Image

ഹെയ്റ്റ് ക്രൈം! ട്രംപിനു കൈയൊഴിയാനാകുമോ (ഫ്രാന്‍സിസ് തടത്തില്‍)

Published on 03 March, 2017
ഹെയ്റ്റ് ക്രൈം! ട്രംപിനു കൈയൊഴിയാനാകുമോ (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്‌സി: ഹെയ്റ്റ് ക്രൈം! ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഒരു കാട്ടുതീപോലെ പടര്‍ന്നുപിടിച്ചപ്പോള്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ പ്രത്യേകിച്ച്, മലയാളികള്‍ മൂക്കത്ത് വിരല്‍ വച്ചു! ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമോ? നമ്മളും അവരെപ്പോലെ അതതു രാജ്യത്തെ പൗരന്മാരല്ലേ.

ഇപ്പോഴിതാ അമേരിക്കയിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഹെയ്റ്റ് ക്രൈം അഥവാ വംശീയ അധിക്ഷേപ ആക്രമണം. യാതൊരു പ്രകോപനവുമില്ലാതെയാണ് ആന്ധ്രാക്കാരനായ ഒരു എന്‍ജിനീയറെ ബാറിനകത്തുവച്ച് ഒരു വെള്ളക്കാരന്‍ അതി ക്രൂരമായി വെടിവച്ചുകൊന്നത്. ശ്രീനിവാസ് കചിബെ ചാത്‌ലയെന്ന യുവാവിനെ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത അക്രമി അയാള്‍ ഒരു ഇറാന്‍കാരനെന്ന സംശയം തോന്നിയതിനാലാണേ്രത വെടിവയ്ക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് പോലീസ് നല്‍കുന്ന സൂചന. "ക്വിറ്റ് മൈ കണ്‍ട്രി" എന്ന ആക്രോശത്തോടെയാണ് കൊലയാളിയെ പ്യൂരിന്‍ടന്‍ എന്ന അമേരിക്കന്‍ പൗരന്‍ ശ്രീനിവാസിനു നേരേ വെടിയുതിര്‍ത്തത്. നിരപരാധിയായ ശ്രീനിവാസിനെ കൊല്ലാന്‍ എന്തു പ്രേരണയാണ് കൊലയാളിക്കുണ്ടായത്? തികഞ്ഞ ഇന്ത്യ വിരോധം ഒന്നുമാത്രം എന്ന് നിസംശയം പറയാം. കാരണം അമേരിക്കക്കാരന്റെ തൊഴില്‍ മേഖല മുഴുവന്‍ ഇന്ത്യക്കാര്‍ കൈയടക്കുന്നു എന്ന തെറ്റിദ്ധാരണ മാത്രം ഐ.ടി. രംഗത്തും ആരോഗ്യമേഖലയിലും ഉള്ള ഇന്ത്യന്‍ സ്വാധീനമാണ് ഭൂരിപക്ഷ അമേരിക്കക്കാരെയും ഇത്തരത്തില്‍ ചിന്തിപ്പിക്കാന്‍ കാരണം. ഇതുതന്നെയായിരുന്നല്ലോ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും സംഭവിച്ചത്. അവിടുത്തെ യൂണിവേഴ്‌സിറ്റികളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വിദ്യാര്‍ഥികളാണെന്നതായിരുന്നു അവിടുത്തെ വംശീയാധിക്ഷേപങ്ങള്‍ക്കും ആക്രമങ്ങള്‍ക്കും ആധാരം. ഓസ്‌ട്രേലിയന്‍ ജി.ഡി.പിയുടെ 70 ശതമാനം ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ അവിടുത്തെ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഫീസ് നിര............ണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാന.... തന്നെ അംഗീകരിച്ച കാര്യമാണ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പാലായനം ചെയ്തപ്പോള്‍ വംശീയാക്ഷേപത്തിനെതിരേ ശക്തമായ നടപടി സ്വീകരിച്ചുകൊണ്ടാണ് അന്ന് രാജ്യം തങ്ങളുടെ വിദേശനാണ്യ വരുമാനം സുരക്ഷിതമാക്കിയത്. അന്നെല്ലാം മൂക്കത്ത് വിരല്‍ വച്ചുനിന്ന അമേരിക്കക്കാര്‍ ഇന്ന് ഭീതിയുടെ നിഴലിലാണ്. ഒന്നരമാസം മുമ്പില്ലായിരുന്ന ഈ വംശീയ വിധ്വേഷം മറനീക്കി പുറത്തുവന്നതെങ്ങനെ?

ഞാനൊരു ഡമോക്രാറ്റ് പ്രവര്‍ത്തകനോ റിപ്പബ്ലിക് വിദ്വേഷകനോ അല്ല. എങ്കിലും ഒരുകാര്യം പറയട്ടെ. നവംബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് കൗണ്ടിംഗ് നടന്ന ദിവസം സി.എന്‍.എന്നിന്റെ ഉടമസ്ഥതയിലുള്ള മലയാളം ചാനല്‍ ആയ ചാനല്‍ 18 -ല്‍നിന്ന് എന്റെ ഒരു പഴയ സഹപ്രവര്‍ത്തകയുടെ കോള്‍ വന്നു. യു.എസ്. തെരഞ്ഞെടുപ്പിന്റെ വിശകലനം നടത്താന്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാമോ എന്ന്. സ്‌കൈപ്പ്, ഗൂഗിള്‍, ഹാങ്ഔട്ട് സഹായത്തോടെ നടന്ന ചാനല്‍ ചര്‍ച്ചയുടെ പാനലില്‍ ഞാനുള്‍പ്പെടെ ഡോ. ശശി തരൂര്‍, രണ്ട് പ്രശസ്ത അധ്യാപകരും പൊളിറ്റിക്കല്‍ അനലിസ്റ്റുകളുമുണ്ടായിരുന്നു.

തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവന്നപ്പോള്‍തന്നെ ഡൊണാള്‍ഡ് ട്രംപ് വിജയിക്കുമെന്ന് ഞാന്‍ നിരീക്ഷിച്ചു. എന്റെ നിരീക്ഷണത്തെ തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ ഖണ്ഡിച്ചു. പരമ്പരാഗത പൊളിറ്റിക്കല്‍ വിലയിരുത്തല്‍ നടത്തിയ അവര്‍ ഫ്‌ളോറിഡ, പെന്‍സില്‍വാനിയ സംസ്ഥാനങ്ങളില്‍ ഹിലരിക്കുണ്ടാവാന്‍ പോകുന്ന മുന്നേറ്റങ്ങളെ പ്രവചിച്ചപ്പോള്‍ രണ്ടിടത്തും ട്രംപ് മുന്നേറുമെന്നായിരുന്നു എന്റെ നിരീക്ഷണം. അതു വെറും കൊട്ടത്താപ്പ് നിരീക്ഷണമായിരുന്നില്ല.

രണ്ടേ രണ്ടു കാര്യങ്ങളാണ് ഞാന്‍ ഉയര്‍ത്തിക്കാട്ടിയത്. ഒന്ന്. സത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചിട്ട് 60 വര്‍ഷമായിട്ടുപോലും ഇന്നും അമേരിക്കയില്‍ പുരുഷ മേധാവിത്വം നിലനില്‍ക്കുന്നുണ്ട്. ഉന്നത തലത്തില്‍ ഒരേ തസ്തികയില്‍ ജോലിചെയ്യുന്ന പുരുഷന്മാര്‍ക്ക് സ്ത്രീകളേക്കാള്‍ കൂടുതല്‍ ശമ്പളം നല്‍കുന്ന ഏക രാജ്യമാണ് അമേരിക്ക. അമേരിക്കയിലെ സ്കൂളുകളിലെ അധ്യാപകരില്‍ ഭൂരിഭാഗവും സ്ത്രീകളാണെങ്കിലും അവരെ ഭരിക്കുന്ന പ്രിന്‍സിപ്പല്‍മാരില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്.

രാജ്യത്തെ സിറ്റി, കൗണ്ടി, സ്റ്റേറ്റ് മേയര്‍മാരില്‍ ഭൂരിഭാഗവും ഇന്നും പുരുഷന്മാരാണ്. സെനറ്റര്‍മാര്‍, സ്റ്റേറ്റ് റപ്രസെന്റേറ്റീവുമാര്‍ എന്നിവരില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. അങ്ങനെയുള്ള ഒരു രാജ്യത്ത് ഒരു സ്ത്രീയെ പ്രസിഡന്റാക്കുക അസംഭാവികം തന്നെ. ഹിലരിക്കനുകൂലമായി ഘോരഘോരം സംസാരിച്ചവര്‍ പോളിംഗ് ബൂത്തില്‍ ചെന്നപ്പോള്‍ സ്ത്രീമുഖം കണ്ട് മനസില്ലാ മനസോടെയെങ്കിലും ട്രംപിനു മറിച്ചു കുത്തി. ഇതാണ് സത്യം. ഞാന്‍ വോട്ടുചെയ്യാന്‍ ചെന്നപ്പോള്‍ ഏതാനും പുരുഷന്മാരോട് ചോദിച്ചപ്പോള്‍ പലരും പറഞ്ഞ മറുപടി "ഞാന് ഡെമോക്രാറ്റ് ആണ്. ഹിലരി ഒരു കള്ളിയാണ്. ഇ മെയില്‍ വിവാദം കേട്ടില്ലേ? അല്ലെങ്കില്‍ തന്നെ ഒരു പെണ്ണിന് എങ്ങനെ രാജ്യം ഭരിക്കാനാവും?"

എന്താണ് ഇ-മെയില്‍ വിവാദം എന്നു ചോദിച്ചപ്പോള്‍ വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഒന്നറിയാം. അവര്‍ നുണപറഞ്ഞു. ട്രംപിനെതിരായ ലൈംഗികാപവാദങ്ങളൊന്നും അത്ര കാര്യമാക്കേണ്ടതില്ല. അയാള്‍ സത്യം നിഷേധിച്ചില്ലല്ലോ? നുണയാണ് ലൈംഗികാതിക്രമണത്തേക്കാള്‍ വലിയ തെറ്റ്! രണ്ടാമത്തെ കാര്യം വംശീയ വിദ്വേഷം. ട്രംപിന്റെ പ്രധാന തുറുപ്പുചീട്ടായിരുന്നു അത്. എല്ലാവരും ട്രംപിനെ മണ്ടനെന്നും വിവരദോഷിയെന്നും വിളിച്ചു. മെക്‌സിക്കോയില്‍ മതില്‍ കെട്ടുമെന്നും അനധികൃത കുടിയെറ്റക്കാരെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും പുറത്താക്കുമെന്നും തെരഞ്ഞെടുപ്പുവേളയില്‍ ട്രംപ് പ്രസ്താവിച്ചപ്പോള്‍ അയാള്‍ സ്വയം കുഴിതോണ്ടുകയാണെന്നുവരെ രാജ്യത്തെ പ്രമുഖ തെരഞ്ഞെടുപ്പു നിരീക്ഷകര്‍ നിരീക്ഷിച്ചു. അനധികൃത കുടിയേറ്റത്തിനെതിരേ ട്രംപിനെതിരായി മീഡിയ ഒന്നടങ്കം കൈകോര്‍ത്തു. ട്രംപ് വിട്ടുകൊടുക്കാനും തയാറായില്ല. മീഡിയ ബ്രീഫിംഗില്‍നിന്ന് മെക്‌സിക്കന്‍ വംശജനായ അമേരിക്കന്‍ പൗരനെ ബലമായി പുറത്താക്കി. ഇതൊക്കെ വംശീയ വിദ്വേഷത്തിനുള്ള ഇന്ധനം എരിതീയില്‍ ഒഴിക്കുകയായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ മനസിലാക്കിയത് ട്രംപിന്റെ വിജയത്തിനുശേഷമാണ്.

രാജ്യത്തെ വോട്ടര്‍മാരില്‍ 60ശതമാനം വരുന്നത് വെള്ളക്കാരാണ്. ഇവരില്‍ത്തന്നെ രണ്ടു വിഭാഗമുണ്ട്. ഒന്ന് പ്രബുദ്ധരും ധനികരുമായവര്‍. രണ്ട് രാഷ്ട്രീയ പ്രബുദ്ധതയില്ലാത്തവരും എന്നാല്‍ വംശീയതയ്ക്കുവേണ്ടി എന്തും ചെയ്യാന്‍ തയാറാകുന്നത്. ആദ്യത്തെ കൂട്ടര്‍ എണ്ണത്തില്‍ കുറവാണ്. അവര്‍ക്ക് വിദ്യാഭ്യാസമുണ്ട്. നേരത്തേ പറഞ്ഞ സ്ത്രീ മുന്നേറ്റത്തിനു ഏറ്റവും തടസം നില്‍ക്കുന്ന ഇവര്‍ പക്ഷേ, രാഷ്ട്രീയം ഏറെ പറയുമെങ്കിലും പോളിംഗ് ബൂത്തില്‍ കാലു കുത്തില്ല. അതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ലോകത്തെ ഏറ്റവും പഴയ ജനാധിപത്യ രാജ്യമായ അമേരിക്കയില്‍ വോട്ടിംഗ് ദിവസം പൊതു അവധിയില്ലെന്നത് വിരോധാഭാസമാണ്. വോട്ടുചെയ്യണമെങ്കില്‍ സ്വയം സമയം കണ്ടെത്തി ചെയ്യണം.

വെള്ളക്കാര്‍ക്കിടയില്‍ പണ്ടെ ഉരുണ്ടുകൂടിക്കൊണ്ടിരുന്ന ഒരു വികാരമാണ് വംശീയ വിദ്വേഷം. തങ്ങളുലെ വൈറ്റ് കോളര്‍ ജോലികള്‍ വിദേശികള്‍ കൈയടക്കുന്നുവെന്നാണ് അവര്‍ കരുതുന്നത്. സത്യത്തില്‍ ഐ.ടി. മേഖലയില്‍ ജോലിചെയ്യാന്‍ തലയില്‍ ആള്‍താമസമുള്ള വെള്ളക്കാര്‍ വളരെ വിരളമാണെന്നു ഐ.ടിയെക്കുറിച്ച് അറിയില്ലാത്ത വെള്ളക്കാര്‍ കരുതുന്നത്. അവര്‍ കരുതുന്നത് ഔട്ട്‌സോഴ്‌സിംഗ് വഴി അമേരിക്കയ്ക്ക് പുറത്തേക്കും എച്ച്.വണ്‍.ബി വിസയിലൂടെയും മറ്റും അമേരിക്കയില്‍ വന്ന് ഇന്ത്യക്കാര്‍ അവരുടെ ജോലി തട്ടിയെടുക്കുകയെന്നാണ്.

എട്ടുപത്തു മണിക്കൂര്‍ കംപ്യൂട്ടറിന്റെ മുമ്പില്‍ ഇരുന്ന് ജോലിചെയ്യാനുള്ള സഹിഷ്ണുത വെള്ളക്കാരനില്ലാത്തതാണ് ഈ ജോലി കടല്‍ കടന്നു പോകുന്നതിനു പ്രധാന കാരണം. അതുപോലെതന്നെയാണ് ആരോഗ്യ മേഖല! ഇന്ത്യന്‍ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും മികവുറ്റ പ്രവര്‍ത്തനങ്ങള്‍കൊണ്ടാണ് അമേരിക്കയിലെ ആശുപത്രികള്‍ നിലനിന്നുപോകുന്നതും ലോകപ്രശസ്തി നേടുന്നതും. എന്തിനേറെ നാസയിലെ ശാസ്ത്രജ്ഞരില്‍ 60 ശതമാനം പേരും ഇന്ത്യക്കാരാണെന്ന സത്യം എങ്ങനെ മറക്കാനാകും. ഇന്ത്യയുടെ ചെലവില്‍ ഇന്ത്യന്‍ ഐ.ഐ.ടികളില്‍നിന്നും മറ്റ് എന്‍ജിനീയറിംഗ് കോളജുകളില്‍നിന്നും ബിരുദമെടുത്ത് അമേരിക്കയ്ക്ക് ഇന്ത്യ സംഭാവന ചെയ്തവരാണ് ഇവരില്‍ ഭൂരിഭാഗവും. അമേരിക്കയുടെ സാമ്പത്തിക - ശാസ്ത്ര പുരോഗതിയുടെ നിലനില്‍പ്പിനു ആധാരമായ ഇന്ത്യക്കാരുടെ വില അറിയാതെ വിദ്യാഭ്യാസവും സംസ്കാരവും ഇല്ലാതെ വൈറ്റ് ത്രാഷ് വെള്ളക്കാരാണ് ഇന്ത്യക്കാരോട് രാജ്യം വിടാന്‍ ആക്രോശിക്കുന്നത്. എല്ലാ ഇന്ത്യക്കാരും രാജ്യം വിട്ടാല്‍ ഈ രാജ്യം വട്ടപ്പൂജ്യമായകും എന്ന് അവര്‍ അറിയുന്നുണ്ടോ? ഇന്ത്യ കൈവരിക്കുന്ന ഇപ്പോഴത്തെ ശാസ്ത്ര പുരോഗതി കണ്ടാല്‍ വൈകാതെ അതുതന്നെ സംഭവിക്കും. 'റിവേഴ്‌സ് ഇമിഗ്രേഷന്‍' എന്ന ആശയം ഐ.ടി. മേഖലയില്‍ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. ഇവിടെ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന ഐ.ടി. എന്‍ജിനീയര്‍മാര്‍ക്ക് ബാംഗ്ലൂരിലും ഹൈദരാബാദിലും മറ്റുമുള്ള ഐ.ടി. കമ്പനികളില്‍ ഉയര്‍ന്ന തസ്തികയും കോടികളില്‍ വാര്‍ഷിക വാഗ്ദാനങ്ങളുമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ശാസ്ത്രമേഖലയിലും ഇതു സംഭവിക്കുക വിദൂരമല്ല. ഐ.എസ്.ആര്‍.ഒയുടെ ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത് ട്രംപിനെപ്പോലും ഞെട്ടിച്ചു.

അമേരിക്കയിലെ യൂണിവേഴ്‌സിറ്റികളിലും നല്ലൊരു ശതമാനം വിദ്യാര്‍ഥികള്‍ ഏഷ്യക്കാരാണ്.

വിവിധ കാരണങ്ങളാല്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ ഇടയ്ക്കുവച്ച് പഠനം നിര്‍ത്തുമ്പോള്‍ ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ഏഷ്യന്‍ വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തീകരിക്കുന്നു. ഇതു കാമ്പസുകളിലും വംശീയ വിദ്വേഷത്തിന് കാരണമാകുന്നു.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്നും അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്നും കേട്ടപ്പോള്‍ രണ്ടാംകിട വെള്ളക്കാര്‍ക്കിടയില്‍ കാലാകാലങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന വര്‍ഗീയ മേല്‍ക്കോയ്മ ട്രംപിന്റെ പ്രസ്താവനയോടെ സടകുടഞ്ഞെഴുന്നേറ്റു. അവര്‍ കൂട്ടത്തോടെ പോളിംഗ് ബൂത്തില്‍ പോയി ട്രംപിനനുകൂലമായി കുത്തിയപ്പോള്‍ വൈറ്റ് കോളര്‍ വെള്ളക്കാര്‍ വോട്ടുചെയ്യാന്‍ പോകാതെ സ്വന്തം കാര്യം നോക്കി നടന്നു. ഫലമോ ട്രംപ് തെരഞ്ഞെടുപ്പില്‍ വന്‍ മേല്‍ക്കോയ്മ നേടി. ചരിത്ര വിജയം. അനധികൃത കുടിയേറ്റക്കാരുടെ പിന്‍ബലത്തില്‍ മാത്രമാണ് ഈ രാജ്യത്തിന്റെ അടിസ്ഥാന മേഖല നിലനിന്നുപോകുന്നതെന്ന വസ്തുത നാം സൗകര്യപൂര്‍വം മറന്നുപോകുന്നു. വെള്ളക്കോളര്‍ ജോലി മാത്രമേ ചെയ്യൂവെന്ന് ശഠിക്കുന്ന വെള്ളക്കാര്‍ക്ക് മെക്‌സിക്കകാര്‍ ചെയ്യുന്ന അടിമപ്പണി ചെയ്യാനാകുമോയെന്നു ആരെങ്കിലും കരുതുന്നുണ്ടോ.

ട്രംപ് അധികാരത്തില്‍ വന്നതോടെ വംശീയ അധിക്ഷേപങ്ങളും അക്രമങ്ങളും കൂണുകള്‍പോലെ തലപൊക്കിത്തുടങ്ങി. കാമ്പസുകളിലും മറ്റും വംശയീധിക്ഷേപങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഭയം മൂലം പലരും പരാതിക്കു പോകാത്തതാണ് പല സംഭവങ്ങളും വെളിച്ചത്തു വരാത്തത്. ലൈബ്രറികളിലും മറ്റും പഠിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളോട് ചില വെള്ളക്കാര്‍ വിദ്യാര്‍ഥികള്‍ കൂട്ടമായി വന്നു ചോദിക്കും ഇനി നിങ്ങള്‍ക്ക്് രാജ്യം വിട്ടുപോയ്ക്കൂടെയെന്ന്. ആരുടെ രാജ്യം. ആരാണ് ഇവിടെ ഇമ്മിഗ്രന്റ് അല്ലാത്തവര്‍. ഈ 60 ശതമാനം വരുന്ന വെള്ളക്കാര്‍ മുതല്‍ കേവല ന്യൂനപക്ഷമായ ഇന്ത്യക്കാര്‍ വരെ എല്ലാവരും ഈ രാജ്യത്ത് ഒരുകാലത്ത് കുടിയേറിയവരാണ്. ഇവിടെ ആര് ആദ്യം കുടിയേറി എന്നതാണ് വിഷയം. അല്ലാതെ പൈതൃകംകൊണ്ട് അമേരിക്കക്കാര്‍ എന്ന് അവകാശപ്പെടാനുള്ളവര്‍ ഇന്നും കാട്ടില്‍ കഴിയുകയാണ്. സ്വന്തം രാജ്യത്തെ അവകാശം സ്ഥാപിക്കാന്‍ കഴിയാതെ വെള്ളക്കാരന്റെ തോക്കില്‍ മുനയ്ക്കു മുമ്പില്‍ രണ്ടു പതിറ്റാണ്ടുമുമ്പ് കാടുകയറിയ ഇവരെ അവര്‍ എല്ലാ വര്‍ഷവും ആദരിക്കുന്നു. 'താങ്ക്‌സ് ഗിവിംഗ്' എന്ന ടര്‍ക്കി ആഘോഷത്തിലൂടെ. കോടിക്കണക്കിനു റെഡ് ഇന്ത്യക്കാരെ അല്ലെങ്കില്‍ നേറ്റീവ് അമേരിക്കക്കാരെ കൊന്നൊടുക്കിയതിന്റെ അവിസ്മരണീയമായി താങ്ക്‌സ് ഗിവിംഗ് എന്ന പതിവ് ചടങ്ങിന് പങ്കാളികളാകുന്നു. യഥാര്‍ഥത്തില്‍ നമ്മളും അവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് ടര്‍ക്കി മുറിച്ച് ഛര്‍ദ്ദിക്കുന്നു. ഇനിയുള്ള ഇര നമ്മളാണ്. സൂക്ഷിക്കുക!

contact: fcthadathil@gmail.com. Ph: 973-518-34476
ഹെയ്റ്റ് ക്രൈം! ട്രംപിനു കൈയൊഴിയാനാകുമോ (ഫ്രാന്‍സിസ് തടത്തില്‍)ഹെയ്റ്റ് ക്രൈം! ട്രംപിനു കൈയൊഴിയാനാകുമോ (ഫ്രാന്‍സിസ് തടത്തില്‍)ഹെയ്റ്റ് ക്രൈം! ട്രംപിനു കൈയൊഴിയാനാകുമോ (ഫ്രാന്‍സിസ് തടത്തില്‍)ഹെയ്റ്റ് ക്രൈം! ട്രംപിനു കൈയൊഴിയാനാകുമോ (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക