Image

ജനീവ ഓട്ടോ ഷോ ആരംഭിച്ചു

Published on 09 March, 2017
ജനീവ ഓട്ടോ ഷോ ആരംഭിച്ചു

      ജനീവ: യൂറോപ്പില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കു നടുവിലും ജനീവ ഓട്ടോ ഷോയ്ക്ക് ആവേശകരമായ തുടക്കം. അന്താരാഷ്ട്ര മോട്ടോര്‍ ഷോയുടെ എണ്‍പത്തിയേഴാം എഡിഷനാണ് സ്വിസ് നഗരമായ ജനീവയില്‍ തുടക്കം കുറിച്ചത്. പതിനായിരക്കണക്കിനു സന്ദര്‍ശകരാണ് നിത്യേന മേളയില്‍ പങ്കെടുക്കുന്നത്. പീജിയറ്റ് നിര്‍മാതാക്കളായ പിഎസ്എ, ഓപ്പല്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിന്റെ യൂറോപ്യന്‍ സബ്‌സിഡയറിയെ ഏറ്റെടുക്കുന്നതാണ് മേഖലയില്‍ ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം.

ബ്രെക്‌സിറ്റ് അനന്തര സാഹചര്യങ്ങളിലും പല രാജ്യങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളും വാഹന വിപണിയെ എങ്ങനെ ബാധിക്കും എന്നതും കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നു.

2008ലെ ആഗോള സാന്പത്തിക മാന്ദ്യത്തിനു മുന്‍പത്തെ ബൂം കാലത്തേക്ക് പല നിര്‍മാതാക്കളും തിരിച്ചെത്തിയ സാഹചര്യത്തിലാണ് ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ പങ്കെടുക്കുന്ന പ്രമുഖരെല്ലാം തന്നെ ഉറച്ച ശുഭാപ്തി വിശ്വാസം പ്രകടമാകുന്നത്.

മെഴ്‌സിഡസ്, ബിഎംഡബ്ല്യു, പോര്‍ഷെ, ഫെറാറി, ലംബോര്‍ഗിനി തുടങ്ങിയ വന്പന്‍ കാര്‍ കന്പനികള്‍ പങ്കെടുക്കുന്നുണ്ട്. മാര്‍ച്ച് 19 വരെയാണ് മോട്ടോര്‍ ഷോ. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയും ശനിയാഴ്ച ഒന്പത് മുതല്‍ ഏഴു വരെയുമാണ് പ്രദര്‍ശനം. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക