Image

വിക്രമാദിത്യനും വേതാളവും (നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍- 7: ഫ്രാന്‍സിസ് തടത്തില്‍)

Published on 03 March, 2017
വിക്രമാദിത്യനും വേതാളവും (നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍- 7: ഫ്രാന്‍സിസ് തടത്തില്‍)

മുമ്പു സൂചിപ്പിച്ചതു പോലെ നവാബുമായുള്ള എന്റെ അഭിമുഖത്തിന്റെ എല്ലാ ദിവസങ്ങളിലും കലഹിച്ചാണ് അവസാനിപ്പിച്ചിരുന്നത് . വൈകിട്ട് അഞ്ചു മണിക്കു തുടങ്ങുന്ന മദ്യപാനം രാത്രി ഒന്‍പതു മണിയാകുമ്പോള്‍ അവസാനിക്കുന്നു ..ഒടുവില്‍ നവാബു പറയും ..ടാഡാ ..എന്നെയൊന്നു പ്രീമിയര്‍ ലോഡ്ജു വരെ കൊണ്ടാക്കിത്താ ..കൊതുമ്പു പോലുള്ള ആ മനുഷ്യനെ തോളിലേറ്റുന്നതാണെളുപ്പമെന്നതിനാല്‍ ഞാനപ്പോളദ്ദേഹത്തെ തോളിലേറ്റി ഒരു പോക്കാണ് ..പ്രീമിയര്‍ ലോഡ്ജിലേക്ക് ...പല ദിവസം ഇതാവര്‍ത്തിച്ചപ്പോള്‍ എന്റെ മാധ്യമ സുഹൃത്തുക്കളെന്നെ കളിയാക്കി തുടങ്ങി ..ദേ പോകുന്നു വിക്രമാദിത്യനും വേതാളവും ...അങ്ങനെ എനിക്കൊരു പേരും കിട്ടി..

നിയമയുദ്ധങ്ങളിലൂടെ പ്രശസ്തനായ അദ്ദേഹത്തിന്റെ ചെറുതെങ്കിലും കാലദൈര്‍ഘ്യമേറിയ ആദ്യകാല നിയമ പോരാട്ടങ്ങളിലൊന്ന് കരുണാകരന്റെ കുടുംബ സുഹൃത്തുക്കളായ കല്യാണ്‍ സില്‍ക്‌സിനെതിരെയായിരുന്നു . തൃശൂര്‍ എം.ഒ റോഡിലുള്ള ഒരു കടയുടെ നിര്‍മാണം ഒരടി ഫുട്പാത്തിലേക്കും രണ്ടടി പാരപ്പറ്റിനു മുകളില്‍ ആകാശത്തേക്കും നഗരസഭയെ സ്വാധീനിച്ചു നടത്തിയ നിര്‍മാണമാണ് നവാബിനെ ചൊടിപ്പിച്ചത് . ചെറുതായിരുന്നു അഴിമതിയെങ്കിലും അതു മതിയായിരുന്നു അവരെ വെള്ളം കുടിപ്പിക്കാന്‍ അദ്ദേഹത്തിന് . അതിനാല്‍ തന്നെ ആ കേസ് 25 ആണ്ടു നീണ്ടു . സുപ്രീം കോടതി വരെ പോയിട്ടേ അദ്ദേഹം അടങ്ങിയുള്ളു . അതും കല്യാണിന്റെ ആദ്യ പ്രസ്ഥാനത്തിനെതിരെ .. കുറച്ചൊന്നുമല്ല കല്യാണിനു നവാബുണ്ടാക്കിയ ക്ഷീണമേറ്റത് .

കേരള ഹൈക്കോടതിക്കു പുറമേ നവാബിന്റെ മുഖ്യ വ്യവഹാര കേന്ദ്രമായിരുന്നു തൃശൂര്‍ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ കോടതി . പലപ്പോഴും ഈ കോടതി നവാബിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണോ എന്നു തോന്നിയിട്ടുണ്ട് . വിജിലന്‍സ് കോടതിയില്‍ കേസുകള്‍ നടത്തിയിരുന്നത് പലപ്പോഴും സര്‍ക്കാരാണ് . എന്നാല്‍ വ്യക്തികള്‍ക്കും വിജിലന്‍സ് കോടതിയില്‍ കേസ് നടത്താമെന്ന് ആ പ്രഗത്ഭ നിയമപുസ്തകം തെളിയിച്ചു . മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ , നിരവധി ദേവസ്വം ബോര്‍ഡുകള്‍ , അഴിമതി വീരന്മാരായ നിരവധി രാഷ്ട്രീയ പ്രമുഖര്‍ , എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയെല്ലാം നവാബ് ആ കോടതി കയറ്റിച്ചു . എംഎല്‍എ ഫണ്ടുമായി ബന്ധപ്പെട്ട അഴിമതിയായിരുന്നു തേറമ്പിലിനെ കോടതി 
കയറ്റിത് .

ട്രെയിനിനകത്തും പുറത്തും പുകവലി നിരോധിച്ചു കൊണ്ടുള്ള കോടതി ഉത്തരവു സമ്പാദിച്ചതും നവാബ് രാജേന്ദ്രന്റെ നിയമയുദ്ധത്തിന്റെ മറ്റൊരധ്യായമാണ് . ഇതിന്റെ ചുവടു പിടിച്ചു കൊണ്ടാണ് പൊതുസ്ഥലത്ത് പുകവലി നിരോധിച്ചു കൊണ്ടുള്ള സുപ്രധാനമായ ഹൈക്കോടതി വിധി പിന്നീടുണ്ടായത് .

കാറ് പൊതുസ്ഥലമല്ലെന്നും കാറിലിരുന്നു മദ്യപിക്കുന്നത് കുറ്റകരമല്ലെന്നുമുള്ള വിചിത്രമായ കോടതി വിധി സംസ്ഥാന സര്‍ക്കാരിനെയും പോലീസിനേയും ഒരുപോലെ വെട്ടിലാക്കിയിരുന്നു. നവാബ് കൊണ്ടുവന്ന നിയമയുദ്ധമാണ് പോലീസിനെയും വെട്ടിലാക്കിയത്. 

അക്കഥ ഇങ്ങനെ
അമേരിക്കയിലെ സിലിക്കണ്‍ വാലിയിലെ പ്രമുഖ ഐടി കമ്പനിയുടമയായ ജി.എ.മേനോന്‍ എന്ന ശതകോടീശ്വരന്‍ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ ടൂണ്‍സ് ആനിമേഷന്‍ എന്ന കമ്പ്യൂട്ടര്‍ ആനിമേഷന്‍ കമ്പനി തുടങ്ങുന്നു . കോടിക്കണക്കിനു രൂപയുടെ മുതല്‍ മുടക്കില്‍ ആരംഭിച്ച കമ്പനിയുടെ ഔദ്യോഗിക ഉദ്ഘാടനം കെങ്കേമമാക്കാന്‍ ആഗോളതലത്തിലുള്ള നിരവധി ഐടി ഭീമന്‍മാരെയും വിദേശരാജ്യങ്ങളില്‍ നിന്നും രാഷ്ട്രീയ വ്യവസായ രംഗത്തെ പ്രമുഖരെയും ക്ഷണിച്ചു വരുത്തി . വി.വി.ഐ.പികളെ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനും ഹോട്ടല്‍മുറികളിലെത്തിക്കാനും നല്ലൊരു വാഹനം തന്നെ വേണമെന്ന് അദ്ദേഹം തീരുമാനിച്ചു . അതിനായി അമേരിക്കയില്‍ നിന്നു തന്നെ കാഡിലാകിന്റെ ഒരു സ്രെച്ച് ലിമോസിന്‍ ഇറക്കുമതി ചെയ്തു കാഡിലാകിന്റെ 27 അടി നീളമുള്ള നല്ല ഉശിരന്‍ ലിമോസിന്‍ !

കേരളത്തില്‍ ആദ്യമായി അവതരിച്ച ലിമോസിനേക്കുറിച്ച് പിറ്റേന്നത്തെ മനോരമയില്‍ സൂപ്പര്‍ ലീഡായി കളര്‍ഫുള്‍ സ്‌റ്റോറി..കളര്‍ഫുള്‍ എന്നാല്‍ എല്ലാ അര്‍ഥത്തിലും നിറം പിടിപ്പിച്ച വാര്‍ത്ത ..വാര്‍ത്തയില്‍ അതിശയോക്തി പടച്ചു വിടുകയെന്നത് മനോരമയുടെ സ്ഥിരം അഭ്യാസമാണല്ലോ . അമേരിക്കയിലാകമാനം ടാക്‌സിയായി കണക്കാക്കുന്ന ലിമോസിനെക്കുറിച്ച് മനോരമയില്‍ വന്ന വാര്‍ത്ത ഇങ്ങനെ

സഞ്ചരിക്കുന്ന നക്ഷത്ര ബാര്‍ തിരുവനന്തപുരത്ത്
കേരളത്തിലാദ്യമായി സഞ്ചരിക്കുന്ന ബാറുള്‍പ്പടെയുള്ള നക്ഷത്ര സൌകര്യങ്ങളോടു കൂടിയ ആഡംബരകാര്‍ ആയ അമേരിക്കന്‍ കാര്‍ കമ്പനി കാഡിലാക്കിന്റെ ലിമോസിനാണ് അനന്തപുരിയുടെ രാജവീഥിയിലൂടെ ഒഴുകി നടക്കുന്നത് . പ്രമുഖ ഐടി വ്യവസായി ജിഎ മേനോന്റെ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ടൂണ്‍സ് അനിമേഷന്‍ കമ്പനിയുടെ ഉദ്ഘാടനത്തിനായാണ് ഈ കാര്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്നത് . 27 അടി നീളമുള്ള കാറില്‍ അത്യാധുനിക ആഡംബര സൌകര്യങ്ങളാണുള്ളത് . സഞ്ചരിക്കുന്ന ബാര്‍, കോണ്‍ഫറന്‍സ് ഹാള്‍, പ്ലാസ്മ ടിവി, ഡിവിഡി , സാറ്റലൈറ്റ് ഫോണ്‍ തുടങ്ങിയ വിപുലമായ സൌകര്യങ്ങളുള്ള കാറില്‍ ഒരേസമയം പത്തു പന്ത്രണ്ടു പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. കേരളത്തിലെ നിരത്തുകളിലൂടെ ഇവന്‍ ഇനി രാജാവായി പറപറക്കും . ...ഇങ്ങനെ പോകുന്നു വാര്‍ത്ത. പോരേ പൂരം ! 

മനോരമ വാര്‍ത്തയിലെ ഒരു പോയിന്റ് സ്‌െ്രെടക്ക് ചെയ്ത നവാബ് അതേറ്റു പിടിച്ചു സഞ്ചരിക്കുന്ന ബാര്‍.. അതും ലൈസന്‍സ് ഇല്ലാതെ . ഉദ്ഘാടനത്തിന് ഇനി മൂന്നു ദിവസം മാത്രം ബാക്കി . ഇതിനകം നവാബിന്റെ കേസ് കോടതിയില്‍.. തിരുവനന്തപുരം നഗരത്തില്‍ അനധികൃതമായി സഞ്ചരിക്കുന്ന ബാര്‍. തുടര്‍ന്നുണ്ടായ കോടതി ഉത്തരവില്‍ ലിമോസിന്‍ പോലീസ് കസ്റ്റഡിയില്‍ . വിട്ടുകൊടുക്കാന്‍ തയാറായില്ല ജിഎ മേനോനെന്ന ശതകോടീശ്വരന്‍.. ഒറ്റ സിറ്റിങ്ങില്‍ അഞ്ചുലക്ഷം രൂപ വാങ്ങുന്ന സാക്ഷാല്‍ കപില്‍ സിബല്‍ തന്നെ  ഹൈക്കോടതിയില്‍ .. അപ്പീലിന് വിധി തലതിരിഞ്ഞു. കാര്‍ പൊതുസ്ഥലമല്ലെന്നും വീടുകള്‍ പോലെ സ്വകാര്യ സ്ഥലമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം . അതുകൊണ്ട് കാറില്‍ മദ്യപിക്കുന്നതു കുറ്റകരമല്ല . െ്രെഡവര്‍ മദ്യപിക്കാന്‍ പാടില്ല...ഇങ്ങനെയായിരുന്നു കോടതി വിധി ! 

തീര്‍ന്നില്ല പുകില്‍. ജി. എ മേനോന്റെ ലിമോസിന്‍ പിറ്റേദിവസം തന്നെ പുറത്തിറക്കി . തന്റെ വിഐപികളെയെല്ലാം ഈ ലിമോസിനില്‍ തന്നെ സ്വീകരിച്ചു കൊണ്ടു വന്നു . ഉദ്ഘാടനവും കെങ്കേമമാക്കി .

പക്ഷേ, അതിന്റെ ദുരന്തഫലം മറ്റൊന്നായിരുന്നു .പിറ്റേന്നു മുതല്‍ കേരളത്തിലെ നിരത്തുകളില്‍ പാര്‍ക്കു ചെയ്തിരുന്ന കാറുകളെല്ലാം ബാറുകളായി മാറി . പൊലീസുകാര്‍ക്കു പുല്ലുവില ! മലയാളികള്‍ സധൈര്യരം കാറുകളില്‍ പരസ്യ മദ്യപാനം പട്ടാപ്പകല്‍ തൊട്ടാരംഭിച്ചു . കോടതി വിധി പ്രകാരം പോലീസിനു കേസെടുക്കാനുമാവില്ല! ബാറുകളില്‍ കച്ചവടം കുറഞ്ഞു . മദ്യഷാപ്പുകളിലെ കച്ചവടം കൂടി . കേരളം മുഴുവനുമുള്ള സമസ്ത കാറുകളും ബാറുകളായി മാറിയപ്പോള്‍ സര്‍ക്കാരിനും പോലീസിനും ഇതു തെല്ലൊന്നുമല്ല തലവേദന സൃഷ്ടിച്ചത് . പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഈ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി . തുടര്‍ന്ന് ലഭിച്ച അനുകൂല വിധിയാണ് കേരളത്തിലെ കാറുകളെ ബാര്‍ രഹിതമാക്കി മാറ്റാനുതകിയത് . കാര്‍ സ്വകാര്യ സ്വത്താണെങ്കിലും പൊതുസ്ഥലത്ത് പാര്‍ക്കു ചെയ്തു മദ്യപിക്കുമ്പോള്‍ പരസ്യ മദ്യപാനമായി മാറുമെന്നായിരുന്നു സുപ്രീം കൊടതിയുടെ വിധി . ഇതിനിടെ തന്റെ അനിമേഷന്‍ കമ്പനിയിടെ ഉദ്ഘാടനവും നിര്‍വഹിച്ച് ഇറക്കുമതി ചെയ്ത ലിമോസിനുമായി ജി.എ. മേനോന്‍ അക്കര കടക്കുകയും ചെയ്തു .

കരുണാകരന്റെ തൃശൂരിലെ തോല്‍വി കണ്ടിട്ടേ അടങ്ങൂ എന്നു ശപഥം ചെയ്ത നവാബ്,  കരുണാകരന്‍ രാഹുകാലം നോക്കി പത്രിക സമര്‍പ്പിക്കാനിറങ്ങിയപ്പോള്‍ മുതല്‍ ശകുനം മുടക്കിയായി പിന്നാലെ കൂടി . പത്രിക സമര്‍പ്പണത്തിനായി നല്ല സമയം നോക്കി രാമനിലയത്തില്‍ നിന്നിറങ്ങിയ കരുണാകരനെ കാത്ത് ജില്ലാ കളക്ടറുടെ ചേംബറില്‍ നല്ലൊന്നാന്തരം ശകുനം തന്നെയായിരുന്നു ഉണ്ടായിരുന്നത് . കളക്റ്ററുടെ ഹാഫ്‌ഡോര്‍ തുറന്ന് വലതുകാല്‍ വച്ചു പ്രവേശിച്ചതും കരുണാകരന്റെ മുമ്പിലേക്ക് എവിടെയോ പതുങ്ങി നിന്നിരുന്ന നവാബ് വെളുക്കെ ചിരിച്ചു കൊണ്ട് ചാടി വീണു. ഒരു നിമിഷം മുന്നോട്ടു വച്ച കാല്‍ പിന്നോട്ടു വലിച്ച് ആ രാഷ്ട്രിയ കുലപതിയൊന്നിടറി . അന്നു പതറിയതാണ് സാക്ഷാല്‍ ലീഡര്‍ കരുണാകരന്‍. പിന്നീടത് തെരഞ്ഞെടുപ്പു പരാജയം രുചിക്കുവോളം തുടര്‍ന്നു . വോട്ടെണ്ണല്‍ ദിവസം വൈകിട്ട് ഒരു കുപ്പി റമ്മുമായി എന്റെ ഓഫീസിലെത്തിയ നവാബ് പിറ്റേന്നു നേരം പുലരുന്നതു വരെ ഒരു പോള ഇമ വെട്ടാതെ കരുണാകരന്റെ ലീഡ് നില നിരീക്ഷിച്ചു കൊണ്ടിരുന്നു . തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ തൃശൂര്‍ നഗരസഭ ഒഴികെ ആറിലും ഫലം പുറത്തായപ്പോള്‍ കരുണാകരനു നേരിയ ഭൂരിപക്ഷമുണ്ടായിരുന്നതു കൊണ്ട് കരുണാകരന്റെ ക്യാമ്പില്‍ ആശ്വാസമായെങ്കിലും നവാബിനുറപ്പായിരുന്നു ആ തോല്‍വി.

അപ്പോഴൊക്കെ വന്യമായൊരു ചിരി നവാബിന്റെ പുകക്കറ പിടിച്ച ചുണ്ടിലുണ്ടായിരുന്നു . ഒടുവില്‍ നവാബു വിചാരിച്ചിടത്തു തന്നെ കാര്യങ്ങളെത്തി . വെറും1900 വോട്ടിന് ആ രാഷ്ടീയ ചാണക്യന്‍
പരാജയം ഇരന്നു വാങ്ങി . തന്നെ പിന്നില്‍ നിന്നും കുത്തിയെന്നദ്ദേഹം കേരളക്കരയോടു വിളിച്ചു പറയാനിതിടയാക്കി . അതോടെ അതു വരെ കരുണാകരനോടൊപ്പമുണ്ടായിരുന്ന വെള്ള ഖാദികുപ്പായക്കാരില്‍ പലരെയും മഷിയിട്ടു നോക്കിയാല്‍ പോലും കാണാതായി . ഔദ്യോഗിക ഫലപ്രഖ്യാപനം വന്നതേ സ്വയം മറന്നോടി വന്ന് ഒരാരവത്തോടെ എന്നെ ആശ്‌ളേഷിച്ച നവാബ് ഭാരത് ഹോട്ടലിനു സമീപമുള്ള സിപിഐ ഓഫീസ് ലക്ഷ്യമാക്കിയൊരോട്ടം ...അവിടെ നിന്ന് ഓട്ടോ വിളിച്ച് രാമനിലയത്തിലേക്ക്.. ഗുരുവായൂരില്‍ നിന്ന് കരുണാകരന്‍ രാമനിലയത്തിലെ ഒന്നാം നമ്പര്‍ മുറിയിലെത്തുമ്പോള്‍ മുറിക്കു മുമ്പില്‍ ശകുനം മുടക്കിയായി കാത്തു നില്‍പ്പുണ്ടായിരുന്നു ആ പ്രതകാര ദാഹി ! ഒടിഞ്ഞു തൂങ്ങിയ മോണകള്‍ക്കിടയിലെ നീണ്ട പല്ലുകള്‍ പുറത്തു കാണിച്ച് വികൃതമായി അദ്ദേഹം വെളുക്കെ ചിരിക്കുമ്പോള്‍ കാല്‍ നൂറ്റാണ്ടു കാലത്തെ കാത്തിരിപ്പു സഫലമായതിന്റെ നിര്‍വൃതിയുണ്ടായിരുന്നു വന്യമായ ആ പുഞ്ചിരിയില്‍ ...

ഇതൊക്കെയാണെങ്കിലും അബദ്ധങ്ങളും പറ്റിയിട്ടുണ്ടീ ശല്യക്കാരനായ വ്യവഹാരിക്ക് ..ഒരിക്കല്‍ പാലക്കാട് ജില്ലാ കളക്റ്ററെ ഒരു കൂട്ടം നക്‌സല്‍ അനുഭാവികളായ ചെറുപ്പക്കാര്‍ ബോംബാണെന്നു പറഞ്ഞ് നൂലുണ്ടയും കഴുത്തില്‍ കെട്ടി കഴുത്തിനു പുറകില്‍ വെറും പേനയും പിടിച്ച് തോക്കാണെന്നും തെറ്റിദ്ധരിപ്പിച്ച് മണിക്കൂറുകളോളം മുള്‍മുനയില്‍ നിറുത്തി . തൃശൂരിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. കെ. ബി. വീരചന്ദ്ര മേനോന്‍ , നവാബ് രാജേന്ദ്രന്‍ , പത്രപ്രവര്‍ത്തകരായ ഫ്രാങ്കോലൂയീസ് , ജഗദീഷ് ബാബു തുടങ്ങിയവര്‍ മധ്യസ്ഥം വഹിക്കണമെന്നായിരുന്നു ഈ ചെറുപ്പക്കാരുടെ ആവശ്യം . ഒടുവില്‍ യുവാക്കളെ അറസ്റ്റു ചെയ്യുകയില്ല എന്ന വ്യവസ്ഥയിലാണ് കളക്റ്ററെ മോചിപ്പിച്ചത് .പിന്നീടാണറിയുന്നത് , എല്ലാം വ്യാജമായിരുന്നുവെന്ന് ..

ക്ലൈമാക്‌സ് ഇതല്ല , ഏതാനും ദിവസങ്ങള്‍ക്കു ശേഷം എലൈറ്റ് ബാറില്‍ മദ്യപിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടെ മദ്യപിക്കാനെത്തിയ ഏതാനും യുവാക്കളെ കണ്ട് നവാബിനൊരു സംശയം .. ഇവരാണ് കളക്റ്ററെ ബന്ദിയാക്കിയവര്‍ ..നവാബ് ഉടന്‍ തൃശൂര്‍ ഈസ്റ്റ് പോലീസില്‍ വിവരമറിയിച്ചു . ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പങ്കെടുത്ത ആളെന്ന നിലയില്‍ നവാബിനെ അവിശ്വസിക്കേണ്ടതില്ലല്ലോ . മിനിറ്റുകള്‍ക്കകം ഈസ്റ്റ് പോലീസ് യുവാക്കളെ പൊക്കി . കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നു തെളിഞ്ഞു . പാലാ സ്വദേശികളായ ഇവര്‍ പാലക്കാടു കണ്ടിട്ടു പോലുമില്ല ! തിരികെയെത്തിയ യുവാക്കള്‍ നവാബിനെ എടുത്തിട്ട് അടിയോടടി ! ഞാന്‍ നോക്കുമ്പോള്‍ വന്‍ജനക്കൂട്ടത്തിനിടയില്‍ നിലം തൊടാതെ നവാബിനെ അവര്‍ എടുത്തിട്ടു ചാര്‍ത്തുന്നു ! എന്നെ കണ്ടതും അവരുടെ പിടിയില്‍ നിന്ന് ഒരുവിധം കുതറി മാറി നവാബു പറഞ്ഞു പോലീസിനെ വിളിക്ക്, ഇവര്‍ മാഫിയ സംഘത്തില്‍ പെട്ടവരാണ് ..ആളുകളില്‍ നിന്നും ഒരു വിധം വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞിരുന്ന ഞാന്‍ ഒറ്റ മുങ്ങല്‍ ....!

കുറെക്കാലം നവാബിനെക്കുറിച്ച് ആര്‍ക്കുമൊരു വിവരവുമില്ലായിരുന്നു. നവാബിനെ ആരോ തട്ടിക്കൊണ്ടു പോയി അപായപ്പെടുത്തി എന്നു വരെ വാര്‍ത്ത പരന്നു . കാരണം , അത്രയേറെ ശത്രുക്കളെ സമ്പാദിച്ചിരുന്നല്ലോ അദ്ദേഹം . ഏതോ കേസിന്റെ ആവശ്യത്തിനായി ഒരിക്കല്‍ കോഴിക്കോട് പോയ നവാബ് ഒരു ദിവസം രാവിലെ ഉറക്കമുണര്‍ന്നില്ല . അബോധാവസ്ഥയിലായ നവാബിനെ ലോഡ്ജ് ഉടമകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റു ചെയ്തു . നിര്‍ജലീകരണവും പോഷകാഹാരക്കുറവും മൂലം അബോധാവസ്ഥയിലായതാണ് . അടിയന്തിരമായി പതിനേഴു കിലോ ശരീരഭാരം കൂടണം . ഇല്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകും . ആശുപത്രിക്കാര്‍ ആളറിയാതെ നവാബിന്റെ മീശയും താടിയുമൊക്കെ വടിച്ചു കളഞ്ഞു. മീശയും താടിയുമില്ലാത്ത നവാബിനെ ആരറിയാന്‍! മൂന്നുമാസക്കാലത്തോളമാണ് പരാശ്രയമില്ലാതെ അവിടെ നവാബ് കഴിഞ്ഞത്. അപ്പോഴേക്കും അവിടെത്തിയ ആരോ ഒരാള്‍ നവാബിനെ തിരിച്ചറിഞ്ഞ് അദ്ദേഹത്തിന് തൃശൂര്‍ ഭാരത് ഹോട്ടലുമായുള്ള ബന്ധം മനസിലാക്കി ഹോട്ടലുടമകളിലൊരാളായ കൊച്ചനുജന്‍ ചേട്ടനെ ബന്ധപ്പെട്ട് നവാബ് ഇവിടെ ഇത്തരമൊരവസ്ഥയില്‍ കഴിയുന്ന വിവരമറിയിച്ചു . കൊച്ചനുജന്‍ ചേട്ടന്‍ കോഴിക്കോടു പോയി നവാബിനെ തൃശൂര്‍ക്കു കൂട്ടിക്കൊണ്ടു വന്നു . ഹോട്ടലില്‍ മൂന്നു നേരം പ്രത്യേക ആഹാരം നല്‍കി ശരീരം പുഷ്ടിപ്പെടുത്തി . നവാബല്ലേ ആള് .. എഴുന്നേറ്റു നടക്കാറായപ്പോഴേക്കും അദ്ദേഹം വീണ്ടും തന്റെ നിയമാശ്വമേധം തുടര്‍ന്നു !

പിന്നീടു കുറെക്കാലം അദ്ദേഹത്തിന്റെ ഇടത്താവളം എറണാകുളമായിരുന്നു. ഇതിനിടെ റോട്ടറി ക്ലബ്ബിന്റെ മാനവസേവാ പുരസ്കാരം നവാബിനെ തേടിയെത്തി . രണ്ടുലക്ഷം രൂപയോളമായിരുന്നു പുരസ്കാരത്തുക . ആ തുകയില്‍ നിന്ന് ആയിരം രൂപ മാത്രമെടുത്ത് ബാക്കി തുക എറണാകുളം ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിയുടെ വികസനത്തിനായി നല്‍കി . ആ തുക ഇന്നും ചുവപ്പു നാടയില്‍ കുരുങ്ങിക്കിടക്കുന്നു എന്നാണറിവ് .

ക്യാന്‍സറെന്ന രോഗം നവാബിനെ എല്ലാ അര്‍ഥത്തിലും കാര്‍ന്നു തിന്നു തുടങ്ങി. ഇഷ്ടശീലങ്ങളെല്ലാം അവസാനിപ്പിക്കാനദ്ദേഹം നിര്‍ബന്ധിതനായി . പുകവലിയും മദ്യപാനവും പാടേ ഉപേക്ഷിച്ചു . ശ്വാസകോശത്തിലെ ക്യാന്‍സറായിരുന്നു വില്ലന്‍ .. പക്ഷേ , കതിരില്‍ വളം വച്ചിട്ടെന്തു കാര്യം ? ആയുസ് അധികകാലമുണ്ടാകില്ലെന്നു ബോധ്യമായ നവാബ് താന്‍ മരിച്ചാല്‍ തന്റെ ശരീരം മെഡിക്കല്‍ കോളെജ് വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ വിട്ടു നല്‍കണമെന്ന് വില്‍ എഴുതി വച്ചു . അധികം താമസിയാതെ 2011ല്‍ തന്റെ 55ാമത്തെ വയസില്‍ നവാബ് രാജേന്ദ്രനെന്ന കരുത്തുറ്റ പോരാളി തന്റെ പടയോട്ടം പൂര്‍ത്തിയാക്കി . വില്‍പ്രകാരം മൃതദേഹം മെഡിക്കല്‍ കോളെജ് വിദ്യാര്‍ഥികള്‍ക്കു വിട്ടു നല്‍കി . എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ തന്നെയായിരുന്നു നവാബിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നതെന്നത് ഒരു ചരിത്ര നിയോഗമാകാം .. ഏതാനും ദിവസങ്ങള്‍ക്കു ശേഷം വന്ന പത്രവാര്‍ത്ത ഇങ്ങനെയായിരുന്നു ...നവാബ് രാജേന്ദ്രന്റെ മൃതദേഹത്തിന്റെ കാല്‍ എലി കരണ്ടു തിന്നു ...! നോക്കണേ മോര്‍ച്ചറി നവീകരണത്തിനായി ജീവിതത്തിലാദ്യമായും അവസാനമായും ലഭിച്ച സമ്പാദ്യം മുഴുവന്‍ സംഭാവന ചെയ്ത ഒരു മനുഷ്യ സ്‌നേഹിയുടെ ഗതികേട് ! അങ്ങനെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരായ സംഭവബഹുലമായ ആ പോരാട്ടത്തിന്റെ അധ്യായത്തിനു തിരശീല വീണു .
വിക്രമാദിത്യനും വേതാളവും (നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍- 7: ഫ്രാന്‍സിസ് തടത്തില്‍)വിക്രമാദിത്യനും വേതാളവും (നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍- 7: ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക