിപത്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്നും കമല്‍ പ്രതികരിച്ചു. സ്ത്രീ വിരുദ്ധ സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്ന നടന്‍ പൃഥ്വിരാജിന്റെ നിലപാടിനെ കമല്‍ അഭിനന്ദിച്ചു. പൃഥ്വിരാജിന്റെ ഈ നിലപാട് മറ്റു സൂപ്പര്‍ താരങ്ങള്‍ മാതൃകയാക്കണമെന്നും കമല്‍ പറഞ്ഞു.നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകല്‍ പരന്നിരുന്നു. ദിലീപിനെ ആലുവയിലെ വസതിയിലെത്തി പൊലീസ് ചോദ്യം ചെയ്തു എന്നു വരെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാലിത് നടന്‍ നിഷേധിച്ചു.

ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് പോലീസ് മേധാവികളും വ്യക്തമാക്കി. സംഭവത്തില്‍ തനിക്ക് നേരെ നടക്കുന്ന മാധ്യമവിചാരണയ്ക്കെതിരെ ദിലീപ് ഡിജിപിയ്ക്ക് പരാതിയും നല്‍കിയിരുന്നു. നടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ മലയാളത്തിലെ പ്രമുഖ നടനാണ് എന്ന് ദേശീയ മാധ്യമമായ ഡി.എന്‍.എ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപ്പോഴൊക്കെയും സംശയത്തിന്റെ മുന നീണ്ടത് ദിലീപിന്റെ നേര്‍ക്കായിരുന്നു. അതേസമയം അമ്മ അടക്കമുള്ള സിനിമാ സംഘടനകള്‍ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. നടി മഞ്ജു വാര്യര്‍ അടക്കം അപൂര്‍വ്വം ചിലര്‍ മാത്രമേ സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് പോലും പ്രതികരിച്ചു കണ്ടുള്ളൂ. 

നടിക്കെതിരായ ആക്രമണം: ദിലീപിനെ സംശയമുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് കമല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക