Image

ഐക്യകാഹളം മുഴക്കി യുക്മ നോര്‍ത്ത് വെസ്റ്റ് റീജണ്‍

Published on 09 March, 2017
ഐക്യകാഹളം മുഴക്കി യുക്മ നോര്‍ത്ത് വെസ്റ്റ് റീജണ്‍
ലണ്ടന്‍: യുക്മ നോര്‍ത്ത് വെസ്റ്റ് റീജണിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ ആദ്യ നിര്‍വാഹക സമിതി യോഗം ചേര്‍ന്നു.

പ്രസിഡന്റ് ഷീജോ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചകളില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി അടുത്ത ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു. നോര്‍ത്ത് വെസ്റ്റ് റീജണിലെ പതിമൂന്ന് അസോസിയേഷനുകളെയും വിശ്വാസത്തിലെടുത്ത് കൊണ്ട് കൂടുതല്‍ ഊര്‍ജ്വസ്വലതയോടെ മുന്നോട്ടു പോകുവാനും റീജണ്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലാ അസോസിയേഷനുകളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുവാനും എല്ലാ അംഗ അസോസിയേഷനുകളുടെയും പിന്തുണ യോഗം അഭ്യര്‍ഥിച്ചു.

നോര്‍ത്ത് വെസ്റ്റ് റീജണിലെ മുഴുവന്‍ അംഗ അസോസിയേഷനുകളിലെയും യുക്മ പ്രതിനിധികളെയും അസാസിയേഷന്‍ ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് റീജണ്‍ തലത്തില്‍ ഏപ്രില്‍ എട്ടിന് സമ്മേളനം നടത്താന്‍ തീരുമാനിച്ചു. സമ്മേളനത്തില്‍ യുക്മയുടെ ദേശീയ ഭാരവാഹികളും മറ്റു പ്രമുഖ നേതാക്കളും പങ്കെടുക്കും. 

യുക്മ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റിന് നോര്‍ത്ത് വെസ്റ്റ് റീജണ്‍ ആതിഥേയത്വം വഹിക്കും. ലിവര്‍പൂളിലെ അസോസിയേഷനുകളായ ലിമയുടെയും ലിംകയുടെയും സഹകരണത്തോടെയായിരിക്കും ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. 

യുക്മ നഴ്‌സസ് ഫോറം ഏപ്രില്‍ 28 ന് ലണ്ടനില്‍ നടത്തുന്ന കോണ്‍ഫറന്‍സിന് നോര്‍ത്ത് വെസ്റ്റ് റീജണിന്റെ എല്ലാവിധ പിന്തുണയും സഹകരണവും യോഗം ഉറപ്പു നല്കി.

യുകെയിലെ മലയാളി സമൂഹത്തിന് അത്യാവശ്യ, അത്യാഹിത ഘട്ടങ്ങളില്‍ സഹായമെത്തിക്കുന്നതിനും സാന്ത്വനമേകുന്നതിനുമായി രൂപം കൊടുക്കുന്ന ന്ധറാപിഡ് റെസ്‌പോണ്‍സ് ടീം’ നേര്‍ത്ത് വെസ്റ്റ് റീജണില്‍ തുടക്കം കുറിച്ചു. യുക്മ ദേശീയ നിര്‍വാഹക സമിതിയംഗം തന്പി ജോസാണ് ടീമിനെ നയിക്കുക. റീജണിലെ എല്ലാ അസോസിയേഷനുകളില്‍ നിന്നും പ്രതിനിധികളെ ഉള്‍പ്പെടുത്തി ആര്‍ആര്‍ടി (ഞഞഠ) വിപുലീകരിക്കും.

ജൂലൈയില്‍ റീജണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 16നും 26 വയസിനുമിടയിലുള്ള യുവജനങ്ങള്‍ക്കായി 5 സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ സാജു കാവുങ്ങ ടൂര്‍ണമെന്റിന്റെ ചുമതല വഹിക്കും. 

നവംബറില്‍ റീജണ്‍ കമ്മിറ്റിയുടെ ധനശേഖരണാര്‍ഥം സ്‌റ്റേജ് പ്രോഗ്രാം സംഘടിപ്പിക്കും. റീജണല്‍ ആര്‍ട്‌സ് കോഓഡിനേറ്റര്‍ ജോയ് ആഗസ്തിക്കായിരിക്കും ചുമതല. 

നോര്‍ത്ത് വെസ്റ്റ് റീജണ്‍ സ്‌പോര്‍ട്‌സ് മീറ്റ് നവംബര്‍ 17ന് മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സഹകരണത്തോടെയും റീജണ്‍ കലാമേള ഒക്ടോബറില്‍ ലിവര്‍പൂളില്‍ ലിംകയുടെ സഹകരണത്തോടെയും സംഘടിപ്പിക്കും.

യുക്മയുടെ സാന്ത്വനം പദ്ധതിക്ക് യുക്മ നോര്‍ത്ത് വെസ്റ്റ് റീജണ്‍ കമ്മിറ്റി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. നോര്‍ത്ത് വെസ്റ്റ് റീജണിലെ പരമാവധി ആളുകളെ പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. 

യോഗത്തില്‍ ജനറല്‍ സെക്രട്ടറി തങ്കച്ചന്‍ ഏബ്രഹാം, ജോയിന്റ് സെക്രട്ടറി ഹരികുമാര്‍ പ്രസംഗിച്ചു. നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, ദേശീയ സമിതിയംഗം തന്പി ജോസ്, റീജണ്‍ വൈസ് പ്രസിഡന്റ് ഷാജി വരാക്കുടി, ട്രഷറര്‍ രഞ്ജിത്ത് ഗണേശ്, ജോയിന്റ് ട്രഷര്‍ എബി, ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ ജോയ് അഗസ്തി, സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ സാജു കാവുങ്ങ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക