Image

മാര്‍ സ്രാന്പിക്കലിന്റെ ഇടയലേഖനം കണ്ടും കേട്ടും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍

Published on 07 March, 2017
മാര്‍ സ്രാന്പിക്കലിന്റെ ഇടയലേഖനം കണ്ടും കേട്ടും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ വിശ്വാസികള്‍ക്കെഴുതിയ ആദ്യ ഇടയലേഖനത്തിന്റെ വീഡിയോ പതിപ്പ് പുറത്തിറങ്ങി. ദിവ്യബലി മധ്യേ തിരുവചന വായനകള്‍ക്കുശേഷം നോന്പുകാല സന്ദേശമുള്‍ക്കൊള്ളുന്ന ആദ്യ ഇടയലേഖനം മാര്‍ സ്രാന്പിക്കല്‍ തന്നെ വിശ്വാസികളോട് നേരിട്ട് സംസാരിക്കുന്ന രീതിയില്‍ പ്രൊജക്ടറിലൂടെ സ്‌ക്രീനില്‍ തെളിഞ്ഞുകണ്ടപ്പോള്‍ അത് വിശ്വാസികള്‍ക്ക് നവ്യാനുഭവമായി. 

ചില രാജ്യങ്ങളില്‍ ലത്തീന്‍ കത്തോലിക്കാ സഭയുടെ രൂപതകളില്‍ ഇത്തരത്തില്‍ മെത്രാന്മാരുടെ ഇടയലേഖനങ്ങള്‍ ജനങ്ങളിലെത്തിക്കാറുണ്ട്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മതബോധന ഡയറക്ടര്‍ ഫാ. ജോയി വയലിലാണ് ഇടയലേഖനത്തിന്റെ വാക് രൂപത്തിന് ദൃശ്യചാരുത നല്‍കിയത്. 

മാര്‍ച്ച് നാലിന് നോട്ടിംഗ്ഹാം രൂപതയിലെ സെന്റ് പോള്‍സ് ലെന്റന്‍ ബുളിവാര്‍ഡ് ദേവാലയത്തില്‍ നടന്ന ദിവ്യബലി മധ്യേ ഇടയലേഖനത്തിന്റെ വീഡിയോ പതിപ്പിന്റെ ആദ്യ അവതരണങ്ങളിലൊന്ന് നടന്നു. പുതിയ ആശയത്തെ വിശ്വാസികള്‍ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. മെത്രാന്‍ തങ്ങളോട് നേരിട്ട് സംസാരിക്കുന്നതുപോലെ തോന്നുന്നുവെന്നും ഈ ആശയം വായിച്ചു കേള്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമാണെന്നാണ് വിശ്വാസികളുടെ പ്രതികരണം. ഇടയലേഖനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ മാര്‍ഗം കൂടുതല്‍ സഹായകരമാണെന്നും അഭിപ്രായമുണര്‍ന്നു. 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക