Image

അഴിമതി (ലേഖനം: തോമസ് കുളത്തൂര്‍)

Published on 05 March, 2017
അഴിമതി (ലേഖനം: തോമസ് കുളത്തൂര്‍)
ഓരോ ദിവസം അഴിമതികളുടേയും അന്യായത്തിന്റേയും കഥകള്‍ ചുരുളഴിയുമ്പോള്‍ ഓര്‍ത്തു പോവുകയാണ്,ഈ സമൂഹം കെട്ടിപ്പടുത്തിരിക്കുന്നത് ഒരു പടു ചേറ്റിലാണല്ലോ, എന്ന്.സമൂഹത്തിന്റെ ഉന്നതസ്ഥാനങ്ങള്‍ കയ്യാളിയിരിക്കുന്ന,മഹാന്മാരെന്നും വിശുദ്ധന്മാരെന്നും,നാം ധരിച്ചിരുന്ന പലരും,മുഖം മൂടിയണിഞ്ഞ തസ്കരന്മാരും പിശാചുക്കളുമായിരുന്നു,എന്ന് അറിയാന്‍ വൈകിപ്പോകുന്നു. മോഹിനിവേഷം ധരിച്ച കാളസര്‍പ്പങ്ങള്‍,തലമുറകളിലൂടെ,സമൂഹത്തില്‍ വിഷം കലര്‍ത്തുകയായിരുന്നു. സമൂഹത്തെ വിഷലിപ്തമാക്കാന്‍,മതങ്ങള്‍ അവരുടെ പങ്കും വഹിക്കുന്നു.സനാതന ധര്‍മ്മങ്ങളും സുവിശേഷവും കൊണ്ട് സമൂഹത്തെ ഒരു സ്വര്‍ഗ്ഗമാക്കുന്നതിനുപകരം,അന്യായത്തില്‍ ജയം നേടാന്‍ അന്യോന്യം മത്സരിക്കുകയാണ്.എല്ലാ രാഷ്ട്രീയമതസാമുദായിക വിഭാഗങ്ങള്‍ക്കും ഒരേ മുദ്രാവാക്യം.യോജിപ്പും അതില്‍ മാത്രം.”ദീപസ്തംഭം മഹാശ്ചര്യം,” നമുക്കും കിട്ടണം പണം.

മനുഷ്യന്‍ മൃഗത്തെപ്പോലെ വെറുതെ ജീവിച്ച്, ജീവിതം തീര്‍ക്കുന്നത് അവസാനിപ്പിക്കണം.ചിന്തിക്കണം,അന്വേഷിക്കണം,പ്രതികരിക്കണം,അന്യോന്യവും ലോകത്തേയും സ്‌നേഹിക്കണം,ജീവിതം ആസ്വദിക്കണം.ഇതിനൊക്കെ വിലങ്ങു തടിയാകുന്നതിനെ ശക്തിയുക്തം എതിര്‍ക്കണം.സ്വാര്‍ത്ഥത വെടിഞ്ഞ്,പൊതു നന്മ എന്ന ആശയത്തിന് പ്രാധാന്യം കൊടുക്കണം.അല്ലെങ്കില്‍ മതവും രാഷ്ട്രീയവും,”മയക്കുമരുന്നായി “രൂപം പ്രാപിക്കും.മനുഷ്യനെ അടിമകളാക്കി ഉപയോഗിക്കും.വ്യക്തിത്വം നഷ്ടപ്പെട്ട് അടിമകളായി ജീവിക്കുന്നതില്‍ ഭേദം മരണമാണ്.ലക്ഷങ്ങളും കോടികളുമല്ല ജീവിതോദ്ദേശമാക്കേണ്ടത്.അവയില്‍ കൂടുതലും “സീറോകളാണ”്.വെറും വട്ടപൂജ്യങ്ങള്‍.ഒരിടത്തു നിന്നു തുടങ്ങി വീണ്ടും അവിടെത്തന്നെ എത്തുന്ന വളഞ്ഞ വര.

കേരളത്തിലേക്ക് പോകാം.തിരുവനന്തപുരത്തെ നിയമഅക്കാഡമിയുടെ ആരംഭം മുതലുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് അഴിമതിയുടെ ആഴത്തിലേക്ക് എത്തിനോക്കാന്‍ സാധിച്ചത്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള വന്‍ തട്ടിപ്പിന്റേയും അധാര്‍മ്മികതയുടേയും കബന്ധങ്ങള്‍ പ്രത്യക്ഷപ്പെട്ടു.അര്‍ഹതപ്പെട്ടവരെ നിരാകരിച്ചുകൊണ്ടു നടന്ന ഭൂമി തട്ടിപ്പു മുതല്‍ ആരംഭിച്ച രാഷ്ട്രീയ അഴിമതികള്‍,രേഖകള്‍ വ്യക്തമല്ലാത്ത “ലോ കോളേജ് “അതോ ലോ അക്കാഡമിയോ സ്ഥാപിച്ചതും,ബിരുദ വില്പനയും,വിദ്യാര്‍ത്ഥി പീഢനവും വരെ എത്തിനില്‍ക്കുന്നു.ഭൂമി തട്ടിപ്പിന്റെ ആരംഭം കുറിച്ചത് 1957-59 കാലഘട്ടത്തിലായിരുന്നുവത്രേ.പല നല്ല കാര്യങ്ങള്‍ക്കുതുടക്കം കുറിച്ച കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ എം.എന്‍ ഗോവിന്ദന്‍ നായര്‍ക്ക്,ഇന്നീ കോളേജിന്റെ ഉടമയായ നാരായണന്‍ നായരുമായുണ്ടായിരുന്ന സൗഹൃദം ആയിരുന്നിരിക്കാം ഇങ്ങനെയൊരു നീക്കത്തിന് കാരണമായത്.ഈ ലോ അക്കാഡമിയില്‍ നിന്ന് ബിരുദം സമ്പാദിച്ച പലരും ഇന്ന് കോടതികളിലും ഗവണ്‍മെന്റ് ഉദ്യോഗങ്ങളിലും ന്യൂസ് മീഡിയകളിലും കൂടാതെ രാഷ്ടീയ നേതാക്കന്മാരായും പ്രവര്‍ത്തിക്കുന്നു.പലര്‍ക്കും യാതൊരു മാനദണ്ഡവും നോക്കാതെയും ചിലര്‍ക്ക് ഹാജറും പരീക്ഷയും കൂടാതെയും ബിരുദം നല്‍കിയതായി പറയപ്പെടുന്നു.രാഷ്ട്രീയ പാര്‍ട്ടി ഭേദമെന്യേ പലരും ഈ ഔദാര്യം അനുഭവിക്കുന്നു.അതിനു പ്രത്യുപകാരവും അവര്‍ ചെയ്തുകൊണ്ടിരിക്കയാവാം.അങ്ങനെ ആരോപണങ്ങള്‍ തമസ്കരിക്കപ്പെടുന്നതിനാല്‍ അഴിമതിയും അഹങ്കാരവും വര്‍ദ്ധിക്കും.അതിനു തെളിവാണല്ലോ,തലസ്ഥാനത്ത്,ഗവണ്മെന്റ് സ്ഥാപനങ്ങളുടെ മൂക്കിനു താഴെ നടന്നുകൊണ്ടിരുന്ന അഴിമതികളുടെ നേരെയുള്ള ബധിരത.ഇതേ സമയം പാവപ്പെട്ട വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവത്രേ.ഈ രീതിയില്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം എവിടേക്കു പോകും?സമൂഹത്തിന് വളര്‍ച്ചയോ,തളര്‍ച്ചയോ,എന്തായിരിക്കും ഇത്തരം സ്ഥാപനങ്ങള്‍ നേടിത്തരുക?ഇതിനോടകം എത്രയോ ഗവണ്മെന്റുകള്‍ നിലവില്‍ വന്നു.ആര്‍ക്കും ഇതൊന്നും കാണാനോ തിരുത്താനോ കണ്ണും കയ്യും ഇല്ലാതെ പോയി.ഇപ്പോഴത്തെ ഗവണ്മെന്റില്‍ ചില പ്രതീക്ഷകളുണ്ടായിരുന്നതും നഷ്ടപ്പെടുകയാണോ? ഈ ദുഷിച്ച പിടിപാടുകളുടെ കെട്ടുകള്‍ പൊട്ടിയ്ക്കാന്‍ ഒരു പ്രത്യയ ശാസ്ത്രത്തിനും കെല്പില്ലേ എന്ന് ചോദിച്ചു പോകുകയാണ്.

എവിടെ നിന്ന് സഹായം കിട്ടുമെന്നറിയാതെ സാധാരണ ജനങ്ങള്‍ അന്ധാളിപ്പിലാണ്. ഇനി ഈശ്വരനോടു സങ്കടമുണര്‍ത്തിക്കാമെന്നു വിചാരിച്ചാല്‍, മദ്ധ്യസ്ഥന്മാരില്‍ പലരും രാഷ്ട്രീയക്കാരുമായി അഴിമതി പങ്കുവെയ്ക്കുന്നതില്‍ അന്യോന്യം മത്സരിക്കുകയാണ്.മാനേജുമെന്റുകള്‍ നടത്തുന്ന വിദ്യാഭ്യാസ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ ഉദാഹരണങ്ങളായി നില്‍ക്കുന്നു.പല പേരുകളില്‍ കോഴയും അപഹരണവും നടക്കുന്നു.പൊതുജനത്തിന്റെ നിസ്സഹായതയും അറിവില്ലായ്മയും അവര്‍ ഒന്നിച്ചു നിന്ന് മുതലെടുക്കുന്നു.ദേവസ്വം ബോര്‍ഡും ചില ശാന്തിക്കാരും ഉള്‍പ്പെട്ടതെന്നു പറയപ്പെടുന്ന സംഭവങ്ങളും മുസ്ലീം സ്ഥാപനങ്ങളും നേതാക്കളും സമൂഹത്തിന് തരുന്ന പ്രതിബിംബങ്ങളും വികൃതങ്ങളാണ്. ക്രിസ്തീയ മെത്രാന്‍ തെരെഞ്ഞെടുപ്പുകളില്‍ ഉണ്ടാകുന്ന വാഗ്വാദങ്ങളും അഴിമതി ആരോപണങ്ങളും ലജ്ജാകരമാണ്.പട്ടത്വത്തില്‍ വിശ്വസിക്കാത്ത ഉപദേശിമാരും ലൗകീകത വെടിഞ്ഞ ചില സന്ന്യാസിമാരും,തട്ടിപ്പിലും വെട്ടിപ്പിലും തങ്ങളുടെ പങ്കും വഹിക്കുന്നു.ഇനി ആരെയാണ് വിശ്വസിക്കാനാകുക? ക്രിസ്തുവിനെ പരീക്ഷിക്കാനായി, സാത്താന്‍ ഉയരത്തിലേക്ക് കൊണ്ടുപോയി,താഴെയുള്ള സമ്പത്തുകളെല്ലാം ചൂണ്ടിക്കാട്ടി.സാത്താനാകുന്ന തന്നെ നമസ്കരിച്ചാല്‍, ഇതെല്ലാം നിന്റേതായിരിക്കുമെന്ന് ഉറപ്പു കൊടുത്തു.ക്രിസ്തു സാത്താനെ തിരസ്കരിച്ച് ഓടിക്കുകയാണുണ്ടായത്.എന്നാല്‍ ഈ കഥകള്‍ പ്രസംഗിക്കുന്നവര്‍,ഉടന്‍ തന്നെ താണുവീണ്,സാത്താനു സാഷ്ടാഗപ്രണാമം നടത്തി ഓരോ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നതായിക്കാണുന്നു.ഉപനിഷത്തുകള്‍ എഴുതിയ ഋഷികളില്‍ ഒരാള്‍ സ്വന്തം മകനെ വിളിച്ച്, സമ്പത് സമൃദ്ധമായ ഭാരതത്തെ ചൂണ്ടിക്കാട്ടിയിട്ട് ഉപദേശിക്കുകയുണ്ടായി.മകനേ! ധനസമ്പൂര്‍ണ്ണമായ ഈ ഭൂമി പകരം തരികയാണെങ്കില്‍ പോലും, നിനക്കു തന്നിട്ടുള്ള സദുപദേശങ്ങള്‍ അതിലും വലുതാണെന്ന് ഓര്‍ക്കുക.എന്നാല്‍ ആര്‍ഷഭാരത സംസ്കാരം ഇന്ന് ഏടുകളില്‍ മാത്രമായി ശോഷിച്ചു പോയിരിക്കുന്നു.

ഇന്ന് ആശ്രയമില്ലാതെ വഴിമുട്ടി നില്‍ക്കുന്ന സാധാരണ ജനങ്ങള്‍. മതരാഷ്ട്രീയങ്ങള്‍ മറന്ന് ഒന്നിക്കേണ്ട സമയമായി. സത്യധര്‍മ്മങ്ങളെ പുനഃസ്ഥാപിക്കാന്‍ നല്ല നേതാക്കന്മാര്‍ക്ക് ജന്‍മം കൊടുക്കേണ്ടിയിരിക്കുന്നു.സ്വാര്‍ത്ഥത വെടിഞ്ഞ് പൊതുനന്‍മയ്ക്കു മുന്‍തൂക്കം കൊടുക്കണം.വായിക്കണം......ചിന്തിക്കണം.....പ്രവര്‍ത്തിക്കണം അഥവാ പ്രതികരിക്കണം.

യൂഹാനോന്‍ മാര്‍ത്തോമ്മാ എന്ന മെത്രാനച്ചന്‍ പണ്ട് ഉപദേശിച്ചിരുന്നത് ഇന്നും ഓര്‍ക്കുന്നു.ഒരു പള്ളിയും സഭയും പണം സ്വരൂക്കൂട്ടിവയ്ക്കരുത്. ഓരോ ആവശ്യങ്ങള്‍ക്കു ശേഖരിക്കുന്നത്,അതിനായി ഉപയോഗിച്ചു തീര്‍ക്കണം.ഇന്ന് മതസ്ഥാപനങ്ങളും വ്യക്തികളും നേരിടുന്ന പോരാട്ടത്തിന്റേയും ദുരിതങ്ങളുടേയും മൂലകാരണം, പണസ്വരൂപത്തിനുളള ആര്‍ത്തിയാണ്. കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം എന്ന കവിവചനം അന്വര്‍ത്ഥമാകുന്നു.

1957 ലെ, ഈ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി മാസ്റ്റര്‍ മാനേജുമെന്റുകള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അഴിമതിയും അസമത്വങ്ങളും സ്വാര്‍ത്ഥ താല്പര്യങ്ങളും അവസാനിപ്പിക്കാനും വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിനുമായി ഒരു വിദ്യാഭ്യാസ ബില്‍ സമര്‍പ്പിച്ചു.അതോടെ ക്രിസ്ത്യന്‍ സഭകളും നായര്‍ സമാജവും ഇത് ദൈവത്തിനും വിശ്വാസങ്ങള്‍ക്കും എതിരായ ഒരു സംരംഭമാണെന്നുള്ള ധാരണ പരത്തി വിശ്വാസികളെ ഇളക്കിവിട്ടു. എങ്ങനേയും അധികാരത്തിലേറാന്‍ അവസരം പാര്‍ത്തിരുന്ന കോണ്‍ഗ്രസ്സിനും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഇതൊരു സുവര്‍ണ്ണാവസരമായി.ഭൂനയ ബില്‍ കൂടി വന്നപ്പോള്‍ ജന്മിമാരും കള്ളിമുണ്ടും തൊപ്പിപ്പാളയും ധരിച്ച് നിരത്തിലിറങ്ങി ഗവണ്‍മെന്റിനോടുള്ള ശത്രുത പ്രകടിപ്പിച്ചു. വമ്പിച്ച ഒരു വിമോചനസമരം-1959 ജൂലൈ 31-ന് ഗവണ്‍മെന്റിന്റെ ഡിസ്മിസലില്‍ കലാശിച്ചു.

ഇന്ന് ഞാന്‍ കുറ്റബോധത്തോടെ ഓര്‍മ്മിക്കുന്നു,വിമോചനസമരജാഥകളില്‍ സിന്ദാബാദും മുദ്രാവാക്യങ്ങളും വിളിച്ചു നടന്ന, ഞാന്‍ എന്ന പന്ത്രണ്ടു വയസ്സുകാരനെ.അന്ന് ഇടുങ്ങിയ ഇടങ്ങളില്‍ നിന്ന് ലഭിച്ച പരിമിതമായ അറിവുകളേയും സ്വന്തം ബുദ്ധിശൂന്യതയേയും വിവേകശൂന്യതയേയും ഇന്ന് ഞാന്‍ തന്നെ കുറ്റപ്പെടുത്തുകയാണ്.അനേക വര്‍ഷങ്ങള്‍ക്കു ശേഷമാണ് അറിയാന്‍ കഴിഞ്ഞത്,മുണ്ടശ്ശേരി മാസ്റ്റര്‍ കണ്ടും അനുഭവിച്ചും അറിഞ്ഞ അഴിമതി ഉണ്ടാക്കിയ ദുഃഖത്തില്‍ നിന്നുമാണ് ഈ ബില്ലുകള്‍ ഉടലെടുത്തതെന്ന്. പല മാനേജുമെന്റുകളും പല രീതിയില്‍ വെട്ടിപ്പും നടത്തി ഉദ്യോഗസ്ഥരേയും നാട്ടുകാരേയും-ഇന്നേപ്പോലെ അന്നും കബളിപ്പിച്ചുകൊണ്ടിരുന്നു.പല അദ്ധ്യാപകര്‍ക്കും ഒപ്പിട്ടു കൊടുക്കുന്ന ശമ്പളത്തിന്റെ ഒരു നല്ല ഭാഗം സ്കൂള്‍ ആവശ്യത്തിനെന്നു പറഞ്ഞ് മാറ്റിയതിന്റെ ബാക്കിയേ എല്ലാ മാസവും ലഭിക്കുമായിരുന്നുള്ളൂ. പഠിപ്പിക്കാന്‍ ഉദ്യോഗം വേണമെങ്കില്‍ ഒക്കെ കൈക്കൂലി കൊടുക്കണം.പക്ഷേ അതിനു അവര്‍ ഡൊണേഷന്‍ എന്ന ഓമനപ്പേരു നല്‍കി.എന്നാല്‍ ഈ സ്ഥാപനങ്ങളിലെ പഠനസൗകര്യങ്ങള്‍ ശോചനീയവുമായിരിക്കും.പിന്നെ ഇവരൊക്കെ എങ്ങനെ അനുമതി നേടി? അധികാരികള്‍ ആരും മാനദണ്ഡങ്ങള്‍ ഒന്നും നോക്കാറില്ലേ?

അരനൂറ്റാണ്ടിനു മുമ്പ്,ഞാന്‍ അനുഭവിച്ചറിഞ്ഞ വിവരങ്ങള്‍ കൂടുതല്‍ വ്യക്തതയ്ക്കായി പകര്‍ത്തട്ടെ.സാമ്പത്തീക പരാധീനതകളുള്ള ഒരു കുടുംബത്തില്‍ ജനിച്ച എനിക്ക്,ഫസ്റ്റ് ക്ലാസിനടുത്ത മാര്‍ക്കുണ്ടായിരുന്നിട്ടും കോളേജ് അഡ്മിഷനായി ഡൊണേഷന്‍ കൊടുക്കേണ്ടതായി വന്നു.അതിനായി പണം പലയിടത്തുനിന്നുമായി കടമെടുക്കാന്‍ എന്റെ പിതാവ് അനുഭവിച്ച കഷ്ടപ്പാട് ഇന്നും ഒരു നൊമ്പരമായി അവശേഷിക്കുന്നു.കോളേജ് വിദ്യാഭ്യാസം എന്ന സ്വപ്നത്തില്‍,അനേക അപ്പാരട്ടസുകളും കെമിക്കല്‍സും ഉള്ള വലിയ ലാബും,വലിയ പുസ്തക ശേഖരണവും സ്വതന്ത്രമായി ഇടപെടുന്ന ആണ്‍പെണ്‍ സുഹൃത്തുക്കളും വ്യക്തിത്വത്തെ മനസ്സിലാക്കുന്ന അദ്ധ്യാപകരും വളരാനുള്ള അവസരങ്ങളും ഒക്കെ ഉണ്ടായിരുന്നു.എന്നാല്‍ യാഥാര്‍ത്ഥ്യം ഈ സ്വപ്നങ്ങളെ എല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു. ലാബറട്ടറി എന്ന പേരില്‍ ഒരു വലിയ ഹോള്‍ ഓല മേഞ്ഞ് ഉണ്ടാക്കിയിരുന്നു. അത് മീറ്റിംഗുകള്‍ നടത്താന്‍ മാത്രം പര്യാപ്തമായിരുന്നു.ആദ്യ വര്‍ഷത്തില്‍ പേരിനു ഒരു പ്രാവശ്യം മാത്രം സയന്‍സു വിദ്യാര്‍ത്ഥികളെ അതിനുള്ളില്‍ കൊണ്ടുപോയി കാണിച്ചു.അവിടെ ബഞ്ചുകള്‍ മീറ്റിംഗുകള്‍ക്കായി നിരത്തിയിട്ടിരുന്നു. ബാക്കി എല്ലാ ദിവസങ്ങളിലും റഗുലര്‍ ക്ലാസുമുറിയില്‍ സയന്‍സ് അദ്ധ്യാപകന്‍ ക്ലാസ്സെടുത്തിരുന്നത്,”സപ്പോസ് ദിസ് ഈസ് എ ടെസ്റ്റ് റ്റിയൂബ് “എന്ന രീതിയിലായിരുന്നു.ഇന്നുകേള്‍ക്കുന്ന ഇടിമുറി ഇല്ലായിരുന്നു. എന്നാല്‍ ഒരദ്ധ്യപകന്‍,തലമൂത്ത ആണ്‍കുട്ടികളെ മുറിയില്‍ വിളിച്ച് വിരട്ടും ഭീഷണിയും മുഴക്കി ഒതുക്കുന്ന പരിപാടി ആരംഭിച്ചു. ആ ശ്രമം ഈയുള്ളവനോടു പരാജയപ്പെട്ടതോടെ,പേര് ബ്‌ളാക്ക് ലിസ്റ്റിലാക്കി.നിസ്സാരകാര്യങ്ങള്‍ക്കുപോലും ഡിസ്മിസലും സസ്‌പെന്‍ഷനും ആയി കോളേജ് അധികാരികള്‍ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ലേഖകന്‍ യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും, ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതായും വന്നു. എന്നാല്‍ ക്ലാസുകള്‍ നഷ്ടപ്പെടുത്താതെ തന്നെ പല പിരിച്ചുവിടല്‍ നടപടികള്‍ക്കും സമാധാനം കാണാന്‍ കഴിഞ്ഞു.എന്നാല്‍ ആദ്യത്തെ ഡിസ്മിസല്‍ വാക്കാല്‍ കിട്ടിയത് എനിക്കാണ്,എങ്കിലും വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ 2-ാം ദിവസം,തിരികെ ക്ലാസില്‍ കയറണമെന്ന് അധികാരികള്‍ അഭ്യര്‍ത്ഥിക്കുകയാണുണ്ടായത്.പെണ്‍കുട്ടികളാണ് ഏറ്റവും ദുരിതം അനുഭവിച്ചത്.ആദ്യബെല്‍ മുഴങ്ങുന്നതുവരെ അവര്‍ പ്രിന്‍സിപ്പളിന്റെ ഓഫീസിനുചുറ്റുമുള്ള വരാന്തയില്‍ നിന്നുകൊള്ളണമെന്നായിരുന്നു നിയമം.വിസ്താരഭയത്താല്‍ വിസ്തരിക്കുന്നില്ല.ഒടുവില്‍ മാനേജുമെന്റിന്റെ പ്രതികാരത്തിന്റെ ഇരയായി പിരിയേണ്ടിവന്നു. മാതാപിതാക്കള്‍ക്ക് ദുഃഖവും എനിക്കു നഷ്ടങ്ങളും ഉണ്ടായെങ്കിലും ഞാനിന്ന് സന്തുഷ്ടനാണ്. അസമത്വങ്ങളോടു പൊരുതാനും കുറച്ചുപേര്‍ക്കെങ്കിലും നീതി നേടിക്കൊടുക്കാനും സാധിച്ചല്ലോ എന്ന്.

പ്രൈവറ്റ് ആരോഗ്യ ചികിത്സാകേന്ദ്രങ്ങളാണ് അഴിമതിയുടേയും കവര്‍ച്ചയുടേയും മറ്റൊരു മേഖല. വ്യാജ ഡോക്ടര്‍മാരെ ചിലപ്പോഴൊക്കെ അറസ്റ്റു ചെയ്തതായി കേള്‍ക്കാറുണ്ട്. വ്യാജന്മാര്‍ ഓരോ സ്ഥാനങ്ങളില്‍ എത്തിച്ചേരാനിടയാകുന്നത്,വിദ്യാഭ്യാസ രംഗത്തേയും മെഡിക്കല്‍ രംഗത്തേയും കെടുകാര്യസ്ഥതയും അഴിമതിയുമല്ലാതെ മറ്റെന്താണ്?ഹാജറും പരീക്ഷയുമില്ലാതെ ബിരുദം നേടുന്നവരും വ്യാജന്മാര്‍ ആകുന്നുവല്ലോ. ഈ ബിരുദ വില്പനക്കാരേയും വ്യാജന്മാരേയും ദേശദ്രോഹീകളായി കണക്കാക്കി മാതൃകാപരമായ ശിക്ഷ നല്‍കണം.മരുന്നു മാറിക്കൊടുത്തും തെറ്റായ രോഗനിര്‍ണ്ണയത്താലും അനേകര്‍ മരിക്കുന്നു.ഇത് വ്യക്തികളുടെ കുറ്റമാണെങ്കില്‍ സ്ഥാപനങ്ങളെ കൂടെ ഒന്നു ശ്രദ്ധിക്കാം.ആവശ്യത്തിന് ഉപകരണങ്ങളോ കയ്യുറകള്‍ പോലുമോ കാണില്ല. ജോലിക്കാര്‍ വെറും കയ്യുകൊണ്ട് അപകടസ്ദ്ധ്യതയുള്ള പലതും കൈകാര്യം ചെയ്യേണ്ടതായി വരുന്നു.ശരിയായ പരിശീലനം ലഭിക്കാത്തവരെ, കുറഞ്ഞ ശമ്പളത്തില്‍ വിന്യസിപ്പിച്ചുകൊണ്ട് നാമമാത്രമായി പരിശീലനം സിദ്ധിച്ചവരെ നിയമിക്കുന്നു.പണത്തിനു ആര്‍ത്തി മൂത്ത ചില പ്രൈവറ്റ് ആശുപത്രികള്‍,മരിച്ച രോഗിയെ കഇഡ വില്‍ കിടത്തി,ഓക്‌സിജനും മറ്റു ട്യൂബുകളും മൃതശരീരത്തില്‍ ഘടിപ്പിച്ച് കൂടുതല്‍ തുക ഈടാക്കാറുണ്ട്.അവിശ്വസനീയമായി തോന്നാമെങ്കിലും നേരിട്ടു കാണാന്‍ ഇടയായിട്ടുണ്ട്. അതുപോലെ ഓക്‌സിജന്റെ കാലി ടാങ്ക് രോഗികളില്‍ ഘടിപ്പിച്ചിരിക്കുന്നതും.

നിയമങ്ങളും മാനദണ്ഡങ്ങളും ഉണ്ടായാല്‍ പോരാ,അവ നടപ്പാക്കുന്നുണ്ടോ എന്നറിയുകയും കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും വേണം. അഴിമതിയുടെ ചെളിക്കുണ്ടില്‍ ആഴ്ന്നു കിടക്കുന്ന സമൂഹത്തില്‍ അത് ഷിപ്രസാദ്ധ്യമല്ലല്ലോ. അര്‍പ്പണ മനോഭാവമുള്ള നേതാക്കന്മാരും ഉദ്യോഗസ്ഥന്മാരും ആവശ്യമാണ്.അതുപോലെ, സത്യസന്ധരും ധര്‍മ്മബോധമുള്ളവരും യഥാര്‍ത്ഥത്തില്‍ ദൈവവിശ്വാസികളുമായ മതാദ്ധ്യക്ഷന്മാരും മൂല്യച്യുതി സംഭവിക്കാത്ത മതങ്ങളും സമുദായത്തിന് ആവശ്യമാണ്.സമത്വവാദം,സാഹോദര്യം,സ്‌നേഹം,ദയ ഇവകള്‍ക്ക്,ഈശ്വരവിശ്വാസമൊഴിച്ച് താത്വികമായി മറ്റൊന്നും ഉപോല്‍ബലകമായിട്ടില്ല. മനുഷ്യ ലോകനന്മയായിരിക്കണം എന്നും ലക്ഷ്യം.പ്രതികരിക്കാന്‍ മടിക്കരുത്.ജീവനുള്ള ഭയരഹിതരായ പൂര്‍ണ്ണമനുഷ്യരായിത്തീരണം.അടുത്ത തലമുറയ്ക്ക് സത്യധര്‍മ്മങ്ങളിലധിഷ്ഠിതമായി വളരാന്‍ അവസരം ഉണ്ടാക്കുക. നമുക്ക് ഒരു നല്ല നാളയെ സ്വപ്നം കാണാം.
അഴിമതി (ലേഖനം: തോമസ് കുളത്തൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക