Image

മൈക്ക് പെന്‍സ് ഗവര്‍ണറായിരിക്കെ സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചതായി ആരോപണം

ഏബ്രഹാം തോമസ് Published on 04 March, 2017
മൈക്ക് പെന്‍സ് ഗവര്‍ണറായിരിക്കെ സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചതായി ആരോപണം
യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഇന്‍ഡ്യാന ഗവര്‍ണറായിരുന്നപ്പോള്‍ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് എഒഎല്‍ ഇമെയില്‍ (സ്വകാര്യ) ഐഡിയാണ് ഉപയോഗിച്ചിരുന്നതെന്ന് ആരോപണം. വാര്‍ത്താ വിനിമയത്തിന്റെ സുരക്ഷ പ്രത്യേകിച്ച് വിവരങ്ങളുടെ രഹസ്യ സ്വഭാവം സൂക്ഷിക്കുവാന്‍ ഇത് മൂലം സാധിച്ചിട്ടുണ്ടോ എന്നും സംശയം ഉയര്‍ന്നിരിക്കുന്നു. ഈ ഇമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് പെന്‍സ് ഗവര്‍ണറുടെ വസതിയുടെ സുരക്ഷാ ഗേറ്റുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിരുന്നതായി ദ ഇന്‍ഡ്യാന പൊലീസ് സ്റ്റാറാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്.

സ്വകാര്യ ഇമെയില്‍ ഉപയോഗിച്ച് പെന്‍സ് ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹി ച്ചിരുന്നത് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലറി ക്ലിന്റണ്‍ ചെയ്തതുപോലെയാണെന്ന് വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ഹിലറി സ്വകാര്യ അക്കൗണ്ടും സ്വകാര്യ സെര്‍വറും ഉപയോഗിച്ചാണ് ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. 33,000 ലധികം ഇമെയിലുകള്‍ നശിപ്പിച്ചു കളഞ്ഞു. പെന്‍സിന്റെ സ്വകാര്യ ഇമെയില്‍ ഉപയോഗവുമായി താരതമ്യം ചെയ്യാനാവില്ല എന്ന് പെന്‍സിന്റെ വക്താവ് മാര്‍ക് ലോറ്റര്‍ ദ സ്റ്റാറിനോട് പറഞ്ഞു.

2013 ലാണ് പെന്‍സ് ഇന്‍ഡ്യാനയുടെ ഗവര്‍ണറായി സ്ഥാനമേറ്റത്. അന്നു മുതല്‍ സ്വകാര്യ ഇമെയിലാണ് ഉപയോഗിച്ചത് എന്നാണ് ആരോപണം. പല ഇമെയില്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതുപോലെ പെന്‍സിന്റെ അക്കൗണ്ടും ഹാക്ക് ചെയ്തു. സാധാരണ ചെയ്യാറുള്ളതുപോലെ പെന്‍സിന്റെ പേരില്‍ താനും കുടുംബവും വിദേശ തട്ടിപ്പിനിരയായി. പണമില്ല. സാമ്പത്തിക സഹായം ഉടനെ എത്തിക്കണം എന്നഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കള്‍ക്കെല്ലാം ഇമെയില്‍ അയച്ചു. വിവരം അറിഞ്ഞപ്പോള്‍ പെന്‍സ് ഇമെയില്‍ അക്കൗണ്ട് ക്ലോസ് ചെയ്തു പുതിയ അക്കൗണ്ട് തുറന്നു.

ഗവര്‍ണറായിരിക്കുമ്പോള്‍ പെന്‍സ് ഫെഡറല്‍ രഹസ്യ രേഖകള്‍ കൈകാര്യം ചെയ്തില്ല എന്നും ലോറ്റര്‍ വിശദീകരിച്ചു. ഇന്‍ഡ്യാനയുടെ ഇപ്പോഴത്തെ ഗവര്‍ണണര്‍ എറിക് ഹോള്‍കോമ്പ് പെന്‍സിന്റെ ഇമെയിലുകളുടെ 30 പേജ് ദ സ്റ്റാര്‍ ആവശ്യപ്പെട്ടതനുസരിച്ച് പുറത്തുവിട്ടു. മറ്റ് ഇമെയിലുകള്‍ ക്ലാസിഫൈഡാണ്. അതിനാല്‍ പ്രസിദ്ധപ്പെടുത്താനാവില്ല എന്ന് ഗവര്‍ണറുടെ ഓഫീസ് പറഞ്ഞു.

സ്വകാര്യ ഇമെയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനം വീണ്ടും ഉയര്‍ന്നിട്ടുണ്ട്. സചേതനമായ വിവരം അര്‍ഹിക്കുന്ന തരത്തില്‍ സംരക്ഷിക്കുന്നുണ്ടോ എന്ന ചോദ്യം ഗൗരവപൂര്‍വ്വം പലരും ഉന്നയിക്കുന്നു. സ്വകാര്യ ഇമെയില്‍ അക്കൗണ്ടുകള്‍ ഗവണ്‍മെന്റ് അക്കൗണ്ടുകളുടെയത്രയും സുരക്ഷിതമല്ല എന്ന വാദവും ഉയരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക