Image

ഡബ്ലിനില്‍ മരിച്ച കെവിന്റെ സംസ്‌കാരം ഒന്പതിന്

Published on 09 March, 2017
ഡബ്ലിനില്‍ മരിച്ച കെവിന്റെ സംസ്‌കാരം ഒന്പതിന്

      ഡബ്ലിന്‍: ഡബ്ലിന്‍ ടെന്പിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലില്‍ തിങ്കളാഴ്ച നിര്യാതനായ കെവിന്‍ ഷിജിയുടെ സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് സാഗട്ട് സെന്റ് മേരീസ് പള്ളിയില്‍ നടക്കും. 

സിറ്റി വെസ്റ്റിലെ പിറവം ഇടയാര്‍ മടക്കകുളങ്ങര ഷിജിമോന്റെയും അന്പിളിയുടെയും മകനായ പതിനൊന്നുകാരനായ കെവിന്‍ ഷിജിക്ക് ഇന്നലെയും ഇന്നുമായി ഡബ്ലിന്‍ മലയാളി സമൂഹം കണ്ണീരോടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. താലയിലെ മെല്‍റോയ് ഫൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിനു വച്ച കെവിന്റെ ഭൗതീക ശരീരത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി മലയാളികള്‍ എത്തിയിരുന്നു.

പ്രാര്‍ഥനാശുശ്രൂഷകളില്‍ വിവിധ സഭാവിഭാഗങ്ങളില്‍ നിന്നുള്ള വൈദികര്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായനും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

സംസ്‌കാര ശുശ്രൂഷകളുടെ ആദ്യഘട്ട പ്രാര്‍ഥനകള്‍ 09.45 ന് ഭവനത്തില്‍ ആരംഭിക്കും. ഫാ.ആന്റണി ചീരംവേലി ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 10.55ന് സിറ്റി വെസ്റ്റ്, സാഗട്ടിലെ നേറ്റിവിറ്റി ഓഫ് ബ്ലെസ്ഡ് വെര്‍ജിന്‍ മേരി(സെന്റ് മേരീസ്) പള്ളിയിലെത്തിക്കുന്ന ഭൗതീക ശരീരം കെവിന്റെ സഹപാഠികളായ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിക്കും. ഫ്യൂണറല്‍ മാസ് 11ന് ആരംഭിക്കും. മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള പള്ളിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.

പള്ളിയിലെ ശുശ്രൂഷകള്‍ക്കും ഫ്യൂണറല്‍ മാസിനും സാഗട്ട് പള്ളി വികാരി ഫാ.അലോഷ്യസ് മുഖ്യകാര്‍മികത്വം വഹിക്കും. ഡബ്ലിനിലെ സീറോ മലബാര്‍ ചാപ്ലിയന്മാരടക്കം പത്തോളം വൈദികര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരായിരിക്കും.

ഫാ.ജോസ് ഭരണികുളങ്ങര, കെവിന്റെ മതബോധന അധ്യാപിക ബീന ജെയ്‌മോന്‍, സാഗട്ട് സെന്റ് മേരീസ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് നോവലെന്‍ എന്നിവര്‍ അനുസ്മരണ സന്ദേശങ്ങള്‍ നല്‍കും. സെന്റ് മേരീസ് പള്ളിയുടെ സമീപം തന്നെയുള്ള സെമിത്തേരിയിലാണ് മൃതദേഹം അടക്കം ചെയ്യുന്നത്.

സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് സാഗട്ട് പള്ളി ഗ്രൗണ്ടിലും തൊട്ടടുത്തുള്ള സിറ്റി വെസ്റ്റ് ഹോട്ടല്‍ പരിസരത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക