Image

പ്രിയ കൂട്ടുകാരിക്ക് കരുത്തേകാന്‍ ഓരോ ചുവടും സമര്‍പ്പിച്ചു മഞ്ജു വാര്യര്‍ (അനില്‍ പെണ്ണുക്കര)

Published on 02 March, 2017
പ്രിയ കൂട്ടുകാരിക്ക് കരുത്തേകാന്‍ ഓരോ ചുവടും സമര്‍പ്പിച്ചു മഞ്ജു വാര്യര്‍ (അനില്‍ പെണ്ണുക്കര)
" മുറിവേല്‍പ്പിക്കപ്പെട്ടിട്ടും അഭിമാനത്തോടെ ജോലിയിലേക്ക് തിരിച്ചു വന്ന  പ്രിയ  കൂട്ടുകാരിക്ക് അഭിവാദ്യം. ഇന്ന് ഞാന്‍ വെയ്ക്കുന്ന ഓരോ ചുവടും പ്രിയ കൂട്ടുകാരിക്ക് സമര്‍പ്പിക്കുന്നു." - നിറഞ്ഞ കയ്യടികളോടെയാണ് തിരുവനതപുരം ടാഗോർ തീയേറ്റർ കഴിഞ്ഞ ദിവസം വൈകുന്നേരം മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരുടെ വാക്കുകളെ സ്വീകരിച്ചത് .ആ കയ്യടിയിൽ ഒരു ജനതയുടെ പിന്തുണയുണ്ടായിരുന്നു .ഒരു നരാധമനാൽ ആക്രമിക്കപ്പെട്ട നമ്മുടെ പ്രിയപ്പെട്ട അഭിനേത്രി അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവന്ന സന്തോഷത്തിലാണ് അവരുടെ പ്രിയ കൂട്ടുകാരി മഞ്ജു വാര്യർ ടാഗോർ തീയേറ്ററിൽ കുച്ചുപ്പുടിയുടെ താളലയങ്ങളിലേക്കു കടന്നു വന്നത് .

ജീവിതത്തിന്റെ മറ്റൊരു പ്രതിസന്ധികളിൽ നിന്നും അഭിനയത്തിലേക്ക് തിരിച്ചു
വന്ന മഞ്ജുവാര്യർക്ക് തന്റെ സഹപ്രവർത്തകയുടെ അഭിനയത്തിലേക്കുള്ള
തിരിച്ചുവരവ് സന്തോഷം നൽകിയതിൽ അത്ഭുതമില്ല.കാരണം മഞ്ജുവിനെ വളർത്തിയത് പ്രതിസന്ധികൾക്കിടയിൽ നേടിയെടുത്ത കരുത്തു തന്നെയല്ലേ. ഒരുപക്ഷെ കാഹളചിത്ര ലോകത്തു നിന്നും മഞ്ജു വാര്യരെ പോലെ ഈ വിഷയത്തിൽ പിന്തുണയ്ക്കുന്ന മറ്റൊരാൾ ഇല്ല എന്ന് തന്നെ പറയേണ്ടി വരും .

മുറിവേൽപ്പിക്കപ്പെട്ട ഒരാൾക്ക് സമൂഹത്തിന് നൽകാനാകുന്ന ഏറ്റവും ശക്തമായ
സന്ദേശമാണിത്. ആത്മാഭിമാനത്തിന്റെ ആ സ്വയം പ്രഖ്യാപനത്തെ നമുക്ക് ആദരവോടെ സ്വീകരിക്കാം. മഞ്ജു വാര്യർ ജീവിതത്തെ ജയിച്ച നായികയാണ്. ആദ്യ ദിവസം മുതൽ അവൾക്കൊപ്പം നിൽക്കുകയും വീണ്ടും അഭിനയത്തിലേക്ക് കൈപിടിക്കുകയും ചെയ്ത പൃഥ്വിരാജിനെയും  ഇപ്പോൾ ഓർക്കാം . രാജുവിന്റെയും കൂട്ടുകാരുടെയും സ്നേഹ സംരക്ഷണത്തിൽ അവൾ സുരക്ഷിതയും ആഹ്ലാദവതിയുമായിരിക്കുമെന്ന് ഉറപ്പുണ്ട്.

അവളുടെ ചിരി കൂടുതൽ ഭംഗിയോടെ സ്ക്രീനിൽ തെളിയുന്ന ആ ദിവസത്തിനു വേണ്ടി എല്ലാ മലയാളികളെയും പോലെ ഞാനും കാത്തിരിക്കുന്നു.ആ നടിയുടെ ധൈര്യം അവരുടെ കരുത്താണ്. സ്ത്രീകളെ വെറും ശരീരമായി കാണുന്ന ഭ്രാന്തന്മാരെ അവബോധം നടത്തി വെഞ്ചെരിക്കുവാൻ സാധ്യമല്ല . അതിനെതിരെ പോരാടുവാൻ സമൂഹത്തിനു ആവണം.

ഒരുത്തനാൽ ആക്രമിക്കപ്പെട്ടു ' എന്ന മുറിവുമായി ഒരു പെൺകുട്ടി വന്നാൽ
"ഡെറ്റോളൊഴിച്ചു കഴുകിയാൽ മതി!"എന്ന് പണ്ട്‌ മാധവിക്കുട്ടി പറഞ്ഞു. പെണ്ണിന്റെ പരിശുദ്ധിയെ നിസ്സാരവത്കരിക്കുന്ന ഒരു പ്രതികരണമല്ല അത്‌. മറിച്ച്‌ 'പരിശുദ്ധി' എന്നത്‌ ആക്രമണത്താൽ തകരുന്ന ഒന്നല്ലെന്ന് ബോധ്യപ്പെടുത്തുന്ന  ശുഭാപ്തിചിന്തയാണത്‌...'  അഭിമാനമാണ് നമുക്ക് ഇ നടികൾ.

അസാധാരണമായ നിശ്ചയദാർഢ്യവും ധൈര്യവും പ്രതിഫലിപ്പിക്കുന്നതാണ് നടിയുടെ ഈ തീരുമാനം. വാക്കുകൾ കൊണ്ട് നൽകുന്നതിനേക്കാൾ കരുത്തുറ്റ ഒരു സന്ദേശം നടി പ്രവൃത്തിയിലൂടെ നൽകുന്നു. സ്ത്രീ വിരുദ്ധ ശക്തികളുടെയെല്ലാം
മുഖത്തേൽക്കുന്ന ഒരു പ്രഹരം കൂടിയാണ് നടിയുടെ ഈ തീരുമാനം.

സ്ത്രീകളെ അവഹേളിക്കുന്ന സിനിമകളിൽ താനിനി അഭിനയിക്കില്ല പൃഥ്വിരാജിന്റെ
പ്രഖ്യാപനം ധീരവും ഉചിതവുമായി.ഇത് മറ്റ് വലിയ നടന്മാരും
മാതൃകയാക്കിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു .വഷളൻ ഡയലോഗുകൾ കൊണ്ടും
ആംഗ്യങ്ങൾ കൊണ്ടും കയ്യടി വാങ്ങി വീര ആൺ പരിവേഷങ്ങൾ കെട്ടിപ്പൊക്കിയ
നടന്മാരെല്ലാം ഒന്ന് പശ്ചാത്തപിക്കാനെങ്കിലും തയ്യാറാവേണ്ടതാണ്.
പൃഥ്വിരാജിന്റെ മാധ്യമങ്ങളോടുള്ള അഭ്യർത്ഥനയും ടി.വി.യിൽ കാണുകയുണ്ടായി."
ആ കുട്ടി വീണ്ടും അഭിനയിക്കാൻ വരുമ്പോൾ ഇതു പോലൊരു പത്ത് നാൽപ്പത്
ക്യാമറകളും വച്ച് ഒരന്തരീക്ഷം സൃഷ്ടിക്കാതിരിക്കാനുള്ള നന്മ മാധ്യമങ്ങളിൽ
അവശേഷിക്കുന്നുണ്ടെന്ന് ഞാൻ വിചാരിക്കുന്നു". പൃഥ്വിരാജ് ഭംഗിയായി എന്നാൽ
കുറിക്ക് കൊള്ളും വിധം മാധ്യമങ്ങൾക്കുള്ള സന്ദേശം നൽകുകയായിരുന്നു.
ആഗ്രഹവും ധീരതയും കൊണ്ട് മനുഷ്യന് സാധിക്കാത്തതൊന്നുമില്ല. സ്ത്രീത്വത്തിനു നേരെ തുറിച്ചു നോക്കുന്ന കഴുകൻ കണ്ണുകൾക്കുള്ള മധുര പ്രതികാരമാണ്.

സിനിമാലോകത്തിൽ പ്രത്യേകിച്ച് മഞ്ജുവിനെ പോലുള്ളവർ കൂടെയുള്ളപ്പോൾ ആ
നിഷ്കളങ്കമായ ചിരി അഭ്രപാളിയിൽ സുര്യനെ പോലെ ജ്വലിച്ചു നിൽക്കും എന്നതിൽ
സംശയമില്ല.... "ഈ സിനിമയുടെ നിർമാണ വേളയിൽ മൃഗങ്ങളോട് ഒരു ക്രൂരതയും
കാണിച്ചിട്ടില്ല" എന്നെഴുതുന്നവർ ഇങ്ങനെയും എഴുതണം ...."ഈ സിനിമയിൽ
സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന രംഗങ്ങളോ സംഭാഷണങ്ങളോ ഇല്ല".
സിനിമാക്കാരെ വിമർശിക്കുകയല്ല.ഓര്മ്മപ്പെടുത്തുകയാണ്.

സ്ത്രീകളെ അപമാനിക്കാത്ത എത്രയോ നല്ല സിനിമകൾ നമുക്കുണ്ടായിരുന്നു. അത്തരം സിനിമകളാണ് ഓരോ മലയാളിയും ഇന്നും ഓർക്കുന്നതും പറയുന്നതും. ശക്തമായ നിയമങ്ങളും അതിന്റെ ശരിയായ നടപ്പാക്കലും നമുക്ക് വേണം. സംരക്ഷണമാണ് വേണ്ടത്, സൗജന്യമല്ല ! സമൂഹത്തിൽ സിനിമയുടെ സ്വാധീനത്തെ ആർക്കും നിഷേധിക്കുവാൻ കഴിയില്ല. ഈ സിനിമയിലെ കഥയും കഥാപാത്രങ്ങളും സങ്കല്പികമാണ് എന്നെഴുതുന്നതിനേക്കാളും നല്ലതല്ലേ?

അഭിനയജീവിതത്തിലേക്കു തിരിച്ചുവന്ന അല്ലയോ താരമേ .. നിങ്ങൾ ഇത്രനാളും ഒരു സാധാരണ അഭിനേത്രി ആയിരുന്നു.വല്യ പ്രത്യേകതകൾ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു അഭിനേത്രി.എന്നാൽ ഇപ്പൊ, നമ്മുടെ
സമൂഹത്തിനു  മാതൃകയാക്കാൻ കഴിയുന്ന ഒരു സ്ത്രീയാണ് നിങ്ങൾ. കാര്യങ്ങളെ
സമചിത്തതയോടെ എടുത്തു തന്റേടത്തോടെ നേരിട്ട അപൂർവം ചില മാണിക്യങ്ങളിൽ
ഒന്ന്.നിങ്ങളെ ഉപദ്രവിച്ചവർ തലകുനിക്കട്ടെ!!നിങ്ങൾ പോരാടു ധീരതയോടെ..മലാല
പറഞ്ഞതുപോലെ "അവർക്കൊരു തെറ്റ് പറ്റി.....പക്ഷെ ഒന്ന് മറക്കരുത് ഇനി
നിങ്ങളുടെ ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളും സ്ത്രീ സമൂഹത്തിനും കൂടി
ഉപകാരപ്രദമാകണം...
പ്രിയ കൂട്ടുകാരിക്ക് കരുത്തേകാന്‍ ഓരോ ചുവടും സമര്‍പ്പിച്ചു മഞ്ജു വാര്യര്‍ (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക