Image

മലപ്പുറത്തും തമിഴ്‌നാട്ടിലെ ആര്‍കെ നഗറിലും ഉപതെരഞ്ഞെടുപ്പ്‌ ഏപ്രില്‍ 12ന്‌; വോട്ടെണ്ണല്‍ 17ന്‌

Published on 09 March, 2017
മലപ്പുറത്തും തമിഴ്‌നാട്ടിലെ ആര്‍കെ നഗറിലും ഉപതെരഞ്ഞെടുപ്പ്‌ ഏപ്രില്‍ 12ന്‌; വോട്ടെണ്ണല്‍ 17ന്‌


മലപ്പുറം : മലപ്പുറത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ ഏപ്രില്‍ 12ന്‌. മുസ്ലിംലീഗ്‌ നേതാവും എംപിയുമായിരുന്ന ഇ. അഹമ്മദിന്റെ മരണത്തെ തുടര്‍ന്നാണ്‌ മലപ്പുറത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. വോട്ടെണ്ണല്‍ ഏപ്രില്‍ 17ന്‌ ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അറിയിച്ചു. 

രാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ അടുത്ത്‌ വരുന്നതിനാലാണ്‌ ഇലക്ടറല്‍ കോളെജുകളിലെ ഒഴിവുളള സീറ്റുകള്‍ നികത്തുക എന്ന ലക്ഷ്യത്തോടെ പെട്ടെന്നുളള ഉപതെരഞ്ഞെടുപ്പ്‌. മലപ്പുറം സീറ്റിന്‌ പുറമെ ജമ്മു കാശ്‌മീരിലെ ശ്രീനഗര്‍, അനന്ത്‌നാഗ്‌ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നുണ്ട്‌. ഈ മാസം 16ന്‌ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറത്തിറങ്ങും. മാര്‍ച്ച്‌ 23 വരെയാണ്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയുന്നത്‌. 

തൊട്ടടുത്ത ദിവസം തന്നെ സൂക്ഷ്‌മ പരിശോധനയും നടത്തും. തമിഴ്‌നാട്ടിലെ ആര്‍കെ നഗറിലും ഏപ്രില്‍ 12ന്‌ തന്നെയാണ്‌ വോട്ടെടുപ്പ്‌. മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ്‌ ഇവിടെ ഉപതെരഞ്ഞെടുപ്പ്‌.

ഇ അഹമ്മദിന്റെ പകരക്കാരനായി മലപ്പുറം മണ്ഡലത്തില്‍നിന്ന്‌ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ മുസ്ലിം ലീഗില്‍ ഏതാണ്ട്‌ തീരുമാനമായിട്ടുണ്ട്‌. അതേസമയം തന്നെ മലപ്പുറത്ത്‌ ഇ അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയ ഷെര്‍സാദിനെ മലപ്പുറത്തേക്ക്‌ പരിഗണിക്കണമെന്ന നിര്‍ദേശം ഒരു വിഭാഗം മുന്നോട്ടുവെച്ചിട്ടുണ്ട്‌. 

പാര്‍ട്ടി നേതൃത്വത്തില്‍ തീരുമാനമെടുപ്പിക്കാനായി വിവിധ തലങ്ങളില്‍ അഭിപ്രായ രൂപീകരണവും സമാന്തര പ്രചാരണവും ശക്തമാണ്‌. എംഎല്‍എമാരായ ഡോ. എംകെ മുനീര്‍, കെഎം ഷാജി എന്നിവരടങ്ങിയ ലീഗിലെ ഒരു വിഭാഗത്തിന്റെ അറിവോടെയാണ്‌ ഈ നീക്കങ്ങള്‍. മലപ്പുറത്ത്‌ മത്സരിപ്പിച്ച്‌ ലീഗിന്റെ ദേശീയ രാഷ്ട്രീയത്തിലെ മുഖമായി കുഞ്ഞാലിക്കുട്ടിയെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ്‌ ഇ അഹമ്മദിന്റെ മരണത്തിന്‌ ശേഷം ചേര്‍ന്ന ലീഗ്‌ നേതൃയോഗത്തിലുണ്ടായ ധാരണ. 

കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ വിയോജിപ്പ്‌ രേഖപ്പെടുത്തിയതുമില്ല. ഈ പശ്ചാത്തലത്തിലാണ്‌ ഫൗസിയയെ മുന്‍നിര്‍ത്തിയുള്ള നീക്കം.

ഫൗസിയയെ മുന്‍നിര്‍ത്തി സമ്മര്‍ദം ശക്തമാക്കിയാല്‍ കുഞ്ഞാലിക്കുട്ടി പിന്മാറുമെന്നാണ്‌ കണക്കുകൂട്ടല്‍. ഫൗസിയ മത്സരത്തിന്‌ തയ്യാറായില്ലെങ്കിലും സമവായമെന്ന നിലയില്‍ മറ്റാരെയങ്കിലും കൊണ്ടുവരാനാണ്‌ ലക്ഷ്യം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക