Image

ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ ഒബാമ ഖേദം രേഖപ്പെടുത്തി; യുഎസിലെ തൊഴിലില്ലായ്മാ നിരക്ക് നാലുവര്‍ഷത്തെ കുറഞ്ഞ നിരക്കില്‍

Published on 23 February, 2012
ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ ഒബാമ ഖേദം രേഖപ്പെടുത്തി; യുഎസിലെ തൊഴിലില്ലായ്മാ നിരക്ക് നാലുവര്‍ഷത്തെ കുറഞ്ഞ നിരക്കില്‍
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ നാറ്റോ സൈനിക ആസ്ഥാനത്തു ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഖേദം രേഖപ്പെടുത്തി. സംഭവത്തില്‍ അഫ്ഗാന്‍ ജനതയോട മാപ്പു ചോദിക്കുന്നുവെന്നും അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിക്ക് അയച്ച കത്തില്‍ ഒബാമ വ്യക്തമാക്കി. സംഴവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്‌ടെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഒബാമ ഉറപ്പു നല്‍കി.

ഖുര്‍ആന്‍ കത്തിച്ചതിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ അഫ്ഗാനില്‍ അഞ്ചു പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ യുഎസ് ഭരണകൂടവും അഫ്ഗാനിലെ നാറ്റോ സേനാ തലവനും ക്ഷമാപണം നടത്തിയെങ്കിലും പ്രതിഷേധം പൂര്‍ണമായും ശമിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒബാമ തന്നെ നേരിട്ട് ക്ഷമാപണം നടത്തിയത്.

ബാഗ്രാം വ്യോമസേനാ താവളത്തില്‍ നിന്ന് ഉപയോഗശൂന്യമായ വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെ അഫ്ഗാന്‍ തൊഴിലാളികളാണ് ഖുര്‍ആന്‍ കോപ്പികള്‍ അഗ്നിക്കിരയാക്കിയതിന്റെ അവശിഷ്ടങ്ങള്‍ കണെ്ടത്തിയത്. തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ പ്രതിഷേധം കത്തിപ്പടരുകയായിരുന്നു.

യുഎസിലെ തൊഴിലില്ലായ്മാ നിരക്ക് നാലുവര്‍ഷത്തെ കുറഞ്ഞ നിരക്കില്‍

വാഷിംഗ്ടണ്‍: യുഎസിലെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഫെബ്രുവരി 18ന് അവസാനിച്ച ആഴ്ചയില്‍ തൊഴിലില്ലായ്മാ ആനുകൂല്യത്തിനായി അപേക്ഷിച്ചവരുടെ എണ്ണം 3,51000 ആയി തുടര്‍ന്നു. 2008 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ 48 സംസ്ഥാനങ്ങളില്‍ തൊഴിലില്ലായ്മാ ആനുകൂല്യത്തിന് അപേക്ഷിച്ചവരുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ അഞ്ചിടത്ത് വര്‍ധന രേഖപ്പെടുത്തി. തുടര്‍ച്ചയായി നാലാം ആഴ്ചയാണ് തൊഴിലില്ലായ്മാ നിരക്കില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.

ഇന്ത്യയിലെ കോള്‍ സെന്റര്‍ വഴി തട്ടിപ്പ്; എഫ്ടിസി നടപടി തുടങ്ങി

വാഷിംഗ്ടണ്‍: വായ്പ വാങ്ങിയ അമേരിക്കക്കാരെ കോള്‍ സെന്റര്‍ വഴി ഭീഷണിപ്പെടുത്തി 50 ലക്ഷം യുഎസ് ഡോളര്‍ (24 കോടി രൂപ) കൈക്കലാക്കിയ സംഭവത്തില്‍ ഇന്ത്യക്കാരന്റെ സഹ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ യുഎസിലെ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (എഫ്ടിസി) നടപടി തുടങ്ങി. ഇന്ത്യക്കാരനായ വരാഗ് താക്കറിന്റെ ഉടമസ്ഥതയിലുള്ള എബീസ് എല്‍ഐസി ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കാലിഫോര്‍ണിയയിലെ ക്രെഡിറ്റ് കമ്പനി എന്നിവയ്‌ക്കെതിരെയാണ് എഫ്ടിസി നടപടിയെടുക്കുന്നത്.
കമ്പനിയുടെ ഇന്ത്യയിലെ കോള്‍ സെന്റര്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്. 10000ത്തോളം പേര്‍ തട്ടിപ്പിനിരയായിട്ടുണ്‌ടെന്നാണ്് കരുതുന്നത്.

വിവിധ സ്ഥാപനങ്ങളില്‍നിന്ന് വായ്പ വാങ്ങിയവരെക്കുറിച്ചുള്ള ഓണ്‍ലൈന്‍ വിവരങ്ങള്‍ ചോര്‍ത്തിയാണിവര്‍ തട്ടിപ്പു നടത്തിയത്. കടം തിരിച്ചു പിടിക്കാന്‍ നിയോഗിക്കപ്പെട്ട ഏജന്‍സിയില്‍ നിന്നാണെന്നു പറഞ്ഞ് ഇവര്‍ ഉപഭോക്താക്കള്‍ക്ക് ഫോണ്‍ ചെയ്തു. ഭീഷണിയും വ്യാജ വാഗ്ദാനങ്ങളും വഴിയാണ് കോള്‍സെന്ററുകാര്‍ ഉപഭോക്താക്കളെ സ്വാധീനിച്ചത്. 2010 ജനവരി മുതല്‍ രണ്ട് കോടിയോളം ഫോണ്‍ വിളികള്‍ ഇന്ത്യയിലെ കോള്‍ സെന്ററുകളില്‍ നിന്ന് വന്നിരുന്നെന്നും 300 ഡോളര്‍ മുതല്‍ 2000 ഡോളര്‍ വരെ ഇവര്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നെന്നും എഫ്ടിസി അധികൃതര്‍ അറിയിച്ചു. പലരില്‍ നിന്നും ഓണ്‍ലൈന്‍വഴിതന്നെ പണം ഈടാക്കുകയും ചെയ്തു.

യുഎസ് കോണ്‍ഗ്രസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച കത്തില്‍ പൊടി

വാഷിംഗ്ടണ്‍: യുഎസ് കോണ്‍ഗ്രസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച കത്തില്‍ സംശയകരമായ പൊടി കണ്‌ടെത്തി. ഇതേത്തുടര്‍ന്നു മറ്റ് ഉദ്യോഗസ്ഥര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി. കത്തു ലഭിച്ച ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സെനറ്റ് സെര്‍ജന്റ്് ടെറി ഗെയ്‌നര്‍ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പൊടി അപകടകരമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ കത്തുകളില്‍ ഇത്തരം പൊടി കാണാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ക്യാപിറ്റോളില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട മൊറോക്കന്‍ പൗരനെ എഫ്ബിഐ അറസ്റ്റ് ചെയ്തിരുന്നു.

ഭൂമിയുടെ തൊട്ടടുത്ത് നിറയെ വെള്ളവുമായി ഒരു ഗ്രഹമുണ്‌ടെന്ന് നാസ

വാഷിംഗ്ടണ്‍: ഭൂരിഭാഗവും വെള്ളം നിറഞ്ഞ ഒരുഗ്രഹം കണ്‌ടെത്തിയതായി നാസ വെളിപ്പെടുത്തി. ഭൂമിയില്‍ നിന്നു 40 പ്രകാശവര്‍ഷം അകലെ കണ്‌ടെത്തിയ ഈ ഗ്രഹത്തിനു ജി.ജെ. 1214-ബി എന്നാണു പേരിട്ടിരിക്കുന്നത്. ഹാര്‍വാര്‍ഡ്‌സ്മിത്‌സോണിയന്‍ സെന്റര്‍ ഫോര്‍ അസ്‌ട്രോഫിസിക്‌സിലെ സക്കറി ബെര്‍ടയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹബിള്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെ ഈ ഗ്രഹത്തെ കണെ്ടത്തിയത്.2009ലായിരുന്നു കണ്‌ടെത്തലെങ്കിലും അതിന്റെ അന്തരീക്ഷവും മറ്റും തിരിച്ചറിയുന്നത് ഇപ്പോഴാണ്. സൗരയൂഥത്തില്‍ നിന്ന് 40 പ്രകാശവര്‍ഷം അകലെയാണ് ഈ ഗ്രഹത്തെ കണ്‌ടെത്തിയിരിക്കുന്നത്. മറ്റു പലഗ്രഹങ്ങളെ അപേക്ഷിച്ച് അടുത്താണ് ഈ ഗ്രഹമെന്നു കരുതപ്പെടുന്നു. ഭൂമിയുടെ 2.6 ഇരട്ടി വലിപ്പമുള്ള ഈ ഗ്രഹം യുറാനസിനേക്കാള്‍ ചെറുതാണ്. ഭൂമിയേക്കാള്‍ ഏഴിരട്ടി ഭാരം. ഒരു ചുവന്ന കുള്ളന്‍ നക്ഷത്രത്തെ 38 മണിക്കൂര്‍ കൊണ്ട് വലംവയ്ക്കുന്ന ഈ ഗ്രഹത്തില്‍ 230 ഡിഗ്രി ചൂടാണ് അന്തരീക്ഷത്തിനെന്നു കരുതുന്നു.

അര്‍ബുദത്തിനുള്ള മരുന്ന് യുഎസ് ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യും

വാഷിംഗ്ടണ്‍: അര്‍ബുദത്തിനുള്ള മരുന്ന് ഇന്ത്യയില്‍നിന്ന് അമേരിക്ക ഇറക്കുമതി ചെയ്യും. അണ്ഡാശയ അര്‍ബുദം, മജ്ജയ്ക്കുണ്ടാകുന്ന അര്‍ബുദം, എയ്ഡ്‌സുമായി ബന്ധപ്പെട്ട ചര്‍മാര്‍ബുദം എന്നിവയ്ക്കുള്ള മരുന്നാണ് ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുക. ഇതിനായി അമേരിക്കയിലെ ഫെഡറല്‍ ഡ്രഗ് അഡ്മിനിസ്‌ട്രേഷനും സണ്‍ ഫാര്‍മ ഗ്ലോബല്‍ എഫ്.ഇസഡ്.ഇയും തമ്മില്‍ ധാരണയിലെത്തി.

ഡോക്‌സില്‍ എന്ന മരുന്നിനു പകരമായി ലിപോഡോക്‌സ് എന്ന മരുന്നാണ് ഇന്ത്യയില്‍നിന്നു വാങ്ങുന്നത്. ഗുജറാത്തിലെ ഹാലോളില്‍ ആയിരിക്കും അമേരിക്കയിലേക്കു വേണ്ട മരുന്ന് സണ്‍ ഫാര്‍മ ഉല്‍പാദിപ്പിക്കുക.
ഡോക്‌സില്‍ മരുന്നിന് അമേരിക്കയില്‍ വന്‍തോതില്‍ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണു ഫെഡറല്‍ ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മരുന്ന് ഇറക്കുമതിക്കു തയാറായത്.

ഒബാമ ഗായകനായി; സദസ് ഇളകി മറിഞ്ഞു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഒരിക്കല്‍ക്കൂടി തന്റെയുള്ളിലെ ഗായകനെ പുറത്തെടുത്തു. വൈറ്റ് ഹൗസില്‍ അരങ്ങേറിയ അമേരിക്കന്‍ കലാസംഗീത സദസിനിടെയായിരുന്നു മുന്‍കൂട്ടി തയാറെടുക്കാതെ ഒബാമ പാട്ടുപാടിയത്. ഇതിഹാസ ഗായകന്‍ ബി.ബി. കിംഗിനൊപ്പം അദ്ദേഹം വരികള്‍ മൂളി. ഒബാമയും ഭാര്യ മിഷേലുമാണ് കലാസംഗീത പരിപാടിക്ക് ആതിഥ്യമരുളിയത്. കലാകാരന്‍മാരുടെ സാന്നിധ്യം ആരാധകനെന്ന നിലയില്‍ മാത്രമല്ല, പ്രസിഡന്റെന്ന നിലയിലും തനിക്ക് അഭിമാനം പകരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഡ്ഡി ഗേ, റോളിംഗ് സ്റ്റോണ്‍സിലെ മുന്‍നിര ഗായകന്‍ മിക് ജാഗര്‍ തുടങ്ങിയ കലാകാരന്‍മാരും സംഗീത സദസില്‍ പങ്കെടുത്തു. പരിപാടി അടുത്തയാഴ്ച യുഎസ് പബ്ലിക് ടെലിവിഷന്‍ സംപ്രേഷണം ചെയ്യും. കഴിഞ്ഞമാസം ഒരു പ്രചാരണ പരിപാടിക്കിടെയും ഒബാമ പാടിയിരുന്നു. യൂടൂബില്‍ പോസ്റ്റ് ചെയ്ത ഗാനരംഗം നിരവധിപ്പേര്‍ കാണുകയുണ്ടായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക