Image

വീണ്ടുമൊരു വനിതാദിനം പെണ്ണിന് കഞ്ഞി കുമ്പിളില്‍ തന്നെ ! (ജയന്‍ കൊടുങ്ങല്ലൂര്‍)

Published on 07 March, 2017
വീണ്ടുമൊരു വനിതാദിനം പെണ്ണിന് കഞ്ഞി കുമ്പിളില്‍ തന്നെ ! (ജയന്‍ കൊടുങ്ങല്ലൂര്‍)
സ്ത്രീസംരക്ഷണ നിയമങ്ങള്‍ കേവലം വാഗ്ദാനങ്ങളാകുമ്പോള്‍ പെണ്‍ കരുത്തിനെ ഓര്‍മ്മപ്പെടുത്താന്‍ ഒരു ദിനം കൂടി. ഇന്ന് ലോക വനിതാദിനം. ലിംഗനീതിയും ലിംഗസമത്വവും എന്നതാണ് ഇത്തവണത്തെ വനിതാ ദിനത്തിന്റെ സന്ദേശം. ലോകമെമ്പാടും വിവിധ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് ഗൂഗിള്‍ പ്രത്യേക ഡൂഡില്‍ ഒരുക്കിയിട്ടുണ്ട്.1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കില്‍ ഒരു തുണി മില്ലിലെ വനിതാ തൊഴിലാളികള്‍ തങ്ങളുടെ അവകാശ സംരക്ഷണത്തിനും തുല്യ വേതനത്തിനുമായി മുന്നോട്ട് വരികയും സംഘടിച്ച് സമരം നടത്തുകയും ചെയ്തു. ഈ പ്രക്ഷോഭമാണ് വനിതാ ദിനത്തിന് തുടക്കമിട്ടത്. പിന്നീട് ഈ പ്രക്ഷോഭ ദിനം ലോകം ഏറ്റെടുത്തു.1910 ല്‍ കോപ്പന്‍ഹേഗില്‍ നടന്ന സമ്മേളനത്തില്‍ ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. അതിന്റെ ഭാഗമായാണ് മാര്‍ച്ച് 8 ലോകമെമ്പാടും വനിതാ ദിനമായി ആചരിക്കുന്നത്.ഐക്യരാഷ്ട്രസഭ പുറത്തുവിടുന്ന മുദ്രാവാക്യമാണ് ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഓരോ അന്താരാഷ്ട്ര വനിതാ ദിനത്തിനും ഓരോ മുദ്രാവാക്യങ്ങളാണ് തയ്യാറാക്കപ്പെടുന്നത്. ആ വര്‍ഷം മുഴുവന്‍ അത് ലക്ഷ്യമാക്കിയുള്ള പ്രയത്‌നങ്ങളാണ് നടത്തുന്നത്. ഓരോ രാഷ്ട്രവും അവിടത്തെ സാഹചര്യത്തിനുതകുന്ന മുദ്രാവാക്യങ്ങള്‍ തയ്യാറാക്കുന്നതും പതിവാണ്. ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസപരിശീലന രംഗത്ത് തുല്യത, സ്ത്രീകള്‍ക്ക് മാന്യമായ തൊഴിലിലേക്ക് മാര്‍ഗദര്‍ശനം എന്നതാണ് ഐക്യരാഷ്ട്രസഭ ലോകത്തിനുമുമ്പില്‍ വെച്ചിരിക്കുന്ന മുദ്രാവാക്യം.

ലോകമെങ്ങുമുള്ള വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട ദിനം .സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓര്‍ക്കാനും ഓര്‍മപ്പെടുത്താനും ഒരുദിനം. ദേശത്തിന്റെ അതിരുകള്‍ക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വര്‍ഷവും മാര്‍ച്ച് 8 ആം തീയതി ആചരിക്കുന്നു .

ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓര്‍മകള്‍ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലവും ,വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും കണ്ണീരും കൊണ്ട് സ്ത്രീകള്‍ വരിച്ച വിജയത്തിന്റെ കഥയും . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യാവസായിക വളര്‍ച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴില്‍ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിനു വഴിയൊരുക്കിയത്. സ്ത്രീകളുടെ ഉന്നതിക്കായി ഇതുവരെ എന്തുചെയ്തു എന്നതിന്റെ അവലോകനവും ഇനിയുമെന്തൊക്കെ ചെയ്യാനുണ്ടെന്നതിന്റെ ഓര്‍മപ്പെടുത്തലുമാണ് ഈ ദിനം.

ഇന്ന് സ്ത്രീകള്‍ പല നേതൃത്വസ്ഥാനങ്ങളിലും അപമാനിക്കപ്പെടുന്നു. എല്ലാ വര്‍ഷവും മാര്‍ച്ച് 8 വനിതാ ദിനമായ് ആചരിക്കുമ്പോള്‍ മറുഭാഗത്ത് സ്ത്രീ ചൂഷണത്തിനു വിധേയമാകുന്നു.ഡല്‍ഹിയില്‍ പൊലിയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ജീവിതത്തിനു ഉത്തരവാദി ആര്?? കേരളത്തില്‍ പൊലിഞ്ഞുവീണ സ്ത്രീജന്മങ്ങള്‍ സൗമ്യ ജിഷ തുടങ്ങി എണ്ണിയാല്‍ നിരവധി ഏറ്റവും ഒടുവില്‍ ഒരു സിനിമാനടിവരെ അപമാനിക്കപെട്ടു മാതൃകാപുരുഷോത്തമന്മാരെ ഉയര്‍ത്തിക്കാട്ടാനായി നവംബര്‍ 1 9 പുരുഷദിനമായി കൊണ്ടാടുമ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ ദ്ധിച്ചു വരുന്നതെയുള്ളൂ . അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനായ് അനീതിക്കെതിരെ വിരല്‍ ചൂണ്ടി ശബ്ദം ഉയര്‍ത്തുകയോ ചെയ്താല്‍ അവള്‍ നാടിനു അപമാനം..എന്ന ചിന്താഗതിയാണ്

മുമ്പെങ്ങുമില്ലാത്തവണ്ണം അതിക്രമങ്ങള്‍, നിയമങ്ങളുണ്ടായിട്ടും സംരക്ഷണം ലഭിക്കാത്ത അവസ്ഥ, ഇതിനിടയിലേക്ക് ഒരു വനിതാദിനംകൂടി... കാനേഷുമാരിക്കണക്കിലെ പപ്പാതി എന്നതിനപ്പുറം പെണ്ണുങ്ങള്‍ പരിഗണിക്കപ്പെടുന്നതെവിടെയാണ്? 1914 ല്‍ തുടങ്ങി നൂറ്റാണ്ടു പിന്നിട്ട ലോക വനിതാദിനം ഇത്തവണയും സമുചിതമായി ആഘോഷിക്കുമ്പോള്‍ ഇന്ത്യയുടെ തെക്കേ അറ്റത്തുളള സാക്ഷര പ്രബുദ്ധ കേരളത്തില്‍ ഈ ചോദ്യത്തിന് ഉത്തരം തേടുന്നത് കൗതുകകരമായിരിക്കും. സ്ത്രീ ശാക്തീകരണം എന്ന ക്ലീഷൈ മുദ്രാവാക്യം ജാതി മത സംഘടനകള്‍ മുതല്‍ രാഷ്ട്രീയ പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ അവസരത്തിലും അനവസരത്തിലും എടുത്തുപയോഗിക്കാറുമുണ്ട്. പക്ഷെ, പ്രയോഗത്തില്‍ ഇതെവിടെ നില്‍ക്കുന്നു എന്നറിയുമ്പോഴാണ് പെണ്ണുങ്ങളെ പറ്റിക്കുന്ന പാര്‍ട്ടിക്കാരുടെ തനി നിറം വ്യക്തമാവുക. സമ്മേളനങ്ങള്‍ക്ക് സദസ്സ് നിറയ്ക്കാനും പ്രകടനങ്ങള്‍ക്ക് ആളെ കൂട്ടാനും സ്ത്രീ സാന്നിധ്യം തേടുന്ന സംഘടനകള്‍, പക്ഷെ സ്വന്തം പാര്‍ട്ടി നിയന്ത്രിക്കാന്‍ നാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നത് വലിയൊരു അന്വേഷണമൊന്നും ആവശ്യമില്ലാതെ തന്നെ അനാവൃതമാവുന്ന വസ്തുതയാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഗത്യന്തരമില്ലാതെ പാസ്സാക്കിയെടുത്ത വിപ്ലവകരമായ ഒരു നിയമമായിരുന്നു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 50% സ്ത്രീ സംവരണം. സ്ത്രീ ശാക്തീകരണം ഒരു പരിധിവരെ പ്രായോഗികമാക്കാന്‍ ഇതുകൊണ്ട് സാധിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളിലൂടെ ഒട്ടേറെ വനിതകള്‍ പൊതുരംഗത്ത് അവരുടെ പങ്കാളിത്തം ഉറപ്പിച്ചിട്ടുണ്ട്. ആഴിമതി രഹിതവും ജനപക്ഷവും നിഷ്കളങ്കവുമായ ഒരു സുതാര്യ ഭരണത്തിന്റെ സുഖം നാട്ടുകാര്‍ക്ക് അനുഭവിക്കാനും സ്ത്രീ ഭരണം സഹായിച്ചിട്ടുണ്ട്. മറയ്ക്കുപിന്നില്‍ പുരുഷന്‍ നടത്തുന്ന പിന്‍സീറ്റ് ഭരണം കാണാതിരിക്കുന്നില്ല. ‘ഒടുക്കത്തെ സ്ത്രീ സംവരണം’ മൂലം "മൂപ്പര്‍"ക്ക് മല്‍സരിക്കാന്‍ പറ്റാഞ്ഞിട്ട്, വീട്ടുകാരിയെ സ്ഥാനാര്‍ത്ഥി സാരിയുടുപ്പിച്ച് ജയിപ്പിച്ചെടുത്ത്, തുടര്‍ന്നങ്ങോട്ട് അവളെ അടുക്കള ഭരണം തിരിച്ചേല്‍പ്പിച്ച് "മൂപ്പര്‍" തന്നെ "മെമ്പറും" "പ്രസിഡണ്ടു"മൊക്കെയാവുന്നതും വിസ്മരിക്കുന്നില്ല! പക്ഷെ, പഞ്ചായത്തുകളിലെ ഈ നേര്‍പാതി പങ്കാളിത്തത്തിന്റെ കാലഘട്ടത്തിലും നമ്മുടെ പുരോഗമന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പോലും അവരുടെ പുരുഷാധിപത്യ ജനിതകഘടനയില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നു കാണാന്‍ കഴിയും.

വര്‍ഷന്തോറും വനിതാദിനം ആഘോഷിക്കുന്നുണ്ട്. സ്ത്രീ സമത്വത്തെ കുറിച്ച് അവബോധം നടക്കുന്നുണ്ട്. എന്നാല്‍ തുല്യത ഉറപ്പു വരുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ക്ക് അവരുടെ സ്വത്വത്തെ കുറിച്ച് അറിയില്ല. അതിനു വേണ്ടിയാണ് ശ്രമിക്കേണ്ടത്. സ്ത്രീകളുടെ അസരങ്ങള്‍ക്ക് വിഘാതം ഉണ്ടാവരുത്. ഇക്കാര്യത്തില്‍ ബോധവത്കരണം നല്‍കണം. സമൂഹത്തിലെ പുരുഷ മേധാവിത്വം അവസാനിപ്പിക്കണം. സമത്വം വരണം. സമൂഹം സ്ത്രീകളെ കാണുന്നത് രണ്ടാംതരം പൗരന്മാരായിട്ടാണ്. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിലും പൊതു ഇടങ്ങളിലും പുരുഷന്മാര്‍ മാത്രം കടന്നുചെല്ലുന്ന മേഖലകളിലും സ്ത്രീകള്‍ക്ക് പ്രിതിനിധ്യം ഉണ്ടാകണം. അതിന് ഭരണപരമായ ഇടപെടല്‍ ഉണ്ടാകണം. അതിന് അധ്വാനം ഏറെ വേണ്ടിവരും. സ്വയം പരിശ്രമിച്ച് എത്താവുന്നിടത്ത് ഇന്നും സ്ത്രീകള്‍ എത്തുന്നുണ്ട്. എന്നാല്‍ നയപരമായ തീരുമാനങ്ങളെടുക്കുന്നതിലെ പ്രാതിനിധ്യം കുറവാണ്. ഭരണകാര്യങ്ങളില്‍ സ്ത്രീപ്രാതിനിധ്യം കുറവ്. സ്ത്രീകളുടെ കഴിവ് പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. ഇന്ന് സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ അതിന് പരിധിയുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിന് സുരക്ഷ പ്രധാനമാണ്. സുരക്ഷിതത്വം ഉറപ്പുവരുത്തണം

കാലാന്തരത്തിലുള്ള മാറ്റത്തിന് സമൂഹവും വിധേയമായതിലൂടെ പഴയകാലഘട്ടത്തില്‍ നിന്ന് പുതിയ കാലഘട്ടത്തിന് ഏറെ മാറ്റങ്ങളുണ്ടായി. അതിന്‍റെ പ്രതിഫലനം സ്ത്രീകളുടെ ജീവിതത്തിലും ഉണ്ടാകുന്നുണ്ട്. പഴയകാലത്തെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഇന്ന് സ്വാതന്ത്ര്യം ഉണ്ട്. കൂച്ചുവിലങ്ങുകളുടെ കാലം ഉണ്ടായിരുന്നു. അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നൊക്കെ മാറ്റം നേടാനുള്ള പോരാട്ടം നടന്ന ചരിത്രവും നമുക്കുണ്ട്. ഇതിന്‍റെ ഫലമായി സ്ത്രീകള്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കെത്തി.

സാമൂഹിക സാഹചര്യങ്ങള്‍ ചിന്താഗതിയെ മാറ്റി. കുടുംബത്തെ ഭയക്കുന്ന കാലം മാറി. സൗഹൃദമായ കുടുംബാന്തരീക്ഷം ഇന്നുണ്ട്. ഏത് മേഖലയിലും എത്തിപ്പെടാനുള്ള സ്വാതന്ത്ര്യം ഇന്നുണ്ട്. അത് ഒരുപരിധിവരെ ഉന്നമനത്തിന് സഹായിച്ചു. രാഷ്ട്രീയത്തില്‍ അവസരമില്ലാതിരുന്ന ഒരു കാലം സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നു. രാഷ്ട്രീയ ബോധം ഉണ്ടായിരുന്നുവെങ്കിലും പുറത്തു കാണിക്കാന്‍ സ്വാതന്ത്ര്യമില്ല. എന്നാല്‍ ഇന്ന് വേദികളുണ്ട്. അവസരങ്ങളുണ്ട്. ആവശ്യങ്ങളും അവകാശങ്ങളും തുറന്നു പറയുന്നു. നല്ല രാഷ്ട്രീയ ചിന്താഗതി ഉള്ള വനിതകള്‍ ഇന്നുണ്ട്.ഇതൊന്നും വിസ്മരിക്കുന്നില്ല ചിലസമയങ്ങളില്‍ സ്ത്രീക്ക് എതിര് സ്ത്രീ തന്നെയാകുന്ന സംഭവവികാസങ്ങളും നമുക്കിടയില്‍ ഉണ്ട്

എങ്കിലും പുരുഷ മേധാവിത്വം എന്ന ഘടകം സ്ത്രീകളുടെ ഉന്നമനത്തെ തടസപ്പെടുത്തുന്നു. കാലം എത്ര കഴിഞ്ഞിട്ടും എല്ലാമേഖലകളിലേക്കും കടക്കുന്നതിന് ഈ മേല്‍ക്കോയ്മ സ്ത്രീകള്‍ക്ക് തടസമാകുന്നു. നല്ലത് ചെയ്താലും അംഗീകാരം ലഭിക്കുന്നില്ല. അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്ന ന്യൂനപക്ഷം പുരുഷന്മാര്‍ ഇന്നുണ്ട്.പുരുഷന്മാരാണ് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കേണ്ടത്. കേള്‍ക്കേണ്ടത്. അവരുടെ മനസിലും കാഴ്ചപ്പാടിലുമാണ് മാറ്റമുണ്ടാകേണ്ടത്. അപ്പോള്‍ സമൂഹത്തില്‍ സ്ത്രീ സുരക്ഷയാകും. സര്‍ക്കാര്‍ ഒരുപാട് അവസങ്ങള്‍ നല്‍കുന്നു. എന്നാല്‍ കൈകാര്യം ചെയ്യുന്ന മേഖലയുടെ പിടിപ്പു കേട് കാരണം സ്ത്രീകളിലേക്ക് എത്തുന്നതിന് തടസമുണ്ട്. ഇതിലൊക്കയാണ് മാറ്റം ഉണ്ടാകേണ്ടത്.വരുത്തിയാല്‍ മാറ്റമുണ്ടാകും.ഒരു മാറ്റത്തിനായി നമുക്ക് ശ്രമിക്കാം എല്ലാവര്ക്കും വനിതാദിനാശംസകള്‍ നേരുന്നു
വീണ്ടുമൊരു വനിതാദിനം പെണ്ണിന് കഞ്ഞി കുമ്പിളില്‍ തന്നെ ! (ജയന്‍ കൊടുങ്ങല്ലൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക