Image

ഐ.ആര്‍.എസിന്റെ പേരില്‍ തൊഴിലുടമകളോട് ജീവനക്കാരുടെ വിവരങ്ങള്‍ ആരാഞ്ഞ് തട്ടിപ്പ്

ഏബ്രഹാം തോമസ് Published on 07 March, 2017
ഐ.ആര്‍.എസിന്റെ പേരില്‍ തൊഴിലുടമകളോട് ജീവനക്കാരുടെ വിവരങ്ങള്‍ ആരാഞ്ഞ് തട്ടിപ്പ്
വാഷിംഗ്ടണ്‍: അമേരിക്കയില്‍ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട സമയമാണ്. അവസാന തീയതി ഏപ്രില്‍ 15- ആണ്. ജീവനക്കാര്‍ക്ക് 2016-ല്‍ ലഭിച്ച വേതനങ്ങളും മറ്റു വിവരങ്ങളും തൊഴിലുടമകള്‍ മിക്കവാറും നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഒരു തട്ടിപ്പ് വളരെ വിപുലമായ തോതില്‍ ഈവര്‍ഷം നടക്കുന്നതായി ഇന്റേണല്‍ റവന്യൂ സര്‍വീസ് (ഐ.ആര്‍.എസ്) അറിയിക്കുന്നു.

ചില സ്ഥാപനങ്ങളിലെ പേ റോള്‍ വിഭാഗത്തിന് ആ സ്ഥാപനങ്ങളിലെ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നാണെന്ന ഭാവേന ഇമെയിലുകള്‍ അയയ്ക്കുന്നു. ജീവനക്കാരുടെ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, വേതനം, മറ്റു വിവരങ്ങള്‍ എന്നിവയാണ് ഇമെയിലിലൂടെ ആവശ്യപ്പെടുന്നത്. ഇമെയില്‍ വ്യാജമാണെന്നു മനസിലാക്കാതെ ചില സ്ഥാപനങ്ങളുടെ പേ റോള്‍ വിഭാഗം ഇമയിലിനു മറുപടി അയച്ചുകൊടുത്തതായും ഐ.ആര്‍.എസ് പറയുന്നു. ഈ ഇമെയിലുകള്‍ ആവശ്യപ്പെടുന്നത് എല്ലാ ജീവനക്കാരുടേയും ഡബ്ല്യു.ടു ഫോമും വിവരങ്ങളുമാണ്.

2016-ല്‍ തട്ടിപ്പ് ആരംഭിച്ചപ്പോള്‍ വലിയ കോര്‍പ്പറേഷനുകളായിരുന്നു ലക്ഷ്യം. ഈവര്‍ഷം വലിപ്പച്ചെറുപ്പമില്ലാതെ തിരഞ്ഞുപിടിച്ച ചില സ്ഥാപനങ്ങള്‍, ടെമ്പററി സ്റ്റാഫിംഗ് സര്‍വീസ്, ചെയിന്‍ റെസ്റ്റോറന്റുകള്‍, ഹെല്‍ത്ത് കെയര്‍, ഷിപ്പിംഗ്- ഫ്‌ളൈറ്റ് കമ്പനികള്‍ എന്നിവയിലേക്കും തട്ടിപ്പ് വ്യാപിച്ചിട്ടുണ്ട്. ഇത്തരം ഇമെയിലുകള്‍ ലഭിച്ചാല്‍ ഫിഷിംഗ് അറ്റ് ഐആര്‍എസ് ഡോട്ട്‌കോമില്‍ വിവരം അറിയിക്കണമെന്നു ഐ.ആര്‍.എസ് അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക