Image

സ്ത്രീത്വത്തെ ബഹുമാനിക്കുന്നവരാണ് വനിതാ ദിനം ആഘോഷിക്കേണ്ടത്: രേഖാ ഫിലിപ്പ്

അനില്‍ പെണ്ണുക്കര Published on 07 March, 2017
സ്ത്രീത്വത്തെ ബഹുമാനിക്കുന്നവരാണ് വനിതാ ദിനം ആഘോഷിക്കേണ്ടത്: രേഖാ ഫിലിപ്പ്
മാര്‍ച്ച് എട്ട് സ്ത്രീകളുടെ അവകാശപ്രഖ്യാപന ദിനമാണ്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ മോചനത്തിനായി ലോകമെങ്ങും ഈ ദിനത്തില്‍ സ്ത്രീകള്‍ കൈകോര്‍ക്കുന്നു. 1908 ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സൂചിനിര്‍മാണ ഫാക്ടറിയിലെ തൊഴിലാളികള്‍ നടത്തിയ അവകാശസമരത്തെ ഭരണാധികാരികള്‍ ക്രൂരമായി അടിച്ചമര്‍ത്തി. ആ സമരത്തിന്റെ ഓര്‍മയ്ക്കായി അന്താരാഷ്ട്ര മഹിളാദിനം എന്ന രീതിയില്‍ മാര്‍ച്ച് എട്ട് ആചരിക്കാന്‍ 1910ല്‍ ജര്‍മനിയിലെ കോപ്പന്‍ഹേഗനില്‍ ചേര്‍ന്ന സോഷ്യലിസ്റ്റ് മഹിളാസമ്മേളനം തീരുമാനിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടുന്ന ഇന്ത്യയുടെ പ്രതിനിധിയായി ആ സമ്മേളനത്തില്‍ പങ്കെടുത്ത 'മാഡം കാമ' ഇന്ത്യന്‍ സ്വാതന്ത്യ്രത്തിന്റെ ത്രിവര്‍ണ പതാക വീശിക്കാണിച്ച് സ്ത്രീവിമോചനത്തിന്റെ ലക്ഷ്യം പ്രകടിപ്പിച്ചു.

എന്നാല്‍, സ്വാതന്ത്യ്രത്തിന്റെ 70 വര്‍ഷം പിന്നിടുമ്പോഴും 'ഇന്ത്യന്‍ 'സ്ത്രീസമൂഹം അവഹേളനത്തിന്റെ ഇരുട്ടില്‍ ആണ്ടുകിടക്കുകയാണ് എന്ന് വിളിച്ചുപറയാന്‍ ഓരോ മഹിളാ ദിനത്തിലും ഇന്ത്യക്കാരും തയാറാകുന്നു .എല്ലാ വര്‍ഷവും ആഘോഷിക്കുന്ന വനിതാ ദിനങ്ങള്‍ ഒരു തരത്തില്‍ അല്ലങ്കില്‍ മറ്റൊരു തലത്തില്‍ സ്ത്രീകളെ അവഹേളിക്കല്‍ ആണെന്ന് വിശ്വസിക്കുന്ന നിരവധി ആളുകള്‍ ഉണ്ട് .

എന്നാല്‍ വനിതാ ദിനം ആഘോഷിക്കുന്ന ഏതൊരാളും ആദ്യം ചെയ്യേണ്ടത് സ്ത്രീയെ ബഹുമാനിക്കുകയും ,അവള്‍ക്കു മാനസികമായ സംരക്ഷണവും നല്‍കുകയാണ് വേണ്ടത് .സ്ത്രീകളെ ബഹുമാനിക്കുന്നവര്‍ക്കാണ് വനിതാദിനം ആഘോഷിക്കുവാന്‍ ലോകത്തെവിടെ ആയാലും അര്‍ഹത ഉള്ളതെന്ന് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ വനിതാ വിഭാഗം പ്രതിനിധിയും ഫോമാ 'സാന്ത്വനം' പദ്ധതിയുടെ ചെയര്‌പേഴ്‌സണുമായ രേഖ ഫിലിപ്പ് തന്റെ ചിന്തകളും അഭിപ്രായവും ഈ മലയാളിയുമായി പങ്കുവയ്ക്കുന്നു .

ലോകത്തു പലരാജ്യങ്ങളിലും ലിംഗ സമത്വം നില നിക്കുമ്പോളും ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയില്‍ ആണ്‍ പെണ്‍ വിത്യാസം ഓരോ ദിവസം കഴിയും തോറും ശക്തമായി വരുന്നു.അമേരിക്ക പോലെ ഒരു രാജ്യത്തു ജീവിക്കുന്ന ഒരുസ്ത്രീ എന്ന നിലയില്‍ ഈ ചിന്തയെ എങ്ങനെ നോക്കി കാണുന്നു ?

ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികസ്വാതന്ത്യ്രം, തൊഴില്‍മേഖലയിലെ പങ്കാളിത്തം, അധികാരത്തിന്റെ മേഖലയിലെ തുല്യത തുടങ്ങി എല്ലാ മേഖലയിലും മറ്റുരാജ്യങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ചു ഇന്ത്യന്‍ സ്ത്രീകള്‍ എത്രയോ പിന്നിലാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ മാനദണ്ഡമാക്കി 128 രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ നൂറ്റി പതിനാലാം സ്ഥാനമാണ് ഇന്ത്യക്ക് ലഭിച്ചത് എന്ന് എവിടെയോ വായിച്ചിട്ടുണ്ട് . .ഇന്ത്യന്‍ സ്ത്രീസമൂഹത്തിന്റെ മുന്നേറ്റം അളക്കേണ്ടത് സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ മേഖലകളില്‍ സ്ത്രീകള്‍ക്കുണ്ടായ മുന്നേറ്റം അടിസ്ഥാനമാക്കിവേണം. എന്നാല്‍ ഇന്ത്യയില്‍ മൊത്തം തൊഴില്‍പങ്കാളിത്തത്തിന്റെ കാര്യത്തില്‍ 23 ശതമാനത്തില്‍ താഴെയാണ് സ്ത്രീകളുടെ പങ്കാളിത്തം. കാര്‍ഷികമേഖലയിലായിരുന്നു സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തം കൂടുതല്‍. ഈ മേഖലയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന തകര്‍ച്ച സ്ത്രീകളെ കൂട്ടത്തോടെ തൊഴില്‍രഹിതരുടെ ഇടയിലേക്ക് തള്ളുന്നു. പട്ടിണിമരണങ്ങളിലും ആത്മഹത്യകളിലും സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്നതിന് ഇതൊരു കാരണമാണ്. കൂലിയും വളരെ തുച്ഛമാണ്. തുണിശാലകളിലും മറ്റും ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് മണിക്കൂറുകളോളം നിന്ന് ജോലിചെയ്യേണ്ടി വരുന്നു. ടോയ്‌ലറ്റുകളോ ശിശുസംരക്ഷണകേന്ദ്രങ്ങളോ ഇല്ലാത്തതിന്റെ പ്രയാസം വേറെ.ഇതൊക്കെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ആണ് പക്ഷെ കാലം ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വലിയ അകല്‍ച്ച സമ്മാനിച്ചു.അതിനു സ്ത്രീകള്‍ ഉള്‍പ്പെടുന്ന നമ്മുടെ സമൂഹത്തിനാണ് മുഖ്യ പങ്ക്

സ്ത്രീ സുരക്ഷയില്ലാത്ത ഇന്ത്യയിലും വനിതാദിനം ആഘോഷിക്കുകയാണ്. ഒരു ദിവസത്തിന്റെ ആയുസുമാത്രമുള്ള ചര്‍ച്ചകള്‍ ചിന്തകള്‍, മാത്രമാണ് വനിതാദിനത്തിന്റെ പ്രത്യേകത അതിനപ്പുറത്തേക്ക് സ്ത്രീകളെക്കുറിച്ച് ചിന്തിക്കാനോ , അവള്‍ക്കുവേണ്ട സുരക്ഷയൊരുക്കാനൊ വേണ്ട ചര്‍ച്ചകളോ വനിത ദിനത്തില്‍ നടക്കുന്നില്ലെന്നാണ് യാഥാര്‍ത്ഥ്യം. സത്യമല്ലേ?

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിവസവും പെരുകുകയാണ് എന്നാണ് ദിവസവും ഉള്ള വാര്‍ത്തകള്‍ നമ്മെ പഠിപ്പിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 68,000ത്തിനടുത്ത് കേസാണ് രജിസ്റ്റര്‍ചെയ്തത് എന്ന് കേള്‍ക്കുന്നു . മറ്റ് സംസ്ഥാനങ്ങളില്‍ കേസ് രജിസ്റ്റര്‍ചെയ്യാനുള്ള സൌകര്യങ്ങള്‍പോലുമില്ല എന്നും കൂടി ഓര്‍ക്കണം.ദുരഭിമാനഹത്യകളും മറ്റു നിരവധി ശാരീരിക ആക്രമണങ്ങളും പെരുകുമ്പോഴും അവയൊന്നും സര്‍ക്കാരിന്റെ കണക്കുകളില്‍ പെടുന്നില്ല. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ദളിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നത് നിത്യസംഭവമാണ്. മുഖമില്ലാതെ, ശബ്ദമില്ലാതെ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന ശരീരം മാത്രമായി ഇന്ത്യന്‍ സ്ത്രീകള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും എരിഞ്ഞൊടുങ്ങുന്നു. ശൈശവവിവാഹങ്ങള്‍, പട്ടിക്കല്യാണങ്ങള്‍, പെണ്‍കുട്ടികളെ അടിമകളായി സങ്കല്‍പ്പിച്ച് വില്‍ക്കുന്ന ആചാരങ്ങള്‍ എന്നിവ യഥേഷ്ടം തുടരുന്നില്ലേ .വളരെ വിദ്യാഭ്യാസമുള്ള കേരളീയ സമൂഹത്തിലും ഇത് തന്നെ .പെണ്ണിനെ 'ഇര 'ആയി സങ്കല്‍പ്പിക്കുന്നു സമൂഹം വേറെ എവിടെ ഉണ്ട് .മലയാളി എവിടെ ചെന്നാലും അങ്ങനെ തന്നെ എന്നാണ് അനുഭവവും ,നമ്മുടെ സമൂഹവും എന്നെ പഠിപ്പിച്ചത് .

അമേരിക്കയിലെ രണ്ടാം കുടിയേറ്റമാണല്ലോ മലയാളി നേഴ്‌സുമാരുടെ കുടിയേറ്റം. സ്ത്രീകള്‍ ഒരു സ്ഥലത്തു കുടിയേറി പുരുഷനെയും ആ കുടിയേറ്റത്തിന്റെ ഭാഗമാക്കി,പിന്നീട് ഭാര്യ ഭര്‍ത്താക്കന്മാരുടെ കുടുംബങ്ങളെയും ആ കുടിയേറ്റത്തിന്റെ ഭാഗമാക്കിയവരാണ് അമേരിക്കന്‍ മലയാളി സ്ത്രീകള്‍ .അവര്‍ക്കു ഈ സമൂഹത്തില്‍ വേണ്ട അംഗീകാരം ലഭിക്കുന്നതായി തോന്നിയിട്ടുണ്ടോ ?

അമേരിക്കന്‍ കുടിയേറ്റത്തിനു മുന്‍പ് പുരുഷന്റെ ഗള്‍ഫ് കുടിയേറ്റത്തെക്കുറിച്ചും ചിന്തിക്കണം .ഒരുകാലത്തു ഗള്‍ഫില്‍ പോകുക എന്നത് മലയാളി പുരുഷ സമൂഹത്തിന്റെ ചിന്ത ആയിരുന്നു.അതി ഇപ്പോളും തുടരുന്നു .പക്ഷെ അക്കാലത്തും ഗള്‍ഫിലേക്കും സ്ത്രീ കുടിയേറ്റം ചെറിയ തോതില്‍ ഉണ്ടായിട്ടുണ്ട് .വളരെ സമര്‍ത്ഥരായിരുന്നു കഴിഞ്ഞ തലമുറയിലുള്ള സ്ത്രീകള്‍. ചെറിയ ഗ്രാമങ്ങളില്‍ വളര്‍ന്നു; സഹോദരങ്ങളുടെ കാര്യങ്ങള്‍ നോക്കിയും അമ്മയെ വീട്ടുജോലികളില്‍ സഹായിച്ചും ഒരുപാട് ബുദ്ധിമുട്ടില്‍ കൂടെ കടന്നുപോയപ്പോള്‍ ഇതിനു ഒരു മാറ്റം ഉണ്ടാവണം എന്ന് എപ്പോഴോ അവര്‍ തീരുമാനിച്ചു. മലയാളം മീഡിയം സ്‌കൂളിലെ പഠനത്തിന് ശേഷം ജോലി നേടി മറ്റു നാടുകളില്‍ പോയ ഇവര്‍ക്ക് മുന്‍പില്‍ ഭാഷ തുടങ്ങിയുള്ള എല്ലാ തടസ്സങ്ങളും ഒന്നുമല്ലാതായി. ഇങ്ങനെ ഒരു സ്ത്രീയോട് മിക്ക മലയാളി കുടുംബങ്ങളും കടപ്പെട്ടിരിക്കും . ഇതാണോ അബലയായ സ്ത്രീ?

പുരുഷന്മാര്‍ ജോലിക്കു പോകുകയും സ്ത്രീകള്‍ ഭക്ഷണം ഉണ്ടാക്കി, കുട്ടികളെയും വളര്‍ത്തി വീട്ടിലെ കാര്യങ്ങള്‍ നോക്കി കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു നമ്മുടെ മലയാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് . പിന്നീട് പെണ്‍കുട്ടികള്‍ ജോലിക്കു പോയിത്തുടങ്ങിയതിനു തക്കതായ കാരണങ്ങള്‍ ഉണ്ടായിരുന്നു . അവര് എല്ലാ മേഖലകളിലും പ്രാവീണ്യം തെളിയിച്ചിട്ടും നമ്മുടെ ചിന്തകള്‍ മാറിയില്ല. സ്ത്രീകള്‍ എന്നും ഒരു പടി പിന്നില്‍ നിന്നാല്‍ മതി എന്ന് സമൂഹം ശഠിക്കുന്ന പോലെ.അതുകൊണ്ട് ഇവിടുത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണം നാം ഉള്‍പ്പെടുന്ന സമൂഹം തന്നെയാണ് എന്ന് തോന്നിയിട്ടുണ്ട്.

അമേരിക്കയില്‍ നിരവധി മലയാളി സംഘടനകള്‍ ഉണ്ടല്ലോ .പല സംഘടനകളിലും വനിതാ പ്രാതിനിധ്യം കുറവായിരുന്നു .പല സംഘടനകള്‍ക്കും പ്രധാന പദവികളില്‍ സ്ത്രീകള്‍ വരാതെ വിമന്‍സ് ഫോറത്തിലാക്കി സ്ത്രീകളെ രണ്ടാം തരത്തിലേക്ക് മാറ്റി എന്ന് തോന്നിയിട്ടുണ്ടോ ?

ഒരിക്കല്‍ ഒരു പെണ്‍കുട്ടി ഭംഗിയുള്ള കുപ്പിവളകളുമായി വീട്ടില്‍ വന്നപ്പോള്‍ അപ്പന്‍ ദേഷ്യത്തില്‍ മുഴുവന്‍ പൊട്ടിച്ചുകളഞ്ഞു, എന്നിട്ടു പറഞ്ഞു നിനക്ക് യോഗമുണ്ടെങ്കില്‍ സ്വര്‍ണ്ണവളകള്‍ ഇട്ടാല്‍ മതിയെന്ന്. എവിടെയാണ് ഈ സ്വര്‍ണ്ണവളകള്‍ കിട്ടുക എന്നതായി പിന്നേ ആലോചന. അതിനു ഗള്‍ഫില്‍ പോകണം എന്ന് ആരോപറഞ്ഞു. കൈനിറയെ സ്വര്‍ണ്ണവളകള്‍ ഇടണം എന്ന ഒരു മല്ലപ്പള്ളിക്കാരി പെണ്‍കുട്ടിയുടെ ആഗ്രഹം അവളെ നേഴ്‌സ് ആയി കുവൈറ്റില്‍ എത്തിച്ചു. ആ പെണ്‍കുട്ടി ആഗ്രഹിച്ചത് നേടാന്‍ കാണിച്ച ധൈര്യം ഓര്‍ക്കുമ്പോള്‍ ഇന്ന് എന്റെയ അമ്മയെക്കുറിച്ചു എനിക്ക് ഒരുപാടു അഭിമാനമുണ്ട്.ഗള്‍ഫിനേക്കാള്‍ നേട്ടം അമേരിക്കയാണെന്നുള്ള തിരിച്ചറിവാണ് അമേരിക്കയിലേക്കുള്ള മലയാളി സ്ത്രീകളുടെ കുടിയേറ്റം .ആ കുടിയേറ്റം കൊണ്ടാണ് അമേരിക്കന്‍ മലയാളി സമൂഹത്തിനു ഇന്ന് കാണുന്ന നേട്ടങ്ങള്‍ എല്ലാം ഉണ്ടായത്.

മലയാളി കുടുംബങ്ങളുടെ കുടിയേറ്റത്തിനു ശേഷമാണു ഈ കൂട്ടായ്മകള്‍ എല്ലാം ഉണ്ടായത്.അത് ആരും നിഷേധിക്കും എന്ന് ഞാന്‍ കരുതുന്നില്ല.പക്ഷെ സ്ത്രീകള്‍ക്ക് വേണ്ട തരത്തിലുള്ള അംഗീകാരമോ ,സുരക്ഷിതത്വമോ നല്‍കുന്നതില്‍ ചില പോരായ്മാകള്‍ ഉണ്ടായിട്ടുണ്ട്.അതിനു സ്ത്രീകള്‍ക്കും പങ്കുണ്ട് .സംഘടനാ പ്രവര്‍ത്തനം ആത്മാര്‍ഥമായി നടത്തുന്നതിനോടാണ് എനിക്ക് താല്‍പ്പര്യം .മേനി പറച്ചിലിനോട് താല്പര്യമില്ല.പ്രതീക്ഷയോടെയാണ് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് .ഏല്‍പ്പിക്കുന്ന ജോലി ഭംഗിയായി ചെയ്യും.പക്ഷെ അതില്‍ അതില്‍ ഉത്തരവാദിത്വമുള്ള ഒരു സ്ത്രീ എന്ന നിലയില്‍ വേണ്ടതെല്ലാം ചെയ്യും.അത് പോലെ തന്നെ ഒറ്റയ്ക്കാണെങ്കിലും അഭിപ്രയം പറയേണ്ടുന്ന ഇടങ്ങളില്‍ പറയുകയും ചെയ്യും .അതാണ് സ്ത്രീയുടെ വ്യക്തിത്വം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ക്ക് പാര സ്ത്രീകള്‍ തന്നെയാണ് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് .ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ കൂടെ ഉള്ളവര്‍ തന്നെ ഒറ്റപ്പെടുത്തുക ,പരിഹസിക്കുക ,ഇവയൊക്കെ സാധാരണമാണ് .സ്ത്രീ കൂട്ടായ്!മകളുടെ വളര്‍ച്ചയ്ക്ക് ഇതെല്ലം ഒരു തടസമല്ലേ?

ഇവിടെ പുരുഷനേക്കാള്‍ ജോലി തിരക്കുള്ളവളാണ് സ്ത്രീ .അതിനിടയില്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്ന സ്ത്രീകളെ ഞാന്‍ അഭിനന്ദിക്കുന്നു .ആദ്യകാലത്തു അമേരിക്കയിലെത്തിയ മറിയാമ്മപിള്ളയെ പോലെ ഉള്ളവര്‍ നിരവധി സഹായങ്ങള്‍ അക്കാലത്തു ഇവിടെ എത്തിയ മലയാളി കുടുംബങ്ങള്‍ക്ക് ചെയ്തു കൊടുത്തതെയി കേട്ടിട്ടുണ്ട് .അതൊക്കെ പുതിയ തലമുറയ്ക്ക് വലിയ പ്രചോദനം ആണ് .അങ്ങനെ ഉള്ള സഹായം ഇപ്പോള്‍ ഇവിടെ എത്തുന്ന മലയാളി കുടുംബങ്ങള്‍ക്കും ലഭ്യമാക്കുവാന്‍ ഫോമാ ആരംഭിച്ച പദ്ധതിയാണ് 'സാന്ത്വനം'പ്രോജക്ട് . വളരെ നല്ല ആശയമുള്ള ഒരു പ്രോജക്ട് .പദ്ധതി തുടങ്ങുതെ ഉള്ളു.

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഒരു എതിരാളി ആയി ഞാന്‍ ആരെയും കാണാറില്ല.ഞങ്ങളൊക്കെ പുതിയ ആളുകളാണ് .പക്ഷെ ഇവിടുത്തെ പ്രശ്‌നം അതല്ല .നമ്മുടെ അമ്മമാര്‍ ജീവിച്ചിരുന്നതിനെക്കാളും സൗകര്യവും സ്വാതന്ത്ര്യവും ഇന്ന് നമുക്ക് ഉണ്ട്. വരും തലമുറയുടെ നന്മയ്ക്ക്, കുടുംബത്തിലും സമൂഹത്തിലും അവള്‍ അര്‍ഹിക്കുന്ന ബഹുമാനവും സുരക്ഷിതത്വവും ലഭിക്കാന്‍ നമ്മള്‍ ചെയ്യേണ്ടതായ കുറേ കാര്യങ്ങള്‍ ഉണ്ടെന്നു മറക്കാതിരിക്കുക. ഞങ്ങള്‍ എത്ര കഷ്ടപ്പെട്ടു അവരും കുറച്ചു അനുഭവിക്കട്ടേ എന്ന് ചിന്തിക്കുന്നതിനു പകരം നമുക്ക് വന്നു പോയ തെറ്റുകള്‍, നമ്മള്‍ സഹിച്ച അന്യായങ്ങള്‍, പഠിച്ച പാഠങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടണം. പല സ്ത്രീകളും പ്രശ്‌നങ്ങള്‍ ഉള്ളില്‍ ഒതുക്കി ജീവിക്കുകയാണ് ഇവിടെ . മരവിച്ച മനസ്സും മറ്റുള്ളവരോട് വെറുപ്പും .അല്ലാതെ എന്താണ് ഇതില്‍നിന്നുള്ള നേട്ടം?

ജോലി, സീരിയല്‍ പിന്നേ സമയം കിട്ടുമ്പോള്‍ ഫോണിലൂടെ പരദൂഷണം ഇതാവരുത് ജീവിതം. ചിന്തകളില്‍ ഉള്ള നെഗറ്റിവിറ്റി വാക്കുകളിലും പ്രവര്‍ത്തികളിലേക്കും പടരുമ്പോള്‍ അത് മനസിനെയും ശരീരത്തെയും ബാധിക്കും. വേറൊരു സ്ത്രീയുടെ കഴിവുകളെ അഭിനന്ദിക്കാനും അവളെപ്പറ്റി നല്ലതു പറയാനും സാധിക്കണമെങ്കില്‍ ആത്മവിശ്വാസം ഉണ്ടാവണം. മറ്റു സ്ത്രീകളെ അവരുടെ പ്രയാസങ്ങളില്‍ നിന്നും കൈപിടിച്ചു ഉയര്‍ത്താന്‍ നമ്മള്‍ക്ക് കഴിയണം.

സ്‌നേഹിക്കാനും, സ്‌നേഹിക്കപ്പെടാനും ഉള്ളതാണ് ഈ ചെറിയ ജീവിതം. ആഗ്രഹങ്ങള്‍ സഭലീകരിക്കാനും സന്തോഷിക്കാനും സ്ത്രീക്കും പുരുഷനും തുല്യാവകാശമുണ്ട് . പറഞ്ഞു പഠിപ്പിച്ചതില്‍നിന്നു വേറിട്ട് ചിന്തിക്കാന്‍ നമ്മള്‍ ബുദ്ധിമുട്ടുന്നതിന്റെ കാരണം വര്ഷങ്ങളായി ഉള്ള ബ്രെയിന്‍ വാഷിംഗും കണ്ടീഷനിങ്ങും കാരണമാണ് . ചോദ്യങ്ങള്‍ ചോദിക്കാനോ ശരിയും തെറ്റും തിരിച്ചറിയാനോ പലരും തയാറാകുന്നില്ല.

വര്‍ധിച്ചുവരുന്ന പീഡനങ്ങളും സ്ത്രീകളോടുള്ള അപമര്യാദയായുള്ള പെരുമാറ്റവും സമൂഹത്തിന്റെയ്‌സൂ അധഃപതനത്തെയാണ് സൂചിപ്പിക്കുന്നത് .ഇത് വിദ്യാഭ്യാസത്തിന്റെയോ കുടുംബമഹിമയുടെയോ ഒന്നും കുറവല്ല പുരുഷന്റെ വൈകല്യമായി ഈ പ്രവര്‍ത്തികള്‍ സമൂഹം അംഗീകരിച്ചുകൊടുക്കുന്നതിന്റെ കുഴപ്പമാണ്.

സ്ത്രീ ഒന്നുറക്കെ സംസാരിച്ചാല്‍ അപകര്‍ഷത നിറഞ്ഞ കുറച്ചാളുകള്‍ അവളെ വിമര്‍ശിക്കാനുണ്ടാകും .അതില്‍ ചില സ്ത്രീകളും പെട്ടു പോകുന്നു. സത്യത്തിനും ന്യായത്തിനുമുള്ള മാറ്റങ്ങള്‍ക്കു വേണ്ടി നില്ക്കാന്‍ ഒരുപാടു പേരൊന്നും വേണ്ട, നമുക്ക് ധൈര്യം വേണം പിന്നേ നല്ലവരായ മനുഷ്യര്‍ കൂടെ ഉണ്ടാവും എന്ന വിശ്വാസവും. ഇതുതന്നെയാണ് എല്ലാ വനിതാദിനങ്ങളും എന്നെ ഓര്‍മ്മിപ്പിക്കുന്നത് .

നല്ല പെണ്‍കുട്ടികള്‍ പാലിക്കേണ്ട നിയമങ്ങള്‍ എഴുതിയവര്‍ക്കു ക്ഷീണം കാരണം നല്ല ആണ്‍കുട്ടിയെ പറ്റി എഴുതാന്‍ കഴിഞ്ഞില്ല എന്ന് തോന്നുന്നു . അതോ ബുദ്ധിയില്ലാതെ പെണ്ണിനുമാത്രം മതിയോ എങ്ങനെ ജീവിക്കണം എന്നുള്ളതിന് നിര്‍ദേശങ്ങള്‍? അവള്‍ക്കുകൂടെ അവകാശപ്പെട്ടതാണ് ഈ ഭൂമി, എന്നിട്ടും വിലക്കുകള്‍ കല്പിച്ചു വീട്ടിലും, സമൂഹത്തിലും, ആരാധനാലയങ്ങളിലും. ഇതൊക്കെ തീരുമാനിച്ചതും ശരിവെച്ചതും ആരാണ്?മാറ്റങ്ങള്‍ അനിവാര്യതയാണ് അതില്‍ ഞാന്‍ വിശ്വസിക്കുന്നു .

'International Women's Day theme 'Be Bold For Change'. Its time we understood that when a knowledgeable woman speaks up she means no dsirespect but demands digntiy and equaltiy for herself and others. She does it in hopes of ending gender steretoype and violence against women.'
സ്ത്രീത്വത്തെ ബഹുമാനിക്കുന്നവരാണ് വനിതാ ദിനം ആഘോഷിക്കേണ്ടത്: രേഖാ ഫിലിപ്പ്
Join WhatsApp News
Dr.Sasi 2017-03-08 09:41:52
വനിതാദിനം ആഘോഷിക്കാനുളളതല്ല, ആചരിക്കാനുള്ളതാണെന്നും
സ്ത്രീയെ ബഹുമാനിക്കുന്നവർക്കുവേണ്ടിയല്ല , ബഹുമാനിക്കാതിരിക്കുന്നവർക്കുവേണ്ടിയാണ്  വനിതാദിനം ആചരിക്കേണ്ടതുമെന്നുമുള്ള അടിസ്ഥാന ആത്മബോധം നമുക്കുണ്ടാകേണ്ടതുണ്ട് .അവള്‍ക്കു മാനസികമായ സംരക്ഷണവും ,അവളെ ഉയർത്താൻ   കാമുകനോ , സഹോദരനോ , ഭർത്താവോ , അച്ഛനോ , അമ്മയോ ആരെങ്കിലും വരുമെന്ന്  കാത്തിരിക്കരുത് ! സ്വയം ഉയരണം .ഒരു നേതാവിന് വേണ്ടിയും കാത്തിരിക്കരുത്.j
(Dr.Sasi)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക