Image

സോഫിയ സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് തിരികെ മടങ്ങി

Published on 09 March, 2017
സോഫിയ സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് തിരികെ മടങ്ങി
ദമ്മാം: ബ്യൂട്ടീഷ്യന്‍ ജോലിയ്ക്കായി എത്തിയെങ്കിലും, സ്‌പോണ്‍സര്‍ കൊണ്ടുപോകാന്‍ തയ്യാറാകാത്തതിനാല്‍, ദമ്മാം എയര്‍പോര്‍ട്ടില്‍ നിന്നും വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെട്ട ഇന്ത്യക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ഹൈദരാബാദ് സ്വദേശിനിയായ സോഫിയയ്ക്കാണ് വിചിത്രമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നത്. ദമ്മാമിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ ബ്യൂട്ടീഷ്യന്‍ ജോലി ചെയ്യാനായി ഭര്‍ത്താവിനൊപ്പമാണ് സോഫിയ നാട്ടില്‍ നിന്നും ദമ്മാം എയര്‍പോര്‍ട്ടില്‍ എത്തിയത്. അതെ ബ്യൂട്ടിപാര്‍ലറില്‍ ഡ്രൈവറുടെ ജോലിയ്ക്കുള്ള വിസ ഭര്‍ത്താവിന് ഉണ്ടായിരുന്നു. എന്നാല്‍ എയര്‍പോര്‍ട്ടിലെ എമിഗ്രെഷന്‍ വിഭാഗം പരിശോധന നടത്തിയപ്പോള്‍, സോഫിയയുടെ ഭര്‍ത്താവ് പണ്ടൊരിയ്ക്കല്‍ വേറൊരു കമ്പനിയുടെ വിസയില്‍ സൗദിയില്‍ ജോലി ചെയ്യുകയും, വെക്കേഷന് പോയിട്ട് തിരികെ വരാത്തത് കാരണം ബാന്‍ ചെയ്യപ്പെടുകയും ചെയ്ത വ്യക്തിയാണ് എന്ന് കാണുകയുണ്ടായി. തുടര്‍ന്ന് അയാളെ സൗദി അധികാരികള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ നാട്ടിലേയ്ക്ക് തിരികെ കയറ്റിവിടുകയും, സോഫിയ എയര്‍പോര്‍ട്ടില്‍ ഒറ്റയ്ക്കാവുകയും ചെയ്തു.

വിവരങ്ങള്‍ അറിഞ്ഞ സ്‌പോണ്‍സര്‍ സോഫിയയെ കൊണ്ടുപോകാന്‍ വന്നില്ല. പാവം സോഫിയയ്ക്ക് രണ്ടു ദിവസം എയര്‍പോര്‍ട്ടില്‍ കഴിയേണ്ടി വന്നു. അവരുടെ ദയനീയാവസ്ഥ കണ്ട എയര്‍പോര്‍ട്ടിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍, നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു. മഞ്ജുവും, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും എയര്‍പോര്‍ട്ടില്‍ എത്തുകയും, പോലീസിന്റെ സഹായത്തോടെ സോഫിയയെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ്ക്കുകയും ചെയ്തു.

മഞ്ജുവും, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും വിശദവിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ ശേഷം, സോഫിയയുടെ സ്‌പോണ്‍സറെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചു. തന്നെ സോഫിയയുടെ ഭര്‍ത്താവ് നാട്ടില്‍ നിന്നും വിളിച്ചിരുന്നു എന്നും, ഒറ്റയ്ക്ക് സോഫിയയെ ജോലിയ്ക്ക് നിര്‍ത്താന്‍ താത്പര്യമില്ലെന്നും പറഞ്ഞ സ്‌പോണ്‍സര്‍, സോഫിയയുടെ ഒരു കാര്യത്തിലും ഇടപെടാന്‍ കഴിയില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. നാട്ടിലേയ്ക്ക് തിരികെ പോകണമെന്ന നിലപാടായിരുന്നു സോഫിയയും എടുത്തത്. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ വനിതാ അഭയകേന്ദ്രം വഴി സോഫിയയ്ക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങി. സോഫിയയ്ക്കുള്ള വിമാനടിക്കറ്റ് അവരുടെ ഭര്‍ത്താവ് നാട്ടില്‍ നിന്നും അയച്ചു കൊടുത്തു.

മഞ്ജുവിനൊപ്പം നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഷിബുകുമാര്‍,ഉണ്ണി പൂച്ചെടിയല്‍, ശരണ്യ ഷിബു എന്നിവര്‍ വേണ്ട സഹായങ്ങള്‍ ചെയ്തു. നിയമനടപടികള്‍ വേഗം പൂര്‍ത്തിയാക്കി സോഫിയ നാട്ടിലേയ്ക്ക് മടങ്ങി.
സോഫിയ സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് തിരികെ മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക