Image

സര്‍വ്വകലാശാലകള്‍ രാഷ്ട്ര വിധ്വംസന-വിഘടന വാദങ്ങളുടെ വേദികളോ? (ഡല്‍ഹികത്ത്: പി.വി.തോമസ് )

പി.വി.തോമസ് Published on 07 March, 2017
 സര്‍വ്വകലാശാലകള്‍ രാഷ്ട്ര വിധ്വംസന-വിഘടന വാദങ്ങളുടെ വേദികളോ? (ഡല്‍ഹികത്ത്: പി.വി.തോമസ് )
എന്തുകൊണ്ട് ഇന്‍ഡ്യയിലെ സര്‍വ്വകലാശാലകള്‍ അസ്വസ്തതയുടെ അഗ്നിപര്‍വ്വതങ്ങള്‍ ആകുന്നു?
ഇതിന് എന്റെ ഉത്തരം എന്തുകൊണ്ട് ആയിക്കൂട എന്നതാണ്. കാമ്പസുകള്‍ വിഭിന്ന ചിന്തകളില്‍, പ്രതിഷേധത്തില്‍, വാദപ്രതിവാദത്തില്‍ തിളച്ച് മറിയുക തന്നെ വേണം. വിയോജിപ്പ് വിഭാഗീയത അല്ല. അത് ഭരണഘടനാനുസൃതമാണ്. അത് ജീവന്റെ തുടിപ്പ് ആണ്. ഗര്‍ഭപാത്രത്തില്‍ ജീവന്റെ തുടിപ്പ് ഒരു അമ്മക്ക് ആത്മനിവൃതിയാണ്. ഒരു വേശ്യക്ക് അങ്ങനെ ആയിരിക്കുകയില്ല. അരാഷ്ട്രീയത്തിന്റെ അജീര്‍ണ്ണാത്മകമായ ഷണ്ടത്വത്തില്‍ നിന്നും, അതിന്റെ നിഷ്‌ക്രിയാത്മകമായ അരാജകത്വത്തില്‍ നിന്നും, സര്‍വ്വകലാശാലാ വളപ്പുകള്‍ വിപ്ലവ തേജസിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍ ആകണം.

അപ്പോള്‍ തലവാചകത്തില്‍ സൂചിപ്പിച്ചതുപോലെ ഇന്‍ഡ്യയിലെ സര്‍വ്വകലാശാലകള്‍ രാഷ്ട്ര വിധ്വംസനത്തിന്റെ, വിഘടനവാദത്തിന്റെ വേദികള്‍ ആയിക്കൊണ്ടിരിക്കുകയാണോ? ഇത് തന്നെയാണ് കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികാലത്തെ സംഘടനയായും അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിക്ഷത്തും സമര്‍ത്ഥിക്കുന്നത്. ഇതുതന്നെയാണ് രാഷ്ട്രീയ സ്വയം സേവക്ക് സംഘം(ആര്‍.എസ്.എസ്.) സംഘ പരിവാറിലെ മറ്റ് സംഘടനകളും ആരോപിക്കുന്നത്.

ഇത് ഇപ്പോള്‍ ഈ പംക്തിയില്‍ എഴുതുവാന്‍ കാരണം ദല്‍ഹി സര്‍വ്വകലാശാലയിലെ രാംജാസ് കോളേജില്‍ എ.ബി.വി.പി.യും ഇടത് വിദ്യാര്‍ത്ഥി സംഘടനകളും അദ്ധ്യാപകരും തമ്മില്‍ ഫെബ്രുവരി മദ്ധ്യത്തില്‍ നടന്ന സംഘട്ടനം ആണ്. ഒപ്പം ഗുര്‍മെഹര്‍ കൗര്‍ എന്ന വിദ്യാര്‍ത്ഥിനിക്ക്(ലേഡി ശ്രീരാം കോളേജ്) എബിവിപിയില്‍ നിന്നും ഏല്‍ക്കേണ്ടിവന്ന മാനസീക പീഢനവും.

രാംജാസ് കോള്ജില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനകള്‍ നടത്തിയ ഒരു സെമിനാറില്‍ പ്രസംഗിക്കുവാന്‍ ഉമര്‍ഖാലിദ് എന്ന ഒരു ജവഹര്‍ലാല്‍ നെഹ്‌റു യൂണിവാഴ്‌സിറ്റി പി.എച്ച്.ഡി. വിദ്യാര്‍ത്ഥിയെ ഉമര്‍ ഖാലീദ്-ക്ഷണിച്ചതാണ് സംഘട്ടനത്തിലേക്ക് വഴി തെളിച്ചത്. ഖാലിദ് കഴിഞ്ഞ വര്‍ഷം ജെ.എന്‍.യു.വില്‍ കന്നയ്യകുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഒരു സമരത്തില്‍ ദേശദ്രോഹകുറ്റം ചുമത്തപ്പെട്ട ആള്‍ ആണ്. അദ്ദേഹത്തെ രാംജാസില്‍ പ്രവേശിപ്പിച്ചു കൂട എന്നാണ് എ.ബി.വി.പി.യുടെ വാദം. കാരണം ഖാലിദ് ദേശദ്രോഹിയാണ്. പോലീസ് ഇതുവരെ കുറ്റപത്രം തയ്യാറാക്കിയിട്ടില്ലെങ്കിലും ഒരു കോടതിയും ഖാലിദിനെ ദേശദ്രോഹത്തിന് ശിക്ഷിച്ചിട്ടില്ലെങ്കിലും എ.ബി.വി.പി.ക്ക് അദ്ദേഹം ദേശദ്രോഹിയാണ്. തുടര്‍ന്നു നടന്ന സംഘട്ടനത്തില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മര്‍ദ്ദനത്തിന് ഇരയായി. അഭിപ്രായ സ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും രാജ്യദ്രോഹനിയമവും വീണ്ടും വിവാദവിഷയം ആയി ദേശമാസകലം.

കാര്‍ഗില്‍ യുദ്ധത്തിലെ ഒരു രക്തസാക്ഷിയുടെ മകളായ ഗുര്‍മെഹര്‍കൗര്‍ എ.ബി.വി.പി.യുടെ ആക്രമണത്തിനും ബലാല്‍സംഗ ഭീഷണിക്കും ഇരയായി. കാരണം കൗര്‍ എ.ബി.ബി.പി.യെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചു. ഒരു വര്‍ഷം മുമ്പ് കൗര്‍ നടത്തിയ ഒരു പരാമര്‍ശനം പൊതുമാധ്യമത്തില്‍ വൈറലായി. 'എന്റെ പിതാവിനെ വധിച്ചത് പാക്കിസ്ഥാന്‍ അല്ല, യുദ്ധം ആണ്' എന്ന കൗറിന്റെ പരാമര്‍ശനം ആണ് എ.ബി.വി.പി. അവര്‍ക്കെതിരെ ആയുധം ആക്കിയത്. വിദ്യാര്‍ത്ഥി പരിക്ഷത്തിന് കേന്ദ്ര ഉപഗൃഹമന്ത്രി കിരണ്‍ റിജിജുവിന്റെ പിന്തുണയും ലഭിച്ചു. മന്ത്രിയുടെ ആരോപണപ്രകാരം കൗറിന്റെ മനസിനെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ മലിനീകരിച്ചിരിക്കുകയാണ്. കൗറിന്റെ രക്തസാക്ഷിയായ പിതാവ് ഇതെല്ലാം കണ്ട് കരയുകയായിരിക്കും! വിദ്യാര്‍ത്ഥി പരിക്ഷത്തിന്റെ ആക്രമണവും ബലാല്‍സംഗ ഭീഷണിയും  മന്ത്രിയുടെ പരിഹാസവും എല്ലാം കൊണ്ട് വേട്ടയാടപ്പെട്ട കൗര്‍ ജലന്തറിലെ സ്വന്തം വസതിയിലേക്ക് തല്‍ക്കാലം രക്ഷപ്പെട്ടുപോയി. ഒരു ഇരുപതു വയസുകാരിയായ തനിക്ക് ഇതില്‍ കൂടുതല്‍ താങ്ങുവാന്‍ ആവുകയില്ല എന്ന ട്വീറ്റോടെ.

ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രസംഗിക്കവെയാണ് ജയ്റ്റിലി ഇന്‍ഡ്യയിലെ സര്‍വ്വകലാശാല ക്യാമ്പസുകളെ ആക്രമിച്ചത്(ഫെബ്രുവരി 25). ഇന്‍ഡ്യയിലെ സര്‍വ്വകലാശാല ക്യാമ്പസുകള്‍ വിധ്വംസനത്തിന്റെ വേദികളായി മാറിയിരിക്കുകയാണ്. ഇടതുപക്ഷവും തീവ്രഇടതുപക്ഷവും ആണ് ഇതിന്റെ പിറകില്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇന്‍ഡ്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ശക്തികളെ വച്ചുപൊറുപ്പിക്കുകയില്ല. ഇന്‍ഡ്യയുടെ ഐക്യത്തെ ചോദ്യം ചെയ്യുകയും അതിര്‍ത്തിയുടെ ഭദ്രതയെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്ന ശക്തികളെ കരുത്തോടെ നേരിടുക തന്നെ ചെയ്യും. ജയ്റ്റ്‌ലി ലണ്ടനില്‍ പ്രസ്താവിച്ചു.
എന്നാല്‍ ലോകപ്രശസ്ത സര്‍വ്വകലാശാലകള്‍ ആയ ഓക്‌സ്‌ഫോര്‍ഡ്, കൊളംബിയ, ദര്‍ഹാം, ട്രയര്‍ എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ ദല്‍ഹി യൂണിവാഴ്‌സ്റ്റി വിദ്യാര്‍ത്ഥികള്‍ക്ക് സഹാനുദാപം പ്രഖ്യാപിച്ചു. ഫാസിസ്റ്റ് ശക്തികളുടെ അക്രമണത്തെ ചെറുത്തു നില്‍ക്കുന്ന ദല്‍ഹി യൂണിവാഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും ഒപ്പം തങ്ങളും ഉണ്ടെന്നും സമയവും ദൂരവും മാത്രമാണ് തങ്ങളെ ഈ വിദ്യാര്‍ത്ഥികളില്‍ നിന്നും വേര്‍പ്പെടുത്തുന്നതെന്നും ചരിത്രം ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്നുവെന്നും ഇവര്‍ പ്രഖ്യാപിച്ചു.

എന്താണ് ഈ വിദ്യാര്‍ത്ഥികള്‍ ചെയ്യുന്ന ദേശദ്രോഹം? എങ്ങനെയാണ് ഇവര്‍ രാജ്യത്തെ അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നത്? എന്തുകൊണ്ടാണ് ഭരണകൂടം ഈ യുവജനങ്ങളുടെ ചിന്ത-അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുവാന്‍ ശ്രമിക്കുന്നത്? ഇവര്‍ ഇത്ര അഭിശപ്തമായ ഒരു തലമുറയാണോ? അല്ല.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആണ് ജെ.എന്‍.യു. പൊട്ടിത്തെറിച്ചത്. അവിടെയും വിദ്യാര്‍ത്ഥി പരിക്ഷത്തും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുമായിട്ടായിരുന്നു സംഘട്ടനം. പാര്‍ലിമെന്റ് ആക്രമണ കേസില്‍ വധശിക്ഷ നല്‍കിയ അഫ്‌സല്‍ ഗുരുവിന് അനുകൂലമായി മുദ്രാവാക്യം മുഴക്കി എന്നതായിരുന്നു കന്നയ്യകുമാറിന്റെയും മററും നേര്‍ക്കുള്ള ആരോപണം. മറ്റൊന്ന് കാശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മുദ്രാവാക്യം. ഇതിന് വിദ്യാര്‍ത്ഥികള്‍ പറയുന്ന ഉത്തരം അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷക്കെതിരെ ആണ് അവര്‍ പ്രക്ഷോഭിച്ചത് എന്നാണ്. മറ്റൊന്ന് ആസാദി അഥവാ സ്വാതന്ത്ര്യം. അത് പട്ടിണിയില്‍ നിന്നും മറ്റ് സാമൂഹ്യ അസമത്വങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നുമുള്ള ആസാദി ആണ് അത്രെ.

കാശ്മീര്‍ ഇന്‍ഡ്യയുടെ അവിഭാജ്യഘടകം ആണ്. അത് ഒരു തര്‍ക്കമേഖലയും ആണ്. പാക്കിസ്ഥാനും അതിന്റെ ഭീകരവാദസംഘടനകളും അവിടെ ഒളിപ്പോര് നടത്തികൊണ്ടിരിക്കുകയാണ്. കാശ്മീര്‍ വിഷയം ക്യാമ്പസുകളില്‍ ചര്‍ച്ച ചെയ്യാം. പക്ഷേ, നമ്മുടെ ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടു മാത്രം. ചരിത്രം വായിക്കുന്ന യുവാക്കള്‍ക്ക് ഭിന്നാഭിപ്രായം ഉണ്ടായേക്കാം. അവരെ പറഞ്ഞ് മനസിലാക്കുകയും അവരുമായി സംവേദിക്കുകയും ചെയ്യണം. പകരം കയ്യാമം നല്‍കുകയല്ല വേണ്ടത്. വിദ്യാര്‍ത്ഥികള്‍ ചോദ്യങ്ങള്‍ ചോദിക്കും. അത് അവരുടെ ജോലിയാണ്. പ്രായം ആണ്. അവര്‍ വാദപ്രതിവാദം ചെയ്യും. അവര്‍ ഷുഭിത യൗവ്വനത്തിന്റെ പ്രതീകം ആണ്. അവരെ ദേശസ്‌നേഹവും മറ്റും പഠിപ്പിക്കുവാന്‍ വിദ്യാര്‍ത്ഥി പരിക്ഷത്തിന് എന്ത് ധാര്‍മ്മീക-ഭരണഘടന അധികാരം? രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ സ്വാതന്ത്ര്യസമരത്തിലെ പങ്ക് ചരിത്രം വായിച്ചിട്ടുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് വിദ്യാര്‍ത്ഥി പരിക്ഷത്തും ആര്‍.എസ്.എസും. സംഘപരിവാറും ദേശസ്‌നേഹത്തെക്കുറിച്ച്, ദേശീയതയെക്കുറിച്ച് അധികം സംസാരിക്കരുത്. അവര്‍ ദേശപ്രേമത്തിന്റെയും ദേശീയതയുടെയും കുത്തക വ്യാപാരികള്‍ ആകരുത്. വന്ദേമാതരവും, ഭാരത് മാതാകീ ജയ് യും, ജനഗണമനയും ആരുടെയും കുത്തകയല്ല. ഈ വക സിനിമാറ്റിക്ക് ദേശപ്രേമം നിര്‍ത്തുക. ഇതുപോലുള്ള പരുഷ-പൗരുഷ ദേശീയതയ്ക്ക് ദേശസ്‌നേഹത്തിന് യഥാര്‍ത്ഥ ദേശസ്‌നേഹികള്‍ മറുപടി നല്‍കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര സര്‍വ്വകലാശാലകളില്‍ ആണ് വിദ്യാര്‍ത്ഥി പരിക്ഷത്ത് വ്യാജദേശീയതയുടെ പേരില്‍, ദേശപ്രേമത്തിന്റെ പേരില്‍ കലാപം അഴിച്ച് വിട്ടിട്ടുള്ളത്?
ജെ.എന്‍.യു.വും ഹൈദ്രാബാദ് സെന്‍ട്രല്‍ യൂണിവാഴ്സ്റ്റിയും(രോഹിത് വെമൂലയുടെ ആത്മഹത്യ) എല്ലാവര്‍ക്കും അറിയാം.

സര്‍വ്വകലാശാല ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി പരിക്ഷത്തിന്റെ വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ ആണ് ഈ അതിദേശപ്രേമവും വ്യാജദേശീയതയും. വിദ്യാര്‍ത്ഥി പരിക്ഷത്തിന്റെ അംഗസംഖ്യ 22. 5 ലക്ഷത്തില്‍ നിന്നും(2014) ഇന്ന് 32 ലക്ഷത്തിലേക്കാണ് (2017) വളര്‍ന്നിരിക്കുന്നത്. 2003-ല്‍ അതിന്റെ അംഗസംഖ്യ വെറും 11 ലക്ഷം ആയിരുന്നു. കണക്ക് പ്രകാരം കോണ്‍ഗ്രസിന്റെ നാഷ്ണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്‍ഡ്യക്ക് 40 ലക്ഷം അംഗങ്ങള്‍ ഉണ്ടത്രെ. അതുപോലെ സി.പി.ഐ.യുടെ ഓള്‍ ഇന്‍ഡ്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന് 35 ലക്ഷവും സി.പി.എം.ന്റെ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യക്ക് 15 ലക്ഷം അംഗങ്ങളും.

വിദ്യാര്‍ത്ഥി പരിക്ഷത്തിന്റെ ഈ വളര്‍ച്ചയുടെ രഹസ്യം ഊതിപ്പെരുപ്പിച്ച ദേശസ്‌നേഹവും ദേശീയതയും ആണ്. സംഘപരിവാറിനെപ്പോലെ അവര്‍ ദേശസ്‌നേഹത്തിന്റെയും ദേശീയതയുടെയും സംസ്‌കാരത്തിന്റെയും മൊത്തകുത്തകവ്യാപാരാവകാശം ഏറ്റെടുത്തിരിക്കുകയാണ്. എത്രയെത്ര ക്യാമ്പസുകള്‍ ആണ് ഇവര്‍ ഈ കപട ദേശീയതയുടെ പേരില്‍, സ്വതന്ത്രചിന്ത-അഭിപ്രായ നിഷേധത്തിന്റെ പേരില്‍ കലുഷിതമാക്കിയത് ഈ അടുത്ത കാലത്ത്.

ഉദാഹരണമായി ജയ് നാരായന്‍വ്യാസ് യൂണിവാഴ്‌സിറ്റി(ജോഡ്പൂര്‍, രാജസ്ഥാന്‍). കഴിഞ്ഞമാസം ആണ് ഇവിടെ ജെ.എന്‍.യു.വിലെ പ്രൊഫസറായ നിവേദിത മേനോന്‍ ഒരു പ്രസംഗം നടത്തിയത്. അവര്‍ അവിടെ പറഞ്ഞു കാശ്മീരിന്റെ പേരിലുള്ള ഇന്‍ഡ്യയുടെ അവകാശവാദം വെറും പൊള്ളയാണ്. ജവാന്മാര്‍ അതിര്‍ത്തികാക്കുന്നത് വയറ്റിപ്പിഴപ്പിനു വേണ്ടിയാണ്. ഞാന്‍ ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. ഏതായാലും സൂപ്പര്‍ ദേശസ്‌നേഹികള്‍ ആയ വിദ്യാര്‍ത്ഥി പരിക്ഷത്ത് ഇത് ഏറ്റെടുത്തു. നിവേദിത മേനോന്‍ നായാടപ്പെട്ടു. മേനോനെ പരിപാടിക്ക് ക്ഷണിച്ച രാജശ്രീ റണാവത്ത് എന്ന അദ്ധ്യാപികയെ സസ്‌പെന്റ് ചെയ്തു. എന്തുകൊണ്ട് മേനോന് അവരുടെ അഭിപ്രായം പ്രകടിപ്പിച്ചു കൂട, ഇതൊരു ജനാധിപത്യം ആണെങ്കില്‍?

2016 സെപ്റ്റംബര്‍ 20 ന് ആണ് സെന്‍ട്രല്‍ യൂണിവാഴ്‌സിറ്റി ഓഫ് ഹരിയാന വിദ്യാര്‍ത്ഥി പരിക്ഷത്ത് കലുഷിതമാക്കിയത്. മഹാശ്വേതാദേവിയുടെ ദ്രൗപതി എന്ന നാടകം അരങ്ങേറുകയായിരുന്നു. അതില്‍ ജവാന്മാര്‍ കാശ്മീരില്‍ ബലാല്‍സംഗം നടത്തുന്നതിനെകുറിച്ചുള്ള ഒരു സീന്‍ ഉണ്ട്. അതും വിദ്യാര്‍ത്ഥി പരിക്ഷത്ത് ഏറ്റെടുത്തു. കലാപം ആയി. എന്തുകൊണ്ട് സൃഷ്ടിപരമായ സ്വാതന്ത്ര്യം, ആശയ സ്വാതന്ത്ര്യം അനുവദിച്ചുകൂട? യഥാര്‍ത്ഥത്തില്‍ ബലാല്‍സംഗത്തിന് ജവാന്മാര്‍ കോട്ട്മാഷല്‍ ചെയ്യപ്പെടുന്നുണ്ടല്ലോ? ഏതായാലും ഇതുമായി ബന്ധപ്പെട്ട് അദ്ധ്യാപകര്‍ക്ക് എതിരായി നടപടി എടുത്തു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആണ് കൊല്‍ക്കട്ടയിലെ ജാദവ്പൂര്‍ യൂണിവാഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി പരിക്ഷത്ത് അക്രമം അഴിച്ചുവിട്ടത്. വിഷയം ആസാദ് കാശ്മീര്‍ എന്ന പേരില്‍ ചില പോസ്റ്ററുകള്‍ ക്യാമ്പസില്‍ കണ്ടതാണ്. ഇതിന്റെ പേരില്‍ ഇടതും വലതും ഏറ്റുമുട്ടി. പരിക്ഷത്ത് മുസഫര്‍ നഗര്‍ കലാപത്തെകുറിച്ചുള്ള ഒരു ഡോക്കുമെന്ററിയും നിരോധിച്ചു. എന്തധികാരം ഇവര്‍ക്ക് ഇതിന്? യൂണിവേഴ്‌സിറ്റി ഓഫ് ഹൈദ്രാബാദിലെ(തെലുങ്കാന) സംഭവവും രോഹിത് വെമൂലയുടെ ആത്മഹത്യയും ദേശീയ തലത്തില്‍ ഒട്ടേറെ ശ്രദ്ധിക്കപ്പെട്ടതാണ്. വിദ്യാര്‍ത്ഥി പരിക്ഷത്തിന്റെയും അവരുടെ പ്രേരണഫലമായി യൂണിവാഴ്‌സിറ്റി അധികൃതരുടെയും പീഡനം കാരണം ആ ദളിത് ഗവേഷക വിദ്യാര്‍ത്ഥിക്ക് ആത്മഹത്യ ചെയ്യേണ്ടതായി വന്നു. വിഷയം ദളിത് രാഷ്ട്രീയം തന്നെ. സെന്‍ട്രല്‍ യൂണിവാഴ്‌സിറ്റി ഓഫ് ജാര്‍ക്കണ്ടിലും വിദ്യാര്‍ത്ഥി പരിക്ഷത്ത് ഇതേ പോലുള്ള പ്രശ്‌നം 2016 മാര്‍ച്ചില്‍ സൃഷ്ടിച്ചിട്ടുണ്ട്.

വ്യാജദേശീയതയുടെ പേരില്‍, രാഷ്ട്രീയ അസഹിഷ്ണുതയുടെ പേരില്‍ വലതുപക്ഷ പ്രസ്ഥാനങ്ങള്‍ കാമ്പസിലും പുറത്തും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. കേരളമുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരു കോടിരൂപയുടെ വധഭീഷണി മുഴക്കുവാന്‍ ഒരു ആര്‍.എസ്.എസു.കാരന് എങ്ങനെ നാവു പൊന്തി?

കലാലായങ്ങള്‍ കലുഷിതമാകുമ്പോള്‍ മനസിലാക്കിക്കൊള്ളുക അത് വസന്തത്തിന്റെ നെഞ്ചിലെ ഇടിമുഴക്കം ആണെന്ന്. അത് അങ്ങനെയൊന്നും കെട്ടടങ്ങുകയില്ല.

 സര്‍വ്വകലാശാലകള്‍ രാഷ്ട്ര വിധ്വംസന-വിഘടന വാദങ്ങളുടെ വേദികളോ? (ഡല്‍ഹികത്ത്: പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക