Image

ഡാളസ് ക്രോസ് വ്യൂ ചര്‍ച്ച് ഓഫ് ഗോഡ് സഭാമന്ദിര നിര്‍മ്മാണം പൂര്‍ത്തിയായി

സാം മാത്യു Published on 06 March, 2017
ഡാളസ് ക്രോസ് വ്യൂ ചര്‍ച്ച് ഓഫ് ഗോഡ് സഭാമന്ദിര നിര്‍മ്മാണം പൂര്‍ത്തിയായി
1980 മുതല്‍ ഡാളസ് സിറ്റിയുടെ ഹൃദയഭാഗത്തിനു കിഴക്കായി ആരാധിച്ചുവന്നിരുന്ന ഈസ്റ്റ് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡിന്റെ പുതിയ ആരാധനാമന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി. ആദ്യ സമര്‍പ്പണ പ്രാര്‍ത്ഥനാ ശുശ്രൂഷ മാര്‍ച്ച് 5 ഞായറാഴ്ച നടന്നു. നിലവിലുള്ള ആലയത്തില്‍ സ്ഥലപരിമിതി മൂലം സഭാംഗങ്ങള്‍ക്കും മറ്റും അനായാസേന വന്നുചേരത്തക്കവിധത്തില്‍ റോളറ്റ് സിറ്റിയിലേക്ക് സഭാ കെട്ടിടം മാറ്റിപണിഞ്ഞതിന്റെ ഭാഗമായി സഭയുടെ പേരു ക്രോസ് വ്യൂ ചര്‍ച്ച് എന്നു പുനര്‍ നാമകരണം ചെയ്യുകയായിരുന്നു.

സഭാസ്ഥാപക ശുശ്രൂഷകനായ പാസ്റ്റര്‍ ടി. തോമസ് അനുഗ്രഹപ്രാര്‍ത്ഥനയ്ക്ക് നേത്രൃത്വം നല്‍കി. പ്രവാസി മലയാളി സമൂഹം നന്നേ വിരളമായിരുന്ന 80കളില്‍ ആത്മീക ആരാധനയ്ക്കായി വേര്‍തിരിഞ്ഞു കൂടിവന്നതുമുതല്‍ വിശ്വസ്തനായ ദൈവത്തിന്റെ കരുതലിന്റെ കൈകരുത്ത് മനസ്സിലാക്കുവാന്‍ കഴിഞ്ഞതും, ദൈവീക വിശ്വസ്തതയുടെ ദാനമാണു പുതിയ ആരാധനാലയം എന്നും അനുഗ്രഹപ്രാര്‍ത്ഥനയില്‍ പാസ്റ്റര്‍ ടി. തോമസ് അനുസ്മരിച്ചു. നാനൂറോളം ഇരിപ്പിട സൗകര്യവും, സണ്ടേസ്കൂള്‍ റൂമുകളും, മറ്റ് ആധുനിക സജ്ജീകരണങ്ങളും ഉള്ള മനോഹരമായ ആലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രദര്‍ അലക്‌സ് തോമസിന്റെ (ബില്‍ഡിംഗ് പ്രോജക്ട് മാനേജര്‍) നേതൃത്വത്തില്‍ പാസ്റ്റര്‍ ടി. തോമസ്, ഏബ്രഹാം ജോര്‍ജ്ജ്, രാജു ജോര്‍ജ്ജ്, സൈമണ്‍ ജോസഫ്, ഷാജി ശാമുവേല്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ് ( ജോബി) എന്നിവര്‍ ബില്‍ഡിംഗ് കമ്മറ്റിയംഗങ്ങളായും സ്തുത്യര്‍ഹ സേവനം ചെയ്തു.ആരാധനാലയത്തിലെ പ്രഥമ ആരാധനാശുശ്രൂഷയില്‍ സഭാവിശ്വാസികളെ കൂടാതെ അനേകം അഭ്യുദയകാംക്ഷികളും പങ്കെടുത്തു. ഔദ്യോഗിക പ്രതിഷ്ഠാശുശ്രൂഷ പിന്നീട് നടക്കും.

പുതിയ സഭാമന്ദിരത്തിന്റെ അഡ്രസ്: 8501 Libetry Grove Road, Rowlett, Texas 75089.  
www.crossviewcog.org

വാര്‍ത്ത: സാം മാത്യു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക