Image

കാമുകനെത്തേടി എത്തിയ യുവതിയെ രണ്ടുപേര്‍ ചേര്‍ന്നു പീഡിപ്പിച്ചു; കാമുകന്‍ അറസ്റ്റില്‍

Published on 23 February, 2012
കാമുകനെത്തേടി എത്തിയ യുവതിയെ രണ്ടുപേര്‍ ചേര്‍ന്നു പീഡിപ്പിച്ചു; കാമുകന്‍ അറസ്റ്റില്‍
ചാലക്കുടി: കാമുകനെത്തേടി വരന്തരപ്പിള്ളിയില്‍നിന്നും ചാലക്കുടിയില്‍ എത്തിയ പട്ടികജാതി യുവതിയെ കാമുകനെ കാണിച്ചുതരാമെന്നുപറഞ്ഞ് വിളിച്ചുകൊണ്ടുപോയി രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. നേരത്തേ യുവതിയെ വിവാഹം കഴിക്കാമെന്നു പ്രലോഭിപ്പിച്ച് വീട്ടില്‍നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിച്ച് മുങ്ങിയ കാമുകനും സ്വകാര്യ ബസിലെ കിളിയുമായ ഇരിങ്ങാലക്കുട പൊറത്തുശേരി മുതിരപ്പറമ്പില്‍ പ്രജീഷിനെ(20) ചാലക്കുടി ഡിവൈഎസ്പി പി.കെ. രഞ്ചന്‍ അറസ്റ്റ് ചെയ്തു. പീഡനം നടത്തിയ മറ്റു രണ്ടുപേര്‍ക്കായി അന്വേഷണം തുടരുന്നു.

കഴിഞ്ഞ 13-നാണ് വിവാഹം കഴിക്കാമെന്നു പറഞ്ഞ് പ്രജീഷ് വീട്ടുകാര്‍ അറിയാതെ യുവതിയെ കടത്തിക്കൊണ്ടുപോയത്. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ യുവതിയെ ഇരുത്തിയശേഷം പ്രജീഷ് സ്വകാര്യബസില്‍ ജോലിക്ക് പോയി. വൈകീട്ട് തിരിച്ചുവന്ന പ്രജീഷ് യുവതിയെ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോയി. രാത്രി ഒമ്പതോടെ ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ റൂട്ടിലുള്ള ഒരു പെട്രോള്‍ പമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയ യുവതിയെ അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു സ്വകാര്യബസില്‍ കയറ്റി പ്രജീഷ് പീഡിപ്പിച്ചു. രാവിലെ അമ്പലത്തിലേക്ക് പോയി മാലയിടാമെന്ന് പറഞ്ഞ് യുവതിയെ ചാലക്കുടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവന്ന് ഇരുത്തി. ബസില്‍ ജോലിക്കു പോയി വൈകീട്ട് മടങ്ങിവരാമെന്ന് പറഞ്ഞ് പോയ പ്രജീഷ് യുവതിയെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു. 

രാത്രി ഏറെനേരം കാത്തിരുന്നിട്ടും പ്രജീഷിനെ കാണാതായപ്പോള്‍ യുവതി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പോയിയിരുന്നു. രാത്രി അവിടെ കഴിച്ചുകൂട്ടിയശേഷം അടുത്തദിവസം രാവിലെ വീണ്ടും പ്രജീഷിനെതേടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ എത്തി. രണ്ടുദിവസമായി ബസ് സ്റ്റാന്‍ഡില്‍ കാണുന്ന യുവതിയെ രണ്ടുപേര്‍ സമീപിച്ച് വിവരങ്ങള്‍ തിരക്കി. കാമുകനെ തങ്ങള്‍ക്ക് അറിയാമെന്നും കൂടെ വന്നാല്‍ കാണിച്ചുതരാമെന്നും പറഞ്ഞ് യുവതിയെ കൂട്ടികൊണ്ടുപോയി. വിജനമായ പറമ്പില്‍വച്ച് രണ്ടുപേര്‍ ചേര്‍ന്ന് മാനഭംഗം ചെയ്യുകയായിരുന്നു. പീഡനത്തിനു ശേഷം യുവതിയെ ഉപേക്ഷിച്ച് സ്ഥലംവിട്ടു. യുവതി വരന്തരപ്പിള്ളിയിലുള്ള വീട്ടില്‍ തിരിച്ചെത്തിയ ശേഷം പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാമുകന്‍ പ്രജീഷിനെ ആളൂരില്‍വച്ച് ബസില്‍നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ പുതുക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍വച്ച് യുവതിയെ കൂട്ടിക്കൊണ്ടുപോയവരെക്കുറിച്ച് പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക