Image

അണയാത്ത വെളിച്ചം (കവിത: ആറ്റുമാലി)

Published on 02 March, 2017
അണയാത്ത വെളിച്ചം (കവിത: ആറ്റുമാലി)
ഒരു പകല്‍കൂടി ചിതയിലെരിയുന്നു;
ഒരുസന്ധ്യകൂടി നെടുവീര്‍പ്പില്‍ മുങ്ങുന്നു
കണ്ണീരുമായ് തിരകള്‍ തീരത്തെ പുണരുന്നു.
ചെന്നിണം പൊടിയുന്ന ചക്രവാളച്ചരുവില്‍
ഇണപിരിയുന്ന ചക്രവാകപ്പക്ഷികള്‍
വിരഹാര്‍ത്തരായ് ചിറകടിച്ചകലുന്നു.

അന്തിയില്‍ പൊലിയാത്ത പകലുകളുണ്ടോ?
ഒരിക്കലുമണയാത്ത വെളിച്ചമുണ്ടോ?

******
നഷ്ടബോധത്തിന്റെ ബാക്കിപത്രവുമായി
കാട്ടുവഴികള്‍ കുന്നുകയറുന്നു;
തിരയുടേയും തീരത്തിന്റേയും
ദുരന്ത പ്രണയത്തിന്റെ നൊമ്പരം പേറി
പെരുവഴികള്‍ മൗനമായൂരുചുറ്റുന്നു.
ലക്ഷ്യത്തിലെത്താതെ ഇടവഴികള്‍ പതറുന്നു.
കുറുക്കുവഴികള്‍ ചതിക്കുണ്ടില്‍ പുതയുന്നു.

ലക്ഷ്യം പിഴയ്ക്കാത്ത വഴികളുണ്ടോ?
ഉത്തമ ലക്ഷ്യം വരിക്കാന്‍ ശരിമാര്‍ഗ്ഗമുണ്ടോ?

******
പാതി വിടരുംമുമ്പേ അടര്‍ന്നുവീഴുന്ന
ജീവിതത്തെയോര്‍ത്തു ഈറനണിയുന്ന കണ്ണുകള്‍
മരണത്തിന്റെ ഇരുളടഞ്ഞ ഇടനാഴികളില്‍
ഇടറിവീഴുന്ന മനുഷ്യജന്മങ്ങളുടെ നിസ്സഹായത!
ബന്ധങ്ങളെ വെട്ടിമാറ്റി താനേല്‍പിച്ച ഉണങ്ങാത്ത
മുറിവുകളില്‍ രസം കണ്ടെത്തുന്ന മരണം!

മരണത്തെ മറികടക്കാനൊരു മന്ത്രമുണ്ടോ?
മരണത്തെ വെല്ലുന്ന ജീവനുണ്ടോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക